Your Voice

സ്വാതന്ത്ര്യ വാഞ്ചയെ കൂച്ചു വിലങ്ങിടാന്‍ സാധ്യമല്ല

ഒടിക്കാന്‍ കഴിഞ്ഞേക്കും വളക്കാന്‍ സാധ്യമല്ല എന്ന മീഡിയവണ്‍ ശില്‍‌പികളുടെ നിശ്ചയദാര്‍‌ഡ്യമുള്ള വാക്കുകള്‍ പ്രസക്തമാകുന്ന നാള്‍ വഴികളിലൂടെയാണ്‌ രാജ്യം സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.

മുഖം വികൃതമായതിന്‌ കണ്ണാടി തല്ലിയുടക്കാന്‍ ശ്രമിക്കുകയാണ്‌ ഫാഷിസ്റ്റ്‌ ഭരണ കൂടം.മീഡിയവണ്‍ ഏഷ്യാനെറ്റ്‌ ചാനലുകളെ 48 മണിക്കൂര്‍ നിശബ്‌‌ദമാക്കാന്‍ കേന്ദ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിരത്തുന്ന ന്യായീകരണങ്ങള്‍ അതി വിചിത്രവും യാഥാര്‍‌ഥ്യങ്ങള്‍‌ക്ക്‌ നിരക്കാത്തതുമാണ്‌.ഏതായാലും വിലക്കുകള്‍ നീക്കി പ്രക്ഷേപണം പുനരാരം‌ഭിച്ചതായ വാര്‍‌ത്തകള്‍ പുറത്ത്‌ വന്നിരിക്കുന്നു. ‘വേഗത വ്യക്തത വിശ്വാസ്യത എന്നും വാര്‍‌ത്തയോടൊപ്പം’ എന്ന പ്രതിജ്ഞയുമായി ജനാധിപത്യ സം‌വിധാനത്തിന്‌ കരുത്ത്‌ പകരാന്‍ മീഡിയാവണ്‍ വീണ്ടും സമര ഭൂമികയില്‍ പ്രസാരണ സജ്ജമായിരിക്കുന്നു.

ലോകത്തിലെ തന്നെ ഏറ്റവും കുപ്രസിദ്ധ ഭീകര പ്രസ്ഥാനമായ അര്‍.എസ്‌.എസ്സിനെ ആദരിച്ചും ആശീര്‍‌വദിച്ചും കൊണ്ടല്ലാതെ വര്‍‌ത്തമാന ഭരണകാലത്ത്‌ മാധ്യമ പ്രവര്‍‌ത്തനം സാധ്യമല്ല എന്നായിരിക്കണം ഫാഷിസ്റ്റുകളുടെ സങ്കല്‍‌പം.

Also read: വേരുറയ്ക്കുന്ന വ്യക്തിത്വം

രാജ്യത്ത്‌ അടിയന്തിരാവസ്ഥക്ക്‌ സമാനമായ അവസ്ഥ എന്നു വിശേഷിപ്പിച്ചാല്‍ മതിയാകുകയില്ല.അതുക്കും മീതെയുള്ള അവസ്ഥ എന്ന്‌ പറയേണ്ടിവരും.ഒരു സമുദായത്തെ തുടച്ചു നീക്കാന്‍ പരസ്യമായി അക്രോശിച്ച ജനപ്രതിനിധിയുടെ ആഹ്വാനാനന്തരം ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെ ഡല്‍‌ഹിയില്‍ അരങ്ങേറിയ അതി പ്രാകൃതമായ സകല പേകൂത്തുകളും പ്രക്ഷേപണം ചെയ്‌തു.വം‌ശീയ ഉന്മൂലനം ലക്ഷ്യമാക്കി സ്വയം സേവക പട്ടം കെട്ടിയവരുടെ പൈശാചികതയും എഡിറ്റ്‌ ചെയ്യാതെ അവതരിപ്പിച്ചു. ഉത്തരവാദപ്പെട്ട നിയമ പാലകരും നിയമം കയ്യിലെടുത്തവരും സം‌യുക്തമായി നടപ്പിലാക്കിയ തെരുവ് നാടകങ്ങളും പ്രേക്ഷകരില്‍ എത്തിച്ചു. ഇതിലെല്ലാം ഫാഷിസ്റ്റ്‌ ഭരണകൂടം അതൃപ്‌തരാണ്‌.ആയുധമണിഞ്ഞ സ്വയം സേവകരെകുറിച്ചുള്ള ഭീകരതയെ നിര്‍‌ഭയം ചിത്രീകരിച്ചതിലും ഈ കപട ദേശ ഭക്തര്‍ അതീവ രോഷാകുലരാണ്‌.ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ വം‌ശഹത്യകള്‍, പുതിയ സാധ്യതകളുണ്ടാക്കി രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേയ്‌ക്കും വ്യാപിപ്പിക്കാനുള്ള സം‌ഘ്‌പരിവാര്‍ ഗൂഢതന്ത്രങ്ങള്‍ പുറത്തു കൊണ്ടു വന്നതും ഈ കുബുദ്ധികളുടെ കോപാകുലതയ്‌ക്ക്‌ കാരണമായിട്ടുണ്ടാകാം.തങ്ങളുടെ വിഭാവനയിലെ അധികാര രാഷ്‌ട്രീയത്തിന്റെ പരിപാലനത്തിനായി ഏതറ്റം വരെയും പോകും എന്നാണ്‌ മീഡിയാ കൂച്ചു വിലങ്ങിലൂടെ ഫാഷിസ്റ്റ്‌ ഭരണകൂടം നല്‍‌കുന്ന സൂചന.

കലാപങ്ങളും വം‌ശീയ ഉന്മൂലനം ലക്ഷ്യമാക്കിയുള്ള ലഹളകളും രാജ്യത്ത്‌ പുതിയതും പുതുമയുള്ളതും അല്ല.എന്നിരുന്നാലും ഒരു ഭരണകൂടം ഉണ്ടെന്ന പ്രതീതിയെങ്കിലും ഇരകള്‍‌ക്കുണ്ടായിരുന്നു.ഇപ്പോള്‍ ഭരണകൂട സം‌വിധാനങ്ങള്‍ മുഴുവന്‍ തങ്ങളോടൊപ്പമാണെന്ന ഹുങ്കില്‍ വേട്ടക്കാരുടെ വീറും വാശിയും വര്‍‌ദ്ധിതമായ രീതിയില്‍ തിളച്ചു മറിയുന്ന കാഴ്‌ചയാണ്‌ കാണുന്നതും കേള്‍‌ക്കുന്നതും.ലോക സഭയില്‍ വിഷയം ചര്‍‌ച്ചചെയ്യാന്‍ പോലും വിസമ്മതിക്കും വിധം ദാര്‍‌ഷ്‌ട്യത്തോടെയാണ്‌ വം‌ശവെറിയന്മാര്‍ പ്രവര്‍‌ത്തിച്ചു കൊണ്ടിരിക്കുന്നത്.രാജ്യത്തെ ഭരണ സം‌വിധാനം വര്‍‌ഗീയവും സാമുദായികവുമായി മാറിയെന്ന്‌ ലോകം ആശങ്കപ്പെടും വിധം രാജ്യത്തെ അവസ്ഥ ഭീബത്സമായിരിക്കുന്നു.

ഒരു സമുദായത്തെ തെരഞ്ഞ്‌ പിടിച്ച്‌ അക്രമിക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്‌ത രാഷ്‌ട്രീയ നേതാവിന്‌ ഉയര്‍‌ന്ന വിതാനത്തിലുള്ള സുരക്ഷാ സം‌വിധാനവും,ഇതിലെ വൈരുധ്യം ചോദ്യം ചെയ്‌ത്‌ വാട്ട്‌സാപ്പ്‌ സന്ദേശം അയക്കുന്നവര്‍‌ക്ക്‌ കടുത്ത ശിക്ഷയും വിധിക്കുന്ന നിലപാടിനെ എങ്ങനെ വിശേഷിപ്പിക്കണം എന്നറിയില്ല.അക്രമത്തിന്നിരയായവര്‍ ആശ്രയം തേടി ചെന്നാല്‍ കരിനിയമങ്ങള്‍ ചാര്‍‌ത്തി തുറുങ്കിലടക്കുന്നു.നിയമം കയ്യിലെടുക്കുന്നവരും നിയമപാലകരാണെന്നു പറയപ്പെടുന്നവരും സം‌ഘടിച്ചും സം‌ഘടിപ്പിച്ചും മുന്നേറുന്ന കാഴ്‌ച ലോക മീഡിയികള്‍ പോലും ഇമവെട്ടാതെ ലോക പ്രേക്ഷക ശ്രദ്ദയില്‍ കൊണ്ട്‌ വന്നിട്ടുണ്ട്‌.ലോക മീഡിയകളുടെ പരിഗണനക്ക്‌ പ്രേരകമായത്‌ രാജ്യത്തെ നിലയ്‌ക്കാത്ത സമരാവേശമാണ്‌.അതിന്റെ കനലടങ്ങാതെ നിലനിര്‍‌ത്താന്‍ കാരണമായതിനു പിന്നില്‍ രാപകലില്ലാതെ പ്രവര്‍‌ത്തിച്ചത്` സ്വതന്ത്ര മീഡിയകളുമാണ്‌ വിശിഷ്യാ മീഡിയികളില്‍ ഒന്നാമനായ മീഡിയാവണ്‍.

Also read: ഇവയൊന്നും എന്ത് കൊണ്ട് നമ്മെ ആശങ്കപ്പെടുത്തുന്നില്ല

അഭ്യന്തര കാര്യം എന്നു പറഞ്ഞ്‌ രാജ്യത്തെ ന്യൂനപക്ഷ സമൂഹത്തോട്‌ എന്തുമാകാം എന്ന ദിവാസ്വപ്‌നങ്ങള്‍‌ക്ക്‌ മങ്ങലേറ്റ്‌ തുടങ്ങിയിരിക്കുന്നു. ലോക രാഷ്‌ട്രങ്ങള്‍ ശക്തമായ രീതിയില്‍ പ്രതികരിച്ചു തുടങ്ങിയിട്ടുമുണ്ട്‌. പാശ്ചാത്യ പൗരസ്ത്യ രാജ്യങ്ങളിലെ ഭരണ നിയമ സഭകളും പ്രമേയങ്ങള്‍ പാസ്സാക്കിക്കൊണ്ടിരിക്കുന്നു.ചരിത്രത്തില്‍ ആദ്യമായി ഐക്യരാഷ്‌ട്ര സഭപോലും നില തെറ്റിയ ഇന്ത്യന്‍ നിലപാടിനെതിരില്‍ ശക്തമായി രം‌ഗത്ത്‌ വന്നതും ചരിത്രമാകുകയാണ്‌.ഭരണകൂടത്തിന്റെ നിദ്രാവിഹീന രാവുകള്‍‌ക്ക്‌ കാരണക്കാരായവരോടുള്ള പ്രതികാര നടപടിയായിരിക്കണം മീഡിയകള്‍‌ക്കെതിരെയുള്ള ഈ കൂച്ച്‌ വിലങ്ങ്‌.

അധികാരികള്‍ എത്ര പൊത്തിപ്പിടിച്ചാലും തെരുവിലെ ശബ്‌ദങ്ങള്‍ കേള്‍‌പ്പിച്ചു കൊണ്ടിരിക്കും.രാജ്യത്തിന്റെ ജനാധിപത്യ സം‌വിധാനത്തിലെ ഏറ്റവും ഒടുവിലത്തെ പ്രതീക്ഷയും കെട്ടടങ്ങാന്‍ രാജ്യത്തെ ബഹുഭൂരിപക്ഷം നന്മേഛുക്കളും ലോകവും സമ്മതിക്കുകയില്ല. അന്ധകാരാവൃതമായ ലോകത്തെ എങ്ങിനെയൊക്കെ പുണര്‍‌ന്നുറങ്ങിയാലും പ്രഭാതം പുലരാതിരിക്കുകയില്ല.

Facebook Comments
Related Articles
Show More

അസീസ് മഞ്ഞിയില്‍

തൃശൂര്‍ ജില്ലയിലെ മുല്ലശ്ശേരി, രായംമരയ്ക്കാര്‍ വീട്ടില്‍ മഞ്ഞിയില്‍ ഖാദര്‍, ഐഷ ദമ്പതികളുടെ പത്ത് മക്കളില്‍ ആറാമത്തവനായി 1959 ലാണ് ജനനം. ബ്ലോഗുകളില്‍ സജീവമായ മഞ്ഞിയിലിന്റെ മാണിക്യച്ചെപ്പ് എന്ന കവിതാ സമാഹാരം 1992-ല്‍ പ്രതീക്ഷ തൃശ്ശൂര്‍ പുറത്തിറക്കിയിട്ടുണ്ട്. പ്രവാസി നാടകക്കാരന്‍ അഡ്വ:ഖാലിദ് അറയ്ക്കല്‍ എഴുതി അവതരിപ്പിച്ച നാടകങ്ങള്‍ക്ക് വേണ്ടി ഗാനരചന നിര്‍വഹിച്ച ഇദ്ദേഹം എ.വി എം ഉണ്ണിയുടെ ഉമറുബ്‌നു അബ്ദുള്‍ അസീസ് എന്ന ചരിത്രാഖ്യായികയ്ക്ക് വേണ്ടിയും ഗാനങ്ങളെഴുതിയിട്ടുണ്ട്.എണ്‍പതുകളില്‍ ബോംബെയില്‍ നിന്നിറങ്ങിയിരുന്ന ഗള്‍ഫ് മലയാളിയില്‍ നിന്നു തുടങ്ങി നിരവധി ഓണ്‍ലൈന്‍ മാഗസിനുകളിലും ആനുകാലികങ്ങളിലും എഴുതുന്നുണ്ട്. തനിമ കലാസാഹിത്യവേദി ഖത്തര്‍ ഘടകം മുന്‍ ഡയറക്ടര്‍ കൂടിയാണ് മഞ്ഞിയില്‍.സുബൈറയാണ് ഭാര്യ. അകാലത്തില്‍ പൊലിഞ്ഞുപോയ ബാലപ്രതിഭ അബ്‌സ്വാര്‍, അന്‍സാര്‍, ഹിബ, ഹമദ്, അമീന എന്നിവരാണ് മക്കള്‍.
Close
Close