Current Date

Search
Close this search box.
Search
Close this search box.

ചരിത്രം ഭക്തിയിലേക്കു വഴിമാറരുത്

hgkl

ഹജ്ജിനു പോയപ്പോള്‍ കണ്ട ചില കൗതുകങ്ങളുണ്ട്. ഉഹ്ദ് മലയില്‍ നിന്നും കല്ലുകള്‍ പെറുക്കുന്ന ഒരു മലയാളിയെ കണ്ടു. ഭക്തിയോടെ തന്റെ കയ്യിലുള്ള ബാഗില്‍ അവര്‍ ആ കല്ല് പൊതിഞ്ഞു വെച്ചു. എന്തിനാണ് ഈ കല്ല് എന്ന ചോദ്യത്തിന് ‘ഉഹദ് മലയിലെ കല്ലല്ലേ, എന്തായാലും പുണ്യം കാണുമല്ലോ?’ എന്നായിരുന്നു അയാളുടെ മറുപടി. അഹ്‌സാബ് യുദ്ധം നടന്ന സ്ഥലത്തു കുറെ പള്ളികള്‍ ഉണ്ടാക്കിയിട്ടുണ്ട്. ആ പള്ളികളില്‍ മുഴുവന്‍ കയറി നമസ്‌കരിക്കുന്നവരെയും കണ്ടു. ആ പള്ളികള്‍ പ്രവാചകന് ശേഷം രൂപം കൊണ്ടതാണ് എന്നത് കൊണ്ട് തന്നെ അവിടെ നമസ്‌കരിച്ചാല്‍ കിട്ടുന്ന പുണ്യം പ്രവാചകന്‍ പറഞ്ഞു കാണില്ല. ഓരോ ചരിത്ര ഭൂമിയില്‍ പോയാലും അവിടെയെല്ലാം ഇത്തരത്തില്‍ പുണ്യം തേടുന്നവരെ കാണാം.

ചരിത്രത്തെ ഇസ്ലാം വില മതിക്കുന്നു. ഇന്നലെകളെ മറന്നു കൊണ്ട് ഇന്നിന് നിലനില്‍ക്കാന്‍ കഴിയില്ല എന്നുറപ്പാണ്. ചരിത്രം ഭക്തിയിലേക്കു വഴിമാറിയാല്‍ അതൊരു ദുരന്തമാണ്. അതാണിപ്പോള്‍ സംഭവിക്കുന്നതും. ചരിത്രം ഒരു സമൂഹത്തെ അറിയാനാണ്. ആ അറിവ് വര്‍ത്തമാനത്തിനു ഗുണകരമാകും. ചരിത്രവും ഭക്തിയും തമ്മില്‍ കൂട്ടികുഴക്കാന്‍ പലര്‍ക്കും അപാര വിരുതാണ്. പുണ്യം ലഭിക്കുന്ന സ്ഥലങ്ങളും സമയങ്ങളും പ്രവാചകന്‍ പറഞ്ഞു തന്നിട്ടുണ്ട് എന്ന് കൂടി നാം ഓര്‍ത്തു വെക്കണം.

കേരളത്തില്‍ നിന്നും അടുത്ത കാലത്തു ഖുര്‍ആന്‍ പറഞ്ഞ ചരിത്ര സ്ഥലങ്ങള്‍ കാണാന്‍ പോയ വിവരണം ഒരു സുഹൃത്ത് പറഞ്ഞിരുന്നു. ഓരോ സ്ഥലത്തു ചെല്ലുമ്പോഴും ആ സ്ഥലത്തിന്റെ ശരിയായ ചരിത്ര വസ്തുത പറഞ്ഞു കൊടുക്കുക എന്നതിനപ്പുറം പ്രത്യേക പ്രാര്‍ത്ഥനയും ഭക്തിയുമാണ്. ചരിത്ര സ്ഥലങ്ങളോട് സാധാരണ ജനം കാണിക്കുന്ന ഭക്തിയെ വിറ്റു കാശാക്കുക എന്നതാണ് പലരും സ്വീകരിച്ചു വരുന്നത്. മുന്‍കഴിഞ്ഞു പോയ സമുദായങ്ങളുടെ ചരിത്രം ഖുര്‍ആന്‍ പറയുന്നു. അത് പോലെ പ്രവാചകരുടെയും. ശേഷം പറയുന്നത് ‘ഇതിലെല്ലാം നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട് എന്നതാണ്’. ചരിത്രം എന്നും പാഠമാണ്. ഭക്തിയുടെ കാരണമല്ല. അതെസമയം ചരിത്രത്തിനു വിശ്വാസവുമായി ബന്ധമുണ്ട്. മുന്‍ സമുദായങ്ങള്‍ ദൈവിക നിലപാടുകളോട് എതിര് പ്രവര്‍ത്തിച്ചപ്പോള്‍ അവരെ എങ്ങിനെ നേരിട്ടു എന്നത് വിശ്വാസികളുടെ വിശ്വാസം അധികരിക്കാന്‍ കാരണമാണ്. അവിടെയും ഭക്തിയല്ല പ്രാധാന്യം.

ഇല്ലാത്ത ചരിത്രവും പുണ്യവും പറഞ്ഞാണ് ചരിത്രത്തെ പുണ്യത്തിലേക്കു കൊണ്ട് പോകുന്നത്. പാമര ജനത്തിനു കെട്ടുകഥകള്‍ തന്നെ ധാരാളം. കറാമത് കച്ചവടം അതിന്റെ കൂടി ഭാഗമാണ്. നമുക്കിടയില്‍ ജീവിച്ചു മരിച്ചവരുടെ നിറം ചേര്‍ത്ത കഥകള്‍ നാം കേട്ടു കൊണ്ടിരിക്കുന്നു. മഹാന്റെ ചരിത്രത്തിനു ഇസ്ലാമുമായി എത്ര അടുപ്പമുണ്ട് എന്നതാണ് നമ്മുടെ വിഷയം. അങ്ങിനെ നോക്കിയാല്‍ ഇന്ന് മഹാന്‍ എന്ന് പറഞ്ഞു എഴുന്നള്ളിപ്പിച്ചു കൊണ്ട് വരുന്ന പലരും അങ്ങിനെയല്ലാതാവും. പ്രവാചക ജീവിതം ഒരു പൂര്‍ണ ചരിത്രമാണ്. പ്രവാചകന്‍ ജനിച്ച സ്ഥലത്ത് ആദ്യം ഒരു പള്ളിയുണ്ടായിരുന്നത്രെ. ചിലര്‍ കഅ്ബയെക്കാള്‍ വലിയ സ്ഥാനവും പുണ്യവും ഈ പള്ളിക്കു നല്‍കിയതിനാല്‍ അത് പൊളിച്ചു കളഞ്ഞത്രേ. ഇന്നും അവിടെ ആളുകള്‍ പുണ്യം തേടി കൂടി നില്‍ക്കുന്നത് കാണാന്‍ കഴിയും.

അല്ലാഹുവിന്റെ ചിഹ്നങ്ങളെ ആദരിക്കണം എന്നത് നിര്‍ബന്ധ കാര്യമാണ്. അതെന്തൊക്കെ എന്നതും കൃത്യമാണ്. അവയോടു ഭക്തി കാണിക്കണമെന്നല്ല പകരം അവയൊക്കെ അല്ലാഹുവിനോട് ഭക്തി ഉണ്ടാക്കാനുള്ള കാരണമാണ്. കഅ്ബയും സഫായും മര്‍വയും ഒരേ സമയം ചരിത്രം കൂടിയാണ്. അതിനു പിന്നിലെ ത്യാഗം കൂടി വിശ്വാസി മനസ്സിലാക്കണം. പക്ഷെ ഇന്ന് നാം കാണുന്നത് അടയാളങ്ങളെ അതിരു വിറ്റു ബഹുമാനിക്കുന്നതാണ്. ചരിത്രവും ആദരവും ഭക്തിയും കൂടി ചേര്‍ന്ന ഒരു അവിയല്‍ രൂപം. അത് കൊണ്ടാണ് പ്രവാചകനോട് ഇല്ലാത്ത ആദരവ് പലര്‍ക്കും വ്യാജമായ പ്രവാചക കേശത്തോടു തോന്നുന്നത്. അതുകൊണ്ടാണ്, ഉഹ്ദിന്റെ ചരിത്രം നല്‍കുന്ന പാഠത്തേക്കാള്‍ ഉഹ്ദിലെ കല്ലുകള്‍ക്ക് പുണ്യം ഉണ്ടായത്. ചരിത്രം ചരിത്രമായി നില്‍ക്കട്ടെ. ആദരവ് ആദരവായും ഭക്തി ഭക്തിയായും.

Related Articles