Current Date

Search
Close this search box.
Search
Close this search box.

മെയ് വഴക്കമുള്ളവർക്ക് മെയ് ദിനാശംസകൾ

ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് മേയ് ദിനം അഥവാ തൊഴിലാളി ദിനം ആഘോഷിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനം എന്നാണ് ഇത് ലോകമെമ്പാടും അറിയപ്പെടുന്നത്. എട്ടു മണിക്കൂർ തൊഴിൽ സമയം അംഗീകരിച്ചതിനെതുടർന്ന് അതിന്റെ സ്മരണക്കായി മെയ് ഒന്ന് ആഘോഷിക്കണം എന്ന ആശയം ഉണ്ടായത് 1856 ൽ ഓസ്ട്രേലിയായിൽ ആണ്. മേയ് ദിനം ലോകമെമ്പാടുമുള്ള സാമൂഹിക സാമ്പത്തിക നേട്ടങ്ങളെ സ്മരിക്കുന്ന ഒരു ദിനമാണ് ഇത്. ഇതിന്റെ പ്രചോദനം അമേരിക്കയിൽ നിന്നും ഉണ്ടായതാണെന്ന ഒരു വാദവുമുണ്ട്. എൺപതോളം രാജ്യങ്ങളിൽ മെയ് ദിനം പൊതു അവധിയായി ആചരിക്കുന്നു.

തൊഴിൽ എന്നത് മനുഷ്യനിലെ ദൈവീകതയെ പ്രദീപ്തമാക്കുന്ന ഒന്നാണ്. അത് അവനിൽ നൈസർഗ്ഗികവുമാണ്. ഇക്കാര്യം മനുഷ്യൻ തിരിച്ചറിയുമ്പോഴും അവന്‍റെ ക്രിയാത്മകത പ്രകടിപ്പിക്കുമ്പോഴും അവൻ എല്ലാം നല്ലതാക്കി ചമച്ച സ്രഷ്ടാവിന്‍റെ സൃഷ്ടികർമ്മത്തിൽ പങ്കുചേരുകയാണ്. ചില യൂറോപ്യൻ ചിന്താധാരകളിൽ ജോലി എന്നത് ആദിപാപത്തിന് ലഭിച്ച ശിക്ഷയായി പരിഗണിച്ചിരുന്നു. ക്രിസ്തീയ വിശ്വാസമനുസരിച്ച് ഒരു തൊഴിലാളിയായി ഉൽപ്പത്തി പുസ്തകം ചിത്രീകരിക്കുന്ന ഈശ്വരരൂപം ഓർമ്മിപ്പിക്കുന്നത് എല്ലാത്തരം തൊഴിലുകൾക്കും എന്ത് ഉൽപ്പാദിപ്പിക്കുന്നു എന്നതു കണക്കാക്കാതെ അതിൽതന്നെ അതിന്റേതായ നന്മയും മാന്യതയുണ്ടെന്നും അതു ദൈവത്തിന്‍റെ സൃഷ്ടിയെ സംരക്ഷിക്കുകയും പരിപാലിക്കയും ചെയ്യുന്നു എന്നും, അത് ദൈവരൂപം പേറുന്ന സൃഷ്ടിയുടെ അന്തസ്സിന്‍റെ ഭാഗമാണെന്നുമാണ്.

ഭാരതീയ ധർമ്മ ശാസ്ത്രങ്ങൾ(ഹിന്ദു മതം) ഗുണം, കർമ്മം ഇവയുടെ അടിസ്ഥാനത്തിൽ മനുഷ്യരെ തരംതിരിക്കുന്ന രീതിക്കാണ്‌ ചാതുർ‌വർണ്ണ്യം എന്നു പറയുന്നത്. ശൂദ്രർ, വൈശ്യർ, ക്ഷത്രിയർ, ബ്രാഹ്മണർ എന്നിവയാണ് ഈ നാല്‌ വിഭാഗങ്ങൾ. പാരമ്പര്യമായി ഈ നാലു വർണ്ണങ്ങളിലും ഉൾപ്പെടാത്തവരെ അവർണ്ണർ എന്നു പറയാറുണ്ടെങ്കിലും വർണാശ്രമങ്ങൾ പാലിക്കുന്നവരെന്ന നിലയിൽ ഹിന്ദുക്കൾ എല്ലാവരും തന്നെ സവർണരാണ്. ഈ ജാതികൾക്ക് അവരവർക്കുള്ള തൊഴിലുകളും ഇവയിലൊന്നും പെടാത്തവർക്ക് തോട്ടിപ്പണി പോലെയുള്ള ആർക്കും ഓക്കാനം വരുന്ന പണികളുമാണ് സംവരണം ചെയ്തിട്ടുള്ളത്.

എന്നാൽ ഇസ്ലാം ഒരു പണിയേയും നിസ്സാരമായി കാണുന്നില്ല.ഇസ്‌ലാമിലെ സാമൂഹിക- ജനാധിപത്യ- തൊഴിൽ വിന്യാസത്തെ അബ്ബാസ് മഹ്മൂദ് അല്‍ അഖാദ് ഒരൊറ്റ വാക്യത്തില്‍ ഇങ്ങനെ സംഗ്രഹിക്കുന്നതായി റാശിദുൽ ഗനൂശി ഇപ്രകാരം വ്യക്തമാക്കുന്നു :-
”ഇസ്‌ലാം ചൂഷണത്തെ റദ്ദാക്കുകയും തൊഴിലിനെ മഹത്വപ്പെടുത്തുകയും ചെയ്യുന്നു; ഏറ്റവും മികച്ച തീരുമാനമെടുക്കാന്‍ ഇതിനേക്കാള്‍ വലിയ രണ്ട് അടിസ്ഥാനങ്ങള്‍ ജനാധിപത്യത്തിന് ആവശ്യമായി വരില്ല.” നിയമവിധേയമല്ലാത്ത ഒരു സമ്പാദ്യവും ഇസ്‌ലാം അനുവദിക്കുന്നില്ല. വഞ്ചന, കളവ്, പലിശ, പൂഴ്ത്തിവെപ്പ് തുടങ്ങിയ മാര്‍ഗേണയുള്ള വരുമാനങ്ങള്‍ അതുകൊണ്ട് തന്നെ മുസ്ലിമിന് സ്വീകാര്യമല്ല. പണം ചിലയിടങ്ങളില്‍ കേന്ദ്രീകരിക്കപ്പെടുന്നതും തടയുന്നു. എല്ലാവര്‍ക്കും അവരുടെ ആവശ്യങ്ങള്‍ക്ക് മതിയായ, തങ്ങളുടെ സാമൂഹിക ദൗത്യങ്ങള്‍ നിര്‍വഹിക്കാന്‍ പര്യാപ്തമായ വരുമാനം ലഭിച്ചിരിക്കണം. ആ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ ഇസ്‌ലാം മുന്നോട്ടു വെക്കുന്നത് തൊഴിലിനെയാണ്. അധ്വാനത്തിന് വലിയ പ്രോത്സാഹനമാണ് നല്‍കിയിരിക്കുന്നത്. ഉടമസ്ഥതയുടെ അടിസ്ഥാന ഉറവിടമായിപ്പോലും തൊഴിലിനെ എണ്ണിയിരിക്കുന്നു. പ്രവാചകന്‍ പറഞ്ഞു: ”തരിശുഭൂമി ആര്‍ കൃഷിയോഗ്യാക്കിയോ അത് അവനുള്ളതാണ്.” ഖുര്‍ആന്‍ ഉണര്‍ത്തുന്നു: ”ഭൂമിയുടെ വിരിമാറിലൂടെ നടക്കൂ, അവന്‍ തന്ന വിഭവങ്ങളില്‍നിന്ന് ആഹരിക്കൂ” (അല്‍മുല്‍ക്; 15). ”നമസ്‌കാരത്തില്‍നിന്ന് വിരമിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ ഭൂമിയില്‍ പരക്കുക. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ തേടുകയും ചെയ്യുക” (62: 10).

Also read: ധീര രക്തസാക്ഷി ഖുബൈബ് (റ)

അഥവാ പ്രാർഥനയോടൊപ്പം തന്റെ സ്വകാര്യ ജീവിതം കെട്ടിപ്പടുക്കാനുള്ള പ്രവർത്തനവും അനിവാര്യമാണെന്നർഥം. ഒരു പ്രവാചക വചനം ഇങ്ങനെയാണ്: ”കൈകൊണ്ട് അധ്വാനിച്ചുണ്ടാക്കിയതിനേക്കാള്‍ നല്ല ഭക്ഷണം ആരും കഴിച്ചിട്ടില്ല. അല്ലാഹുവിന്റെ ദൂതന്‍ ദാവൂദ് കൈകൊണ്ട് അധ്വാനിച്ചാണ് ഭക്ഷിച്ചിരുന്നത്” . കായികാധ്വാനം ദൈവമാര്‍ഗത്തിലുള്ള സമരങ്ങളിലൊന്നായി പോലും പരിഗണിക്കപ്പെട്ടു. ”ജനങ്ങളോടുള്ള യാചന ഒഴിവാക്കാനും സ്വയംപര്യാപ്തനാകാനുമാണ് ഒരാള്‍ അധ്വാനിക്കുന്നതെങ്കില്‍ അയാള്‍ ദൈവമാര്‍ഗത്തിലാണ്. അവശരായ മാതാപിതാക്കള്‍ക്കോ പറക്കമുറ്റാത്ത മക്കള്‍ക്കോ വേണ്ടിയാണ് ഒരാള്‍ അധ്വാനിക്കുന്നതെങ്കില്‍ അയാള്‍ ദൈവമാര്‍ഗത്തിലാണ്. പൊങ്ങച്ചം കാട്ടാനും വാരിക്കൂട്ടാനുമാണ് ഒരാള്‍ അധ്വാനിക്കുന്നതെങ്കില്‍ അയാള്‍ പിശാചിന്റെ മാര്‍ഗത്തിലുമാണ്” തുടങ്ങിയ വചനങ്ങൾ അതാണ് ബോധ്യപ്പെടുത്തുന്നത്. ഒരു തൊഴിലാളിയുടെ അധ്വാനത്തിന്റെ അടയാളങ്ങള്‍ പതിഞ്ഞുകിടക്കുന്ന കൈ നബി ഉയര്‍ത്തിപ്പിടിക്കുകയും അതില്‍ ചുംബിക്കുകയുമുണ്ടായി എന്ന് ചരിത്ര ഗ്രന്ഥങ്ങളിൽ കാണാം.
തൊഴിലിനെ മഹത്വപ്പെടുത്തുകയും അതിന് പ്രേരണ നല്‍കുകയും ചെയ്യുന്നതോടൊപ്പം തന്നെ തൊഴിലെടുക്കാതെ നടക്കുന്നതിനെയും ഇത്തിക്കണ്ണി ജീവിതം നയിക്കുന്നതിനെയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട് ഇസ്‌ലാം; പണിക്ക് പോകാതിരിക്കുന്നത് ദിക്ര്‍-നമസ്‌കാരാദികളില്‍ മുഴുകാനാണെങ്കില്‍ പോലും. ജനങ്ങള്‍ക്ക് മുമ്പില്‍ കൈനീട്ടി മാനം കെട്ടു നടക്കുന്നതിനെ കടുത്ത ഭാഷയിലാണ് അധിക്ഷേപിക്കുന്നത്. തൊഴില്‍, അതിന്റെ ഇനം എന്തുമാകട്ടെ സത്യവിശ്വാസിക്ക് അലങ്കാരമാണ്. ഒരു തരത്തിലുള്ള തൊഴിൽ വിവേചനവും ഇസ്ലാം പഠിപ്പിക്കുന്നില്ല. ഏത് തൊഴിലും മുസ്ലിമിന് അപമാനമല്ല. തൊഴിൽ പറഞ്ഞുള്ള ജാതീയത ദൈവികമതത്തിലില്ല, അത് വൈദിക മതത്തിന്റെ ‘തിരുശേഷിപ്പു ‘ മാത്രമാവാനാണ് സാധ്യത.

”ഒരാള്‍ തന്റെ കയറുമെടുത്ത് മലകയറുന്നു. എന്നിട്ട് മുതുകില്‍ ഒരു കെട്ട് വിറകുമായി തിരിച്ചു വരുന്നു. അയാളത് വില്‍ക്കുന്നു. അങ്ങനെ അല്ലാഹു അയാളുടെ മുഖം രക്ഷിക്കുന്നു. ജനങ്ങളോട് ചോദിക്കുന്നതിനേക്കാള്‍ ഇതാണ് അയാള്‍ക്ക് ഏറെ ഉത്തമമായിട്ടുള്ളത്. ചോദിച്ചാല്‍ ജനം കൊടുക്കാം, കൊടുക്കാതിരിക്കാം” എന്നാണ് പ്രവാചകാധ്യാപനം. ഇസ്‌ലാമിന്റെ അഭിമാനം ഉള്ളില്‍ സൂക്ഷിക്കുന്ന ഒരാള്‍ക്ക് എങ്ങനെയാണ് തന്റെ രക്ഷിതാവിന്റെ മുമ്പിലല്ലാതെ കൈനീട്ടാനാവുക!?പള്ളിയുടെ കവാടങ്ങളിലും വഴിയോരങ്ങളിലും കൈനീട്ടുന്നതിന് -അത് ഏറ്റവും നിന്ദ്യമായ ഏര്‍പ്പാടാണെന്നതില്‍ സംശയമൊന്നുമില്ല- മാത്രമല്ല യാചന എന്ന് പറയുന്നത്. അതിന് വേറെയും രൂപങ്ങളുണ്ട്; വ്യക്തിപരമായും സാമൂഹികമായും. വീട്ടണം എന്ന ഉദ്ദേശ്യത്തോടെ കടം വാങ്ങുന്നതും- പ്രത്യേകിച്ച് അത് വീട്ടാന്‍ കഴിഞ്ഞില്ലെങ്കില്‍- മനുഷ്യന്റെ അഭിമാനത്തെ വ്രണപ്പെടുത്തും. നമ്മുടെ സാമൂഹിക ജീവിതത്തിലും നാം ധാരാളമായി ഇത്തരം പ്രവണതകള്‍ കാണുന്നുണ്ട്. അത് പരമ്പരാഗതമായ യാചനയേക്കാള്‍ വൃത്തികെട്ടതാണ്. ഉദാഹരണത്തിന്, പാശ്ചാത്യ രാജ്യങ്ങളില്‍നിന്ന് നാം ജീവിക്കുന്ന രാജ്യങ്ങള്‍ കടങ്ങള്‍ വാങ്ങിക്കൂട്ടുന്നു. സഹായമെന്ന പേരില്‍ വേറെയും കടങ്ങള്‍. ഇതൊക്കെ നമ്മുടെ അഭിമാനത്തെ എത്രയധികം ക്ഷതപ്പെടുത്തുന്നുണ്ട്, നമ്മുടെ സ്വാതന്ത്ര്യത്തെ എത്രയധികം പരിമിതപ്പെടുത്തുന്നുണ്ട്! നമ്മള്‍ ചില ആപ്തവാക്യങ്ങള്‍ തലമുറകളായി പഠിപ്പിച്ചു വരാറില്ലേ! അതിലൊന്നാണ്, ‘കടം രാത്രിയിലെ വിഷാദമാണ്, പകലിലെ അപമാനമാണ്’ എന്നത്. പ്രവാചകന് കടം എത്രത്തോളം വെറുപ്പായിരുന്നു എന്നു വെച്ചാല്‍, കടബാധിതനായി മരിച്ച വ്യക്തിക്കു വേണ്ടി ജനാസ നമസ്‌കരിക്കാന്‍ അവിടുന്ന് വിസമ്മതിച്ചിരുന്നു. അനുയായികളോട് നമസ്‌കരിക്കാന്‍ പറഞ്ഞിട്ട് പ്രവാചകന്‍ മാറിനില്‍ക്കും. ഇതിന്റെയെല്ലാം വേരുകള്‍ ചെന്നു തൊടുന്നത് തൊഴിലില്ലായ്മക്കെതിരെയുള്ള പോരാട്ടത്തിലാണ്. ഏതു ഘട്ടത്തിലും മുസ്‌ലിം സമൂഹം അഭിമാനത്തോടെയും അന്തസ്സോടെയും തലയുയര്‍ത്തിപ്പിടിച്ചു തന്നെ നില്‍ക്കണം. തൊഴില്‍ ചെയ്ത് മാത്രമേ ആ ഒരു നില എത്തിപ്പിടിക്കാനാവുകയുള്ളൂ. അധ്വാനശീലമുള്ള സമൂഹത്തില്‍ പ്രവൃത്തി കൂടുതലും സംസാരം കുറവുമായിരിക്കും. ഉമറുബ്‌നുല്‍ ഖത്ത്വാബ് പറഞ്ഞിട്ടുണ്ട്: ”അധിക വര്‍ത്തമാനത്തെ നിയന്ത്രിക്കുകയും അധിക തൊഴില്‍ സമര്‍പ്പിക്കുകയും ചെയ്യുന്ന മനുഷ്യന് അല്ലാഹു കരുണ ചെയ്യട്ടെ.”

Also read: റമദാനിന്റെ പ്രത്യേകതയും ദുൽഖർനൈനും

ഇസ്‌ലാമിക സങ്കല്‍പത്തില്‍ രാഷ്ട്രം എന്നത് അതിര്‍ത്തികള്‍ കാക്കുന്ന കേവലം കാവല്‍ക്കാരനോ ചില വിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന പോലീസോ ഒന്നുമല്ല. തൊഴിലെടുക്കാന്‍ പ്രാപ്തിയുളളവര്‍ക്ക് തൊഴില്‍ സാഹചര്യമൊരുക്കണം രാഷ്ട്രം. ആ ഭരണസംവിധാനത്തിന്റെ മൗലിക ദൗത്യം നീതി സംസ്ഥാപനമായിരിക്കും. എല്ലാവരെയും സ്വാശ്രയത്വത്തോടെ ജീവിക്കാന്‍ പ്രാപ്തമാക്കുക എന്നത് നീതി പുലരാനുള്ള പ്രഥമോപാധിയാണ്. ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം, മരുന്ന് തുടങ്ങിയ അടിസ്ഥാനാവശ്യങ്ങള്‍ അവര്‍ക്ക് ലഭ്യമായിരിക്കണം. ഇതിനു വേണ്ടി ഏതു പണവും ഉപയോഗിക്കാം; അത് പൊതുവാകട്ടെ, സ്വകാര്യമാവട്ടെ. പണം നല്‍കാന്‍ ആരെങ്കിലും വിസമ്മതിച്ചാല്‍ അവര്‍ക്കെതിരെ ബലപ്രയോഗവുമാകാം. കാരണമവര്‍ അതിക്രമകാരികളാണ്. ഒരിക്കലും ഒരു രാഷ്ട്രത്തിന്റെ ആദ്യജോലി ആവശ്യക്കാര്‍ക്ക് ധര്‍മങ്ങള്‍ നല്‍കലല്ല; മറിച്ച്, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലാണ്. തൊഴിലിന് പ്രേരണ നല്‍കുന്ന ബോധവല്‍ക്കരണങ്ങള്‍ ഉണ്ടാകണം. തൊഴിലിന്റെ മഹത്വം ജനങ്ങള്‍ക്ക് ബോധ്യമാവണം. തൊഴിലായിരിക്കണം ജനങ്ങളുടെ പദവി നിര്‍ണയിക്കുന്നത്. ഇസ്‌ലാമിക ചരിത്രത്തിലെ സംസ്ഥാപിത രാഷ്ട്രനായകന്‍ എന്ന നിലക്ക് മുഹമ്മദ് നബി(സ) തൊഴിലെടുക്കാന്‍ നിരന്തരം പ്രോത്സാഹനം നല്‍കുകയും ആവശ്യക്കാര്‍ക്ക് തൊഴിലുപകരണങ്ങള്‍ ലഭ്യമാക്കുകയും ചെയ്തിരുന്നു. എന്നിട്ടവരെ നിരീക്ഷിക്കും. അവര്‍ തൊഴിലില്‍ മുന്നേറുന്നതും വിജയം കൈവരിക്കുന്നതും അദ്ദേഹത്തെ ആഹ്ലാദിപ്പിച്ചിരുന്നു. തീരെ തൊഴിലെടുക്കാന്‍ കഴിയാത്തവര്‍ക്ക് മാത്രമേ അദ്ദേഹം ധനസഹായവും മറ്റും നല്‍കിയിരുന്നുള്ളൂ.

സാമൂഹിക സുരക്ഷയുടെ ഏറ്റവും വലിയ ഉപാധിയാണ് സകാത്ത്. ആവശ്യക്കാര്‍ തങ്ങളുടെ ജീവിതകാലം മുഴുവന്‍ കൈനീട്ടി വാങ്ങുന്ന ഒന്ന് എന്നൊരു ധാരണ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അതിനു വേണ്ടിയല്ല സകാത്ത് നിശ്ചയിച്ചിട്ടുള്ളത്. അത്തരം സാമ്പത്തിക സഹായങ്ങളൊക്കെ അപൂര്‍വമായേ ഉണ്ടാകൂ. ഓരോരുത്തരുടെയും ജീവിതസാഹചര്യങ്ങള്‍ പഠിച്ച് അവരെ തൊഴിലെടുക്കാന്‍ പ്രാപ്തരാക്കുക എന്നതാണ് പ്രധാനം. അതിനുവേണ്ടി തൊഴില്‍ പരിശീലനങ്ങള്‍ നല്‍കാം. ഫാക്ടറികള്‍ നിര്‍മിക്കാം. ഭൂമി വിട്ടുനല്‍കാം. മൂലധനം സംഘടിപ്പിച്ചു കൊടുക്കാം. സകാത്ത് സംവിധാനം ഇതിനൊക്കെ മേല്‍നോട്ടം വഹിച്ച് ഓരോരുത്തനെയും സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തനാക്കുകയാണ് ചെയ്യുന്നത്. ഏറെ വൈകും മുമ്പ് ഈയാളുകളൊക്കെ സകാത്ത് ദായകരായി മാറിയിട്ടുമുണ്ടാവും.
ധനനിര്‍മിതിക്ക് ഇസ്‌ലാം കാണുന്ന മാര്‍ഗം തൊഴിലാണെങ്കില്‍, അത് മുന്നോട്ടു വെക്കുന്ന സാമൂഹിക ഘടനയില്‍ ഓരോ മനുഷ്യനും തന്റെ അധ്വാനത്തിന്റെ ഉടമയായിരിക്കണം. അത് പൊതു ഉടമസ്ഥതയോ സ്വകാര്യ ഉടമസ്ഥതയോ ആവാം. മറ്റുള്ളവരുടെ ഉടമസ്ഥതയിലുള്ള ഒന്നില്‍ വാടകക്കാരനോ പാട്ടക്കാരനോ ആവുകയല്ല വേണ്ടത്. വാടക സമ്പ്രദായം ഇസ്‌ലാമിലെ അടിസ്ഥാന സമ്പദ്ഘടനയില്‍പെടുന്നില്ല; അത് അപവാദം (ഇസ്തിസ്‌നാഈ) മാത്രമാണ്. ‘ഭൂമി അത് കൃഷിചെയ്തവന്’ എന്നതാണ് അടിസ്ഥാനം. പക്ഷേ നമ്മുടെ ഫിഖ്ഹീ ചര്‍ച്ചകളില്‍ പ്രാമുഖ്യം നേടിയിരിക്കുന്നത് ഇത്തരം വാടക/പാട്ട ഇടപാടുകളാണ്. തൊഴിലെടുക്കുന്നവരെ ക്രമേണ തൊഴിലുപകരണങ്ങളുടെ ഉടമസ്ഥരാക്കി മാറ്റുന്ന രീതിയാണ് വേണ്ടത്. വാടകയും പാട്ടവുമൊക്കെ ഒരു സംക്രമണ ഘട്ടമാണെന്നര്‍ഥം. അതൊരു സ്ഥിരം സംവിധാനമാകാവതല്ല. മുന്‍കാലങ്ങളില്‍ പൊതു ഉടമസ്ഥതയിലുള്ള ഭൂമിയിലും (അര്‍ദ് ഖറാജിയ്യ) വഖ്ഫ് ഭൂമിയിലുമൊക്കെ കൃഷി നടന്നിരുന്നു. പാട്ട വ്യവസ്ഥയിലല്ല, പങ്കാളിത്ത (മുശാറക) വ്യവസ്ഥയിലാണ് അത് നടന്നിരുന്നത്.

Also read: യുട്യൂബ് കെണികളിൽ നിന്ന് കുട്ടികളെ എങ്ങനെ രക്ഷിക്കാം

ഒരുപക്ഷേ ഇസ്‌ലാമിക ഫിഖ്ഹ് വളര്‍ന്നു വികസിച്ചത് ഗ്രാമങ്ങള്‍ക്കു പകരം നഗരങ്ങളിലായതാവാം വാടകക്കും പാട്ടത്തിനുമൊക്കെ ഇത്രയേറെ പ്രാധാന്യം ലഭിക്കാന്‍ കാരണം. നിര്‍മാണ ജോലികള്‍, വീട്ടുജോലികള്‍ (വീട്ടില്‍ ജോലിക്കാരെ വെക്കുന്ന രീതി) ഇതൊക്കെ പട്ടണങ്ങളില്‍ സര്‍വസാധാരണവും ഗ്രാമങ്ങളില്‍ അപൂര്‍വവുമാണ്. ഗ്രാമങ്ങളില്‍ ഓരോ കുടുംബവും അവര്‍ക്കു വേണ്ടി തന്നെയാണ് പണിയെടുക്കുന്നത്; മറ്റുള്ളവര്‍ക്ക് വേണ്ടിയല്ല. ഗ്രാമങ്ങളില്‍ ബാക്കി കാര്യങ്ങളൊക്കെ നിര്‍വഹിക്കുന്നത് കുടുംബങ്ങള്‍ പരസ്പരം സഹകരിച്ചാണ്. അതേസമയം വാടക സമ്പ്രദായം പെട്ടെന്ന് എടുത്തുമാറ്റാനൊന്നും കഴിയില്ല. അതിനാലാണ് ഇസ്‌ലാം അതിന് നിര്‍ണിത ചട്ടങ്ങളൊക്കെ വെച്ചത്. വാടക/പാട്ട വ്യവസ്ഥയില്‍ വാടകക്കെടുത്തവന്‍/പാട്ടത്തിനെടുത്തവന്‍ ആയിരിക്കുമല്ലോ ദുര്‍ബലന്‍. കുടിയാന്‍ അടിമയായി മാറിപ്പോകരുത്. അതിനാല്‍ കൃത്യമായ കരാര്‍ വ്യവസ്ഥ ഇരുവരും തമ്മില്‍ ഉണ്ടായിരിക്കണമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. അത് പാലിക്കുകയും വേണം. ”സത്യവിശ്വാസികളേ, നിങ്ങള്‍ കരാര്‍ വ്യവസ്ഥകള്‍ പാലിക്കുക” (5: 1). ചില സാമൂഹിക സാഹചര്യങ്ങളില്‍ ഇരുകക്ഷികളിലൊരാളുടെ നില അങ്ങേയറ്റം ദോഷമാവുകയും അയാളുടെ കരാര്‍ സ്വാതന്ത്ര്യം പേരില്‍ മാത്രമായിപ്പോവുകയും ചെയ്യാറുണ്ട്. പേരില്‍ നീതി ഉണ്ടായിട്ട് കാര്യമില്ല, യഥാര്‍ഥ നീതി കിട്ടുന്നുണ്ടോ എന്നാണ് നോക്കേണ്ടത്. ഒരു കക്ഷിയും വഞ്ചിക്കപ്പെടാന്‍ ഇടവരരുത്.

ഇങ്ങനെ കരാറിലെ ഒരു കക്ഷിക്ക് മാത്രം അനുകൂലമായി കാര്യങ്ങള്‍ നീങ്ങുമ്പോള്‍ ഇസ്‌ലാം ദുര്‍ബലനാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ആ കക്ഷിയോടൊപ്പമായിരിക്കും. ദുര്‍ബലനാക്കപ്പെട്ടവനാണ് കരാര്‍ വ്യവസ്ഥകള്‍ പറഞ്ഞുകൊടുക്കേണ്ടത്: ”കടബാധ്യതയുള്ളവന്‍ (വ്യവസ്ഥകള്‍) പറഞ്ഞുകൊടുക്കട്ടെ.” (2:282). ഇതിനു വിരുദ്ധമായാണ് സംഭവിക്കുന്നതെങ്കില്‍ ദുര്‍ബലന്‍ ആ വ്യവസ്ഥകള്‍ പാലിക്കേണ്ടവനായിത്തീരുന്നില്ല. തന്റെ ജീവിതാവശ്യങ്ങള്‍ നിര്‍വഹിക്കാനാവുംവിധമുള്ള തൊഴിലാണ് ഓരോരുത്തര്‍ക്കും ലഭിക്കേണ്ടത്. ഇമാം ഇബ്‌നു ഹമ്പല്‍ ഉദ്ധരിക്കുന്നു. നബി(സ) പറഞ്ഞു: ”നാം ആരെയെങ്കിലും ഒരു ജോലി ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കില്‍, അവന് വീടില്ലെങ്കില്‍ വീട് ലഭിക്കണം. ഭാര്യയില്ലെങ്കില്‍ അവന്‍ വിവാഹം കഴിക്കണം. വാഹനമില്ലെങ്കില്‍ അവന് വാഹനം ലഭിക്കണം.” തൊഴില്‍ വിഭജനം കൃത്യമായ അടിത്തറകളിലാണ്. കഴിവും യോഗ്യതയുമനുസരിച്ച് നീതിപൂര്‍വകമായ വിഹിതം ലഭിക്കണം. തൊഴിലെടുക്കുന്നവനും ബാധ്യതയുണ്ട്. ആത്മാര്‍ഥത വേണം. തൊഴില്‍ വൈദഗ്ധ്യവും വേണം. നബി (സ) പറഞ്ഞു: ”നിങ്ങളിലൊരാള്‍ തന്റെ തൊഴില്‍ വൈദഗ്ധ്യത്തോടെ ചെയ്യുന്നതാണ് അല്ലാഹുവിന് ഇഷ്ടം.” അബൂയഅ്‌ലയുടെ റിപ്പോര്‍ട്ടില്‍ ഇങ്ങനെയുണ്ട്: ”എല്ലാം മികച്ച രീതിയില്‍ ചെയ്യണമെന്ന് അല്ലാഹു വിധിച്ചിരിക്കുന്നു.” അഥവാ മെയ് വഴക്കത്തോടും പണിയോടുള്ള ആത്മാർഥതയോടും അതിലേർപ്പെടുന്നവനെ മാത്രമേ ശരിക്കും വിളിക്കൂവെന്നാണ്. അല്ലാത്തവൻ നോക്കുകൂലി വാങ്ങുന്ന ബൂർഷ്വാ തൊഴിലാളിയാണ്.

(മെയ് 1: അന്താരാഷ്ട്രാ തൊഴിലാളി ദിനം )

Related Articles