Current Date

Search
Close this search box.
Search
Close this search box.

സുഹൃദ് വലയം ആത്മ സാക്ഷാൽക്കാരത്തിന്

മനുഷ്യൻ എവിടെ നിന്നു വന്നു? ഈ ജീവിതം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത്‌? എന്താണ് മനുഷ്യന്റെ പര്യവസാനം? എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം തേടുന്നവരാണ് ജീവിതത്തെ ഗൗരവത്തിൽ അഭിമുഖീകരിക്കുന്നവർ എന്ന് കരുതാം.

മനുഷ്യനെ സംബന്ധിച്ച ഈ ചോദ്യങ്ങൾ ഏറെ മൗലികവുമാണ്. ഈ മൂന്നു ചോദ്യങ്ങളും അവയുടെ ഉത്തരവും അറിയാതവരല്ല നാം.
നമുക്കു നാമേ പണിവതു നാകം, നരകവുമതു പൊലെ… എന്ന കവി വാക്യം പറഞ്ഞു തരുന്നതും മറ്റൊന്നല്ല.

ജീവിതത്തെ ക്രമീകരിക്കാനും മാറ്റിപ്പണിയാനും നമ്മുടെ കയ്യിലുള്ള സുപ്രധാനമായ മൂലധനമാണ് സമയം, നാം ചിന്തിക്കുന്നത് മൂലധനമാകുന്ന സമയം യഥേഷ്ടം സൗകര്യത്തിന് ചിലവഴിക്കാൻ സാധിക്കുമാർ നമ്മുടെ ക്രെഡിറ്റിൽ സുരക്ഷിതമാണെന്നാണ്. ഏത് നിമിഷവും തീർന്നു പോകാവുന്ന ഒരു ക്രെഡിറ്റ് മാത്രമാണതന്ന് ഈ കൊറോണ കാലം ഓർമ്മിപ്പിക്കുയും ചെയ്യുന്നുണ്ട്. സ്രഷ്ടാവായ അല്ലാഹു വിശുദ്ധ ഖുർആനിൽ മനുഷ്യകുലത്തിന്റെ വിജയത്തിന്റെയും പരാജയത്തിന്റെയും നിദാനങ്ങളെ സംബന്ധിച്ച ആണയിട്ടു പറയാൻ ഉപയോഗിച്ചത് സമായത്തെയാണല്ലോ. (നിശ്ചയം കാലം തന്നെയാണ് സത്യം, മനുഷ്യരെല്ലാം നഷ്ടത്തിലാണ്‌_വിശ്വസിക്കുകയും സൽക്കർമങ്ങൾ അനുഷ്ഠിക്കുകയും സത്യം കൊണ്ടും സ്ഥൈര്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവർ ഒഴികെ)

മൂലധനം അലിഞ്ഞു പോയിക്കൊണ്ടേയിരിക്കുന്ന ഒരു പാവം കച്ചവടക്കാരനെ സഹായിക്കണമേ എന്നു വിളിച്ചു പറഞ്ഞു കൊണ്ട് ഐസ് മിഠായി വിൽക്കുന്ന ഒരു കച്ചവടക്കാരനെ കണ്ടപ്പോഴാണ് സൂറത്തുൽ അസറിലെ കാലം കൊണ്ട് സത്യം ചെയ്തതിന്റെ അർത്ഥം തനിക്ക് മനസ്സിലായതെന്നു ഒരു പണ്ഡിതവാക്യം ഉദ്ധരിക്കുന്നുണ്ട് തഫ്ഹീമുൽ ഖുർആനിൽ.

മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചത് എന്തിനാണെന്നും അവന്റെ നിയോഗ ലക്ഷ്യം എന്താണെന്നും ഖുർആൻ നമ്മെ പഠിപ്പിക്കുന്നുണ്ട്. വളരെ വലിയ ഒരു കാരുണ്യമാണ് അല്ലാഹു അതു വഴി നമ്മോട്‌ചെയ്‌തത്‌.

മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചത് ഭൂമിയിൽ അവന്റെ പ്രതിനിധിയായാണ്(ഖലീഫ). വളരെ ഉന്നതമായതും മറ്റു സൃഷ്ടികൾക്കൊന്നും ലഭ്യമല്ലാത്തതുമായ വളരെ ഉന്നതമായ സ്ഥാനമാണത്. ഭൂമിയിൽ ദൈവിക താത്പര്യത്തിന്റെ പ്രചാരകരും പ്രായോക്താക്കളും ആവുക എന്നതാണ് മനുഷ്യന്റെ ധർമം. എല്ലാ മൂല്യങ്ങളുടെയും സ്രോതസ്സ് ദൈവികമാണ്.സത്യം,നീതി ,സ്നേഹം,കാരുണ്യം,ഗുണകാംഷ, പരക്ഷേമ താല്പരത, പരജീവി സ്നേഹം, ഭൂമിയെ സംരക്ഷിക്കുക, പ്രകൃതിയെ സംരക്ഷിക്കുക തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത അനേകം മൂല്യങ്ങൾ അല്ലാഹുവിന്റെ തന്നെ ഉത്തമമായ നാമവിശേഷണങ്ങളിൽ നിന്ന്(അസ്മാഉൽ ഹുസ്‌നാ) നിഷ്പന്നമായതാണ്.

ഇത്തരം മൂല്യങ്ങളിൽ അടിയുറച്ചു കൊണ്ട് ദൈവിക താത്പര്യങ്ങളുടെ സംരക്ഷകരായി ജീവിതത്തെ അതിന്റെ മുഴുവൻ സാകല്യങ്ങളോടും കൂടി പണിത് എടുക്കുക എന്നതാണ് മനുഷ്യന്റെ ഉത്തരവാദിത്തം അഥവാ മനുഷ്യന്റെ സർഗാത്മകത.

മൂല്യങ്ങളിൽ നിന്ന് പുറം തിരിഞ്ഞും അസത്യത്തിന്റെയും അനീതിയുടെയുംഅക്രമത്തിന്റെയും വഴിയിൽ ജീവിതത്തെ നശിപ്പിച്ചു കളയുന്നത് സംഹാരവും ദൈവിക താൽപര്യത്തിന് എതിരും സർവതല സ്പർശിയായ നാശത്തിന് ഹേതുവും ആണ്. കാര്യങ്ങൾ ഇത്ര ലളിതവും പകൽ വെളിച്ചം പോലെ വ്യക്തവും ആയിട്ടും മനുഷ്യൻ പലപ്പോഴും സത്യത്തിനു പകരം അസത്യത്തെയും നീതിക്കു പകരം അനീതിയെയും അച്ചടക്കത്തിന് പകരം അരാജകത്വത്തെയും നിർമാണത്തിന് പകരം സംഹാരത്തെയും തെരഞ്ഞെടുക്കുന്നത് എന്ത് കൊണ്ട്?
ഇവിടെയാണ് ബുദ്ധിമാന്മാരുടെ ലക്ഷണമായി ഖുർആൻ വിശേഷിപ്പിച്ച ദിക്റ് ,ഫിക്ർ എന്നിവയുടെ സ്ഥാനം മനസ്സിലാക്കപ്പെടേണ്ടത്. (നിശ്ചയം ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിലും രാപ്പകലുകൾ മാറിവരുന്നതിലും ബുദ്ധിമാന്മാർക്ക് ദൃഷ്ടാന്തങ്ങളുണ്ട്, നിന്നും ഇരുന്നും കിടന്നും അല്ലാഹുവിനെ സ്മരിക്കുന്നവരും(ദിക്റ്) ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിനെ സംബന്ധിച്ചു ചിന്തിക്കുന്നവരും(ഫിക്ർ) ആണവർ. ഞങ്ങളുടെ രക്ഷിതാവേ നീ ഇതൊന്നും വെറുതെ സൃഷ്ടിച്ചതല്ല(എന്നായിരിക്കും അവരുടെ ആത്മഗതം),നിന്റെ പരിശുദ്ധിയെ ഞങ്ങൾ വാഴ്ത്തുന്നു, നീ ഞങ്ങളെ നരകത്തിൽ നിന്നും കാത്തു കൊള്ളേണമേ)

ജീവിതോദ്ദേശ്യം തിരിച്ചറിഞ്ഞു സമയം എന്ന മൂലധനം ക്രിയാത്മകമായി ഉപയോഗപ്പെടുത്തി മനുഷ്യനെ അവൻറെ ആത്മസാക്ഷാത്കാരം കൈവരിക്കുന്നതിന് സഹായിക്കുന്ന രണ്ട് സുപ്രധാനമായ ഉപാധികളാണ് ദിക്ർ, ഫി ക് ർ. ദിക്റിനെയും ഫി ക് റി നേയും എത്രത്തോളം പരിപോഷിപ്പിക്കന്നുവോ അത്രത്തോളം നമ്മുടെ പ്രയത്നങ്ങൾ ദൈവികോന്മുഖമാവും. ദിക്റിന്റെ അകമ്പടിയില്ലാത്ത ഫിക്ർ പലപ്പോഴും വിപരീതദിശയിൽ നാശത്തിലേക്കു നയിക്കുകയും ചെയ്യും.

മൂന്ന് കാര്യങ്ങളെക്കുറിച്ച് ചോദിക്കപ്പെട്ടല്ലാതെ യാതൊരു അടിമയുടെയും പാദങ്ങൾ അന്ത്യനാളിൽ മുന്നോട്ടു ചലിക്കുന്നില്ല- ഒന്ന് ,തനിക്ക് നൽകപ്പെട്ട ആയുസ്സ് എങ്ങനെ ചെലവഴിച്ചു? രണ്ട് ,തൻറെ അറിവുകൊണ്ട് എന്ത് പ്രവർത്തിച്ചു ?മൂന്നു ,സമ്പത്ത് എങ്ങനെ സമ്പാദിച്ചു എങ്ങനെ ചെലവഴിച്ചു. ?

ഈ നിലക്ക് ദിക്റിനെയും ഫിക്റിനെയും പരിപോഷിപ്പിക്കുന്ന സ്ട്രേറ്റജി ആവണം നമുക്ക് ഉണ്ടാകേണ്ടത്. നമ്മുടെ അറിവിനെയും(knowledge) കഴിവിനെയും (skill) പുനർ വായിക്കുവാനും നീതിപൂർവം വിനിയോഗിക്കാനും അന്തിമ വിചാരണക്ക്‌ മുൻപ് സ്വയം വിചാരണ (ഇഹ്തിസാബ്) നടത്താനും നമുക്ക് സാധ്യമായാൽ വിജയിക്കുന്നവരുടെ വഴിയിൽ എത്താൻ സാധിക്കും.

വിശുദ്ധരായ വ്യക്തികളും ഐശ്വര്യപൂര്ണമായ കുടുംബങ്ങളും സമാധാനം കളിയാടുന്ന സമൂഹങ്ങളും പരിസ്ഥിതി സൗഹാർദ്ധമുള്ള വികസനവും മൂല്യാധിഷ്ഠിതമായ ടെക്നോളജിയും ശുദ്ധമായ വായുവും വെള്ളവും ചൂഷണ മുക്തമായ ക്രയവിക്രയങ്ങളും ധാർമിക ചേരുവയുള്ള വിദ്യാഭ്യാസവും ആശ്രയമേകുന്ന സാമൂഹ്യ സംവിധാനങ്ങളും സ്ഥാപനങ്ങളും താളം തെറ്റാതെയുള്ള ആവാസ വ്യവസ്ഥകളും ശക്തമായ രാഷ്ട്രവും ലോകസമാധാനവും….സ്വപ്നങ്ങൾ അവസാനിക്കുന്നില്ല…!

ഖുർആൻ ആണ് ഏറ്റവും വലിയ ദിക്ർ അതിനെ നമ്മുടെ ദൈനംദിന ജീവിതത്തിൻറെ ഭാഗമാക്കാനും ഖുർആനിക വെളിച്ചത്തിൽ മെറ്റല്ലാ ജ്ഞാനങ്ങളെയും പുനർ വായിക്കാനും നമുക്ക് കഴിഞ്ഞാൽ ഈ ലോകത്ത് സമാധാനപൂർണമായ പരിഷ്കൃത നാഗരികതയും പരലോകത്ത് മോക്ഷവും സാധ്യമാവും (بلدة طيبة ورب غفور)

ഇത്തരം നിർമ്മാണാത്മകമായ(creative activities) സർഗാത്മക പ്രവർത്തനങ്ങളിൽ നമ്മുടേതായ ത്യാഗങ്ങളും പരിശ്രമങ്ങളും (ജിഹാദ്) അർപ്പിക്കാനും സമ്പത്ത് (ഇൻഫാഖ്) കൊണ്ടും ശരീരം കൊണ്ടും നിലകൊള്ളുമ്പോൾ (ഇസ്തിഖാ മത്ത്)ദൈവിക ദീനിൽ അധിഷ്‌ടിതമായ ഒരു ആവാസ വ്യവസ്ഥയും നവലോകവും സ്ഥാപിതമാവും (ഇഖാമത്തുദ്ധീൻ).

ഈ ദിശയിൽ നാം ചിലവഴിക്കുന്ന ഓരോ നിമിഷവും ഓരോ പ്രയത്നവും നമ്മുടെ ഉദ്ദേശ്യം (നിയ്യത്ത്) ശുദ്ധമാവുകയും ആത്മാർത്ഥ(ഇഖ്ലാസ്) കൈവിടാതിരുക്കുകയും ചെയ്യുന്നിടത്തോളം ദൈവിക മാർഗത്തിൽ എണ്ണപ്പെടുകയും ചെയ്യും.

“നബി (സ) പറഞ്ഞു , മനുഷ്യൻ അവന്റെ സുഹൃത്തിന്റെ മതത്തിലായിരിക്കും”

Related Articles