Your Voice

ചരിത്രത്തെ പേടിക്കുന്നത് ഒരു ലക്ഷണമാണ്

ഒരു മരത്തെ പൂര്‍ണമായി നശിപ്പിക്കാന്‍ ഉദ്ദേശിച്ചാല്‍ അതിന്റെ വേരുകള്‍ മുറിച്ചു കളഞ്ഞാല്‍ മതി. ഒരു കെട്ടിടത്തെ പൂര്‍ണമായി തകര്‍ക്കാന്‍ ഉദ്ദേശിച്ചാല്‍ അതിന്റെ അടിത്തറ തകര്‍ത്താല്‍ മതിയാകും. ഇതൊരു പൊതു തത്വമാണ്. ഒരു സമുദായത്തിന്റെ അടിത്തറ എന്ന് പറയുന്നത് അവരുടെ വിശ്വാസവും ചരിത്രവുമാണ്. എത്രമാത്രം പഴക്കവും ശക്തവുമായ ചരിത്രമുണ്ടോ അത്രയാണ് അവരുടെ ഉറപ്പ്. അത് കൊണ്ട് തന്നെയാണ് ചരിത്രത്തെ പലരും ഭയക്കുന്നത്.

അവര്‍ക്ക് ചരിത്രമില്ല എന്നത് മാത്രമല്ല മറ്റു പലര്‍ക്കും ശക്തമായ ചരിത്രമുണ്ട് എന്നതാണു അവരെ അസ്വസ്ഥരാക്കുന്നത്. അത് കൊണ്ട് തന്നെ അവര്‍ ഇപ്പോള്‍ ചരിത്രത്തെ തകര്‍ക്കാനുള്ള ശ്രമത്തിലാണ്. ഖുര്‍ആന്‍ ചരിത്രത്തെ കൂടി പ്രതിപാദിക്കുന്ന ഗ്രന്ഥമാണ്. മുസ്ലിംകള്‍ എന്നത് മുഹമ്മദ്‌ നബിയില്‍ നിന്നും ആരംഭിച്ചവരല്ല പകരം അതിനു മനുഷ്യനോളം പഴക്കമുണ്ട് എന്നാണു ഖുര്‍ആന്‍ പറഞ്ഞു വെക്കുന്നത്. ഓരോ പ്രവാചകന്മാരുടെ ചരിത്രവും അത് കൊണ്ട് തന്നെ ഖുര്‍ആന്‍ പറഞ്ഞു വെക്കുന്നു.
പോയകാലത്തിന്റെ രേഖപ്പെടുത്തലും അതിനെക്കുറിച്ചുള്ള പഠനവുമാണ്‌ ചരിത്രം എന്ന മലയാള വാക്കുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. History എന്ന ഇംഗ്ലീഷ്‌ പദത്തിന്റെ തത്തുല്യ മലയാളമാണ്‌ ചരിത്രം. ഒരുവന്റെ അന്വേഷണ പരീക്ഷണങ്ങളുടെ രേഖപ്പെടുത്തൽ എന്നർത്ഥം വരുന്ന ഹിസ്റ്റോറിയ എന്ന ഗ്രീക്കു പദത്തിൽ നിന്നാണ്‌ ഹിസ്റ്ററി എന്ന വാക്ക്‌ ഇംഗ്ലീഷിലെത്തിയത്‌. ലോകത്തിലെ പഴയ നാല് സംസ്കാരങ്ങളായി എണ്ണപ്പെടുന്നത് മെസ്സോപോട്ടാമിയ ഈജിപ്റ്റ്‌ സിന്ധു നദീ തട സംസ്കാരം ചൈനീസ് സംസ്കാരം എന്നിവയാണ്. അതില്‍ തന്നെ ഏറ്റവും പഴക്കമുള്ളത് മെസ്സോപോട്ടാമിയ ഈജിപ്റ്റ്‌ സംസ്കാരങ്ങള്‍ക്കാണ് എന്നാണു പൊതുവില്‍ വിശ്വസിക്കപ്പെടുന്നത്.

Also read: തൗബയും ഇസ്തിഗ്ഫാറും മനസ്സിനുള്ള ചികിത്സയോ?

ഇന്ത്യന്‍ ചരിത്രം നാട്ടു രാജാക്കന്മാരുടെയും അധിനിവേശത്തിന്റെയും കൂടി ചരിത്രമാണ്. ഇന്ത്യയില്‍ നിലവിലുള്ള മതങ്ങള്‍ക്ക് ഒരു പാട് കാലം പഴക്കമുണ്ട്. 2018 മാര്‍ച്ച് 6 നു റോയിട്ടര്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്ത ഇങ്ങിനെയാണ്‌ “ ചരിത്രം തിരുത്തി എഴുതുക എന്ന ഉദ്ദേശ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒരു പണ്ഡിത സഭ രൂപീകരിച്ചു. നിലവിലുള്ള ഹിന്ദുക്കള്‍ രാജ്യത്തെ ഏറ്റവും പഴയ വിഭാഗമാണ് എന്ന് തെളിയിക്കാനാണു കമ്മിറ്റിയെ കാര്യമായി ചുമതലപ്പെടുത്തിയിട്ടുള്ളത്. മറ്റു വിഭാഗങ്ങള്‍ രാജ്യത്തെ രണ്ടാം കിട പൌരന്മാരായി ജീവിക്കണം എന്നത് തന്നെയാണ് സംഘ പരിവാര്‍ നിലപാട്.
ഇന്ത്യന്‍ ചരിത്രത്തെ ധീരമായി നേരിടാന്‍ മുന്‍ കഴിഞ്ഞു പോയ സര്‍ക്കാരുകള്‍ ഭയന്നിരുന്നു എന്നാണ് കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കര്‍ അഭിപ്രായപ്പെട്ടത് . സംഘ പരിവാര്‍ അവരുടെ വിദ്യാഭാസ നിലപാട് പറഞ്ഞപ്പോഴും നിലവിലുള്ള ചരിത്രം മാറ്റി എഴുതെണ്ടാതിന്റെ ആവശ്യകത പറഞ്ഞിരുന്നു. എന്തിനു ശാസ്ത്രത്തെ പോലും പുതുതായി കണ്ടെത്തുന്ന ചരിത്രത്തിനു അനുകൂലമായി മാറ്റണം എന്നതും അവരുടെ തീരുമാനമാണ്. സ്വന്തമായി ചരിത്രമില്ല എന്നത് സംഘ പരിവാറിനെ വല്ലാതെ ഭയപ്പെടുത്തുന്നു . സംഘടന രൂപീകൃതമായ കാലം മുതല്‍ പറഞ്ഞു വരുന്ന ചരിത്രം ഒട്ടും സുഖം നല്‍കുന്നതല്ല.

അതെ സമയം മറ്റു പലരും ശകതമായ ചരിത്രത്തിന്റെ പിന്‍ബലത്തില്‍ നില കൊള്ളുന്നു. ഇന്ത്യന്‍ സ്വാതന്ത്ര സമരമായാലും ബ്രിട്ടീഷ് അധിനിവേശത്തിന്റെ മുമ്പുള്ള കാലമായാലും അവിടെയെല്ലാം അവര്‍ കൃത്യമായി അടയാളപ്പെടുത്തുന്നു. അത് കൊണ്ട് തന്നെ ആ രീതിയില്‍ ഒരു ചരിത്ര രചന അസാധ്യമാണ്. പിന്നെ ബാക്കിയാവുന്നത് “ ഒച്ച വെക്കുക “ എന്നതാണ്. അതാണിപ്പോള്‍ നടക്കുന്നതും. കേരള ചരിത്രത്തില്‍ അധിനിവേശ വിരുദ്ധ പോരാട്ടം പറയുമ്പോള്‍ അവിടെ മുസ്ലിം വിഭാഗത്തിന്റെ സ്ഥാനം വളരെ കൃത്യമാണ് . സാമൂതിരിയുടെ കാലത്ത് ആദ്യമായി ഇവിടെ എത്തിയ വാസ്ഗോടിഗാമ മുതല്‍ തുടങ്ങുന്ന സമരത്തില്‍ കരയിലും കടലിലും മുസ്ലിം സാന്നിധ്യം സജീവമാണ്.

ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിന്റെ ഭാഗമായി കേരളത്തിന്‌ പറയാനുള്ളത് വളരെ കുറച്ചു മാത്രമാണ്. അതില്‍ ഒന്ന് മലബാര്‍ കലാപമാണ്‌ . ബ്രിട്ടീഷുകാര്‍ക്കെതിരെ ഒരു ജനത നയിച്ച സമരം. മുസ്ലിംകള്‍ നായക സ്ഥാനത് വരുന്ന ഒന്നിലും സംഘ പരിവാരിനു താല്പര്യമില്ല. അത് കൊണ്ട് തന്നെ അത്തരം സംരംഭങ്ങളെ തകര്‍ക്കല്‍ അവരുടെ ആവശ്യമാണ്. മലബാര്‍ കലാപം നമ്മുടെ മുന്‍ തലമുറ സാക്ഷിയായ കാര്യമാണ്. അറിയപ്പെടുന്ന ഒരു ചരിത്രകാരനും അതൊരു ഹിന്ദു മുസ്ലിം ലഹളയായി പറഞ്ഞില്ല . പക്ഷെ സംഘ പരിവാര്‍ തികഞ്ഞ കലിപ്പിലാണ്. ഇപ്പോള്‍ ഭീഷണിയുടെ മുഖമാണ് അവര്‍ ധരിച്ചത്. ഇന്ത്യന്‍ മണ്ണില്‍ മുസ്ലിമിന്റെ വേരിനു ആഴമുണ്ടെന്നും സംഘ പരിവാറിന് എന്നും ഇന്ത്യക്ക് എതിര് നിന്ന ചരിത്രവുമാണ് എന്ന സത്യം ഉറക്കെ പറയാന്‍ നാം തയ്യാറാവണം.

Also read: ഇസ്‌ലാമിന്റെ പ്രഥമ അംബാസഡർ: മുസ്അബ്(റ)

ചരിത്രമില്ല എന്നും അല്ലെങ്കില്‍ ഉള്ള ചരിത്രം മോശമാണെന്നും ധരിപ്പിക്കാനുള്ള ശ്രമത്തിലാണ് സംഘ പരിവാര്‍. ചരിത്രമില്ലാത്ത ജനതയെ പെട്ടെന്ന് തകര്‍ക്കാമെന്നവര്‍ കണക്കു കൂട്ടുന്നു . ആ കണക്കുകള്‍ അസ്ഥാനത്താണ് എന്ന് മനസ്സിലാക്കി കൊടുക്കല്‍ നല്ല മനുഷ്യരുടെ കടമ കൂടിയാണ്.

Facebook Comments
Related Articles

Check Also

Close
Close
Close