Current Date

Search
Close this search box.
Search
Close this search box.

അതിഥികൾ അധിപരായ ചരിത്രം മറക്കരുത്

മക്കയിൽ തന്റെ സമ്പാദ്യം മുഴുവൻ ഉപേക്ഷിച്ചാണ് അബ്ദുറഹ്മാൻ ബിൻ ഔഫ്‌ മദീനയിലേക്ക് പോയത്. ഇസ്ലാം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. അതിനുള്ള വഴിയാണ് ഹിജ് റ ഒരുക്കി നൽകിയത്. മക്കയിൽ നിന്ന് വന്നവരെ പ്രവാചകൻ മദീനക്കാരേ ഏൽപ്പിച്ചു. അങ്ങിനെ അബ്ദുറഹ്മാനും ഒരു സഹോദരനെ കിട്ടി. തന്റെ സമ്പത്തിൽ നിന്നും അബ്ദുറഹ്മാന് നൽകാൻ മദീനക്കാരൻ തയ്യാരായിരുന്നു. പക്ഷെ അബ്ദുറഹ്മാൻ ബിൻ ഔഫ്‌ അദ്ദേഹത്തോട് ആവശ്യപ്പെട്ടത് “ അങ്ങാടിയിലേക്കുള്ള വഴി കാണിച്ചു കൊടുക്കാൻ” മാത്രമായിരുന്നു. മറ്റുള്ളവരുടെ ആശ്രിതത്വത്തിൽ നിന്നും മോചിതമായ ഒന്നിനെ കുറിച്ചാണ് നാം ചിന്തിക്കേണ്ടത്. അങ്ങിനെ ചിന്തിക്കാനാണ് സർക്കാരുകൾ പ്രവർത്തിക്കേണ്ടതും.

നാമെന്തിനാണ്‌ ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്തത്. ഒരു പത്തു വര്ഷം കൂടി അവർ ഇന്ത്യ ഭരിച്ചിരുന്നെങ്കിൽ ഇതിലും കൂടുതൽ അടിസ്ഥാന സൌകര്യങ്ങൾ അവർ നാട്ടിൽ കൊണ്ട് വരുമായിരുന്നു. എന്നിട്ടും നാം അവരെ നാട്ടിൽ നിന്നും ഇല്ലാതാക്കാൻ ശ്രമിച്ചു. ബ്രിട്ടീഷുകാർ നാട്ടിൽ വികസനം കൊണ്ട് വന്നതു നാട് നന്നാവണം എന്ന ഉദ്ദ്യേശത്തോടെയായിരുന്നില്ല. ഇന്ത്യയെ കൊള്ളയടിക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിക്കാൻ വന്നവരായിരുന്നില്ല. അവർ കച്ചവടത്തിന് വന്നവരാണ്.

1608 ആഗസ്റ്റിലാണ് ബ്രിട്ടീഷുകാർ ഇന്ത്യയിൽ കച്ചവടത്തിന് വന്നത്. അന്നത്തെ മുഗൾ രാജാവ് ജഹാംഗീർ അവർക്ക് സൗകര്യം നൽകി. അതെ സമയം തന്നെ അവർ തെക്കേ ഇന്ത്യയിലും കാലുറപ്പിച്ചു. ആദ്യം ഈസ്റ്റ് ഇന്ത്യ കമ്പനിയായിരുന്നു കാര്യങ്ങൾ കൊണ്ട് നടന്നിരുന്നത്. പതിനെട്ടാം നൂറ്റാണ്ടിൽ തന്നെ ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയിൽ അധികാരം ആരംഭിച്ചിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ കമ്പനിയിൽ നിന്നും ബ്രിട്ടീഷ് സർക്കാർ ഭരണം ഏറ്റെടുത്തു. പിന്നെയെല്ലാം നമുക്കറിയുന്ന ചരിത്രം.

ഇരുപതാം നൂറ്റാണ്ടിൽ രണ്ടു ലോക യുദ്ധങ്ങൾ അരങ്ങേറി. ലോക ശക്തികൾക്ക് പിന്നെ കോളനികൾ ഒരു ഭാരമായി മാറി. നാട്ടുകാരെ തിരികെ ഏൽപ്പിച്ചു അവർ കടന്നു കളഞ്ഞു. പോകുന്ന പൊക്കിൽ മിത്രങ്ങളെ ശത്രുക്കളാക്കിയാണ് അവർ കടന്നു കളഞ്ഞത്. ഈ ചരിത്രം നാം മറക്കാൻ പാടില്ല. കേരളത്തിൽ കുത്തക മുതലാളിമാർ അരാഷ്ട്രീയവുമായി തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയിട്ടുണ്ട്. ഒരിക്കലും അവരുടെ ഉദ്ദേശ്യം കേരളത്തെ നന്നാക്കുക എന്നാകില്ല. ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥ അംഗീകരിച്ച നാടാണ്. നമ്മെ നയിക്കുന്നത് രാഷ്ട്രീയമാണ്.

ഭിന്ന രാഷ്ട്രീയങ്ങൾ നാം പരസ്പരം പറഞ്ഞു കൊണ്ടിരിക്കുന്നു. അത് തീർത്തും സുതാര്യമാണ്. അതെ സമയം ട്വൻറി20 എന്നൊരു പരീക്ഷണം കൂടി കേരള നിയമസഭയിലേക്ക് മത്സര രംഗത്ത് കാലെടുത്തു വെച്ചിരിക്കുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിലെ പല കാര്യങ്ങളെ കുറിച്ചും അവർക്ക് അഭിപ്രായമില്ല. രാമ ക്ഷേത്രം, കർഷക സമരം, മോഡി കാലത്ത് ന്യൂനപക്ഷങ്ങൾ ഉന്നയിക്കുന്ന ആശങ്കകൾ എന്നിവയിൽ ഒരു അഭിപ്രായവും അവർക്കില്ല. പകരം ആളുകൾക്ക് “ കിറ്റ്” നൽകുന്നു എന്നിടത്തു അവരുടെ രാഷ്ടീയം ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നു.. കേരളത്തിലെ ചില പ്രമുഖർ ഈ സംരംഭത്തിന്റെ ഭാഗമായിരിക്കുന്നു. കേരളത്തിനു വികസിക്കാൻ അവസാന വഴി എന്നതാണ് അവർ ഉന്നയിക്കുന്ന വാദം.

ഒരാൾ സ്ഥിരമായി പരസഹായത്തിൽ ജീവിക്കുക എന്നത് അത്ര നല്ല കാര്യമായി നാം കരുതുന്നില്ല. കിറ്റ് രാഷ്ട്രീയം കൊറോണ കാലത്തിന്റെ ബാക്കി പത്രമാണ്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നേരത്തെ പറഞ്ഞ ട്വൻറി20 കൂട്ടായ്മ ചില പഞ്ചായത്തുകൾ പിടിച്ചെടുത്തിരുന്നു. സംഘടനയുടെ മുഖ്യ സൂത്രധാരകർ നൽകുന്ന വിഭവങ്ങൾ ആളുകളെ വോട്ടു ചെയ്യാൻ പ്രേരിപ്പിച്ചു. അരാഷ്ട്രീയ വാദം എന്നും മനുഷ്യത്വ വിരുദ്ധമാണ്. ഇര കാണിച്ച് മീനുകളെ ആകർഷിക്കുന്ന രീതിയാണ് കോർപറേറ്റുകൾ പയറ്റുന്നത്. ഇന്ത്യൻ ഭരണകൂടം ഇന്ന് കുത്തകക;ളുടെ കയ്യിൽ സുരക്ഷിതരാണ്‌.അംബാനിയും അദാനിയും ഇന്ന് ഇന്ത്യൻ ഭരണ കൂടത്തിന്റെ അടിസ്ഥാന തീരുമാനങ്ങൾ രൂപപ്പെടുത്തുന്നതിൽ ശക്തമായ സ്ഥാനം വഹിക്കുന്നവരാണ്.

ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ നാൾക്കുനാൾ ഇവരുടെ കൈകളിൽ സുരക്ഷിതമായി എത്തിച്ചേരുന്നു. പലപ്പോഴും സർക്കാരുകൾ ഇവരുടെ ഇംഗിതം നടപ്പാക്കാനുള്ള ഉപകരണമായി മാറുന്നു. അവർ ഒരിക്കലും രാഷ്ടീയത്തിൽ നേരിട്ട് പങ്കെടുക്കില്ല . ഇടനിലക്കാർ വഴി അവരുടെ സാന്നിധ്യം എന്നും ശക്തമായി നിലനിൽക്കുന്നു. അരാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് വളരെ വലിയ ശാപമാണ്. കച്ചവടം ചെയ്യാൻ വന്നവർ പിന്നെ അടക്കി ഭരിക്കുന്ന ചരിത്രമാണ് നാം വായിച്ചത്. ഒന്നര നൂറ്റാണ്ടിന്റെ നിരന്തര പ്രവർത്തനത്തിനു ശേഷമാണു ബ്രിട്ടീഷുകാർക്ക് ഇന്ത്യയിൽ രാഷ്ട്രീയ ശക്തിയായി രൂപാന്തരപ്പെട്ടത്. അത് നാം മറക്കരുത്.

മനുഷ്യന്റെ കഴിവുകൾ വർധിപ്പിച്ചു അവനെ ഉത്തേജിപ്പിക്കാൻ കഴിയുന്നിടത്താണ് ഏതൊരു പ്രസ്ഥാനവും വിജയിക്കുന്നത്. കുത്തകകൾ രംഗത്ത്‌ കൊണ്ട് വരുന്ന അരാഷ്ട്രീയ കൂട്ടായ്മകൾ എന്തുകൊണ്ട് എതിർക്കപ്പെടണം എന്ന ചോദ്യത്തിന് നല്ല മറുപടി പറയാൻ ഇന്ത്യക്കാരന് കൂടുതൽ ചിന്തിക്കേണ്ട ആവശ്യം വരുന്നില്ല. അപ്പം കൊണ്ട് മാത്രമല്ല മനുഷ്യൻ ജീവിക്കുന്നത് എന്നത് നാം കേട്ട് തഴമ്പിച്ച കാര്യമാണ്. അപ്പത്തിൽ മാത്രം രാഷ്ട്രീയം ഒതുങ്ങി പോകുന്നു എന്നിടത്താണ് പലരും വിജയിക്കുന്നത്. അപ്പം നൽകുക എന്നതിനേക്കാൾ മഹത്വരമാണ് അപ്പം കണ്ടെത്താനുള്ള വഴികൾ കാണിച്ചു കൊടുക്കുക എന്നത്. ജനത സ്വയം പര്യാപ്തതയിലേക് പോകുന്നത് കുത്തകകൾ ആഗ്രഹിക്കില്ല. അവരെന്നും മുതലാളിയുടെ സേവകരായി മാറണം എന്ന ചിന്തയിലാണ് പലരും രാഷ്ട്രീയത്തെ സമീപിക്കുന്നത്. ഒരിക്കൽ ചൂട് വെള്ളത്തിൽ വീണ ചരിത്രം നമുക്കുണ്ട്. പച്ചവെള്ളം കണ്ടാൽ പോലും പേടിക്കേണ്ട നാം തിളച്ച വെള്ളത്തിലേക്ക്‌ സ്വയം എടുത്തു ചാടുന്നു എന്ന് വന്നാൽ അതിലും വലിയ ദുരന്തം നമ്മെ കാത്തിരിക്കുന്നില്ല.

പ്രജകളെ അഭിമാനമുള്ളവരാക്കി മാറ്റുക എന്നതാണ് രാഷ്ട്രീയത്തിന്റെ അടിസ്ഥാനം. അതിനെതിരാന് കേരളത്തിൽ സജീവമാകുന്ന അരാഷ്ട്രീയ വാദങ്ങൾ. മറ്റുള്ളവരുടെ ഔദാര്യത്തിന് കാത്ത് നിൽക്കാതെ ആത്മാഭിമാനത്തോടെ മുന്നേറാനുള്ള ശേഷിയാണ് രാഷ്ട്രീയം.

Related Articles