Current Date

Search
Close this search box.
Search
Close this search box.

ഹലാല്‍ ഉല്‍പന്നങ്ങള്‍ മാറുന്ന ലോകവും മാറേണ്ട കാഴ്ചപ്പാടുകളും

ഗുജറാത്തിലെ അഹ്മദാബാദ് നിവാസികളായ ജൈന സഹോദരിമാരാണ് മൗലി തെലിയും ഗ്രീഷ്മ തെലിയും. ഇന്ത്യയിലോ പുറത്തോ ഇവരെ അധികമാരും അറിയാനിടയില്ല. എങ്കിലും കുറഞ്ഞകാലത്തെ കഠിനാധ്വാനത്തിന്റെ ഒരു വിജയകഥയുണ്ട് ഈ യുവസഹോദരിമാര്‍ക്കു പിന്നില്‍. യു.എസിലെ മിച്ചിഗണ്‍ യൂനിവേഴ്‌സിറ്റിയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ജൈനമതം അനുശാസിക്കുന്ന രീതിയിലുള്ള കോസ്‌മെറ്റിക് ഉല്‍പന്നങ്ങള്‍ മാര്‍ക്കറ്റില്‍ തീരെ ലഭ്യമല്ല എന്ന കാര്യം മൗലി തെലിയുടെ ശ്രദ്ധയില്‍പെടുന്നത്. സസ്യഭുക്കുകളായിരുന്നതിനാല്‍, രാസമുക്തവും മാംസക്കൊഴുപ്പ് ചേര്‍ന്നിട്ടില്ലാത്തതുമായ ശുദ്ധമായ ഉല്‍പന്നങ്ങളായിരുന്നു പേഴ്‌സനല്‍ കെയറിനു വേണ്ടി അവര്‍ അന്വേഷിച്ചുകൊണ്ടിരുന്നത്. ബ്രിട്ടനില്‍ ബയോ ടെക്‌നോളജിയില്‍ ഗവേഷണം ചെയ്തുകൊണ്ടിരുന്ന സഹോദരി ഗ്രീഷ്മയോടൊപ്പം 2009-ല്‍ നാട്ടില്‍ തിരികെയെത്തി. ശുദ്ധമായ കോസ്‌മെറ്റിക് ഉല്‍പന്നങ്ങളുടെ നിര്‍മാണത്തെ കുറിച്ച് ചിന്തിക്കുന്നത് അങ്ങനെയാണ്.

ബഹുരാഷ്ട്ര കമ്പനികള്‍ കുത്തകയാക്കിയിരിക്കുന്ന ഇന്ത്യന്‍ മാര്‍ക്കറ്റിലെ കോസ്‌മെറ്റിക് ഉല്‍പന്നങ്ങള്‍ മാരകമായ രാസപദാര്‍ഥങ്ങളും മൃഗക്കൊഴുപ്പും അടങ്ങിയവയാണ് എന്ന തിരിച്ചറിവ് അവരെ ഒരു മികച്ച ബദല്‍ അന്വേഷിക്കാന്‍ പ്രേരിപ്പിച്ചു. ഇസ്‌ലാമിന്റെ ഹലാല്‍ എന്ന ആശയത്തിലേക്കും ഹലാല്‍ ഉല്‍പന്നങ്ങളെ കുറിച്ചുള്ള പുതിയ അറിവിലേക്കുമാണ് അതവരെ നയിച്ചത്. അങ്ങനെ, ഹലാല്‍ ആശയത്തില്‍ പ്രചോദിതരായി നൂറുശതമാനവും ശുദ്ധമായ കോസ്‌മെറ്റിക് ഉല്‍പന്നങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ 2012-ല്‍ ഇന്ത്യയിലെ ആദ്യ ഹലാല്‍ സര്‍ട്ടിഫൈഡ് കോസ്‌മെറ്റിക് കമ്പനി, എക്കോട്രയല്‍ പേഴ്‌സനല്‍ കെയറി(Ectoria Personal Care )ന് ഈ യുവ സഹോദരിമാര്‍ തുടക്കം കുറിച്ചു. ‘ഇബ’ എന്ന ചുരുക്കപ്പേരില്‍ 80-ല്‍പരം വൈവിധ്യമാര്‍ന്ന പേഴ്‌സനല്‍ കെയര്‍ ഉല്‍പന്നങ്ങളുമായി ഇന്ത്യയിലും പുറത്തും അറിയപ്പെടുന്ന ഹലാല്‍ ഉല്‍പാദകരാണിന്ന് ഈ ജൈനസഹോദരിമാര്‍ നയിക്കുന്ന എക്കോട്രയല്‍ കമ്പനി.

Related Articles