Current Date

Search
Close this search box.
Search
Close this search box.

ഹിജ്റ കലണ്ടർ- അൽപ്പം ചരിത്രം

ഹിജ്റ കലണ്ടർ പ്രകാരം പുതു വർഷം ആരംഭിക്കുകയാണ്. ഹിജ്റ കലണ്ടറിനെക്കുറിച്ച് അൽപ്പം ചരിത്രം:

രണ്ടാം ഖലീഫയായിരുന്ന ഉമറുബ്‌നുൽ ഖത്ത്വാബാണ് ഹിജ്‌റ കലണ്ടർ ആരംഭിക്കുന്നത്. അതിന് മാനദണ്ഡമാക്കിയത് ഹിജ്‌റയെയാണ്. പ്രവാചക ജീവിതത്തിലെ ഒരു പ്രധാന സംഭവത്തെ എന്നെന്നും അനുസ്മരിക്കുന്ന ഒന്നാക്കി അദ്ദേഹം മാറ്റുകയായിരുന്നു.

ഇമാം ബുഖാരി തന്റെ സ്വഹീഹിൽ ഒരധ്യായത്തിന്റെ തലക്കെട്ടായി ചേർത്തിരിക്കുന്നത് തന്നെ ” തീയതി, തീയതി കുറിക്കൽ എപ്പോഴാണ് തുടങ്ങിയത് ” എന്നതിനെപ്പറ്റിയുള്ള അധ്യായം എന്നാണ്. بَابُ التَّارِيخِ مِنْ أَيْنَ أَرَّخُوا التَّارِيخَ.

അതിലിങ്ങനെ കാണാം:
” സഹ്‌ലുബ്‌നു സഅദിൽ നിന്നും നിവേദനം. അദ്ദേഹം പറഞ്ഞു: അവർ തിരുമേനിയുടെ നിയോഗത്തെയോ, വിയോഗത്തെയോ പരിഗണിക്കുകയുണ്ടായില്ല. അദ്ദേഹത്തിന്റെ മദീനയിലേക്കുള്ള ആഗമനം മുതലാണ് അവർ കണക്കാക്കിയത് ” (ബുഖാരി: 3934).
عَنْ سَهْلِ بْنِ سَعْدٍ قَالَ: « مَا عَدُّوا مِنْ مَبْعَثِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَلَا مِنْ وَفَاتِهِ مَا عَدُّوا إِلَّا مِنْ مَقْدَمِهِ الْمَدِينَةَ ».- رَوَاهُ الْبُخَارِيُّ: 3934، بَابُ التَّارِيخِ مِنْ أَيْنَ أَرَّخُوا التَّارِيخَ.

ഇതിന്റെ ചുവടെ ഇമാം ഇബ്‌നു ഹജർ വിശദീകരിച്ചത് കാണുക:
“ സ്വഹാബിമാർ ഹിജ്‌റ കൊണ്ട് തീയതി തുടങ്ങിയത്, ‘ഒന്നാം ദിവസം മുതൽക്കുതന്നെ (മിൻ അവ്വലി യൗമിൻ) ദൈവഭക്തിയിൽ പടുത്തുയർത്തപ്പെട്ട പള്ളിയാണ് നിനക്ക് നിന്ന് നമസ്‌കരിക്കാൻ ഏറ്റവും അർഹം ”.-(അത്തൗബ: 108) എന്ന അല്ലാഹുവിന്റെ വചനത്തിന്റെ ധ്വനിയിൽ നിന്നാണ്. എല്ലാ അർഥത്തിലും ദിനങ്ങളിൽ ഏറ്റവും ആദ്യത്തെ ദിനമല്ല ഇവിടെ ഉദ്ദേശ്യമെന്നത് വ്യക്തമാണ്. അപ്പോൾ പിന്നെ നിശ്ചിതമായ ഒന്നിലേക്ക് ചേർത്തു പറയൽ അനിവാര്യമായി. അങ്ങനെ നോക്കുമ്പോൾ ഇസ്‌ലാമിന് പ്രതാപമുണ്ടായ ആദ്യത്തെ ദിവസമായിരിക്കുമത്. അന്നാണ് തിരുമേനി നിർഭയനായി അല്ലാഹുവിനെ ആരാധിച്ചത്, പള്ളി നിർമാണത്തിന് തുടക്കം കുറിച്ചത്. ആ നിലക്ക് പ്രസ്തുത ദിവസം മുതൽ തീയതി ആരംഭിക്കാമെന്ന് സ്വഹാബിമാർ അഭിപ്രായയൈക്യത്തിൽ എത്തുകയായിരുന്നു. അവരുടെ ചെയ്തിയിലൂടെ അല്ലാഹു പറഞ്ഞ ” ഒന്നാമത്തെ ദിവസം ” എന്നത് ഇസ്‌ലാമിക ചരിത്രത്തിന്റെ ഒന്നാമത്തെ ദിവസമാക്കാമെന്ന് നാമും മനസ്സിലാക്കി…

…..തീയതിക്ക് ആരംഭം കുറിക്കാൻ നാല് സംഗതികളാണ് പരിഗണനയിലുണ്ടായിരുന്നത്. തിരുമേനിയുടെ ജനനം, അവിടുത്തെ നിയോഗം, പലായനം, വിയോഗം. എന്നാൽ, ഹിജ്‌റ മുതൽ ആക്കാം എന്നതിനാണ് പ്രാമുഖ്യം ലഭിച്ചത്. കാരണം ജനനവും പ്രവാചകത്വ നിയോഗവും ഇതിലൊരെണ്ണം പോലും ഏത് വർഷമാണെന്ന് നിർണയിക്കുന്നതിൽ തർക്കം നിലനിൽക്കുന്നു. അവിടുത്തെ വിയോഗമാകട്ടെ അതിന്റെ സ്മരണ വിഷമമുണ്ടാക്കും എന്നതിനാൽ അവർ അവഗണിക്കുകയായിരുന്നു. അങ്ങനെ ഹിജ്‌റയിൽ പരിമിതപ്പെടുകയാണ് ഉണ്ടായത്” (ഫത്ഹുൽ ബാരി 7/267).

അതായത്, ഉയർന്നുവന്ന പലതരം നിർദേശങ്ങളിൽ ” തിരുജനനം ” മുതൽ ആക്കാം എന്നുമുണ്ടായിരുന്നു. എന്നാൽ ഉമറുൾപ്പെടെയുള്ള സ്വഹാബിമാരാരും അതിനെ അനുകൂലിക്കുകയുണ്ടായില്ല. പ്രസ്തുത ചർച്ച നടന്നത് റബീഉൽ അവ്വൽ മാസത്തിൽ കൂടിയായിരുന്നു എന്നതാണ് ഏറെ കൗതുകം. എന്നിട്ടും ആദ്യത്തെ മാസമായി ഏതിനെ പരിഗണിക്കണം എന്ന ചർച്ച വന്നപ്പോൾ ഉമർ(റ), ഉസ്മാൻ(റ) തുടങ്ങി മിക്കവരും അഭിപ്രായപ്പെട്ടത് അല്ലാഹു പവിത്ര മാസമായി നിശ്ചയിച്ച മുഹർറത്തെ പരിഗണിക്കണം എന്നായിരുന്നു (ഫത്ഹുൽ ബാരി 11/264).
അഥവാ റബീഉൽ അവ്വൽ അവർ പരിഗണിച്ചില്ല എന്നർഥം.

മറ്റൊരു പ്രധാനപ്പെട്ട കാര്യം, ഹിജ്‌റയെ ഇങ്ങനെ കലണ്ടറിന്റെ നാന്ദിയായി തീരുമാനിച്ചപ്പോൾ അതിൽ സ്വഹാബിമാർ ഏകോപിച്ചു എന്നതാണ്. അഥവാ ഇജ്മാഅ് ആണെന്നർഥം. ഇജ്മാഇന്റെ സ്ഥാനം ഇസ്‌ലാമിൽ എത്രയാണെന്ന് പറയേണ്ടതില്ലല്ലോ. എന്നിട്ടും ഈ കലണ്ടർ ഇന്ന് എത്ര പേർക്കറിയാം !

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles