Current Date

Search
Close this search box.
Search
Close this search box.

ഭയപ്പെടേണ്ട, അല്ലാഹു നമ്മോടൊപ്പമുണ്ട്

trishul.jpg

ഫാഷിസം ഒരായിരം വട്ടം കൊമ്പു കുലുക്കിയാലും സത്യവിശ്വാസികളെന്ന നിലയില്‍ നാം പതറാനോ ചിതറാനോ പാടില്ല. ഡോ: യൂസുഫുല്‍ ഖറദാവി തന്റെ വിഖ്യാതമായ ‘വിശ്വാസവും ജീവിതവും’ എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: ‘മനശാന്തിക്ക് ഒരേയൊരു വഴിയേ ഉള്ളൂ. അത് അല്ലാഹുവിലും അന്ത്യദിനത്തിലുമുള്ള വിശ്വാസമാണ്. ആത്മാര്‍ത്ഥമായ, ഉറച്ച വിശ്വാസം. സന്ദേഹവും കാപട്യവും കലരാത്ത വിശ്വാസം. സംഭവ യാഥാര്‍ത്ഥ്യങ്ങള്‍ അതിന് സാക്ഷ്യം വഹിക്കുന്നു. ചരിത്ര പാഠങ്ങള്‍ അതിന്ന് പിന്‍ബലമേകുന്നു. പക്ഷപാതം ബാധിക്കാത്ത കാഴ്ചയുള്ള ഏത് മനുഷ്യനും അത് കാണാം. തന്നിലും തനിക്ക് ചുറ്റിലും. അസ്വസ്ഥതയും ഇടുക്കവും വിഭ്രാന്തിയും അധമ ബോധവും നഷ്ട ചിന്തയും നമുക്കില്ല. അതൊക്കെയും ശിര്‍ക്കിന്റെയും കുഫ്‌റിന്റെയും കൂടപ്പിറപ്പുകളാകുന്നു. ഭോഗവസ്തുക്കളും ആസ്വാദന വിഭവങ്ങളും നിറഞ്ഞിരുന്നിട്ടു കൂടി അവരുടെ ജീവിതത്തിന് രുചിയോ സ്വാദോ ഇല്ല. കാരണം അവയുടെയൊന്നും അര്‍ത്ഥം അവര്‍ക്ക് പിടി കിട്ടുന്നില്ല. അവയുടെ രഹസ്യം അവര്‍ക്ക് മനസ്സിലാവുന്നില്ല. പിന്നെയെങ്ങനെ മനസ്സിന് ശാന്തി ലഭിക്കും?

വാനലോകത്തു നിന്നൊഴുകിയെത്തുന്ന തെന്നലാണ് ശാന്തി. ജനങ്ങള്‍ ചഞ്ചലചിത്തരാവുമ്പോള്‍ വിശ്വാസികള്‍ ദൃഢചിത്തരാവാന്‍, ജനങ്ങള്‍ അസംതൃപ്തരാവുമ്പോള്‍ വിശ്വാസികള്‍ സംതൃപ്തരാവാന്‍, ജനങ്ങള്‍ സംശയിക്കുമ്പോള്‍ വിശ്വാസികളില്‍ ദാര്‍ഢ്യം പകരാന്‍, ജനങ്ങള്‍ വെപ്രാളപ്പെടുമ്പോള്‍ വിശ്വാസികള്‍ക്ക് സഹനശക്തി ലഭിക്കാന്‍, ജനങ്ങള്‍ അതിക്രമം കാണിക്കുമ്പോള്‍ വിശ്വാസികള്‍ സഹിഷ്ണുത പാലിക്കുവാന്‍, ദൈവം വിശ്വാസികളിലേക്ക് മനശാന്തിയുടെ ഇളം തെന്നലയക്കുന്നു.’

അതെ, സര്‍വ്വ ശക്തനായ അല്ലാഹു സദാ കൂടെ തന്നെ ഉണ്ടെങ്കില്‍ പിന്നെ നമുക്കെന്തിന് ഭയം?എന്തിന് ദുഃഖം? എന്തിനാണ് നിരാശ? ‘വ്യസനിക്കാതിരിക്കുക; അല്ലാഹു നമ്മോടൊപ്പമുണ്ട്.’ (ഖുര്‍ആന്‍: 9:40)

Related Articles