Your Voice

നിർഭയർ

മണ്ണിൽ വിനയശീലരായി വർത്തിക്കുന്നവർ
പ്രജ്ഞാശൂന്യരായ ആളുകൾക്ക് ശാന്തി ചൊല്ലുന്നവർ
(അവരെ ജ്ഞാനത്തിലേക്ക് നയിക്കുന്നവർ)
ഈശ്വരസമക്ഷത്തിൽ പ്രണമിച്ചും നിന്നും രാവുകൾ സചേതനമാക്കുന്നവർ
“ഞങ്ങളുടെ നാഥാ, നാരകീയശിക്ഷകളിൽ നിന്നും ഞങ്ങളെ കാക്കണേ,
നിശ്ചയം, വിട്ടൊഴിയാത്ത ദുരിതമല്ലോ അത്”
ചെലവഴിക്കുമ്പോൾ ധൂർത്തരോ ലുബ്ധരോ ആകാത്തവർ
(ആത്യന്തികതകൾക്കെല്ലാമിടയിൽ മിതശീലവും മിതസ്വഭാവവുമുള്ളവർ)
ദൈവത്തോടല്ലാതെ മറ്റൊരുത്തനോടും ഒന്നിനോടും കേഴാത്തവർ
ദൈവം ആദരിച്ച മനുഷ്യജീവന് ഹാനി വരുത്താത്തവർ
വ്യഭിചാരവൃത്തിയിലേർപ്പെടാത്തവരും
ഈ നീചവൃത്തികളിലേർപ്പെടുന്നവൻ അതിന്റെ ഫലങ്ങളെ അഭിമുഖീകരിക്കേണ്ടിവരും
അതിനെല്ലാമിരട്ടി ദുരിതങ്ങളോടെ അവൻ പുനരുജ്ജീവിക്കേണ്ടിയും വരും
ആ അവസ്ഥയിൽ നിത്യവാസം കൊള്ളുകയും
എന്നാൽ തെറ്റുകളറിഞ്ഞ് തിരുത്തി,
നന്മകളെ അറിയുകയും അംഗീകരിക്കുകയും ചെയ്ത്,
സൽപ്രവൃത്തികളിൽ നിരതനാവുന്നവൻ രക്ഷ പ്രാപിക്കും
അവരുടെ ദുഷ്യങ്ങളെ അല്ലാഹു നന്മകളാക്കി പരിവർത്തിപ്പിക്കും
എന്തെന്നാൽ, ഏറെ മാപ്പ് നൽകുന്നവനാണവൻ, കാരുണ്യശീലനും
പശ്ചാത്താപത്തോടെ സൽക്കർമനിരതനാകുന്നവർ
യഥാവിധം അല്ലാഹുവിലേക്ക് തിരിച്ചു ചെല്ലുകയാകുന്നു
അസത്യത്തിനും അനീതിക്കും അധർമത്തിനും സാക്ഷികളാകാത്തവർ
ധർമബദ്ധമല്ലാത്ത വഴികളിലൂടെ കടന്നു പോകേണ്ടി വന്നാൽപ്പോലും
(അതിൽ പ്രലോഭിതരാകാതെ) അന്തസ്സോടെ മാത്രം കടന്നുപോകുന്നവർ
ദൈവവചനങ്ങളാൽ ഉൽബോധിപ്പിക്കപ്പെടുമ്പോഴും
അന്ധരും ബധിരരുമായി അതിന്മേൽ കമിഴ്ന്നു വീഴാത്തവർ
അവരിങ്ങനെ പറയുന്നു:
“ഞങ്ങളുടെ ഉടയോനേ,
ഞങ്ങളുടെ ഇണകളിൽ നിന്ന്,
സന്തതികളിൽ നിന്നും
ഞങ്ങൾക്ക് കൺകുളിരേകണേ
വിശുദ്ധരിൽ മുമ്പേ നടക്കുന്നവരാക്കണേ”
അവരുടെ സഹനത്തിന്റെയും ധർമബദ്ധതയുടെയും പേരിൽ
ഉന്നതമായൊരു സ്ഥാനത്തേക്കവർ നയിക്കപ്പെടുന്നു
അഭിവാദ്യങ്ങളോടെയും ശാന്തിമന്ത്രങ്ങളോടെയും അതിലേക്കവർ സ്വീകരിക്കപ്പെടുന്നു
അത്യുത്തമമായ ആ ഗേഹത്തിൽ (നിത്യാനന്ദമനുഭവിച്ചു കൊണ്ട്) അവർ ശാശ്വതരായി വർത്തിക്കുന്നു.
Facebook Comments

മുഹമ്മദ് ശമീം

എഴുത്തുകാരന്‍, പ്രഭാഷകന്‍, ചിന്തകന്‍. 1971 മാര്‍ച്ച് 28 ന് കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരിയില്‍ ജനനം. മതങ്ങളുടെ ദര്‍ശനം, താരതമ്യ പഠനം ,ചരിത്രം എന്നിവയിലും സാമൂഹിക, പരിസ്ഥിതി വിഷയങ്ങളിലും ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. ബുദ്ധന്‍, യേശു, മുഹമ്മദ് എന്ന കൃതിയാണ് മാസ്റ്റര്‍ പീസ്.

 

 

 

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker