Your Voice

സൗഹൃദം കടലാസ് പൂവല്ല

1930 ൽ ഹാൾമാർക്ക് കാർഡുകളുടെ സ്ഥാപകനായ ജോയ്‌സ് ഹാളാണ് സൗഹൃദ ദിനം ആരംഭിച്ചത്. വ്യത്യസ്ഥ നാടുകളിൽ വേറെ വേറെ ദിനങ്ങളിൽ സൗഹൃദ ദിനം ആഘോഷിക്കപ്പെടുന്നതിലും ഹാൾമാർക്കിന്റെ മാർക്കറ്റിങ് തന്ത്രമുണ്ടാവാൻ സാധ്യതയില്ലാതെയില്ല.ഗ്രീറ്റിംഗ് കാർഡുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വാണിജ്യപരമായ ഒരു ഗിമ്മിക്കാവാനും അതുവഴി തന്റെ ഹാൾമാർക്ക് ലോകമുടനീളം തന്റെ ലാന്റ് മാർക്കറ്റാക്കാമെന്ന ബിസ്നസ് തന്ത്രവുമാവാം പാശ്ചാത്യൻറെ താല്പര്യത്തിന് പിന്നിൽ . യൂറോപ്പിൽ ഇത് ഏറ്റെടുത്തതിന് ഇതുവരെ വലിയ സ്വാധീനമൊന്നും ഉണ്ടായിട്ടില്ലെങ്കിലും; ഏഷ്യയിൽ ഇത് സജീവമായി നിലനിർത്തുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്തു, അവിടെ നിരവധി രാജ്യങ്ങൾ അത് സ്വീകരിച്ചു. 2011 ജൂലൈ 27 ന് ഐക്യരാഷ്ട്ര പൊതുസഭയുടെ 65-ാമത് സെഷൻ ജൂലൈ 30 നെ “അന്താരാഷ്ട്ര സൗഹൃദ ദിനമായി” പ്രഖ്യാപിച്ചുവെങ്കിലും ജൂലൈ 30, ആഗസ്റ്റ് 2, ആഗസ്റ്റിലെ ആദ്യ ഞായർ എന്നിങ്ങനെ വർഷത്തിൽ പല നാളുകളിലായാണ് പലയിടത്തും കൊണ്ടാടപ്പെടുന്നത് എന്ന് മാത്രം.

1998 ലെ സൗഹൃദ ദിനത്തോടനുബന്ധിച്ച്, യുഎൻ സെക്രട്ടറി ജനറൽ കോഫി അന്നന്റെ ഭാര്യ നെയ്ൻ അന്നൻ, ഐക്യരാഷ്ട്രസഭയിലെ ലോക സൗഹൃദ അംബാസഡറായി വിന്നി ദി പൂഹിനെ തിരഞ്ഞെടുത്തിരുന്നു. പിന്നീട് എന്ത് സംഭവിച്ചുവെന്നത് അന്വേഷിച്ചാലറിയാം കറുപ്പിന്റേയും വെളുപ്പിന്റേയും ഇടയിലുള്ള സാന്ദ്രതാ വ്യത്യാസവും ഗാഢതയും .

Also read: ആഗോള ഇസ്ലാമിക പ്രസ്ഥാനങ്ങള്‍: പത്ത് വ്യതിരിക്തകള്‍

മദീനത്തുണ്ടായ ആദ്യ നിർമ്മിതി സിമന്റ് കൊട്ടാരങ്ങളായിരുന്നില്ല , സാഹോദര്യത്തിന്റേതായിരുന്നുവെന്ന് ഈസാറിനെ കുറിച്ചെഴുതിയപ്പോൾ സൂചിപ്പിച്ചതോർക്കുന്നു. ഹൃദയം ഇണങ്ങിയുള്ള ചങ്ങാത്തവും ഐക്യത്തോടുകൂടിയുള്ള ഒത്തുകൂടലും സമയബന്ധിതമല്ലാതെ ഇസ്‌ലാം ഏറെ പ്രോത്സാഹിപ്പിച്ച ശീലമാണ്. വിശുദ്ധ ഗ്രന്ഥം പ്രഖ്യാപിക്കുന്നത് നോക്കൂ:

”’നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ പാശം മുറുകെ പിടിക്കുക. നിങ്ങള്‍ ഭിന്നിച്ചുപോകരുത്” ( 3:103).
പാരസ്പര്യവും ചങ്ങാത്തവും നാഥന്റെ അനുഗ്രഹമായാണ് തുടർന്ന് എണ്ണുന്നത്.
”നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ അല്ലാഹു നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു” (3:103).

”ഇനി അവര്‍ നിന്നെ വഞ്ചിക്കാന്‍ ഉദ്ദേശിക്കുന്ന പക്ഷം തീര്‍ച്ചയായും നിനക്ക് അല്ലാഹു മതി. അവനാണ് അവന്റെ സഹായം മുഖേനയും വിശ്വാസികള്‍ മുഖേനയും നിനക്ക് പിന്‍ബലം നല്‍കിയവന്‍. അവരുടെ (വിശ്വാസികളുടെ) ഹൃദയങ്ങള്‍ തമ്മില്‍ അവന്‍ ഇണക്കിച്ചേര്‍ക്കുകയും ചെയ്തിരിക്കുന്നു. ഭൂമിയിലുള്ളത് മുഴുവന്‍ നീ ചെലവഴിച്ചാല്‍ പോലും അവരുടെ ഹൃദയങ്ങള്‍ തമ്മില്‍ ഇണക്കിച്ചേര്‍ക്കാന്‍ നിനക്ക് സാധിക്കുമായിരുന്നില്ല. എന്നാല്‍ അല്ലാഹു അവരെ തമ്മില്‍ ഇണക്കിച്ചേര്‍ത്തിരിക്കുന്നു.തീര്‍ച്ചയായും അവന്‍ പ്രതാപിയും യുക്തിമാനുമാകുന്നു” (8:62,63.)

നന്മയുടെ തെളിവാണ് ചങ്ങാത്തമെന്നാണ് പ്രവാചകാധ്യാപനം.
”സത്യവിശ്വാസി ഇണങ്ങുകയും ഇണക്കപ്പെടുകുകയും ചെയ്യും. ഇണങ്ങുകയും ഇണക്കപ്പെടുകയും ചെയ്യാത്തവനില്‍ യാതൊരു നന്മയുമില്ല”
ചങ്ങാതികളിൽ ഉത്തമർ അവരിലെ സത്സ്വഭാവികളാണെന്നും അദ്ദേഹം പഠിപ്പിച്ചു :
”നിശ്ചയം, അന്ത്യനാളില്‍ എന്നോട് ഏറ്റവും അടുത്തിരിക്കുന്നവര്‍ പെരുമാറുവാന്‍ കൊള്ളുന്ന നിങ്ങളിലെ ഏറ്റവും നല്ല സ്വഭാവക്കാരായിരിക്കും. അവര്‍ ഇണങ്ങുകയും ഇണക്കപ്പെടുകുകയും ചെയ്യുന്നവരായിരിക്കും”.

Also read: തലമുറ വിടവ് ഖുർആനിക വീക്ഷണത്തിൽ

എഫ്ബിയിലും ഇൻസ്റ്റയിലും മറ്റും ഫ്രണ്ട്സ് സർക്കിൾ വർധിപ്പിക്കാൻ മാത്രം ശ്രമിക്കുന്നവർ ശ്രദ്ധിക്കേണ്ട ഒരു ഹദീസാണ് ചുവടെ:
”ഒരാള്‍ തന്റെ കൂട്ടുകാരന്റെ ആദര്‍ശത്തിനനുസരിച്ചാണ്. അതിനാല്‍ നിങ്ങളിലൊരാള്‍ ആരോടു കൂട്ടുകൂടുന്നുവെന്ന് പര്യാലോചിക്കട്ടെ”
പരലോകത്ത് ഉപകരിക്കുന്ന ചങ്ങാത്തത്തിന്റെ വിഷയത്തില്‍ റബ്ബ് പറഞ്ഞത് നമ്മുടെ ശ്രദ്ധയിലുണ്ടാവണം ”സുഹൃത്തുക്കള്‍ ആ ദിവസം അന്യോന്യം ശത്രുക്കളായിരിക്കും; സൂക്ഷ്മത പാലിക്കുന്നവരൊഴികെ” (43:67) അഥവാ പരലോകത്ത് ശത്രുതക്ക് വകയുള്ള ചങ്ങാത്തം ഈലോകത്ത് തന്നെ വേണ്ടന്ന് വെക്കണം. ആദ്യനോട്ടത്തിലും വിളിയിലും ചാറ്റിലും അത് തിരിച്ചറിയാതെ പോവുന്നതാണ് പിന്നീട് പല നഷ്ടങ്ങൾക്കും ഇടയാക്കുന്നതെന്ന് പലരും മനസ്സിലാക്കാതെ പോവുന്നു.

ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ടയെന്നത് പ്രവാചകാധ്യാപനത്തിന്റെ നാടൻ പരാവർത്തനമാണ്. പക്ഷേ ഇന്നത്തെ പല ബന്ധങ്ങളും ഉറുദു കവി പറഞ്ഞതു പോലെ ചങ്ങാത്തത്തിന്റെ പരിമണമില്ലാത്ത വെറും കടലാസ് പൂക്കളാണ്.
آجکل کے دوستوں مانندئے کاغز کے پھول
دیکھنے میں خوشنما بوئے وفا کچھ بھی نہیں

ഇന്നത്തെ സുഹൃത്തുക്കൾ പേപ്പർ പൂക്കൾക്കു സമാനം,
കാണാനേ ചേലുള്ളൂ , കൂറിന്റെ സുഗന്ധം അവയ്ക്കന്യം.

(ആഗസ്റ്റ് : 2 സൗഹൃദ ദിനം)

Facebook Comments
Related Articles

അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി

1975 മാര്‍ച്ച് 22 ന് എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയിൽ ജനനം. പിതാവ്: മല്ലികത്തൊടിയിൽ ഉസ്മാൻ. മാതാവ്: സനീറ എ.എ. മദ്‌റസത്തുൽ മുജാഹിദീൻ ഓറിയന്റൽ ഹൈ സ്‌കൂള്‍, കൊച്ചിൻ കോളേജ്, അസ്ഹറുൽ ഉലൂം കോളേജ്, നദ് വത്തുൽ ഉലമാ ലഖ്നോ, ദഅവാ കോളേജ്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഇസ്‌ലാമിക ശരീഅത്തിലും ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലും ബിരുദം (ആലിമിയ്യ) വാടാനപ്പളി ഇസ്ലാമിയ കോളേജ് പ്രിൻസിപ്പൽ , അധ്യാപകൻ , സർക്കാർ കരിക്കുലം കമ്മിറ്റി , LPSA ആയിരുന്നു. നിലവിൽ അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ സീനിയർ ലക്ചറർ, HCI ചെയർമാൻ, വിക്ടറി എഡ്യുക്കേഷൻ ട്രസ്റ്റ് മെമ്പർ ,SCERT കരിക്കുലം കമ്മറ്റി അംഗം, അത്തദാമുൻ/ഇസ്ലാം പാഠശാല എഡിറ്റർ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. മലയാളം, അറബി ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ഇസ്ലാമിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. IPH പ്രസിദ്ധീകരിച്ച ബുഖാരി, തിർമുദി , വിജ്ഞാനകോശം, അറബി നിഘണ്ടു എന്നിവയുടെ പരിഭാഷ , എഡിറ്റിങ് , പ്രൂഫ് റീഡിങ് എന്നിവ നിർവ്വഹിച്ചിട്ടുണ്ട്. ഭാര്യ: അൻസ, മക്കള്‍: അസ്വാല അൽഫിയ്യ, അസ്വീൽ അൽഫൈൻ, അമാൻ അസ്ലം.
Close
Close