Current Date

Search
Close this search box.
Search
Close this search box.

ഖത്വർ ലോകകപ്പ് പറയാതെ പറയുന്നത്

ഉദ്ഘാടനം മുതൽ അന്ത്യ നിമിഷം വരെ കുറിപ്പുകാരന് പ്രത്യേക തരം തരിപ്പ് നല്കിയാണ് ഫിഫ ലോകകപ്പ് ഫുട്ബോൾ ആവേശം ഖത്വറിൽ കെട്ടടങ്ങിയത്. പാർശ്വവത്കൃത സമൂഹങ്ങളുടെ ഉയിർത്തെഴുന്നേൽപ് പ്രത്യക്ഷീകരിക്കുന്നതായിരുന്നു ഉദ്ഘാടനം മുതൽ അവസാന കപ്പ് വിതരണം വരെയുള്ള ഓരോ നിമിഷവും .പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗത്തിൽ പെട്ട “പ്രചോദിപ്പിക്കുന്ന യുവാവ്” ഗാനിം മുഫ്താഹ് ഓതിയ ഖുർആൻ സൂക്തം മുതൽ ലോകം മുഴുവൻ ഒപ്പിയെടുത്ത ഓരോ രംഗവും ചരിത്രം കുറിച്ചു. ഉദ്ഘാടകനായ മോർഗൻ ഫ്രീമാൻ എന്ന കറുത്ത വർഗത്തിന്റെ പ്രതിനിധിയായ പ്രസിദ്ധ ഹോളിവുഡ് താരവും ലോകത്തെ മുഴുവൻ ഞെട്ടിക്കുന്ന ചില സത്യങ്ങൾ പരസ്യമായി വിളിച്ചു പറഞ്ഞു: ഖത്തറിലെ അറബ് സംസ്കാരം തന്നെ ഇസ്‌ലാമിനെ കൂടുതൽ സ്നേഹിക്കാൻ പ്രേരിപ്പിക്കുന്നുവെന്നും അവിടെയുള്ള മുസ്‌ലിംകൾക്കിടയിലെ സ്നേഹവും ബഹുമാനവും മാനുഷിക വിലമതിപ്പും തന്റെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഇടയിൽ പ്രചരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദോഹ ദൈവം തനിക്ക് ശരിയായ പാതയുടെ ഒരു ദർശനം നൽകിയതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചരിത്രത്തിലെ ഏറ്റവും മനോഹരമായി ലോകത്തെ അവതരിപ്പിച്ചിട്ടുണ്ട് ലോകകപ്പെന്നും അദ്ദേഹം ഉണർത്തി.ലോകകപ്പ് ഇസ്ലാമിനെ കുറിച്ചും മുസ്ലിം സമൂഹത്തെ കുറിച്ചും പലതും പ്രഘോഷിക്കുന്നുണ്ട്. ഇസ്ലാമിനെയും പ്രവാചകനെയും ഇസ്ലാമിക ചിഹ്നങ്ങളെയും അടുത്തറിയാൻ സഹായിക്കുന്ന പല കാര്യങ്ങളും വിദേശികൾക്ക് ബോധ്യപ്പെട്ടു. അവസാന ദിവസം ഓരോ സ്വദേശിയും വിളിച്ചു പറയുന്നുണ്ടായിരുന്നു : സിംഹാസനത്തിനുടയവനാണ് സർവ്വ സ്തുതിയും…

ഖത്വറിൽ ലോകകപ്പ് 2022 ആരംഭിച്ചത് മുതൽ അവസാന ദിവസം വരെ രസകരവും ആസ്വാദ്യകരവുമായ അവസ്ഥയാണ് തങ്ങൾ കണ്ടെതെന്ന് ഖത്വറിലെത്തിയ ഓരോ ഫുട്ബോൾ സ്നേഹിയും വ്യക്തമാക്കി എന്നാണ് ആഗോള തലത്തിലുള്ള വിലയിരുത്തൽ. ഇത്തരം വെളിപ്പെടുത്തലുകളുടെ ഉറവിടം ഫിഫ ഇതുവരെ കാണാത്ത ശ്രദ്ധേയമായ ഓർഗനൈസേഷനോ അതിശയിപ്പിക്കുന്ന ഫലങ്ങളോ മാത്രമല്ല. എല്ലാ ടൂർണമെന്റ് റൗണ്ടുകളിലും -ഗ്രൂപ്പുകളായാലും, ക്വാർട്ടർ / സെമി / ഫൈനൽ ആയാലും അത് ഫുട്ബോൾ കമന്റേറ്റർ ഉസ്വാം ശവ്വാലിയുടെ ഭാഷയിൽ “റൗണ്ട് മന്ത്രവാദ” ലോകത്ത് സ്ഥിരവും ദൃഢവുമായ പലതിനെയും മാറ്റിമറിച്ചു .

ഓരോ രാജ്യങ്ങളുടെയും ഫാനുകളുമായി ഇടപഴകുന്നതിൽ ഖത്വരികൾ പുലർത്തുന്ന സുതാര്യതയും വിശ്വാസ്യതയും വിരുന്നുകാരുടെ വിഷയത്തിൽ അറബ്- മുസ്ലിം ലോകം കാണിക്കുന്ന കരുതലും വിദേശികളായ സന്ദർകരോടുള്ള ഖത്വരികളുടെ ഔദാര്യവും ആതിഥ്യവും നാം ദോഹയിൽ കണ്ടതാണ്.

4 വർഷത്തിലൊരിക്കൽ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആഗോള കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ ദൂരെ ദിക്കുകളിൽ നിന്നെത്തിയ ആരാധകരുടെ കൊടികളുടെ നിറങ്ങളും കൊണ്ട് വരച്ച ഒരു മിനിയേച്ചർ പെയിന്റിംഗ് ഏതോ പത്രത്തിൽ കണ്ടിരുന്നു. ഒരു ക്രൊയേഷ്യൻ ആരാധകൻ തന്റെ രാജ്യത്തിന്റെ പതാകയുടെ നിറത്തിൽ ഗൾഫ് വേഷമായ തോബും ഗത്റയും ഇഖാലുമെല്ലാം ധരിച്ച് പോവുന്ന ചിത്രവും വാർത്തയും തുടക്കത്തിൽ വൈറലായിരുന്നു.

ഒരു വശത്ത് ഖത്വർ പൗരന്മാരും മറുവശത്ത് പല രാജ്യങ്ങളിൽ നിന്നുള്ള ഫാൻസും തമ്മിലുള്ള സഹകരണത്തിന്റെ ചിത്രങ്ങൾക്കു ദോഹയിലെ മെട്രോ സ്റ്റേഷനുകളും സ്റ്റേഡിയങ്ങളും സാക്ഷികളായി. ചെറിയ മക്കളെ കണ്ട് പിടിക്കാനും വഴി തെറ്റി വന്ന ആരാധകരെ വഴി കാണിച്ച് കൊടുക്കാനും തയ്യാറായി നിൽക്കുന്ന വളണ്ടിയർമാർ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. മാതൃസ്നേഹത്തിന്റെ മഹിത മാതൃകകൾക്ക് ലോകം സാക്ഷ്യം വഹിച്ച പല സന്ദർഭങ്ങളും ദോഹാ ലോകകപ്പിലുണ്ടായി. ഗോളടിച്ചാലോ വിജയിക്കുമ്പോഴോ കള്ളുകുടിച്ച് കൂത്താടുന്ന പാരമ്പര്യമുള്ള പല യൂറോപ്യൻ കളിക്കാർക്കും സങ്കല്പിക്കാൻ പോലും കഴിയാത്ത പല കാഴ്ചകളുമാണ് നാം ലൈവായി കണ്ടത്. ഞങ്ങൾ ജയിച്ചാൽ സ്വന്തം നാട്ടിലെത്തി ആഘോഷിച്ചു കൊള്ളാമെന്ന് തള്ളിയ ജർമനിയുടെ കോച്ചും കളിക്കാരും ഖത്വറിനെ ട്രോളി ചെയ്ത വായപൊത്ത് കാഴ്ച അവർക്ക് തന്നെ തിരിച്ചടിയായെന്ന് മാധ്യമ പ്രവർത്തകർ അഭിപ്രായപ്പെട്ടു.

ടീമുകളുടെ വിജയത്തിന്റെ ആഘോഷങ്ങളിൽ മികച്ച രീതിയിൽ ഇടപെടുന്നതിലും സ്നേഹത്തിന്റെയും മനുഷ്യ സാഹോദര്യത്തിന്റെയും അന്തരീക്ഷത്തിൽ അവരെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഏറ്റവും അവസാന ഉദാഹരണമാണ് അമീർ തമീം ഫുട്ബോൾ രാജാവ് മെസിക്ക് ഗൗൺ / ബിഷ്ത് അണിയിച്ചതുമെല്ലാം അറബ് പൈതൃകത്തിന്റെയും നാഗരികതയുടെയും മൂല്യങ്ങളുടെയും ഉറക്കെയുള്ള തുറന്നു പറയലുകളായിരുന്നു. മാതൃ സ്നേഹത്തിന്റെയും അനുവദനീയമായ സന്തോഷത്തിന്റെ പരിമിതികളെയും വിളിച്ചോതുന്ന രീതിയിൽ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തിയതാണ് മൊറോക്കോയുടെ കളിക്കാർ അശ്റഫ് ഹകീമി, സുഫ്‌യാൻ ബൂഫാൽ എന്നിവരുടെ ഉമ്മമാരോടൊത്ത് സന്തോഷം പങ്കു വെച്ചതും മറ്റൊരു പ്ലേയർ യൂസഫ് നുസൈരി തന്റെ പിതാവിനെ ആലിംഗനം ചെയ്തതും ആഘോഷ വേളകളിൽ കാമുകികളുമായി സന്തോഷം പങ്കുവെക്കുന്ന യൂറോപ്യന് അത്ഭുതക്കാഴ്ചകളായിരുന്നു. വരും കാലങ്ങളിൽ നമ്മുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ദോഹ ലോകകപ്പ് സ്‌നാപ്പ്‌ഷോട്ടുകൾ മത്സരങ്ങൾക്ക് ശേഷം തുനീഷ്യ, മൊറോക്കോ കളിക്കാരുടെ കുടുംബാംഗങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളാവും ;തീർച്ച. എത്ര ഹൃദയസ്പർശിയായിരുന്നു അവ !!

കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി നടന്ന ഭൂരിഭാഗം ലോകകപ്പ് ടൂർണമെന്റുകളിലും നമുക്ക് പരിചിതമല്ലാത്തതോ മുമ്പ് കാണാത്തതോ ആയ പല രംഗങ്ങളും ഡയലോഗുകളും നാം ദോഹയിൽ കണ്ടു. ഐക്യം, സാഹോദര്യം, മാനവികത എന്നിവയുടെ മുദ്രാവാക്യങ്ങൾ ഉയർത്തുന്ന ഫിഫ ലോകകപ്പിന്റെ വാർപ്പു മാതൃകകളിൽ നിന്നും ഈ ലോകകപ്പിനെ വ്യത്യസ്തമാക്കുന്ന ചില ചിത്രങ്ങളാണീ വിവരിച്ചത്.

അന്താരാഷ്ട്രീയ രംഗത്ത് തങ്ങളെ ബഹിഷ്കരിച്ച രാഷ്ട്രങ്ങളെയും നേതാക്കന്മാരെയും സ്നേഹം കൊണ്ട് വിരുന്നൂട്ടി തമീം നിറഞ്ഞു നിന്നു . അസാധാരണമായ നിരവധി ചരിത്ര സാഹചര്യങ്ങളും കൂടിക്കാഴ്ചകളും നാം ദോഹയിൽ കണ്ടു. ഖത്വർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയുടെ സാന്നിധ്യത്തിൽ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് സീസിയും തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് എർദോഗനും തമ്മിൽ സന്ധിച്ചു. ഗൾഫ് പ്രതിസന്ധിയുടെ പൊടിപടലങ്ങൾ മാറി ദോഹയും റിയാദും തമ്മിലുള്ള ബന്ധം യോജിപ്പിന്റെയും പരസ്പര ബഹുമാനത്തിന്റെയും പുതിയ അവസ്ഥയിലേക്കെത്തിയതിന്റെ സൂചനയായിരുന്നു ഉദ്ഘാടന വേളയിൽ തമീമും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തുടർന്ന് UAE ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ സായിദും വർഷങ്ങൾക്ക് ശേഷം ആദ്യമായി ഖത്വർ സന്ദർശിച്ചതും അമീറുമായി കൂടിക്കാഴ്ച നടത്തിയതുമെല്ലാം ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

അറബ് ജനത ഇപ്പോഴും തങ്ങളുടെ ഉള്ളിൽ ഫലസ്തീൻ സ്നേഹം നെഞ്ചിലേറ്റുന്നുണ്ടെന്നും അവസരം ലഭിക്കുമ്പോഴെല്ലാമത് പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്നും നാം കണ്ടറിഞ്ഞു. കളിക്കാരും ആരാധകരും പലപ്പോഴും ഫലസ്തീൻ പതാക ഉയർത്തി ആഘോഷിക്കുന്നത് ദോഹ സ്റ്റേഡിയങ്ങളിലെ നിത്യ സംഭവമായിരുന്നു. ഇസ്രായേൽ മാധ്യമപ്രവർത്തകരോടും ലേഖകരോടും സംസാരിക്കുന്നതു നിരസിക്കുന്നതും കൊച്ച് കുട്ടികൾ പോലും ചട്ടമ്പി നാടിന്റെ പ്രതിനിധികളെ ശക്തമായി പ്രതിഷേധം അറിയിക്കുന്നതും കൗതുക വാർത്തകളായി ലോകകപ്പിന്റെ തുടക്കം മുതൽ തന്നെ നാം അറിഞ്ഞു.

എക്കാലത്തെയും മികച്ച ലോകകപ്പായിരുന്നു ദോഹയിൽ നടന്നതെന്ന് ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫന്‍റിനോ പ്രഖ്യാപിച്ചത് എല്ലാ മഴവില്ല് – ലിബറൽ അരാജകത്വ വാദികൾക്കും -സത്യം പറഞ്ഞാൽ -അടിയായി. “പ്രണാമം ചെയ്യുന്നവരുടെ ടീം” “സംതൃപ്തരുടെ ടീം ” എന്നിങ്ങനെ വിവിധ പേരുകളിൽ കളിക്കളത്തിൽ ആദ്യാവസാനം ആവേശം നിറച്ച് നിലനിന്നിരുന്നത് സൗദി, തുനീഷ്യ , മൊറോക്കൻ ടീമുകളായിരുന്നു. അവസാന നിമിഷം വരെ ചിത്രത്തിലുണ്ടായിരുന്ന മൊറോക്കോ വാസ്തവത്തിൽ ഫുട്ബോളിന്റെ മുൻഗണനാ പട്ടികയെ അട്ടിമറിച്ചു എന്നാണ് നിരീക്ഷക മതം . കളിക്കളത്തിൽ തോറ്റെങ്കിലും ശരിക്കും ജയിച്ചത് ഖത്വറായിരുന്നുവെന്ന് തമീമിന്റെ ഹൃസ്വമായ നന്ദിക്കുറിപ്പ് എല്ലാം പറയുന്നുണ്ട്. “അവസാനമായി, അറബ് നാടുകളില്‍ നിന്നും വ്യതിരിക്തമായൊരു ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുമെന്ന ഞങ്ങളുടെ വാഗ്ദാനം പൂര്‍ണമായി. ഞങ്ങളുടെ സംസ്കാരത്തിന്റെ ധന്യതയും ഞങ്ങളുടെ തനത് മൂല്യങ്ങളും പരിചയപ്പെടുവാൻ ലോകജനതക്ക് അവസരം ലഭിച്ചു.” അതെ , ടോയ്ലെറ്റിൽ വെള്ളം ഉപയോഗിക്കാനും മറ്റേ “വെള്ളം” നിയമത്തെ പേടിച്ച് വിട്ടു നില്ക്കാനും ഇംഗ്ലീഷുകാരെ പഠിപ്പിച്ച അൽഫീഫയായിരുന്നു ദോഹയിൽ ഇക്കാലയളവിൽ നാം കണ്ടത്.

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles