Current Date

Search
Close this search box.
Search
Close this search box.

സ്വാതന്ത്ര്യ സമരവും കമ്യൂണിസ്റ്റുകാരും

സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാതിരിക്കുക മാത്രമല്ല ഭിന്നിപ്പിച്ചു ഭരിക്കാൻ ബ്രിട്ടന് മണ്ണൊരുക്കുകയും തങ്ങളുടെ സ്വാർത്ഥ മോഹങ്ങൾക്കു വേണ്ടി സാമ്രാജ്യത്വ പാദസേവ ചെയ്യുകയും ചെയ്ത ചരിത്രമാണല്ലോ സംഘ് പരിവാറിൻ്റേത്. തീർന്നില്ല, മൂല്യനിഷ്ഠമായ ഹിന്ദു മതത്തിനു സമാന്തരമായി ആക്രമണോത്സുക “ഹിന്ദുത്വ” എന്ന ഫാഷിസം ആവിഷ്കരിച്ച താത്വികാചാര്യൻ പോലും പലവട്ടം ബ്രിട്ടനോട് മാപ്പ് യാചിച്ച അപഹാസ്യതയും ഇവർക്കു സ്വന്തം !

ഈ ജാള്യം മറക്കാൻ വേണ്ടിയാണ് ഫാഷിസ്റ്റുകൾ ഇടയ്ക്കിടെ സ്വാതന്ത്ര്യ സമരത്തിൻ്റെ പേരുപറഞ്ഞ് കമ്യൂണിസ്റ്റുകാരെ പ്രതിക്കൂട്ടി ലാക്കാൻ ശ്രമിക്കുന്നത്.

ഇന്ത്യയിൽ കമ്യൂണിസ്റ്റു പാർട്ടി ഉദയം കൊള്ളുന്നതു തന്നെ ദേശീയ പ്രസ്ഥാനത്തിൻ്റെ ഭാഗമായിട്ടായിരുന്നു..!

ബ്രിട്ടീഷ് അടിമ രാജ്യത്ത് അന്തസ്സുള്ളവർക്ക് ജീവിക്കാൻ വയ്യ എന്ന ദാർശനിക വിശകലനത്തിൽ നിന്ന് പിറവിയെടുത്ത “മുഹാജിറു”കൾ അഥവാ “തിന്മയിൽ നിന്ന് നന്മയിലേക്ക് പലായനം ചെയ്യുന്നവർ” എന്ന കാതലുള്ള ചിന്തയിൽ, രാഷ്ട്രത്തിനു പുറത്തു പോയി ബ്രിട്ടനെതിരെ യുദ്ധം ചെയ്യാൻ സാധ്യതകൾ ആരാഞ്ഞ ഒരു സംഘത്തിൽ നിന്നാണ് ഇന്ത്യൻ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിൻ്റെ പിറവി!

ഈദൃശ വിപ്ലവ ചിന്തയുമായി 18,000 ഇന്ത്യക്കാർ അഫ്ഗാനിസ്ഥാനിൽ എത്തിയതായാണ് രേഖ. അതു കൊണ്ടു തന്നെ ഈ “പുറപ്പാട് ” “മുഹാജിർ മൂവ് മെൻറ് ” എന്ന പ്രസ്ഥാനമായി മാറി. ഇങ്ങനെ പോയവരിൽ ചിലർ അഫ്ഗാനിൽ നിന്ന് ഹിന്ദുക്കുഷ് പർവ്വതം മുറിച്ചുകടന്ന് സോവ്യറ്റ് യൂണിയനിലെത്തുന്നു. എം.എൻ റോയി റഷ്യയിലുണ്ടായ കാലമായിരുന്നു അത്. അവരൊക്കെച്ചേർന്ന് താഷ്കൻ്റിൽ 1920 ഒക്ടോബർ 17 ന് സമ്മേളിച്ച് ഇന്ത്യൻ കമ്യൂണിസ്റ്റു പാർട്ടി രൂപവത്കരിക്കുകയും പ്രഥമ പാർട്ടി സെക്രട്ടറിയായി മുഹമ്മദ് ഷഫീഖിനെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു.

“ഇന്ത്യൻ വിപ്ലവ പ്രസ്ഥാനം വിവിധ കൈവഴികൾ” എന്ന സി. ഭാസ്കരൻ്റെ കൊച്ചു പുസ്തകത്തിൽ മുതൽ ബൃഹത്തായ “ഇന്ത്യൻ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിൻ്റെ ആദ്യ സഞ്ചിക” യിൽ വരെ ഈ ചരിത്ര വസ്തുതകൾ രേഖപ്പെട്ടു കിടപ്പുണ്ട്.

( ഖിലാഫത്ത്, ജിഹാദ്, ഹിജ്റ, മുഹാജിർ പോലുള്ള തൊട്ടാൽ പൊള്ളുന്ന പദങ്ങളൊന്നും ഒരു സുപ്രഭാതത്തിൽ പൊട്ടി മുളച്ചതല്ല. ഇന്ത്യൻ സാഹചര്യത്തിൽ ശാഹ് വലിയുല്ലാഹിദ്ദഹ് ലവിയുടെ ചിന്തകൾ, സയ്യിദ് അഹ്മദ് ശഹീദ്, ശാഹ് ഇസ്മാഈൽ ശഹീദ്, ശൈഖ് മഹ്മൂദുൽ ഹസൻ, ഉബൈദുല്ല സിന്ധി… എന്നിങ്ങനെ പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ പ്രഭാതം വരെ ഈ മഹത്തായ വിപ്ലവ ചിഹ്നങ്ങൾക്ക് വേരുകളുണ്ട്…)

പെഷവാർ ഗൂഢാലോചന, മീററ്റ് ഗൂഢാലോ ചന, കോൺപൂർ ഗൂഢാലോചന പോലുള്ള വയെല്ലാം സ്വാതന്ത്ര്യ സമര സേനാനികളായ കമ്യൂണിസ്റ്റുകാരെയും കമ്യൂണിസത്തെയും തകർക്കാൻ വേണ്ടി ബ്രിട്ടീഷ് സാമ്രാജ്യത്വം പടച്ചുണ്ടാക്കിയ കേസുകളാണ്.

920 കളിൽ തന്നെ കൽക്കത്ത, ബോംബെ, ലാഹോർ, മദിരാശി തുടങ്ങിയ അവിഭക്ത ഇന്ത്യയുടെ സുപ്രധാന നഗരങ്ങളിലെല്ലാം ആധുനിക തൊഴിലാളി വർഗം പ്രത്യക്ഷപ്പെട്ടിരുന്നു. അവർ സമരം ചെയ്തത് വെറും സാമ്പത്തിക മോചനത്തിനു വേണ്ടി മാത്രമല്ല. സാമ്രാജ്യത്വ രാഷ്ട്രീയത്തിൽ നിന്നുള്ള മോചനത്തിനു വേണ്ടി കൂടിയായിരുന്നു. മുസഫർ അഹ്മദ്, എസ്.എ ടാങ്കെ പോലുള്ള അന്നത്തെ ട്രേഡ് യൂണിയൻ നേതാക്കളത്രയും കറകളഞ്ഞ ദേശീയ വാദികളായിരുന്നു.

ധീര ദേശാഭിമാനി ഭഗത് സിംഗ് സ്വാതന്ത്ര്യ സമരത്തിനുള്ള ഊർജ്ജം നേടുന്നത് കമ്യൂണിസത്തിൻ്റെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിൽ നിന്നായിരുന്നുവെന്ന് അദ്ദേഹത്തിൻ്റെ ചിന്തകൾ അടുത്തറിയാൻ ശ്രമിച്ചാൽ ബോധ്യപ്പെടും.

ഏ.കെ.ജി “എൻ്റെ ജീവിതകഥ” യിൽ സ്വന്തം യൗവ്വനം മുഴുവൻ താൻ ചെലവഴിച്ചത് രാഷ്ട്രത്തിന് സ്വാതന്ത്ര്യം നേടാൻ വേണ്ടിയായിരുന്നു എന്ന് എഴുതിയിട്ടുണ്ട്. ഒന്നാം സ്വാതന്ത്ര്യ ദിനം കണ്ണൂർ സെൻട്രൽ ജയിലിൽ ആഘോഷിച്ച കാര്യം ഹൃദയസ്പൃക്കായ ഭാഷയിൽ ഏ.കെ.ജി വിവരിക്കുന്നുമുണ്ട്.

ഇനി സ: ഇ.എം. എ സിനെ ഉദ്ധരിക്കാം:

“ബംഗാളിലെ തേഭാഗാ സമരം, ബോംബെയി ലെ നാവിക പണിമുടക്ക്, ഹൈദരാബാദിലെ തെലങ്കാനസമരം, തിരുവിതാംകൂറിലെ പുന്നപ്ര വയലാർ സമരം ഇവയെല്ലാം ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യ സമരത്തോടൊപ്പം നാടുവാഴി മേധാവിത്വത്തിനെതിരായ സമരം കൂടിയായിരുന്നു ” (ഐ.വി ദാസ് എഡിറ്റു ചെയ്ത ഇ.എം.എസ് എന്ന ഗ്രന്ഥത്തിലെ കെ.പി വിജയൻ / ഇ.എം.എസ് അഭിമുഖം)

സംഘ് ഫാഷിസ്റ്റുകൾ “നിഷ്പക്ഷമതി”കളായ ചിലരെ തെറ്റുധരിപ്പിക്കുന്നത് ക്വിറ്റ് ഇന്ത്യ പറഞ്ഞു കൊണ്ടാണ്. അതാവട്ടെ ചരിത്ര പശ്ചാത്തലം മനസ്സിലാക്കാതെയുള്ള ഒരു കാടടക്കി വെടി വെക്കൽ മാത്രമാണ്. സാർവ്വദേശീയ വീക്ഷണമുള്ള ഒരു ആദർശ, തൊഴിലാളി വർഗ പ്രസ്ഥാനം എന്ന നിലയിൽ കമ്യൂണിസത്തിന് ചിലപ്പോൾ ദേശീയരംഗം മാത്രം വിലയിരുത്തി നയരൂപീകരണം സാധ്യമല്ല ( എല്ലാ ആദർശ പ്രസ്ഥാനങ്ങൾക്കും ഇതേ പരിമിതി ഉണ്ട് )

ജർമ്മനി സോവ്യറ്റ് യൂണിയനെ അക്രമിക്കുന്നതോടുകൂടി ലോകത്ത് ഹിറ്റ്ലർ -മുസോളിനി – ട്രോജോ – ഫാഷിസ്റ്റുകൂട്ടുകെട്ട് എന്ന വൻ ദുരന്തം രൂപപ്പെട്ടു കഴിഞ്ഞിരുന്നു. അതിനെ പ്രതിരോധിച്ചില്ലെങ്കിൽ ഫാഷിസം ലോക മേധാവിത്തം നേടും. ഹിറ്റ്ലർക്കെതിരെയുള്ള യുദ്ധത്തിൽ ജയിക്കണം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽ നിന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യവും പിടിച്ചുപറ്റണം. ഈ കടമകൾ എങ്ങനെ നിറവേറ്റും എന്ന കാര്യത്തിൽ പാർട്ടി ഏറെ പ്രയാസപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ സന്തുലിതമായ ദ്വിമുഖ നയം രൂപപ്പെടുത്തുകയായിരുന്നു പാർട്ടി ചെയ്തത് (തെലങ്കാനസമരം. പി. സുന്ദരയ്യ. പുറം: 34)

ഒതുക്കിപ്പറഞ്ഞാൽ സ്വാതന്ത്ര്യ സമരത്തിലും ഒപ്പം ഫാഷിസത്തിനും ആഗോള സാമ്രാജ്യത്വങ്ങൾക്കും എതിരേയുള്ള ഇന്ത്യൻ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിൻ്റെ അനിഷേധ്യ പങ്ക് കുറച്ചു കാണാൻ ചരിത്രബോധമുള്ള ആർക്കും സാധ്യമല്ല.

Related Articles