Current Date

Search
Close this search box.
Search
Close this search box.

ഹിറ്റ്‌ലര്‍, ഗോള്‍വാള്‍ക്കര്‍, മൗദൂദി സമീകരണം !

മൗദൂദി എന്താണ് സ്വന്തമായി സിദ്ധാന്തിച്ചതെന്നും, എവിടെയാണ് അത് പറഞ്ഞതെന്നുമൊന്നും വ്യക്തമാക്കാതെ, ഇസ്‌ലാമിനെ അദ്ദേഹം ഒരു ‘ഭരണ പദ്ധതി’യാക്കി എന്ന നട്ടാൽ മുളക്കാത്ത നുണ പറഞ്ഞ ശേഷം ആഷ്ലി എന്തുമായിട്ടാണ് ആ നുണയെ സമീകരിക്കുന്നത് എന്നും ഒരു അടിസ്ഥാനവുമില്ലാതെ അദ്ദേഹം ആരോപിക്കുന്ന അതിന്റെ ചരിത്രപരമായ പരിണിതികളെ എന്തിനോടൊക്കെയാണ് തുലനം ചെയ്യുന്നത് എന്നും കാണുക. ആഷ്ലിയെ പോലുള്ളവരുടെ ചിന്താപരമായ ‘ആഴ’വും ‘പരപ്പും’, ചരിത്ര ‘ജ്ഞാന’വും ഒക്കെ അറിഞ്ഞു നാം ഞെട്ടിത്തരിച്ചു പോകുന്നത് അപ്പോഴായിരിക്കും! ഡൽഹി സെന്റ് സ്റ്റീഫൻ കോളേജിലെ ഒരു അധ്യാപകന്റെ നിലവാരം ഇതാണെങ്കിൽ, നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസത്തിന്റെ അവസ്ഥയെന്താണ് എന്ന് ഇതൊക്കെ വായിക്കുന്ന സാമാന്യ ബുദ്ധിയുള്ള ആരും ഒന്ന് ആലോചിച്ചു പോവുകതന്നെ ചെയ്യും!

ആഷ്ലി പറയുന്നു: “ഇപ്പറഞ്ഞ സിദ്ധാന്തം ഹിറ്റ്ലറുടെയും ഗോൾവാക്കറുടെയും ക്രിസ്ത്യൻ-ഹിന്ദു വ്യാഖ്യാനങ്ങൾ പോലെ ഇസ്ലാം മതത്തിന്റെ അങ്ങേയറ്റം അപകടകരമായ ഒരു വ്യാഖ്യാനമാണെങ്കിൽ അതിന്റെ പ്രയോഗം ഒരു പാട് ചോര ചിന്തിച്ചിട്ടുണ്ട്; നാടുകളെ നശിപ്പിച്ചിട്ടുണ്ട്: അത് പാകിസ്ഥാനിലെ അഹമ്മദി വിരുദ്ധ കലാപം ആണെങ്കിലും 1971 ൽ ബംഗ്ലാദേശികൾക്കെതിരെ നടത്തിയ കൊടൂരതകൾ ആണെങ്കിലും 1979 ൽ അമേരിക്കക്കു മുജാഹിദീൻ ഉണ്ടാക്കാൻ ചെയ്ത കുറ്റകരമായ സഹായം ആണെങ്കിലും.”

ഹാവൂ! മൗദൂദിയെ മുസ്സൊളിനിയോടും, സ്റ്റാലിനോടും മാവോയോടും പോൽപോട്ടിനോടും ചെഷേസ്ക്യൂവിനോടും കൂടി ഉപമിച്ചില്ലല്ലോയെന്ന് ഓർത്തു ഇത് വായിക്കുമ്പോൾ ആശ്വാസത്തിന്റെ നെടുവീർപ്പു ഇട്ടുപോകും! എന്താണ് ആഷ്ലി ഈ പറയുന്നത്!? നിങ്ങൾ തന്നെ നിങ്ങൾ എഴുതിയത് ഒന്ന് വായിച്ചു നോക്കിയിട്ടുണ്ടോ? മനസ്സക്ഷിയോട് ഒന്ന് സ്വകാര്യമായി ചോദിച്ചു നോക്കുക.

അസംബന്ധങ്ങൾക്ക് ഒരു അതിരും പരിധിയുമൊന്നും ഉണ്ടാകുവാൻ പാടില്ലേ? അതോ ആരോടെങ്കിലുമുള്ള അന്ധമായ വിരോധം, വാക്കുകളെ വേട്ട നായ്ക്കൽ ആക്കുവാൻ മാത്രം അധഃപതിക്കുവാൻ ഇടയാക്കിയതോ? ആഷ്ലി ഈ അബദ്ധ ജഡിലവും അപകടകരവുമായ സമീകരണത്തിലൂടെ ചരിത്രത്തെ തലകുത്തി നിർത്തി ഹിറ്റ്ലറുടെ ഭരണത്തിലെ ഭീകരതയെയും ഗോൾവൾക്കറുടെ ചിന്തകൾ മുന്നോട്ട് വെക്കുന്ന വംശ ശുദ്ധീകരണ വാദത്തെയുമൊക്കെ ലഘുകരിച്ചു, ന്യൂനീകരിച്ചു നിസ്സാരവൽക്കരിക്കുകയും അവക്കില്ലാത്തതും അവർ പോലും അവകാശപ്പെട്ടിട്ടില്ലാത്തതുമായ ആത്മീയ ഭാവം ചാർത്തിക്കൊടുക്കുകയുമാണ് ചെയ്യുന്നത്. ങ്ഹും..രണ്ടാം ലോക മഹായുദ്ധത്തിന്ന് കാരണകാരനായ ഹിറ്റ്ലറൊക്കെ ചെയ്തുകൂട്ടിയത് ഈ മൗദൂദിയുമായി തട്ടിച്ചു നോക്കുമ്പോൾ ഒന്നുമല്ലന്ന് തോന്നും ആഷ്ലിയുടെ ഈ സമീകരണം കണ്ടാൽ!

ഹിറ്റ്ലർ അദ്ദേഹത്തിന്റെ ആര്യൻ വംശ മേധാവിത്വത്തെ അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്ട്രീയവും ഭരണവും രൂപപ്പെടുത്തിയത് ക്രിസ്ത്യനിറ്റിയെയും ബൈബിളിനെയും അടിസ്ഥാനമാക്കിയാണോ? ഇതൊരു പുതിയ അറിവാണെല്ലോ ആഷ്ലി?! ചുരുങ്ങിയത് ഹിറ്റ്ലറുടെ ആത്മ കഥയായ ‘മൈൻ കാംഫ്’ എങ്കിലും നിങ്ങൾ വായിച്ചു കാണില്ലേ? ഗോൾവൽക്കറുടെ bunch of thoughts ഉം we or our nationhood defined, എന്ന ഗ്രന്ഥവും ഹൈന്ദവ വേദ അധ്യാപനങ്ങളിൽ അധിഷ്ഠിതമാണോ? അതിനൊക്കെ ചരിത്രപരമായ വല്ല പൂർവ അനുഭവ സാക്ഷ്യങ്ങളും ഉണ്ടോ? ഇവ രണ്ടും സുങ്കുചിതവും വംശീയവുമായ, സാംസ്കാരികമോ അല്ലാത്തതോ ആയ ദേശീയതാ വാദത്തിലധിഷ്ഠിതമായ രാഷ്ട്ര സങ്കൽപ്പങ്ങളല്ലേ? മൗദൂദി അതി നിശിതമായ വിമർശനത്തിന്ന് വിധേയമാക്കിയ വിഷയങ്ങളാണ് മധ്യ കാല നൂറ്റാണ്ടുകളിൽ യൂറോപ്പ് ദർശിച്ച മത രാഷ്ട്രവാദവും, അതേപോലെ ആധുനിക വംശ – ദേശീയതാ വാദവും.

അദ്ദേഹം മുന്നോട്ട് വെച്ചത് മാനവികതയിൽ അധിഷ്ഠിതവും മനുഷ്യ പ്രകൃതിക്ക്‌ ഏറ്റവും യോജിച്ചതുമായ മൂല്യ സംഹിതയെ ബെയ്‌സ് ചെയ്തു കൊണ്ടുള്ള പ്രാതിനിധ്യ-പങ്കാളിത്ത രാഷ്ട്രീയ ദർശനമാണ്. അതാകട്ടെ, അദ്ദേഹം സ്വന്തമായി സിദ്ധാന്തിച്ചതാണെന്ന് അദ്ദേഹം ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. ഇസ്ലാമിക പ്രമാണങ്ങളും 1300 ലേറെ വർഷക്കാലം നീണ്ടു നിന്ന ചരിത്രവും മുന്നിൽ വെച്ചാണ് അത് അദ്ദേഹം അവതരിപ്പിച്ചത്. 1300 ലേറെ വർഷക്കാലം ചരിത്രത്തിന്റെ പൂർണ വെളിച്ചത്തിൽ അതിന്റെ എല്ലാ നിമ്നോന്നതികളോടും കൂടി നിലനിന്നിരുന്ന സാമൂഹിക രാഷ്ട്രീയ ക്രമത്തിന്റെ പരിഷ്കൃതവും നവീകൃതവും വികസനാത്മകവുമായ രൂപത്തിലാണ് അദ്ദേഹം അത് സമർപ്പിച്ചത് .

രേഖപ്പെടുത്തപ്പെട്ട മനുഷ്യ ചരിത്രം ദർശിച്ച ഏറ്റവും ദീർഘ കാലം നീണ്ടു നിന്ന സാമൂഹ്യ രാഷ്ട്രീയ ക്രമത്തിന്റെ ആധുനിക വേർഷൻ. ഫിക്ഷനെക്കാൾ അവിശ്വസനീയമായ നിരവധി മധുര മനോജ്ഞ മനോഹരങ്ങളായ അനുഭവങ്ങൾ ലോകത്തിന്ന് നൽകിയ വ്യവസ്ഥയുടെ കാലിക വായന. സമാവർത്തക സ്വഭാവത്തിൽ ലോകത്തിന്ന് മാതൃകാ ഭരണാധികാരികളെ സമ്മാനിച്ച ജീവിത വ്യവസ്ഥയുടെ ആധുനികമായ പ്രായോഗിക രൂപരേഖ. ഒരു രാജ്യത്തെ ജനതയെ മുഴുവൻ വിശാലമായ കുടുംബമായി കാണുന്ന സുന്ദരമായ സാമൂഹ്യ ക്രമം.

ആധുനികതയുടെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾക്കിടയിലും ഇന്നും പരശ്ശതം കോടി ജനങ്ങൾ നൊസ്റ്റാൾജിക് ഫീലിങ്ങ്സോടു കൂടി ഓർക്കുകയും വീണ്ടും പുനസ്ഥാപിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ഭരണവ്യവസ്ഥ! ഏറ്റവും ചുരുങ്ങിയ വിഭവങ്ങൾ കൊണ്ടു, മിനിമം casuality യിൽ, മനുഷ്യ ജീവിതത്തിന്റെ സകല തന്ത്രികളെയും മാറ്റിപ്പണിത അതി വിപുലവും സമഗ്രവുമായ പരിവർത്തനം ഏറെ വേഗതയിൽ കൊണ്ടുവന്ന ജീവിത വ്യവസ്ഥ. കോടിക്കണക്കിനു മനുഷ്യരെ കൊന്ന് ലോകത്തിന്ന് ദുരന്തം മാത്രം സമ്മാനിച്ചു, 70 വർഷത്തിനുള്ളിൽ ആ ദുരന്തത്തിന്ന് വിധേയരായ ജനകോടികൾ തൂത്തെറിഞ്ഞു, പടിയടച്ചു പിണ്ഡം വെച്ച കമ്മ്യൂണിസം പോലെയായിരുന്നില്ല അത്. മൗലാന മൗദൂദി എഴുതിയ “ജനാധിപത്യം, മതേതരത്വം, ദേശീയത്വം, ഒരു താത്വിക വിശകലനം” എന്ന ചെറിയൊരു പുസ്തകം ഉണ്ട്. ആഷ്ലി അത് വായിച്ചിട്ടുണ്ടോ എന്നറിയില്ല. ആഷ്ലി യുടെ ‘വിമർശനം’ അത് വായിച്ചിട്ടാണെന്ന് ആ പുസ്തകം വായിച്ച എനിക്കോ മാറ്റാർക്കെങ്കിലുമൊ തോന്നുകയുമില്ല. ഖാദിയാനി വിരുദ്ധ പ്രക്ഷോഭത്തെയും ബംഗ്ലാദേശ് വിഭാജനത്തെയും കുറിച്ച് അടുത്ത ഭാഗത്ത് എഴുതാം.

(തുടരും)

Related Articles