Your Voice

പശ്ചിമേഷ്യന്‍ ദുരന്തത്തിന് വിത്ത് പാകിയ ജോര്‍ജ് ബുഷ് സീനിയര്‍

റൊണാള്‍ഡ് റെയ്ഗനു ശേഷം ലോകം ഒരുപാട് മാറിയിട്ടുണ്ട്. അതുവരെ ലോകത്ത് രണ്ടു വന്‍ ശക്തികള്‍ നിലവിലുണ്ടായിരുന്നു. 1990കളിലാണ് സോവിയറ്റ് യൂണിയന്‍ പൂര്‍ണമായി തകരുന്നത്. കിഴക്കന്‍ യൂറോപ്പ് എന്ന കമ്യൂണിസ്റ്റ് കോട്ടകളും ഏതാണ്ട് അതെ സമയത്ത് തന്നെയാണ് ഇല്ലാതാവുന്നതും. പിന്നെ ഒരറ്റത്ത് അമേരിക്ക മാത്രം ബാക്കിയായി. പുതിയ കാലത്തെ അമേരിക്കയുടെ ആദ്യ പ്രസിഡന്റായിരുന്നു ജോര്‍ജ് ബുഷ് സീനിയര്‍.

ലോകം ഏക ദ്രുവത്തിലേക്ക് മാറിപ്പോയ കാലങ്ങള്‍. അതെ സമയത്ത് തന്നെയാണു സദ്ദാം കുവൈത്തില്‍ കടന്ന് കൂടിയതും. മധ്യേഷ്യയില്‍ മാറ്റങ്ങളുടെ കാറ്റ് തുടങ്ങിയത് അവിടെ നിന്നാണ്. ഇറാഖിന്റെ കുവൈത്ത് അധിനിവേശം മധ്യേഷ്യയില്‍ അമേരിക്കക്ക് കൂടുതല്‍ അവസരം നല്‍കി. 35 രാഷ്ട്രങ്ങളുടെ സംയുക്ത സൈനിക പദ്ധതിയിലൂടെ കുവൈത്ത് സ്വാതന്ത്ര്യം നേടി. അതിനു ചുക്കാന്‍ പിടിച്ചത് ജോര്‍ജ് ബുഷ് തന്നെ.

ജോര്‍ജ് ബുഷിന്റെ ഭരണ കാലം ആധുനിക അമേരിക്കയുടെ തുടക്കം എന്നാണു ചരിത്രകാരന്മാര്‍ പറയുന്നത്. ഭരണ രംഗത്ത് വരുന്നതിനു മുമ്പ് തന്നെ ബിസിനസ് രംഗത്ത് അദ്ദേഹം ശക്തമായ സ്വാധീനം അറിയിച്ചിരുന്നു. പലവിധ കടമ്പകള്‍ കടന്നാണ് വൈസ് പ്രസിഡന്റ് എന്ന പദവിയില്‍ നിന്നും പ്രസിഡന്റ്
എന്ന പദവിയില്‍ എത്തിയത്. സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോഴേക്കും ശീത യുദ്ധം അവസാനിച്ചിരുന്നു. രണ്ടു ചേരികള്‍ സജീവമായി നില നിന്നിരുന്ന കാലത്ത് നിന്നും ഏക ചേരിയിലേക്ക് ലോകം മാറി. ശേഷം ബില്‍ ക്ലിന്റന്റെ കാലത്തും ബുഷ് രണ്ടാമന്റെ കാലത്തും ലോകം കണ്ട ദുരന്തങ്ങളുടെ തുടക്കം ബുഷിന്റെ കാലത്ത് തന്നെ തുടങ്ങിയിരുന്നു.

അമേരിക്കയുടെ താല്പര്യമാണ് ലോകത്തിന്റെ താല്പര്യം എന്നതായി പിന്നീട് വന്ന ഭരണാധികാരികള്‍ പറയാതെ പറഞ്ഞത്. ഇവാന്‍ജലിസ്റ്റ് ക്രിസ്ത്യന്‍ വിശ്വാസിയായിരുന്നു ബുഷ് കുടുംബം. അവരുടെ രാഷ്ട്രീയ തീരുമാനങ്ങളിലും അവരുടെ വിശ്വാസം കടന്നു കൂടിയിരുന്നു എന്നതൊക്കെ ലോകം ചര്‍ച്ച ചെയ്തതാണ്. സദ്ദാം ഹുസൈന്‍ എന്ന ഭരണാധികാരിയുടെ ചെയ്തികളിലൂടെ മധ്യേഷ്യയില്‍ കൂടുതല്‍ സൈനിക മേഖലകള്‍ തുറക്കാന്‍ അമേരിക്കക്ക് കഴിഞ്ഞു. അതിനു തുടക്കം കുറിച്ച വ്യക്തി എന്ന നിലയിലും ബുഷ് അറിയപ്പെടും.

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ലോകത്തെ മാറ്റിയതില്‍ ബുഷിന്റെ പങ്ക് വലുതാണ്. അത് പറയാതെ ഒരു ചരിത്ര വിദ്യാര്‍ത്ഥിക്ക് പഠനം മുന്നോട്ടു കൊണ്ട് പോകാന്‍ കഴിയില്ല. കിഴക്കന്‍ യൂറോപ്പില്‍ നിന്നും കമ്യൂണിസം കുടിയിറങ്ങുമ്പോള്‍ ആ വിടവിലേക്കു കടന്നു ചെല്ലാന്‍ അമേരിക്കന്‍ നയങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഭരണാധികാരി എന്നതാകും ലോകം അദ്ദേഹത്തിന് നല്‍കുന്ന വിശേഷണം. ബുഷ് രണ്ടാമന്റെ കാലത്തും തുടര്‍ന്ന് വന്ന നടപടികള്‍ക്ക് തുടക്കം കാണാന്‍ കഴിയുക ഒന്നാം ബുഷില്‍ തന്നെ. ഒന്നാം ഗള്‍ഫ് യുദ്ധത്തില്‍ ബുഷ് ആഗ്രഹിച്ച കാര്യം സദ്ദാമിനെ മാറ്റുക എന്നതായിരുന്നു.

അത് നടക്കാതെ പോയി. ഇറാഖിന്റെ കൈയില്‍ സമൂല നാശകാരികളായ ആയുധങ്ങള്‍ ഉണ്ടെന്നും ലോകസുരക്ഷ തകരാറിലാണെന്നും ഉള്ള അമേരിക്കന്‍ വാദമാണ് രണ്ടാം ഗള്‍ഫ് യുദ്ധത്തിന്റെ ബീജം. അമേരിക്കയും ബ്രിട്ടനും പ്രധാന സഖ്യകക്ഷികളായ സേന ഇറാഖിനെ ആക്രമിക്കുകയും അധികാരം പിടിച്ചെടുക്കുകയും ചെയ്തു. യുദ്ധത്തിനു ശേഷവും അമേരിക്കക്ക് തങ്ങളുടെ വാദം തെളിയിക്കാനായിട്ടില്ല. അതേസമയം ടൈഗ്രീസിലും യൂഫ്രട്ടീസിലുമൊഴുകുന്ന ജലത്തിലും ഇറാഖിന്റെ കനത്ത എണ്ണ സമ്പത്തിലും അമേരിക്കക്കുള്ള താത്പര്യമാണ് യുദ്ധത്തിന്റെ യഥാര്‍ത്ഥത്തിലുള്ള കാരണം. അച്ഛന്‍ ബുഷിന് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ മകനിലൂടെയാണ് പിന്നീട് സഫലമായത്.

രണ്ടാം ലോക യുദ്ധത്തിനു ശേഷം മനുഷ്യ ജീവനുകള്‍ കൂടുതല്‍ നഷ്ടമായ യുദ്ധമായിരുന്നു ഗള്‍ഫ് യുദ്ധം രണ്ടു സൈനിക ഇടപെടല്‍ മൂലം നഷ്ടമായത് ഏകദേശം അഞ്ചു ലക്ഷം ജീവനുകളാണെന്ന് പറയപ്പെടുന്നു. അതില്‍ അധികവും കുട്ടികളും. ഇറാന്‍ -ഇറാഖ് യുദ്ധത്തില്‍ അമേരിക്കയും സഖ്യ സേനകളും ഇറാഖ് പക്ഷത്തായിരുന്നു. സദ്ദാം തങ്ങള്‍ക്കു എതിരായപ്പോള്‍ അദ്ദേഹത്തെ നശിപ്പിക്കാന്‍ അമേരിക്ക തന്നെ ചമച്ചുണ്ടാക്കിയ കഥയാണ് കുവൈത്ത് ആക്രമണം എന്നൊക്കെ പറഞ്ഞു കേട്ടിരുന്നു. കുവൈത്ത് അധിനിവേശത്തിന്റെ അണിയറ രഹസ്യങ്ങള്‍ ഇപ്പോഴും അജ്ഞാതമായി തന്നെ നില്‍ക്കുന്നു. ഐക്യരാഷ്ട്രസഭ സമം അമേരിക്ക എന്നാക്കി മാറ്റുന്നതില്‍ സീനിയര്‍ ബുഷിന്റെ പങ്കു വലുതാണ്. തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ ഇല്ലാതാക്കാന്‍ ഐക്യരാഷ്ട്രസഭയെ ഉപയോഗിക്കാം എന്നും ലോകത്തിനു കാണിച്ചു കൊടുത്തതില്‍ മുഖ്യ പങ്കു സീനിയര്‍ ബുഷിന് തന്നെ.

സാമ്രാജ്യത്വത്തിനു ആധുനിക രൂപം ചമച്ചു എന്നതാകും ബുഷിനെ ലോകം ഓര്‍ക്കാനുള്ള കാരണം. പനാമയെ ആക്രമിച്ചു കൊണ്ടാണ് ബുഷ് കടന്നു വന്നത്. പിന്നീട് ഒരുപാട് രാജ്യങ്ങളെ ആക്രമിക്കാന്‍ അമേരിക്കക്ക് വഴി തുറന്നു കൊടുത്തതും അദ്ദേഹം തന്നെ.

Facebook Comments
Related Articles
Show More

Check Also

Close
Close
Close