Current Date

Search
Close this search box.
Search
Close this search box.

സ്വര്‍ഗ്ഗ-നരകങ്ങളുടെ മാനദണ്ഡങ്ങള്‍

‘ലോകത്ത് ആകെ ജനസംഖ്യയുടെ കാല്‍ ഭാഗം മാത്രമാണ് മുസ്‌ലിംകള്‍. അതില്‍ തന്നെ ഇസ്ലാമിന്റെ കല്‍പന അനുസരിച്ചു ജീവിക്കുന്നവര്‍ വളരെ കുറവും. അവരൊക്കെ നരകത്തില്‍ പോകുമോ’ ഇന്ന് കാലത്തു ഒരു സഹോദരന്റെ ചോദ്യം ഇങ്ങിനെ.

ആളുകളെ നരകത്തിലാക്കുക എന്നത് നമ്മുടെ വിഷയമല്ല. ആളുകളെ സ്വര്‍ഗത്തിലേക്ക് കൊണ്ട് പോകാനാണ് ലോകത്തു പ്രവാചകര്‍ വന്നത്. അവരുടെ വഴി പിന്തുടര്‍ന്ന് ഇസ്ലാമിക പ്രസ്ഥാനങ്ങളും സംഘടനകളും അല്ലാഹുവിന്റെ അടിയാറുകളെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേയ്ക്കു കൊണ്ട് വരാനുള്ള ശ്രമം തുടരുന്നു. നന്മ ചെയ്തവന് സ്വര്‍ഗം നല്‍കും എന്നത് അല്ലാഹുവിന്റെ വാഗ്ദാനമാണ്. അല്ലാഹുവില്‍ പങ്കു ചേര്‍ക്കുക എന്നതല്ലാത്ത എല്ലാം അള്ളാഹു പൊറുത്തു കൊടുത്തേക്കാം എന്നാണ് ഖുര്‍ആന്‍ പറയുന്നത്. അത് അല്ലാഹുവിന്റെ മാത്രം തീരുമാനമാണ്. അതിനര്‍ത്ഥം നന്മ ചെയ്യാതെയും അല്ലാഹുവില്‍ വിശ്വസിക്കാതെയും സ്വര്‍ഗ്ഗ പ്രാപ്തി കരസ്ഥമാക്കാം എന്നല്ല.

ഇസ്ലാമിക സംഘടനകള്‍ ഇപ്പോള്‍ കാര്യമായി ചെയ്യുന്നത് മറ്റുള്ളവര്‍ക്ക് നരകത്തിലേക്കുള്ള ടിക്കറ്റ് കൊടുക്കുക എന്നതാണ്. തങ്ങളല്ലാത്തവരൊക്കെ നരകത്തില്‍ എന്നാണ് അവര്‍ പറയുന്നതും പ്രചരിപ്പിക്കുന്നതും. മൂസ നബിയും ഫറോവയും നടത്തിയ ചര്‍ച്ചയില്‍ മൂസയെ തോല്‍പ്പിക്കാന്‍ ഫറോവ ചോദിച്ച ചോദ്യമാണ് ആളുകളുടെ പരലോകത്തെ സ്ഥിതി. അതിന് പ്രവാചകന്‍ നല്‍കിയ മറുപടി ‘അതിനെ കുറിച്ച വിവരം എന്റെ നാഥന്റെ അരികിലാണ്’ എന്നതും. പരലോകം ഒരാത്മാവും അവന്റെ നാഥനും തമ്മില്‍ മാത്രമുള്ള കാര്യമാണ്. മറ്റൊരു ഇടപെടലുകളും അവിടെ സാധ്യമല്ല. പരലോകത്തു ലഭിക്കുമെന്ന് പറയുന്ന ശുപാര്‍ശകള്‍ പോലും അങ്ങിനെയാണ്. അതും സാധ്യമാകുക അല്ലാഹുവിന്റെ അനുമതിയോടെ മാത്രം. മനുഷ്യന്റെ ഒരു കഴിവും സമ്പാദ്യവും അടുപ്പവും ഉപകാരപ്പെടാത്ത ദിനം എന്നാണല്ലോ വിചാരണ ദിവസത്തെ കുറിച്ച് ഖുര്‍ആന്‍ പറയുന്നതും.

ഞാന്‍ സ്വര്‍ഗത്തില്‍ കടക്കണം എന്നത് നല്ല ആഗ്രഹമാണ്. പക്ഷെ ഞാന്‍ മാത്രമേ പാടുള്ളൂ എന്നത് തെറ്റായ വിശ്വാസമാണ്. ‘ഞങ്ങളുടെ നാഥാ ഈ ലോകത്തും പരലോകത്തും ഞങ്ങള്‍ക്ക് നന്മ നല്‍കേണമേ. നരക ശിക്ഷയില്‍ നിന്നും രക്ഷപ്പെടുത്തേണമേ’ എന്നതാണ് വിശ്വാസിയുടെ പ്രാര്‍ത്ഥന. ആ പ്രാര്‍ത്ഥനയെ പ്രാര്‍ത്ഥനകളുടെ നേതാവ് എന്നും വിളിക്കപ്പെടുന്നു. അല്ലാഹുവിനോടുള്ള പ്രാര്‍ത്ഥനയില്‍ മനുഷ്യ സമൂഹത്തിനു മൊത്തമായി നരക മോചനം ആവശ്യപ്പെടുകയും അതിനു ശേഷം ആളുകളെ നരകത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന നിലപാട് കാപട്യം നിറഞ്ഞതാണ്. നീതിയാണ് ദൈവിക നടപടി. എല്ലാ മനുഷ്യരുടെയും വായ മൂടി കെട്ടി കാലുകള്‍ സാക്ഷി നിന്ന് കൈകള്‍ സംസാരിക്കും എന്ന് പറയപ്പെടുന്ന ഒരു ലോകത്തു എന്ത് നടപടി സ്വീകരിച്ചാലും ആരും പ്രതികരിക്കാന്‍ കാണില്ല. കാരണം എല്ലാവരും അവരുടെ മാത്രം ചിന്തയിലാകയും. അവിടെയാണ് അല്ലാഹുവിനോട് നീതിയെ കുറിച്ച് പറയുന്നത്. ഓരോ ആത്മാവിനും തന്റെ നന്മയും തിന്മയും ബോധ്യപ്പെടുത്തുക എന്നതാണ് അല്ലാഹുവിന്റെ നീതി. കൃത്യമായ വിചാരണക്ക് ശേഷമാണ് അന്തിമ ഫലം വരിക. പക്ഷെ പലരും ജീവിത കാലത്തു തന്നെ മറ്റുള്ളവര്‍ക്ക് നരകം വിധിക്കുന്ന തിരക്കിലാണ്.

സ്വര്‍ഗ്ഗവും നരകവും ലേലം വിളിച്ചു നല്കാന്‍ ആരെയും ദൈവം ചുമതലപ്പെടുത്തിയിട്ടില്ല. അതെ സമയം വിശ്വാസികളെ ഒരു കാര്യം ചുമതലപ്പെടുത്തി. അത് ലോകത്തിനു വെളിച്ചം നല്‍കുക എന്നതാണ്. വെളിച്ചം അവസാനിക്കുക വിശാലമായ സ്വര്‍ഗത്തിലാണ്. നന്മ ചെയ്യുന്നവനുള്ള വാസസ്ഥലം. ഇരുട്ട് അവസാനിക്കുക നരകത്തിലും. ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേയ്ക്കു എന്ന് പറഞ്ഞാല്‍ മോശം പാതയില്‍ നിന്നും നല്ല പാതയിലേക്ക് എന്നാണ് അര്‍ത്ഥമാക്കുന്നതും.

Related Articles