Current Date

Search
Close this search box.
Search
Close this search box.

ചാതുർവർണ്യത്തിൻ്റെ കാല് കഴുകൽ

“നമ്മുടെ മനുവിനെ വെച്ചു നോക്കിയാൽ ഹിറ്റ്ലർ പാവമാണ്!” എന്ന് സഹോദരൻ അയ്യപ്പനെക്കൊണ്ട് പറയിപ്പിക്കുംവിധം അതീവ ഭീകരവും ഗുരുതരവുമായിരുന്നു ഒരു കാലത്ത് കേരളത്തിൽ നിലനിന്നിരുന്ന ജാതി വ്യവസ്ഥ! ഒട്ടനവധി ഗ്രന്ഥങ്ങൾ ഇവ്വിഷയകമായി രചിക്കപ്പെട്ടിട്ടുണ്ട്.

“കമ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിൽ” എന്ന സി.ഭാസ്കരൻ്റെ കൃതിയിൽ ചതുർവർണ്യത്തെ പരാമർശിക്കുന്ന ഭാഗം ശ്രദ്ധിക്കുക:
“അന്ന് സവർണർക്ക് പിന്നോക്ക ജാതിക്കാരെയും പുലയർ, പറയർ, കുറവർ തുടങ്ങിയ തീണ്ടൽ ജാതിക്കാരെയും കാണുന്നത് പോലും പാപം! അയിത്ത ജാതിക്കാർക്ക് പൊതുവഴികളിൽ നടന്നു കൂട. ക്ഷേത്ര പരിസരങ്ങളിൽ പ്രവേശിച്ചു കൂട. മുട്ടുമറയെ മുണ്ടുടുത്തു കൂട. പുതിയ വസ്ത്രങ്ങൾ ധരിച്ചു കൂട. സ്ത്രീകൾക്ക് മാറ് മറച്ചു കൂട. ആഭരണങ്ങൾ ധരിച്ചു കൂട.
ഈ ജാതി വ്യവസ്ഥക്കെതിരെ ആഞ്ഞടിച്ചത് നവോത്ഥാന പ്രസ്ഥാനത്തിൻ്റെ ഭാഗമായി ഉയർന്നു വന്ന സാമൂഹിക പരിഷ്കരണ പ്രസ്ഥാനം. ശ്രീ നാരായണ ഗുരു, ചട്ടമ്പിസ്വാമികൾ, വാഗ്ഭടാനന്ദ ഗുരു, അയ്യങ്കാളി, പൊയ്കയിൽ യോഹന്നാൻ, വക്കം മൗലവി, ബ്രഹ്മാനന്ദ ശിവയോഗി തുടങ്ങിയവരായിരുന്നു ” ( പുറം: 17 )

“കറുത്ത കേരളം” എന്ന കൃതിയിൽ ദലിത് ബന്ധു എഴുതിയത് കാണുക:
“കേരളത്തിൽ വർണവിവേചനവും ജാതി വ്യവസ്ഥയും ബ്രാഹ്മണരുടെ ആഗമനഫലമായി നടപ്പിലായി.അയിത്തവും ഉച്ചനീചത്വവും ആരംഭിച്ചു. ക്ഷേത്ര ദർശന നിരോധനവും അടിമത്തവും സ്ഥാപിതമായി. തൊഴിലിൻ്റെ മാഹാത്മ്യം നഷ്ടപ്പെട്ടു. കർഷകർ കർഷക തൊഴിലാളികളായി. ചേറിൽ പണിയെടുക്കുന്നവർ നീചരായി” (പേജ്: 124)

സവർണ ബ്രാഹ്മണ മേധാവികൾ സ്വയം എഴുതി വെക്കുകയും പാവപ്പെട്ട മനുഷ്യരുടെ മേൽ നടപ്പാക്കുകയും ചെയ്ത ഇത്തരം ഭീകര മനുഷ്യ വിരുദ്ധ ചെയ്തികൾ കേരളം എന്നോ അവസാനിപ്പിച്ചതായിരുന്നു.

എന്നാൽ ഉത്തരേന്ത്യ പോല കേരളത്തിൽ “പ്രത്യക്ഷ ജാതി ” ഇല്ലായെന്നത് ശരിയാണെങ്കിലും “പരോക്ഷ ജാതി” ഉണ്ടെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. അതിൻ്റെ ഭാഗമാണ് ഇ.ശ്രീധരനെപ്പോലുള്ള ജാതി വെറിയരുടെ സംഘ് പ്രവേശനം.

ബ്രാഹ്മണർ ഒഴികെ നായർ, ഈഴവർ ഉൾപ്പെടെ മുഴുവൻ മനുഷ്യരെയും പ്രതികൂലമായി ബാധിക്കുന്ന ജാതി ഭീകരതയെ തിരിച്ചു കൊണ്ടുവരാനുള്ള സംഘ് പരിവാർ ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിച്ചേ തീരൂ!

അല്ലെങ്കിൽ ആശാൻ വിലയിരുത്തിയതുപോലെ
തൊട്ടുകൂടാത്തവർ / തീണ്ടിക്കൂടാത്തവർ / ദൃഷ്ടിയിൽ പെട്ടാലും / ദോഷമുള്ളോർ / കെട്ടില്ലാത്തോർ / തമ്മിലുണ്ണാത്തോർ/ എന്നിങ്ങനെയുള്ള കൊടുംഭീകര ഇരുണ്ട കാലത്തേക്ക് നമുക്ക് തിരിച്ചു പോകേണ്ടി വരും!!

Related Articles