Current Date

Search
Close this search box.
Search
Close this search box.

ഹലാൽ അറുത്ത മാംസം മാത്രമല്ല, ജീവിതത്തിന്റെ വെണ്മയുമാണ്!

ഹലാൽ എന്നാൽ അറുത്ത മാംസം മാത്രമല്ല, വിശുദ്ധമായ സമ്പത്തും വിമലീകരിക്കപ്പെട്ട വിഭവങ്ങളും സദാചാര നിഷ്ഠയുള്ള ബന്ധങ്ങളും ആരോഗ്യദായകമായ ആഹാരവും തുടങ്ങി, ജീവിതത്തിന്റെ ആന്തരിക വെണ്മയായി കുടികൊള്ളുന്ന ദൈവപ്രോക്തമായ ചൈതന്യമാണ്. ദൈവനാമം ചൊല്ലി നിയമാനുസൃതം അറുത്ത മാംസത്തിന്റെ പര്യായപദമാണ് ഹലാൽ എന്നൊരു ധാരണ പ്രചുരമായിട്ടുണ്ട്.

എന്നാൽ, ഭക്ഷണം മാത്രമല്ല, സമ്പത്തും ശരീരവും ജീവിത വ്യവഹാരങ്ങൾ അഖിലവും ചൂഴ്ന്ന് നിൽക്കുന്ന ദൈവികമായൊരു മൂല്യബോധത്തിന്റെ മാനകമാണ് ഹലാൽ. ദൈവനാമത്തിൽ അറുത്ത മാംസം ഹലാൽ ഭക്ഷണത്തിന്റെ ഒരു ഭാഗം മാത്രമാണ്. സമ്പാദ്യം സത്യശുദ്ധമാവുക എന്നതാണ് ഹലാലിന്റെ ഒരു അടിസ്ഥാനം, ‘അനുവദനീയമായ ഭക്ഷണം’ ഇതിന്റെ അനുപൂരകമത്രെ. അതുകൊണ്ട് ഭക്ഷണത്തിൽ പരിമിതമായ ഹലാൽ ചർച്ചകൾക്ക് ഈ ആശയത്തിന്റെ വിശാലതയോ, ‘ഹലാൽ നിഷിദ്ധം’ ബോർഡ് വെക്കുന്നവർക്ക് ഈ തത്ത്വത്തിന്റെ മഹത്വമോ മനസ്സിലായിട്ടില്ല.

ജീവിതത്തിൽ മനുഷ്യൻ സ്വീകരിക്കുന്നതെന്തും ദൈവഹിതത്തിന് ചേർന്നതും അവന് ന്യായയുക്തമായി അവകാശപ്പെട്ടതും ആയിരിക്കണം. ആരാധനകളും പ്രാർഥനകളും ദൈവത്തിങ്കൽ സ്വീകാര്യമാകാനുള്ള പ്രധാന നിബന്ധനകളിലൊന്ന് സമ്പത്തിന്റെയും ജീവിതത്തിന്റെയും വിശുദ്ധിയാണ്. അപരന്റെ അവകാശങ്ങൾ കവർന്നെടുത്ത് സ്വന്തമാക്കിയാൽ അത് വിശുദ്ധമോ (ത്വയ്യിബ്) അനുവദനീയമോ (ഹലാൽ) ആകില്ല. അപ്പോൾ, അന്യന്റെ അവകാശങ്ങൾ പൂർണതയിൽ വകവെച്ചു കൊടുക്കുക, അതിൽനിന്നൊന്നും തന്നിലേക്ക് കലരാതെ, സത്യസന്ധമായി തനിക്ക് അർഹതപ്പെട്ടത് മാത്രം സ്വീകരിക്കുക എന്നതാണ് ഹലാൽ മുദ്രയുടെ മർമം.

ഹലാൽ എന്ന പദത്തിന്റെ ക്രിയാരൂപം, നിരോധ സൂചകത്തോടൊപ്പം ഖുർആൻ പ്രയോഗിച്ച സന്ദർഭങ്ങളിലൊന്ന് വിവാഹമോചനത്തെ കുറിച്ച ചർച്ചയാണ്. സ്ത്രീയുടെ അവകാശങ്ങൾ നിഷേധിച്ചു കൊണ്ട്, അവൾക്ക് നൽകിയത് തിരിച്ചെടുക്കുന്നത് ഹലാൽ അല്ല എന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്; ”നിങ്ങൾ അവർക്കു നൽകിയതിൽനിന്ന് ഒന്നുംതന്നെ അവരെ പിരിച്ചയക്കുമ്പോൾ തിരിച്ചെടുക്കുന്നത് അനുവദനീയം (ഹലാൽ) അല്ല” (അൽബഖറ 229). അവകാശ നിഷേധങ്ങൾ നിഷിദ്ധം (ഹറാം) ആയിത്തീരുമെന്നർഥം. ”അല്ലയോ വിശ്വസിച്ചവരേ, നിങ്ങൾ സ്ത്രീകളെ ബലാൽക്കാരം അനന്തരമെടുക്കുന്നത് അനുവദനീയം (ഹലാൽ) അല്ല. നിങ്ങൾ നൽകിയ വിവാഹമൂല്യത്തിൽനിന്നൊരു ഭാഗം തട്ടിയെടുക്കുന്നതിനായി അവരെ ഞെരുക്കുന്നതും ഹിതമല്ല” (അന്നിസാഅ് 19).

സമ്പത്തിന്റെ വിശുദ്ധിയാണ് ഹലാലിന്റെ അടിത്തറ. മനുഷ്യൻ നേടിയെടുക്കുന്ന ഏതു സമ്പത്തും സത്യമുള്ളതായിരിക്കണം എന്ന ദൈവിക ശാസന ശക്തമാണ്. ധാർമികവും ന്യായപൂർണവുമായ വഴികളിലൂടെ മാത്രം സ്വരുക്കൂട്ടിയതാകണം ഏതു സമ്പാദ്യവും. ഇതു മാത്രമാണ് വിശുദ്ധം (ത്വയ്യിബ്), അനുവദനീയം (ഹലാൽ), ദൈവത്തിങ്കൽ സ്വീകാര്യം. കളവ്, ചതി, അന്യായം, അഴിമതി, പലിശ, കൊള്ളലാഭം എന്നിവയിലൂടെ കൈക്കലാക്കുന്നതും, മലിനവും മ്ലേഛവുമായ വസ്തുക്കൾ വിറ്റ് നേടുന്നതുമായ സമ്പത്ത് നിഷിദ്ധം (ഹറാം) ആണ്. ആ സമ്പത്ത് ഉപയോഗിക്കുക വഴി മനുഷ്യന്റെ ശരീരത്തിലും വിഭവങ്ങളിലുമെല്ലാം അശുദ്ധം കലരുകയും കർമങ്ങളും പ്രാർഥനകളും ദൈവത്തിങ്കൽ തള്ളപ്പെടുകയും ചെയ്യുന്നു. സമൂഹത്തിൽ അവന്റെ മാന്യത കളങ്കപ്പെടുകയും ചതിയനും ചൂഷകനുമായി മുദ്രകുത്തപ്പെടുകയും വിലയില്ലാത്ത വ്യക്തിത്വം തിരസ്‌കരിക്കപ്പെടുകയും ചെയ്യുന്നു.

യാതൊരുവിധ കളവും ചൂഷണവും അനുവദിക്കാതെ, സമ്പാദ്യം വിശുദ്ധമാക്കാൻ വേണ്ട ഉന്നതമായ ധാർമിക ബോധം വ്യക്തികളിൽ രൂപപ്പെടുത്താനാണ് ഹലാൽ അധ്യാപനങ്ങൾ വഴി ഇസ്‌ലാം ശ്രമിക്കുന്നത്. ഇത് സാമ്പത്തിക ഇടപാടുകളെയും സാമൂഹിക ജീവിതത്തെയും എത്രമേൽ മഹത്തരവും ഉന്നതവുമാക്കുമെന്ന് ചിന്തിച്ചു നോക്കൂ! ‘ഹലാൽ നിഷിദ്ധം’ എന്ന പ്രചാരണം വഴി, സത്യശുദ്ധമായ സമ്പത്തിന്റെ നിരാകരണവും മ്ലേഛധനത്തിന്റെ സ്വീകരണവുമാണ് സംഭവിക്കുന്നതെന്ന് അവർ അറിയാതെ പോവുകയാണ്!

സമ്പത്ത് വിശുദ്ധമാകണം എന്നും അതിന് അനുവദനീയമായ (ഹലാൽ) വഴികൾ മാത്രമേ സ്വീകരിക്കാവൂ എന്നും വിശുദ്ധ ഖുർആനും നബിചര്യയും ശക്തിയുക്തം ആവശ്യപ്പെടുന്നുണ്ട്. ”നിങ്ങളുടെ ധനം അന്യോന്യം അന്യായമായി ആഹരിക്കാതിരിക്കുക. അന്യരുടെ ധനത്തിൽനിന്നൊരു ഭാഗം മനഃപൂർവം അന്യായമായി അനുഭവിക്കുന്നതിനുവേണ്ടി നിങ്ങളതുമായി ഭരണാധികാരികളെ സമീപിക്കയുമരുത്” (അൽബഖറ 188 ). ഇതേ ആശയം മറ്റനവധി സൂക്തങ്ങളിൽ (അന്നിസാഅ് 29, അത്തൗബ 34) ഖുർആൻ ആവർത്തിക്കുന്നുണ്ട്. ഏറ്റവും വലിയ സാമ്പത്തിക ചൂഷണ മാർഗമായ പലിശയെക്കുറിച്ച ഖുർആൻ വചനത്തിലും നിഷിദ്ധവും (ഹറാം) അനുവദനീയവും (ഹലാൽ) ആയ സമ്പാദ്യത്തെക്കുറിച്ച് പറയുന്നുണ്ട്: ”കച്ചവടം അല്ലാഹു അനുവദിക്കുകയും (ഹലാൽ) പലിശ നിഷിദ്ധം (ഹറാം) ആക്കുകയുമാണ് ചെയ്തിട്ടുള്ളത്” (അൽബഖറ 275).

സൂക്ഷ്മത പുലർത്തേണ്ട സാമ്പത്തിക ഇടപാടുകളിലൊന്നാണ് അനാഥരുടെ സ്വത്ത്. ഇതു സംബന്ധിച്ച വേദപാഠങ്ങൾ ഇങ്ങനെയാണ്; ”അനാഥരുടെ മുതൽ നിങ്ങൾ അവർക്ക് തിരിച്ചുകൊടുക്കേണ്ടതാകുന്നു. നല്ല മുതലിനെ ചീത്ത മുതലാക്കി മാറ്റാതിരിക്കുക. നിങ്ങൾ അവരുടെ മുതൽ സ്വന്തം മുതലിനോട് ചേർത്ത് ഭുജിക്കാവതല്ല. അതു മഹാപാപമാകുന്നു” (അന്നിസാഅ് 2). ഇതേ അധ്യായത്തിലെ തുടർ സുക്തം: ”അനാഥരുടെ മുതൽ അന്യായമായി തിന്നുന്നവർ തങ്ങളുടെ വയറുകളിൽ നിറയ്ക്കുന്നത് യഥാർഥത്തിൽ തീ മാത്രമാകുന്നു. ആളിക്കത്തുന്ന നരകത്തിൽ അവർ വേവുകതന്നെ ചെയ്യും” (അന്നിസാഅ് 10). സാമ്പത്തിക വിശുദ്ധിയുമായി ബന്ധപ്പെട്ട ഇനിയുമേറെ പാഠങ്ങൾ ഖുർആനിലുണ്ട്.

ആതുരശുശ്രൂഷ മഹത്തായ ജനസേവനമാണ്. എന്നാൽ, ‘ജനങ്ങളുടെ സമ്പത്ത് അന്യായമായി ഭുജിക്കരുത്’ എന്ന ഖുർആൻ വചനത്തിന്റെ വെളിച്ചത്തിൽ ഇന്നത്തെ ചികിത്സാ മേഖലയെക്കുറിച്ച് ചിന്തിക്കുക. ഹോസ്പിറ്റൽ നടത്തിപ്പും അതിന്റെ ലാഭവും ഹലാൽ ആകുന്നത്, ഡോക്ടർമാരും ഹോസ്പിറ്റൽ മാനേജ്‌മെന്റും മറ്റും രോഗികളെ ചതിച്ച് ചൂഷണം ചെയ്യാതെ, ന്യായമായ മാർഗത്തിൽ മാത്രം പ്രവർത്തിക്കുമ്പോഴാണ്. സർവ ചൂഷണവും തട്ടിപ്പും നടത്തുന്ന ഹോസ്പിറ്റൽ വ്യവസായിയുടെ സമ്പാദ്യം എത്രമാത്രം വിശുദ്ധം (ഹലാൽ) ആകും എന്ന് ചിന്തിക്കാവുന്നതേയുള്ളൂ. ഹലാൽ സർട്ടിഫിക്കറ്റ് നേടുന്നതോടെ ഒരു ഹോസ്പിറ്റൽ, ഹലാലായ മരുന്നുകൾ ചികിത്സക്ക് ഉപയോഗിക്കുകയും കാന്റീനിൽ അറുത്ത മാംസവും ഹലാൽ ഭക്ഷണവും വിൽക്കുകയും മാത്രമല്ല ചെയ്യേണ്ടത്. സകലമാന ചൂഷണങ്ങളിൽ നിന്നും മുക്തമാവുകയും, സത്യസന്ധമായി ചികിത്സ നടത്തുകയും, ന്യായമായ വരുമാനം ഉണ്ടാക്കുകയും ചെയ്യുകയാണ്, ആതുരശുശ്രൂഷ ഹലാൽ ആകുന്നതിന്റെ അടിസ്ഥാന നിബന്ധന. ഇത് പാലിക്കപ്പെടും വിധം ഹോസ്പിറ്റൽ മേഖയിൽ ഹലാൽ സംസ്‌കാരമുണ്ടായാൽ, അത് എന്തുമാത്രം ജനസേവനപരമായിരിക്കും!

വ്യക്തികളുടെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും പൊതുസ്വത്ത് തട്ടിയെടുക്കുന്ന അഴിമതിയെയും കൈക്കൂലിയെയും ചൂഷണത്തെയും നിഷിദ്ധമായി (ഹറാം) പ്രഖ്യാപിക്കുന്ന, തെറ്റായ വഴികളെല്ലാം വെടിഞ്ഞ് സമ്പാദ്യം അനുവദനീയം (ഹലാൽ) മാത്രമായിരിക്കണമെന്ന് നിഷ്‌കർഷിക്കുന്ന ഇസ്‌ലാമിക പാഠങ്ങൾ, രാജ്യത്തെയും സമൂഹത്തെയും സംബന്ധിച്ച് എത്രമേൽ ഗുണകരമാണെന്ന് ചിന്തിച്ചു നോക്കൂ. അപ്പോൾ, ഹലാൽ എന്നത്, സാമൂഹിക സുരക്ഷയുടെയും രാഷ്ട്രത്തിന്റെ സാമ്പത്തിക ഭദ്രതയുടെയും കൂടി ജീവപാഠമാകുന്നു. ഇത്രമേൽ സാമൂഹികോന്മുഖമായ ഒരു ആശയത്തെക്കുറിച്ച്, ഇവ്വിധം തെറ്റിദ്ധാരണ പരത്തുന്നത് അജ്ഞത കാരണമാണോ? അതോ, വിദ്വേഷ രാഷ്ട്രീയം നിമിത്തമോ?

വിലക്കപ്പെട്ട ഭക്ഷ്യപദാർഥങ്ങൾ ഉപേക്ഷിക്കുക, മാംസം ദൈവനാമത്തിൽ അറുത്തതാവുക, ദൈവേതരർക്ക് ബലി നൽകിയത് ആകാതിരിക്കുക, നിഷിദ്ധമായ വസ്തുക്കൾ കലർത്താതിരിക്കുക, കട്ടതും തട്ടിപ്പറിച്ചതും അല്ലാതിരിക്കുക തുടങ്ങിയവയാണ് ഹലാൽ ഭക്ഷണത്തിന്റെ നിബന്ധനകൾ. എന്നാൽ, നിയമപരമായി നിഷിദ്ധമല്ലാത്ത ഭക്ഷ്യപദാർഥങ്ങൾ, അനുവദനീയമായ സമ്പത്തുകൊണ്ട് വാങ്ങിയതായിരിക്കണം എന്ന മൗലിക തത്ത്വം ഇതിനെല്ലാം അടിസ്ഥാനമായി നിലകൊള്ളുന്നുണ്ട്. ഹലാലായ സമ്പത്ത് ഉപയോഗിച്ച് ഹറാമായ ഭക്ഷണം വാങ്ങിയാലും, ഹറാമായ പണം കൊണ്ട് ഹലാലായ ആഹാരം വാങ്ങിയാലും അത് സ്വീകാര്യമാവുകയില്ല. അന്യായമായ സമ്പാദ്യം ഉപയോഗിക്കുന്ന ഒരാൾ, അറുത്തത് മാത്രമേ ഭക്ഷിക്കൂ എന്ന് നിർബന്ധം പിടിക്കുന്നത് വൈരുധ്യമാണല്ലോ.

Related Articles