മിസ്അബ് ബിന്‍ ഉമൈര്‍ ചരിത്രത്തില്‍ എന്നും ഓര്‍മ്മിക്കപ്പെടും. പ്രവാചകന്‍ മദീനയിലേക്ക് പോകുന്നതിനു മുമ്പ് മദീനക്കാരെ മതം പഠിപ്പിക്കാന്‍ നിയോഗിച്ചത് മിസ്അബിനെയായിരുന്നു. മിസ്അബ് മക്കയിലെ നല്ല പണക്കാരുടെ കുടുംബത്തിലാണ് ജനിച്ചതും വളര്‍ന്നതും. ജീവിതത്തിന്റെ എല്ലാ സൗകര്യങ്ങളും ഉപേക്ഷിച്ചാണ് അദ്ദേഹം ഇസ്ലാമിലേക്ക് വന്നത്. മക്കയില്‍ പീഡന കാലത്ത് പല മര്‍ദ്ദനങ്ങളും അദ്ദേഹം സഹിച്ചിരുന്നു. മദീനക്കാര്‍ ചിലര്‍ ഇസ്ലാമിലേക്ക് വന്നപ്പോള്‍ അവരുടെ കൂടെ മദീനയിലേക്ക് പ്രവാചകന്‍ അദ്ദേഹത്തെ അയച്ചു കൊടുത്തു അടുത്ത കൊല്ലം ഹജ്ജ് കാലത്തു അവിടെ നിന്നും അധികം മുസ്ലിംകള്‍ മക്കയില്‍ വന്നു.
മദീനയിലും അദ്ദേഹം ജീവിച്ചത് ഇസ്ലാമിന്റെ ആദ്യ കാലത്താണ്. അങ്ങിനെയാണ് ഉഹ്ദില്‍ അദ്ദേഹത്തെ പ്രവാചകന്‍ കൊടി ഏല്‍പ്പിക്കുന്നത്. യുദ്ധത്തില്‍ ശത്രു കൈ രണ്ടും വെട്ടി മാറ്റിയിട്ടും അദ്ദേഹം കൊടി നെഞ്ചോട് ചേര്‍ത്ത് പിടിച്ചു. ആ യുദ്ധത്തില്‍ മിസ്അബ് രക്തസാക്ഷിയായി. മറമാടുന്ന സമയത്തു വേണ്ടത്ര തുണി ലഭിച്ചില്ല. അദ്ദേഹം തന്നെ ഉപയോഗിച്ചിരുന്ന ഒരു തട്ടത്തിലാണ് മയ്യിത്ത് പൊതിഞ്ഞത്. മുഖവും കാലും ഒന്നിച്ചു മറക്കാന്‍ കഴിയാതെ വന്നപ്പോള്‍ പ്രവാചകന്‍ തല മറക്കാന്‍ ആവശ്യപ്പെടുകയും കാല്‍ ഭാഗം പുല്ലു കൊണ്ട് മറക്കാനും ആവശ്യപ്പെട്ടു.
എന്ത് കൊണ്ട് പ്രവാചകന്‍ ഇങ്ങിനെ ഒരു തീരുമാനമെടുത്തു എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. മയ്യിത്ത് മറക്കാന്‍ വേണ്ട തുണികള്‍ അവിടെ നിന്നും പ്രവാചകന് സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടില്ല. അങ്ങിനെ മറമാടിയാല്‍ മിസ്അബിന്റെ ചരിത്രം വേണ്ടത്ര ചര്‍ച്ച ചെയ്യാതെ പോയേക്കാം. മിസ്അബ് പ്രവാചക അനുയായികളില്‍ ശ്രദ്ധേയനാണ്. ഇസ്ലാമിന്റെ ബുദ്ധിമുട്ടേറിയ കാലത്താണ് മിസ്അബ് രംഗത്തു വരുന്നതും. ഇസ്ലാമിലെ ത്യാഗത്തിന്റെ പേരാണ് മിസ്അബ്. രാഷ്ട്രീയ ഇസ്ലാമിന്റെ രക്തസാക്ഷിയാണ് മിസ്അബ്. മദീന എന്ന രാഷ്ട്രത്തോടാണ് മക്കക്കാര്‍ യുദ്ധം പ്രഖ്യാപിച്ചത്. മദീനയെ സംരക്ഷിക്കാനായുള്ള ശ്രമത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. വിഷയങ്ങളുടെ രാഷ്ട്രീയം കൂടി പരിഗണിച്ചാണ് പ്രവാചകന്‍ പല തീരുമാനനവും കൈകൊണ്ടത് എന്ന് സാരം.
നജ്മല്‍ ബാബു ഒരു രാഷ്ട്രീയത്തിന്റെ ഇരയാണ്. യുക്തിവാദികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന കുടുംബത്തില്‍ നിന്നും ഒരാളെ പള്ളിയില്‍ അടക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം അചിന്തനീയവും. അതവര്‍ തുറന്നു പറയുകയും ചെയ്തു. മരണപ്പെട്ട വ്യക്തിയുടെ വ്യക്തിത്വം മരണത്തോടെ അവസാനിക്കും എന്ന രാഷ്ട്രീയ ബോധത്തെയാണ് തെരുവിലെ നമസ്‌കാരം അടയാളപ്പെടുത്തുന്നത്. മയ്യിത്ത് നമസ്‌കാരം ഒരു സമര മുറയല്ല. അതൊരു സാമൂഹിക ബാധ്യതയാണ്. കേവലം ഒരു നമസ്‌കാരമായി മാറിയാല്‍ എതിരാളികള്‍ ഉന്നയിച്ച രാഷ്ട്രീയം ചര്‍ച്ച ചെയ്യാതെ പോകും. മിസ്അബിന്റെ കാലില്‍ പ്രവാചകന്‍ പുല്ലു കെട്ടിവെച്ചതു ഒരു ഉണര്‍ത്തലാണ്. അതിനൊരു സന്ദേശമുണ്ട്. ആ സന്ദേശം ഇസ്ലാമിക ലോകം മിസ്അബിനെ ചര്‍ച്ച ചെയ്യണം എന്നതു തന്നെയാണ്. നജ്മല്‍ ബാബു ചര്‍ച്ച ചെയ്യപ്പെടണം. അദ്ദേഹം ഉന്നയിച്ച ഇസ്ലാമിന്റെ വിമോചന മാര്‍ഗവും, ഇപ്പോള്‍ കമല്‍ ഉന്നയിക്കുന്ന മാര്‍ഗവും.