Current Date

Search
Close this search box.
Search
Close this search box.

മഹ്‌റമില്ലാതെ ഹജ്ജും ഉംറയും

അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഈ പ്രാവശ്യത്തെ നറുക്കെടുപ്പില്‍ ഹജ്ജിനുപോകാന്‍ എനിക്ക് അവസരം ലഭിച്ചിരിക്കുന്നു. പക്ഷേ എന്റെ കൂടെ ഭര്‍ത്താവോ, മറ്റു ബന്ധുക്കളോ ഇല്ലാത്തതിനാല്‍ ഹജ്ജിനുപോകാന്‍ പാടില്ല എന്നും, മഹ്‌റമില്ലാതെ സ്ത്രീകള്‍ ഹജ്ജിന് പോകുന്നത് നിഷിദ്ധമാണെന്നും, അങ്ങനെ ചെയ്താല്‍ അവരുടെ ഹജ്ജും ഉംറയും സ്വീകാര്യമാവുകയില്ലെന്നും ചില ഉസ്താദുമാര്‍ പറയുന്നു. എന്താണ് ഈ വിഷയത്തിലെ ഇസ്ലാമിക നിയമം?

ഉത്തരം: മഹ്‌റമില്ലാതെ സ്ത്രീക്ക് തനിച്ച് ഹജ്ജും ഉംറയും നിര്‍വഹിക്കാമോ എന്നകാര്യത്തില്‍ പണ്ടുമുതലേ അഭിപ്രായവ്യത്യാസമുണ്ട്. ഹമ്പലി മദ്ഹബിന്റെ വീക്ഷണമനുസരിച്ച് ഒരുനിലക്കും പാടില്ല എന്നാണെങ്കില്‍ മാലികീ ശാഫിഈ പോലുള്ള മദ്ഹബുകളുടെ വീക്ഷണപ്രകാരം മഹ്‌റമില്ലെങ്കിലും വഴി സുരക്ഷിതമാണെങ്കില്‍ സ്ത്രീക്ക് ഹജ്ജും ഉംറയും നിര്‍വഹിക്കാവുന്നതാണ്.

ഇരുവിഭാഗത്തിനും തെളിവുകളും ന്യായങ്ങളും വേണ്ടത്രയുണ്ട്. പ്രമാണങ്ങളെ വ്യാഖ്യാനിക്കുന്നതിലും മനസ്സിലാക്കുന്നതിലുമുള്ള വ്യത്യാസമാണ് ഈ ഭിന്നതയ്ക്ക് കാരണം. അതിനാല്‍ ഇതിലേതെങ്കിലും ഒരു വീക്ഷണം പൂര്‍ണമായും ശരിയും മറു വീക്ഷണം പൂര്‍ണ്ണമായും തെറ്റും എന്ന് പറയുന്നതിന് ന്യായമില്ല. അഭിപ്രായവ്യത്യാസമുള്ള വിഷയങ്ങളില്‍ ഓരോരുത്തര്‍ക്കും ബോധ്യമാകുന്ന വീക്ഷണം അവരവര്‍ക്ക് തിരഞ്ഞെടുക്കാം. എന്നാല്‍ മറു വീക്ഷണം തെരഞ്ഞെടുക്കുവാനുള്ള മറ്റുള്ളവരുടെ അവകാശത്തെ മാനിക്കാന്‍ സാധിക്കേണ്ടതുണ്ട്. നമുക്ക് വിഷയത്തിലേക്ക് വരാം.

സ്ത്രീകള്‍ക്ക് മഹ്‌റമില്ലാതെ യാത്ര ചെയ്യല്‍ നിഷിദ്ധമാണ് എന്ന് വാദിക്കുന്നവര്‍ അവലംബിക്കുന്ന പ്രധാന തെളിവ് ഇതാണ്:

عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ: قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: « لاَ تُسَافِرِ الْمَرْأَةُ إِلاَّ مَعَ ذِى مَحْرَمٍ، وَلاَ يَدْخُلُ عَلَيْهَا رَجُلٌ إِلاَّ وَمَعَهَا مَحْرَمٌ ».- رَوَاهُ الْبُخَارِيُّ: 1862.

ഇബ്‌നു അബ്ബാസില്‍ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: നബി (സ) പറഞ്ഞു: സ്ത്രീ മഹ്‌റമായ ഒരു പുരുഷന്റെ കൂടെയല്ലാതെ യാത്ര ചെയ്യാന്‍ പാടില്ല. അന്യ പുരുഷന്മാര്‍ മഹ്‌റമായ ഒരു പുരുഷനില്ലാതെ അവളുടെ അടുത്ത് പ്രവേശിക്കാനും പാടില്ല. (ബുഖാരി: 1862).

عَنْ أَبِي هُرَيْرَةَ، رَضِيَ اللَّهُ عَنْهُمَا، قَالَ: قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: « لاَ يَحِلُّ لاِمْرَأَةٍ تُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ أَنْ تُسَافِرَ مَسِيرَةَ يَوْمٍ وَلَيْلَةٍ لَيْسَ مَعَهَا حُرْمَةٌ».- رَوَاهُ الْبُخَارِيُّ: 1088.

അബൂഹുറൈറ നബിയില്‍നിന്ന് നിവേദനം ചെയ്യുന്നു, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു സ്ത്രീക്കും തന്റെ കൂടെ മഹ്‌റമായ ഒരു പുരുഷനില്ലാതെ ഒരു പകലും രാത്രിയും വഴി ദൂരമുള്ള യാത്ര ചെയ്യുക എന്നത് അനുവദനീയമല്ല. (ബുഖാരി : 1088).

عَنْ عَبْدِ اللَّهِ بْنِ عُمَرَ عَنِ النَّبِىِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: « لاَ يَحِلُّ لاِمْرَأَةٍ تُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ تُسَافِرُ مَسِيرَةَ ثَلاَثِ لَيَالٍ إِلاَّ وَمَعَهَا ذُو مَحْرَمٍ ». -رَوَاهُ مُسْلِمٌ: 3324.

അബ്ദുല്ലാഹിബ്‌നു ഉമര്‍ നബിയില്‍നിന്ന് നിവേദനം ചെയ്യുന്നു, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു സ്ത്രീക്കും തന്റെ കൂടെ മഹ്‌റമായ ഒരു പുരുഷനില്ലാതെ മൂന്ന് രാത്രി വഴി ദൂരമുള്ള യാത്ര ചെയ്യുക എന്നത് അനുവദനീയമല്ല. (മുസ്ലിം : 3324).

ഇതാണ് പാടില്ലെന്ന് വാദിക്കുന്നവരുടെ പ്രധാന തെളിവ്. വിഷയസംബന്ധമായി ഇങ്ങനെയുള്ള ഹദീസുകള്‍ മാത്രമേ ഉള്ളൂവെങ്കില്‍ ഇത്ര മാത്രം ഭിന്നതയുണ്ടാവുമായിരുന്നില്ല. എന്നാല്‍ ഇത്തരം ഹദീസുകള്‍ അക്ഷരാര്‍ഥത്തില്‍ എടുക്കുകയും അവ മാത്രം അടിസ്ഥാനമാക്കി ഒരു നിയമം നിര്‍ദ്ധാരണം ചെയ്‌തെടുക്കുകയും ചെയ്യുന്നതില്‍ പ്രശ്‌നങ്ങളുണ്ട്. കാരണം മക്കയില്‍ നിന്ന് വളരെ വിദൂരത്ത് കിടക്കുന്ന യമനില്‍ നിന്നും ഒരു സ്ത്രീ ഒറ്റക്ക് യാത്ര ചെയ്തുകൊണ്ട്, മക്കയില്‍ വരികയും എന്നിട്ട് കഅ്ബ ത്വവാഫ് ചെയ്തു തിരിച്ചു പോവുകയും ചെയ്യുന്ന ഒരു കാലം വരുമെന്ന് പ്രവാചകന്‍ പ്രവചിച്ചിട്ടുണ്ട്, പൂര്‍ണ്ണ സുരക്ഷിതത്വമുള്ള ആ കാലത്തെ പറ്റി നബി (സ) പറഞ്ഞത് ഇമാം ബുഖാരി തന്നെ ഉദ്ധരിക്കുന്നുണ്ട്. മാത്രമല്ല ആ പ്രവചനം പുലര്‍ന്നതായി താന്‍ കാണുകയുണ്ടായി എന്ന് പ്രസ്തുത ഹദീസ് നബിയി (സ) ല്‍നിന്ന് കേട്ട സ്വഹാബി അദിയ്യ് (റ) വെളിപ്പെടുത്തിയത് കൂടി ആ ഹദീസില്‍ നമുക്ക് കാണാം. അതിങ്ങനെ വായിക്കാം:

عَنْ عَدِيِّ بْنِ حَاتِمٍ قَالَ: بَيْنَا أَنَا عِنْدَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، إِذْ أَتَاهُ رَجُلٌ فَشَكَا إِلَيْهِ الْفَاقَةَ، ثُمَّ أَتَاهُ آخَرُ فَشَكَا إِلَيْهِ قَطْعَ السَّبِيلِ، فَقَالَ:…..« يَا عَدِىُّ هَلْ رَأَيْتَ الْحِيرَةَ » . قُلْتُ لَمْ أَرَهَا وَقَدْ أُنْبِئْتُ عَنْهَا . قَالَ « فَإِنْ طَالَتْ بِكَ حَيَاةٌ لَتَرَيَنَّ الظَّعِينَةَ تَرْتَحِلُ مِنَ الْحِيرَةِ، حَتَّى تَطُوفَ بِالْكَعْبَةِ، لاَ تَخَافُ أَحَدًا إِلاَّ اللَّهَ ».- رَوَاهُ الْبُخَارِيُّ: 3595. وَفِيهِ: قَالَ عَدِيٌّ فَرَأَيْتُ الظَّعِينَةَ تَرْتَحِلُ مِنَ الْحِيرَةِ حَتَّى تَطُوفَ بِالْكَعْبَةِ لاَ تَخَافُ إِلاَّ اللَّهَ. – رَوَاهُ الْبُخَارِيُّ: 3595.

നബി (സ) പറഞ്ഞതായി അദിയ്യുബ്‌നു ഹാത്തിമില്‍നിന്ന് ബുഖാരി ഉദ്ധരിക്കുന്നു: ‘ഞാന്‍ നബി(സ)യോടൊപ്പമായിരിക്കെ ഒരാള്‍ വന്നു ദാരിദ്ര്യത്തെക്കുറിച്ചു അവിടത്തോടു ആവലാതി പറഞ്ഞു. പിന്നീട് മറ്റൊരാള്‍ വന്നു, മാര്‍ഗ്ഗമധ്യെയുണ്ടാവുന്ന കവര്‍ച്ചയെക്കുറിച്ച് പരാതിപ്പെട്ടു. അവിടന്നുചോദിച്ചു: അദിയ്, താങ്കള്‍ ‘ഹീറ’ കണ്ടിട്ടുണ്ടോ? ഞാന്‍ പറഞ്ഞു: ഇല്ല. പക്ഷേ, കേട്ടിട്ടുണ്ട്. അവിടന്നു പറഞ്ഞു: താങ്കള്‍ ദീര്‍ഘകാലം ജീവിക്കുകയാണെങ്കില്‍, മറയിലിരിക്കുന്ന തരുണി ‘ഹീറ’ യില്‍ നിന്നും യാത്ര പുറപ്പെട്ട് അല്ലാഹുവിനെയല്ലാതെ മറ്റാരെയും ഭയപ്പെടാതെ ഒറ്റക്ക് യാത്ര ചെയ്ത് വന്നു കൊണ്ട് കഅ്ബയെ ത്വവാഫ് ചെയ്യുന്നത് നിനക്ക് കാണാം! അദിയ്യ് പറയുകയാണ്: പിന്നീട് മറയിലിരിക്കുന്ന തരുണികള്‍ അല്ലാഹുവിനെയല്ലാതെ മറ്റാരെയും ഭയപ്പെടാതെ ഒറ്റക്ക് യാത്രചെയ്ത് വന്നുകൊണ്ട് കഅ്ബയെ ത്വവാഫ് ചെയ്യുന്നത് ഞാന്‍ കാണുകയുണ്ടായി. (ബുഖാരി: 3595).

കൂടെ ആരും ഇല്ലാതെ എന്ന് തന്നെ ഹദീസുകളില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്. ഉദാഹരണമായി ഇമാം അഹ്മദിന്റെ രിവായത്തില്‍ (മുസ്‌നദ്: 18260 ) ഇങ്ങനെ കാണാം.

« فَوَالَّذِي نَفْسِي بِيَدِهِ، لَيُتِمَّنَّ اللهُ هَذَا الْأَمْرَ، حَتَّى تَخْرُجَ الظَّعِينَةُ مِنَ الْحِيرَةِ، حَتَّى تَطُوفَ بِالْبَيْتِ فِي غَيْرِ جِوَارِ أَحَد …. ».- رَوَاهُ أَحْمَدُ: 18260، وَقَالَ مُحَقِّقُو المَسْنَدِ: بَعْضُهُ صَحِيحٌ، وَهَذَا إِسْنَادٌ حَسَنٌ.

മാത്രമല്ല, അപ്പോള്‍ മാത്രമേ ആ പ്രവചനത്തിന് പ്രസക്തിയും ഉള്ളൂ. കാരണം ഖാഫിലയായി വന്ന് ഹജ്ജ് ചെയ്യുന്നതില്‍ അതിശയിക്കാനൊന്നുമില്ലല്ലോ.

മഹ്‌റമില്ലാതെയും ഒരു സ്ത്രീയ്ക്ക് ഹജ്ജ് ചെയ്യാമെന്നും, ഇവിടെ ആ സ്ത്രീയുടെ ഹജ്ജ് നിഷിദ്ധവും അസ്വീകാര്യവും ആയിരുന്നുവെങ്കില്‍ തിരുമേനി അക്കാര്യം വ്യക്തമാക്കുമായിരുന്നു. എന്നാല്‍ അങ്ങനെ വ്യക്തമാക്കിയില്ലെന്നുമാത്രമല്ല ആ പ്രവചനം സത്യമായി പുലര്‍ന്നത് താന്‍ കാണുകയുണ്ടായി എന്നുകൂടി മഹാനായ സ്വഹാബി പറഞ്ഞതിലൂടെ സ്വഹാബിമാരുടെ കാലത്തുതന്നെ മഹ്‌റമില്ലാതെ ഒരു സ്ത്രീ മക്കയിലെത്തി ത്വവാഫ് ചെയ്തു എന്ന കാര്യം സ്ഥിരപ്പെട്ടു. അത് സ്വീകാര്യമല്ലായിരുന്നുവെങ്കില്‍ റസൂല്‍ (സ) അക്കാര്യം അവിടെ വ്യക്തമാക്കുമായിരുന്നു. എന്നല്ല ഇസ്ലാമിന്റെ ശേഭന കാലത്തെക്കുറിച്ചുള്ള പ്രവചനം കൂടിയാണ് അത് എന്നതാണ് ഏറെ ശ്രദ്ധേയം. ഇതുപോലുള്ള ഹദീസുകള്‍ കൂടി മുമ്പില്‍വെച്ചും പരിഗണിച്ചുമാണ് ശാഫിഈ മദ്ഹബിന്റെയും മാലികീ മദ്ഹബിന്റെയും വീക്ഷണങ്ങള്‍ രൂപപ്പെട്ടിട്ടുള്ളത്.

ഇമാം നവവി പറഞ്ഞു:

قَالَ أَصْحَابنَا: يَحْصُل الْأَمْن بِزَوْجِ أَوْ مَحْرَم أَوْ نِسْوَة ثِقَات، وَلَا يَلْزَمهَا الْحَجّ عِنْدنَا إِلَّا بِأَحَدِ هَذِهِ الْأَشْيَاء، فَلَوْ وُجِدَتْ اِمْرَأَة وَاحِدَة ثِقَة لَمْ يَلْزَمهَا، لَكِنْ يَجُوز لَهَا الْحَجّ مَعَهَا، هَذَا هُوَ الصَّحِيح، وَقَالَ بَعْض أَصْحَابنَا: يَلْزَمهَا بِوُجُودِ نِسْوَة أَوْ اِمْرَأَة وَاحِدَة، وَقَدْ يَكْثُر الْأَمْن وَلَا تَحْتَاج إِلَى أَحَد، بَلْ تَسِير وَحْدهَا فِي جُمْلَة الْقَافِلَة وَتَكُون آمِنَة، وَالْمَشْهُور مِنْ نُصُوص الشَّافِعِيّ وَجَمَاهِير أَصْحَابه هُوَ الْأَوَّل، وَاخْتَلَفَ أَصْحَابنَا فِي خُرُوجهَا لِحَجِّ التَّطَوُّع وَسَفَر الزِّيَارَة وَالتِّجَارَة وَنَحْو ذَلِكَ مِنْ الْأَسْفَار الَّتِي لَيْسَتْ وَاجِبَة، فَقَالَ بَعْضهمْ: يَجُوز لَهَا الْخُرُوج فِيهَا مَعَ نِسْوَة ثِقَات كَحَجَّةِ الْإِسْلَام، وَقَالَ الْجُمْهُور: لَا يَجُوز إِلَّا مَعَ زَوْج أَوْ مَحْرَم ، وَهَذَا هُوَ الصَّحِيح؛ لِلْأَحَادِيثِ الصَّحِيحَة .- شَرَحُ مُسْلِمٍ: 2381.

നമ്മുടെ മദ്ഹബിന്റെ ആചാര്യന്മാര്‍ പറയുന്നു: സുരക്ഷിതത്വം ഭര്‍ത്താവ് മുഖേനയോ മഹ്‌റം മുഖേനയോ വിശ്വസ്തരായ സ്ത്രീകള്‍ വഴിയോ സാധ്യമാകുന്നതാണ്. ഇപ്പറഞ്ഞ ഏതെങ്കിലുമൊന്ന് കൂടാതെ സ്ത്രീകള്‍ ഹജ്ജ് ചെയ്യാന്‍ ബാധ്യസ്ഥരാവുന്നില്ല. വിശ്വസ്തയായ ഒരു സ്ത്രീയെ മാത്രമേ ലഭിച്ചുള്ളൂവെങ്കിലും അവര്‍ ഹജ്ജ് ചെയ്യാന്‍ ബാധ്യസ്ഥരാവുകയില്ല. എങ്കിലും വിശ്വസ്തയായ ഒരു സ്ത്രീയോടൊപ്പം ഹജ്ജ് ചെയ്യല്‍ അവള്‍ക്ക് അനുവദനീയമാണ്. മദ്ഹബിന്റെ ആധികാരികമായ അഭിപ്രായം ഇതത്രെ. എന്നാല്‍ ചില പണ്ഡിതന്മാരുടെ വീക്ഷണത്തില്‍ ഒന്നിലധികം സ്ത്രീകള്‍ കൂടെ ഉണ്ടെങ്കിലും, ഇനി കൂടുതല്‍ സുരക്ഷിതത്വം ഉണ്ടാവുകയും ഒരാളെയും ആവശ്യമില്ലാത്ത അവസ്ഥയും ഉണ്ടായെക്കാം. എന്നല്ല പൂര്‍ണ്ണ സുരക്ഷിതയായി അവള്‍ ഒരു യാത്രാ സംഘത്തോടൊപ്പം തനിച്ചു യാത്ര ചെയ്യുന്ന അവസ്ഥയും സംജാതമായേക്കാം.( ശറഹു മുസ്ലിം 2381).

وَقَالَ الْحَافِظُ ابْنُ حَجَرٍ الْعَسْقَلَانِيِّ: وَالْمَشْهُور عِنْد الشَّافِعِيَّة اِشْتِرَاط الزَّوْج أَوْ الْمَحْرَم أَوْ النِّسْوَة الثِّقَات ، وَفِي قَوْل تَكْفِي اِمْرَأَة وَاحِدَة ثِقَة . وَفِي قَوْل نَقَلَهُ الْكَرَابِيسِيّ وَصَحَّحَهُ فِي الْمُهَذَّب تُسَافِر وَحْدهَا إِذَا كَانَ الطَّرِيق آمِنًا ، وَهَذَا كُلّه فِي الْوَاجِب مِنْ حَجّ أَوْ عُمْرَة …………. وَمِنْ الْأَدِلَّة عَلَى جَوَاز سَفَر الْمَرْأَة مَعَ النِّسْوَة الثِّقَات إِذَا أُمِنَ الطَّرِيق أَوَّل أَحَادِيث الْبَاب، لِاتِّفَاقِ عُمَر وَعُثْمَان وَعَبْد الرَّحْمَن بْن عَوْف وَنِسَاء النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ عَلَى ذَلِكَ وَعَدَم نَكِير غَيْرهمْ مِنْ الصَّحَابَة عَلَيْهِنَّ فِي ذَلِكَ…. فَتْحُ الْبَارِي: 1729.

ഈ വിഷയകമായി ഉദ്ധരിക്കപ്പെട്ട ഹദീസുകള്‍ വിശദീകരിക്കവേ, ഇമാം അല്‍ ഹാഫിദ് ഇബ്‌നു ഹജര്‍ അല്‍ അസ്ഖലാനി പറയുന്നു: സ്ത്രീകള്‍ ഹജ്ജിന് പോകുമ്പോള്‍ ഭര്‍ത്താവോ, മഹ്‌റമോ, വിശ്വസ്തരായ സ്ത്രീകളോ ഉണ്ടായിരിക്കല്‍ നിബന്ധനയാണ് എന്നതാണ് ശാഫിഈ മദ്ഹബില്‍ പ്രസിദ്ധമായ വീക്ഷണം. ശാഫിഈ മദ്ഹബിന്റെ തന്നെ മറ്റൊരു വീക്ഷണമനുസരിച്ച് അവളുടെ കൂടെ വിശ്വസ്തയായ ഒരു സ്ത്രീ ഉണ്ടായാലും മതിയാകും. കറാബീസി ഉദ്ധരിക്കുകയും, മുഹദ്ദബില്‍ ശരിയാണെന്ന് വിലയിരുത്തുകയും ചെയ്ത വീക്ഷണമനുസരിച്ച്, വഴി സുരക്ഷിതമാണെങ്കില്‍ അവള്‍ക്ക് തനിച്ചു യാത്ര ചെയ്യാവുന്നതാണ്. എന്നാല്‍ ഇതല്ലാം വാജിബായ ഹജ്ജോ ഉംറയോ ചെയ്യുന്നതിനെ പറ്റിയാണ്. വഴി സുരക്ഷിതമാണെങ്കില്‍ വിശ്വസ്തരായ സ്ത്രീകളുടെ സംഘത്തോടൊപ്പം സ്ത്രീക്ക് യാത്ര ചെയ്യാം എന്നതിന്റെ തെളിവില്‍ പെട്ടതാണ് ഈ അധ്യായത്തിന്റെ ആദ്യത്തില്‍ ഉദ്ധരിക്കപ്പെട്ട ഹദീസുകള്‍. ഉമര്‍ ഉസ്മാന്‍ അബ്ദുറഹ്മാന്‍ ബിന്‍ ഔഫ് പ്രവാചക പത്‌നിമാര്‍ തുടങ്ങിയവരെല്ലാം അതിനോട് യോജിച്ചതിനാലും, സ്വഹാബിമാരില്‍ മറ്റാരും തന്നെ അക്കാര്യത്തില്‍ അവരെ എതിര്‍ക്കാതിരിക്കുകയും അതിനുള്ള തെളിവില്‍ പെട്ടതാണ്. ( ഫത്ഹുല്‍ ബാരി: 1729).

ശാഫിഈ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനായ ഇമാം മാവര്‍ദി പറയുന്നു: ഒരു സ്ത്രീ ആദ്യമായി ഹജ്ജ് ചെയ്യാന്‍ ഉദ്ദേശിക്കുകയും അത് ഫറളായ ഹജ്ജാണെങ്കില്‍ ഒരു മഹ്‌റമിന്റെ കൂടെയോ, അല്ലെങ്കില്‍ വിശ്വസ്തരായ സ്ത്രീകളോടൊപ്പമോ, അത് ഒരു സ്ത്രീയാണെങ്കില്‍ പോലും വഴി സുരക്ഷിതമാണെങ്കില്‍ ഹജ്ജിന് പോകുന്നത് അനുവദനീയമാണ്. (അല്‍ ഹാവി അല്‍ കബീര്‍: 4/927).

ഉമര്‍ (റ) ന്റെ ഖിലാഫത്തില്‍ തിരുമേനിയുടെ പത്‌നിമാര്‍ ഹ്ജ്ജിനു ഒരുങ്ങിയപ്പോള്‍ അദ്ദേഹം അവരെ ഉസ്മാനുബ്‌നു അഫ്ഫാന്‍, അബ്ദുര്‍റഹ്മാനുബ്‌നു ഔഫ് എന്നിവരോടൊപ്പം യാത്രയാക്കിയ സംഭവം ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്. സഹാബികളാരും ഇതിനെ എതിര്‍ത്തതായി കാണുന്നില്ല. സ്ത്രീകളുടെ യാത്ര സംബന്ധിച്ചുള്ള ഉപരിസൂചിത ഹദീസില്‍ നിയമത്തിന്റെ സ്വഭാവമുണ്ടായിരുന്നുവെങ്കില്‍ തീര്‍ച്ചയായും അവര്‍ ഇതിനെ വിമര്‍ശിക്കുമായിരുന്നു.
വസ്തുത ഇതായിരിക്കേ, തങ്ങള്‍ മനസ്സിലാക്കിയത് മാത്രമാണ് ശരി, മറ്റുള്ളതെല്ലാം തെറ്റാണ്, അവരുടെ ഹജ്ജും ഉംറയുമൊന്നും സ്വീകാര്യമല്ലാ എന്ന കടുപിടുത്തത്തിനും പ്രചരണത്തിനും ഒരു പ്രസക്തിയുമില്ല.
അതിനാല്‍, ഹജ്ജിനാവട്ടെ ഉംറക്കാവട്ടെ, മറ്റെന്ത് കാര്യത്തിനാവട്ടെ സ്ത്രീകള്‍ മഹ്‌റമിന്റെ കൂടെ യാത്ര ചെയ്യുക എന്നത് തന്നെയാണ് വേണ്ടത്. യാത്രാ സൗകര്യങ്ങള്‍ എത്ര വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും അതിലെല്ലാം തന്നെ സുരക്ഷാ പ്രശ്‌നങ്ങളും, മറ്റു പല പ്രയാസങ്ങളും വര്‍ദ്ധിച്ചിട്ടുണ്ട്, ഉത്തരവാദപ്പെട്ട ഒരു പുരുഷന്‍ കൂടെയുണ്ടാവുന്നത് സ്ത്രീയെ സംബന്ധിച്ചിടത്തോളം എന്തുകൊണ്ടും ഗുണകരമേ ആവുകയുള്ളൂ. എന്നാല്‍ വേണ്ടത്ര സുരക്ഷിതത്വവും, വിശ്വസ്തതയുമുള്ള, അപായ സാധ്യതകള്‍ തുലോം വിരളമായ സാഹചര്യങ്ങളില്‍, മഹ്‌റമില്ലാ എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം ഹജ്ജോ ഉംറയോ മാറ്റി വെക്കേണ്ടതില്ല.

ചുരുക്കത്തില്‍ ‘സ്ത്രീ, വിവാഹം നിഷിദ്ധമായ ബന്ധുവിന്റെ കൂടെയല്ലാതെ യാത്രചെയ്യാന്‍ പാടില്ലെന്നത് ഇസ്ലാമിക ശരീഅത്തിലെ സ്ഥിരപ്പെട്ട ഒരടിസ്ഥാനമാണ്. ചിലര്‍ തെറ്റിദ്ധരിക്കുന്നപോലെ സ്ത്രീകളെക്കുറിച്ചുള്ള മോശമായ സങ്കല്‍പമല്ല ഈ കല്‍പനക്കാധാരം. മറിച്ച് അവരുടെ സല്‍ക്കീര്‍ത്തിക്ക് ഭംഗം വരാതെ സൂക്ഷിക്കുന്നതിന് വേണ്ടിയാണിത്. എന്നാല്‍ അവള്‍ക്ക് വിവാഹം നിഷിദ്ധമായ ഒരു ബന്ധുവിനെ കിട്ടാതെ വരികയാണെങ്കില്‍ വിശ്വസ്തരായ പുരുഷന്മാരുടെയോ, അവലംബിക്കാവുന്ന സ്ത്രീകളുടെയോ കൂടെ യാത്രചെയ്യാം. വഴി സുരക്ഷിതമാണെങ്കില്‍ തനിച്ചു യാത്ര ചെയ്യുന്നതിനും വിരോധമില്ല, സ്ത്രീകളെ സംബന്ധിച്ചിടത്തോളം താരതമ്യേന സുരക്ഷിത്വമുളള ഇക്കാലത്ത് പ്രത്യേകിച്ചും. കപ്പല്‍, വിമാനം, ബസ്സ് തുടങ്ങിയ യാത്രാമാധ്യമങ്ങളില്‍ ധാരാളം ആളുകള്‍ ഒരുമിച്ചുള്ള യാത്രയാണല്ലോ ഇന്നത്തെ സമ്പ്രദായം.

Related Articles