Current Date

Search
Close this search box.
Search
Close this search box.

തലമുറ വിടവ് ഖുർആനിക വീക്ഷണത്തിൽ

ഇബ്രാഹിം അലൈഹിസ്സലാം പൂർണനാകുന്നത് അദ്ദേഹത്തിന്റെ ഇണയായ ഹാജറും ചേരുമ്പോഴാണ് എന്ന് പ്രഭാഷകർ പറയുന്നത് ശരിയായിരിക്കാം. അതുപോലെ തന്നെ വലിയ ശരിയാണ് അദ്ദേഹത്തിൻറെ അടുത്ത തലമുറയായ ഇസ്മായിലും (അ) ചേരുമ്പോഴാണ് എന്നത് . പക്ഷേ അത് നാം മനസ്സിലാക്കാതെ പോവുന്നു.

കഅ്ബയുടെ അസ്തിവാരം പണിയുന്നത് മുതൽ അതിന്റെ ശുദ്ധീകരണം, സംരക്ഷണം മുതൽ ആ കർമ്മങ്ങൾ ഏറ്റെടുക്കാനുള്ള പ്രാർഥനകൾ നിർവ്വഹിക്കുമ്പോഴുമെല്ലാം ഈ തലമുറാ സംഗമമാണ് ഖുർആനിൽ കാണുന്നത് (നോക്കുക 2: 124-129) നിലവിലുള്ള തലമുറയേയും ഇനി വരുന്ന തലമുറകളേയും പ്രാർഥനകളിൽ ഓർക്കാത്തതാവണം ഇന്ന് നാമനുഭവിക്കുന്ന ജെനറേഷൻ ഗ്യാപ്പിന് മറ്റൊരു കാരണം. ഈ കാലഘട്ടത്തിൽ നമുക്ക് ഈ വിടവ് കൂടുതലാവാൻ എന്താവണം നിമിത്തങ്ങൾ ?!

Also read: ദേഹേച്ഛകളുടെമേല്‍ കത്തിവെക്കുന്നതിന്റെ ഓര്‍മകളാണ് ബലിപെരുന്നാള്‍!

ഇബ്രാഹീം (അ) എന്ന പിതാവ് കാണുന്ന സ്വപ്നം പുത്രനോട് പങ്കുവെക്കുന്നു. അതിന്റെ സാക്ഷാത്കാരത്തിന് പുത്രൻ ജീവൻ സമർപ്പിക്കാൻ പോലും തയ്യാറാവുന്നു. (37: 102)
യൂസുഫെന്ന പുത്രന്റെ സ്വപ്നം യഅ്ഖൂബ് പ്രവാചകനോട് പറയുന്നു. മോനാരോടും ഇത് പറയരുതെന്ന് പ്രബോധകനായ പിതാവ് തന്റെ മകന്റെ നല്ല ഭാവിയോർത്ത് ഉപദേശിക്കുന്നു. ( 12:4-5). പാരന്റിങുകാർ പറയുന്ന dream sharing അഥവാ സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാനുള്ള മടിയാവണം നാമിന്നനുഭവിക്കുന്ന ആശയവിനിമയ വിടവ് / കമ്മ്യൂണിക്കേഷൻ ഗ്യാപ് .

പിതാവ് പങ്കെടുക്കുന്ന വലിയ വലിയ വ്യവഹാരങ്ങളിൽ തന്റെ മക്കളെ പങ്കെടുപ്പിക്കുമ്പോഴാണ് പിതാവിന്റെ സംസ്കാരത്തിൽ മകൻ വളരൂവെന്നാണ് ദാവൂദ് – സുലൈമാൻ (അ) സംഭവം നമ്മെ ബോധ്യപ്പെടുത്തുന്നത്. (21 : 78-79)
ചെറിയ ചെറിയ സംഗതികളല്ല, ഭാവിയിൽ ഏറ്റെടുക്കാനുള്ള വലിയ ബാധ്യതകളാണ് മക്കളെ ഉപദേശിക്കേണ്ടതെന്ന് ബോധ്യപ്പെടാൻ ഇബ്രാഹീം – യഅ്ഖൂബ് ഉത്ബോധനങ്ങളും (2: 132 133) ലുഖ്മാനുൽ ഹകീം തന്റെ പൊന്നു മോനെ ഉപദേശിക്കുന്നതും (31 : 17-19 ) എന്നിവ തന്നെ ധാരാളം.

Also read: അറഫയുടെ മഹത്വം

മൂസാ (അ) ന്റെ ചരിത്രം വിശദീകരിക്കുന്നിടത്ത് മകന്റെ ഭാവി അറിയാനുള്ള മാതാവിന്റെ മനസ്സും ആ ദൗത്യം സ്വന്തം പുത്രിയെ ഏല്പിക്കുന്ന ഭാഗങ്ങളും സൂറ ഖസ്വസ്വിൽ (11-13) ഓതിപ്പോവുമ്പോൾ ഉത്തരവാദിത്വങ്ങൾ ഏല്പിച്ചു തന്നെ ആൺകുട്ടിയായാലും പെൺകുട്ടിയായാലും വളർത്തണമെന്ന് നാമറിയാതെ പോവുന്നു. ഇനിയും വന്നിട്ടില്ലാത്ത തലമുറയെ സ്വപ്നം കാണുകയും അവർക്ക് വേണ്ടി പ്രാർഥിക്കുകയും ചെയ്യുന്ന മാതാവിനെയാണ് മർയം ബീവിയുടെ ചരിത്രത്തിൽ നാം കണ്ടെത്തേണ്ടത് (3:35 – 37 )

മാതാപിതാക്കളുടേയും മക്കളുടേയും ഇടയിലുള്ള ഇഴയടുപ്പം വ്യക്തമാക്കുന്ന ഇനിയുമെത്രയോ സന്ദർഭങ്ങൾ ഖുർആൻ പഠിപ്പിക്കുന്നുണ്ട് , പക്ഷേ പെരുന്തച്ചന്മാരായ നാം ഖുർആൻ ഓതിത്തീർക്കുന്ന തിരക്കിലത് പഠിച്ചിട്ടു വേണ്ടേ?!

Related Articles