Current Date

Search
Close this search box.
Search
Close this search box.

ഹാദിയ കേസും മറ്റൊരു ചാരക്കേസാകുമ്പോള്‍

അവസാനം ‘എന്‍ ഐ എ’ പറയുന്നു. ഹാദിയ കേസില്‍ ‘ലവ്’ മാത്രമേയുള്ളൂ ‘ജിഹാദില്ല’. ഹാദിയ കേസില്‍ അന്ന് കോടതിയില്‍ അവര്‍ തന്നെ ഉന്നയിച്ച വാദങ്ങള്‍ അവര്‍ തന്നെ പിന്‍വലിച്ചു. കേരളത്തില്‍ വളര്‍ന്നു വരുന്ന ‘ഐ എസ്’ ജ്വരമാണ് ഹാദിയ എന്നും അവര്‍ വാദിച്ചിരുന്നു. തെറ്റുകാരാണ് എന്ന് പറയാന്‍ മാത്രം ഒരു തെളിവും ഹാദിയ വിഷയത്തിലും അനുബന്ധമായി കോടതി പരിശോധിക്കാന്‍ പറഞ്ഞ മറ്റു പതിനൊന്നു വിവാഹങ്ങളിലും കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നാണ് അവര്‍ കോടതിയെ അറിയിച്ചത്.

ഇഷ്ടമുള്ള ആരെയും വിവാഹം കഴിക്കാന്‍ ഇന്ത്യന്‍ ഭരണഘടന അനുവാദം നല്‍കുന്നു എന്നിരിക്കെ എന്ത് കൊണ്ട് ഹാദിയ വിവാഹം ഇത്രമാത്രം ചര്‍ച്ചയായി എന്ന് ചോദിച്ചാല്‍ ഇസ്ലാമോഫോബിയ എന്നത് കേരളത്തിലും വളര്‍ത്തി കൊണ്ട് വരിക എന്നതു തന്നെയായിരുന്നു അതിന്റെ പിന്നിലെ അജണ്ട. നമ്മുടെ നാട്ടിലെ പുരോഗമന യുവജന പ്രസ്ഥാനങ്ങള്‍ക്ക് പോലും കണ്ണും നാവും നഷ്ടമായ നാളുകളായിരുന്നു അന്നൊക്കെ. ഇഷ്ടമുള്ള വിശ്വാസം സ്വീകരിക്കുക എന്നത് വ്യക്തിയുടെ വിഷയമാണ്. ഹാദിയ, വിവരവും വിദ്യാഭ്യാസവുമുള്ള കുട്ടിയായിരുന്നു. ആദ്യം നടന്നത് വിവാഹമല്ല. ആദ്യം അവര്‍ ഇസ്ലാം തിരഞ്ഞെടുത്തു. പിന്നെയാണ് വിവാഹം നടന്നതും. നമ്മുടെ കോടതികള്‍ക്ക് പോലും ദിശ നഷ്ടപ്പെട്ടു പോയ കാലമായിരുന്നു അന്നൊക്കെ.

ഒരു വിവാഹത്തെയും വിശ്വാസ മാറ്റത്തെയും അന്ന് നമ്മുടെ മതേതര സമൂഹം കണ്ടത് ഭീകരമായിട്ടായിരുന്നു. സിറിയയും ഐ എസും അന്ന് നമ്മുടെ ചര്‍ച്ചകളുടെ ഭാഗമായിരുന്നു. ഒരു പ്രജയുടെ വ്യക്തി സ്വാതന്ത്ര്യത്തെ കോടതി പോലും ചോദ്യം ചെയ്ത നാളുകള്‍. അവരെ പഴയ വിശ്വാസത്തിലേക്ക് തിരിച്ചു കൊണ്ട് വരാന്‍ സര്‍ക്കാര്‍ സഹായത്തോടെ നടന്ന കാര്യങ്ങള്‍. എല്ലാ ദുരന്തങ്ങളെയും അതിജീവിച്ച ഹാദിയയുടെ വിശ്വാസം, എല്ലാം ഒരു ചരിത്രമാണ്. അവസാനം എന്‍.ഐ.എ തന്നെ പറയുന്നു എല്ലാം വെറുതെയായിരുന്നെന്ന്. ഇന്ന് കേള്‍ക്കുന്ന പലതും അവസാനം അങ്ങിനെയാണ്. ചാരക്കേസ് മുതല്‍ ഒരുപാടുദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഒരു സമുദായത്തിന്റെ വിശ്വാസവും ആദര്‍ശവും ചോദ്യം ചെയ്യപ്പെട്ട നാളുകള്‍. കേരളം ഒരിക്കല്‍ ലവ് ജിഹാദിനെ കുറച്ചു ചര്‍ച്ച ചെയ്തു. അവസാനം ബന്ധപ്പെട്ടവര്‍ തന്നെ പറഞ്ഞു. അതൊരു ഇല്ലാത്ത വാര്‍ത്തയായിരുന്നെന്ന്. പക്ഷെ ഉണ്ട് എന്ന് പറയുമ്പോള്‍ ഉണ്ടാകുന്ന ആവേശം ഇല്ല എന്ന് പറയുമ്പോള്‍ നമ്മുടെ മാധ്യമങ്ങള്‍ക്കു ഉണ്ടാകാറില്ല.

അബ്ദുന്നാസര്‍ മഅ്ദനി ഇല്ലാത്ത കേസിന്റെ പേരിലാണ് ഒരുപാട് വര്‍ഷം ജയിലില്‍ കഴിഞ്ഞത്. ഇപ്പോള്‍ അങ്ങിനെ തന്നെ എന്ന് പറയാന്‍ ഇനിയുമെത്ര കൊല്ലം എന്നതാണ് ചോദ്യം. കേരളം മുഴുവന്‍ സിറിയന്‍ ഭീകരതയാണ് എന്ന പ്രതീതിയാണ് അന്ന് പലരും നല്‍കിയ വിശദീകരണം. ഷെഫിന്‍ ജഹാന്റെ സിറിയന്‍ ബന്ധം പോലും പലരും തെളിവായി കൊണ്ടുവന്നു. ഒരു സമുദായത്തെ ഭീഷണിപ്പെടുത്തി കീഴടക്കുക എന്ന തന്ത്രം എത്ര സമര്‍ത്ഥമായാണ് സംഘ പരിവാറും കപട മതേതര വാദികളും ഭരണകൂടവും ഉപയോഗിച്ചത് എന്നതിന്റെ എന്നെത്തെയും തെളിവാണ് ഹാദിയ കേസ് എന്ന് പറയാതിരിക്കാന്‍ കഴിയില്ല. പ്രവാചകന്‍ യൂസുഫ് നല്‍കുന്ന പാഠം അതാണ്. കുറ്റമാരോപിച്ചവര്‍ തന്നെ അത് പിന്‍വലിക്കുക എന്നത് ആവര്‍ത്തിക്കുന്ന ചരിത്രമാണ്.

 

Related Articles