Current Date

Search
Close this search box.
Search
Close this search box.

ഫാത്തിമ ഉമർ : വഴി നടത്തി, യാത്രയായി

ഭൂമിയിലെ നിയോഗം പൂർത്തീകരിച്ച് ഓരോരുത്തരും നാഥനിലേക്ക് മടങ്ങുകയാണ്. ആയുസ്സിനെ ചരിത്രത്തോടൊപ്പം ചോർത്താണ് ചിലരുടെ മടക്കം.അല്ലാഹുവിന്റെ ഖിലാഫത്തിനെ പ്രതിനിധീകരിക്കുകയെന്ന മഹത്തായ ദൗത്യം വിജയകരമായി നിർവ്വഹിച്ചാണ് പേരിനെ ചിലർ അടയാളപ്പെടുത്തിയത്. അത്തരമൊരാളാണ് നവംബർ 26- ന് അല്ലാഹുവിലേക്കു യാത്രയായ ഫാത്തിമ ഉമർ. ഇസ്ലാമിക പ്രസ്ഥാനം ശാഖോപശാഖകളായി ഇസ്ലാമിക ചിന്താ ധിഷണയുടെ കരുത്തുറ്റ വേരോടെ അഭിമാനമായി നിൽക്കുമ്പോൾ അതിനു നിലമൊരുക്കാൻ പ്രയത്‌നിച്ച ആദ്യകാല നേതാക്കളിലൊരാൾ. തലമുറകൾക്ക് ദീനിന്റെ ഊടും പാവും നെയ്യാൻ മുന്നേ നടന്ന ആണുങ്ങളോടൊപ്പം ഇതാ ഞാനുമുണ്ടൊരു പെണ്ണ് നിങ്ങളുടെ കൂടെ എന്നു പറഞ്ഞു ദീനിനു വേണ്ടി ത്യാഗം കൊണ്ട് ജീവിതത്തെ അടയാളപ്പെടുത്തിയവൾ. ഫാത്തിമ ഉമറിനെക്കുറിച്ച ഒറ്റ വായന ഇതാണ്.

അന്ധവിശ്വാസവും അനാചാരവും ദീനലങ്കാരമായി കൊണ്ടുനടന്നവർക്കിടയിൽ അരനൂറ്റാണ്ടു മുമ്പ് ചൈതന്യമായ ഇസ് ലാമിക വീണ്ടെടുപ്പിനായി പൊരുതിയവരുടെ കൂടെ അവർ നടന്ന വഴികൾ അറ്റമില്ലാത്തതാണ്. കേരളക്കരയിലങ്ങോളമിങ്ങോളം ഇസ് ലാമിക പ്രസ്ഥാനത്തിനു വേരോട്ടമുണ്ടാക്കാൻ ഇറ്റു വീണ വിയർപ്പുകളിൽ അവരുടെതു കൂടിയുണ്ട്. വൈജ്ഞാനിക ഉൾക്കരുത്തോ ചിന്തയുടെ മൂർച്ചയോ ധിഷണയുടെ അപാരതയോ ഒന്നും ആത്മബലമായില്ലെങ്കിലും വിശ്വാസ ദാർഢ്യത്താൽ അവർ പിന്നിൽ നടന്നുവരുന്നവർക്കു വഴികാട്ടിയായി.

സ്ത്രീകൾക്ക് പൊതു സമൂഹ്യരംഗം പ്രാപ്യമല്ലാത്ത കാലത്ത് ഇസ്ലാമിക പ്രസ്ഥാനത്തിന്റെ മുൻനിരയിലേക്ക് വരാനും പ്രവർത്തിക്കാനും അവർക്കായി. സ്വയം നവീകരണം സാധ്യമല്ലാത്ത വിധം ഇസ്ലാമിനു ഇന്ന് നേരിടേണ്ടി വരുന്നത് ബാഹ്യശക്തികളെയാണെങ്കിൽ ആദ്യകാലത്ത് എതിരിട്ടുനിന്നത് ഉള്ളൽനിന്നുള്ള എതിർപ്പിനെയായിരുന്നു. അവർക്കായിരുന്നു ഫാത്തിമ ഉമർ മതവും മതനിയമങ്ങളും പഠിപ്പിക്കാൻ തുനിഞ്ഞത്. ഇസ് ലാമിന്റല്ലാത്ത ആചാരങ്ങൾ പെണ്ണിന് അതിർവരമ്പുതീർത്ത കാലത്ത് ആ വര മായ്ക്കാൻ പാടുപെട്ടുതുകൊണ്ടു തന്നെ സ്ത്രീ മുന്നേറ്റം സാധ്യമാക്കിയ നവോത്ഥാന നായികമാരിൽ ഒരാളായി നാം ആ പേരിനെ ചരിത്രത്തോട് ചേർത്തുവെക്കണം.

ബാപ്പയുടെയും ഭർത്താവിന്റെയും പാതയിലൂടെ ആർജ്ജവത്തോടെ നീങ്ങിയ അവരുടെ പരിശ്രമങ്ങൾ പുതു തലമുറക്ക് കൂടുതലറിയില്ല. വർഷങ്ങൾക്കു മുമ്പ് കാണാൻ ഭാഗ്യം ലഭിച്ച സന്ദർഭത്തിൽ അവർ പറഞ്ഞ വാക്കുകളിലൂടെ തന്നെ പറയട്ടെ. ‘അന്ധവിശ്വാസവും അനാചാരവും കൊടികുത്തി വാണിടത്ത്, ഇസ്ലാമിക സന്ദേശം എത്തിക്കാൻ പ്രസ്ഥാനം പാടുപെടുമ്പോൾ അതിന്റെ ഭാഗമാകാൻ കഴിഞ്ഞതാണ് അല്ലാഹു ഈ ദുനിയാവിൽ എനിക്ക് നൽകിയ ഏറ്റവും വലിയ അനുഗ്രഹം.’ ഹാജി സാഹിബ് എടയൂരിൽ നിന്ന് പൊന്നാനിയിൽ വന്നതു മുതൽ അവരോടൊപ്പം നടന്ന കുടുംബത്തിലെ ആണുങ്ങളോടൊപ്പം ഞാനും ജനങ്ങളിലേക്കിറങ്ങി. സ്ത്രീകൾക്ക് മാത്രമായി ക്ലാസ്സില്ലാത്ത കാലത്ത് സുബ്ഹിക്ക് ശേഷം പള്ളിയിൽ വെച്ച് നടന്ന ക്ലാസ്സിൽ ഞാനൊരു പെണ്ണ് മറക്കിപ്പുറമിരുന്ന് ക്ലാസ്സ് കേട്ടു.’പുത്തൻ മതക്കാർ’ എന്ന് പറഞ്ഞ് ഒറ്റപ്പെടുത്തിയിരുന്ന ആ കാലത്തെ പ്രവർത്തനത്തെ ക്കുറിച്ച ചോദ്യത്തിന് മറുപടി ഇതായിരുന്നു.

ചെറു പ്രായത്തിൽ നമസ്‌കാരം ആവശ്യമില്ലെന്നും പ്രായമായി മരിക്കുന്ന അവസ്ഥയെത്തിയവർക്കാണ് നിർബന്ധമെന്ന് ചിന്തിക്കുന്നവരുടെ ഇടയിലാണ് പ്രവർത്തിച്ചത്.’ വീട്ടിൽ വെച്ച് സ്ത്രീകൾ മയ്യിത്ത് നമസ്‌കരിക്കാത്ത, കൂലി കൊടുത്ത് മയ്യിത്ത് പരിപാലനത്തിന് ആളെ നിർത്തുന്ന കാലത്ത് അത് ഇസ് ലാമികമല്ലെന്നും നമുക്കുവേണ്ടപ്പെട്ടവരെ നാം തന്നെ അല്ലാഹുവിലേക്ക് യാത്രയാക്കണമെന്നും പഠിപ്പിച്ചതും നേതൃത്വം നൽകിയതും കേരളക്കര അതിശയത്തോടെ കണ്ടു. ‘1953-ന് ശേഷമാണ് ജമാഅത്തെ ഇസ്ലാമിയിൽ പൂർണമായി പ്രവർച്ചത്. അതേ വർഷം തന്നെയാണ് വിവാഹം. ഇജ്തിമാഅ് എന്ന പേരിൽ പൊന്നാനിയിലെ വണ്ടിപ്പേട്ട എന്നസ്ഥലത്ത് ഒത്തുകൂടിയ പത്തുപന്ത്രണ്ടുപേരിൽ ഒരാളായി ഖുർആനും ഹദീസും ഇസ് ലാമിക സാഹിത്യവും പഠിച്ചും പഠിപ്പിച്ചും കേരളത്തിലങ്ങോളവും ഗൾഫിലും ഇസ്ലാമിനെ മഴവിൽ വർണത്തോടെ അവതരിപ്പിക്കാൻ ഓടിനടന്നു.

ആരുടെയും മുന്നിൽ ഭയമില്ലാതെ സംസാരിക്കാനുള്ള ധൈര്യം എങ്ങിനെ ഉണ്ടായെന്നും ഏത് സ്‌കൂളിലാണ് പഠിച്ചതെന്നും ചോദിച്ചവരോട് ഐ.പി.എച്ചാണ് എന്റെ വിദ്യാലയമെന്നായിരുന്നു മറുപടി. ‘ഖുർആൻ പഠനം, ഹദീസ്, സ്ത്രീകളെ കുറിച്ചുള്ള പുസ്തകങ്ങൾ, സൈനബുൽ ഗസ്സാലിയുടെ ജയിലനുഭവങ്ങൾ, ഖുതുബാത്ത്, രക്ഷാസരണി തുടങ്ങി പല പുസ്തകങ്ങളും വായിച്ചുതീർത്തു. അതിൽ നിന്നു കുറിപ്പുകൾ ഉണ്ടാക്കിയ പത്രങ്ങളിലെ പ്രധാനപ്പെട്ട കട്ടിംഗ്സും സൂക്ഷിച്ച് ക്ലാസ്സുകൾ എടുത്തു. ‘മുസ്ലിം വനിതകളും ഇസ്ലാമിക പ്രബോധനവും’ എന്ന അബുൽ അഅ്ലാ മൗദൂദിയുടെയും അമീൻ അഹ്സൻ ഇസ്ലാഹിയുടെയും പ്രഭാഷണങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകം എല്ലാം കാണാപ്പാഠമായിരുന്നു. ‘ ഇസ് ലാമിക പ്രസിദ്ദീകരണങ്ങൾ മാത്രമല്ല, എസ്.കെ പൊറ്റക്കാട്, തകഴി, ബഷീർ, ചങ്ങമ്പുഴ തുടങ്ങി അന്ന് പ്രശസ്തരായവരുടെ കൃതികളൊക്കെ വായിച്ചു. ഷാർജയിൽ നഫീസത്ത് ബീവി’യോടൊപ്പം പ്രസംഗിക്കാൻ കഴിഞ്ഞത് അഭിമാനത്തോടെയാണ് പറഞ്ഞത്.

ഇസ് ലാമിന്റെ സമഗ്രതആരാധന മാത്രമല്ലെന്നറിയുന്നതിനാൽ സമയവും സൗകര്യങ്ങളും ആശുപത്രി, രോഗസന്ദർശനം, പൊന്നാനിയിലെ മൗനത്തുൽ ഇസ്ലാം സഭ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാൻ നീക്കിവെച്ചു. വിധവാ പെൻഷൻ, വാർധക്യ പെൻഷൻ തുടങ്ങിയവ അർഹരായവർക്ക് കിട്ടാൻ വേണ്ട സഹായങ്ങൾ ചെയ്തു. സ്വന്തം പാടത്തും പറമ്പിലും കൃഷിചെയ്യാൻ സമയം കണ്ടെത്തി. അന്ന് പൊന്നാനി കൃഷിഭവനിൽനിന്നും അഞ്ച് കർഷകരെ ആദരിച്ച കൂട്ടത്തിൽ ഒരു സ്ത്രീയായി അവരെ അന്നത്തെ പൊന്നാനി എം.എൽ.എ ഹരിദാസ് പൊന്നാടയണിയിച്ചു.

ഒറ്റക്ക് പുറത്തേക്ക് പോകാൻ പെണ്ണുങ്ങൾക്ക് അനുവാദമില്ലാത്ത കാലത്ത് ഡ്രൈവിംഗ് പഠിച്ച് പർദ്ദ ധരിച്ചു ഇടുങ്ങിയ വഴികളിലൂടെയും ബസ് സൗകര്യമില്ലാത്ത പ്രദേശങ്ങളിലൂടെയും പ്രസ്ഥാന ആവശ്യത്തിനായി പ്രവർത്തകരെ പിറകിലിരുത്തി വണ്ടിയോടിച്ചു. പെട്ടെന്നുള്ള മരണമോ അസുഖമോ പ്രസവ വേദനയോ ഉണ്ടായാൽ ഫാത്തിമാ ഉമറിന്റെ വണ്ടി റെഡിയായിരുന്നു. 1975-നു മുമ്പാണ് അവർ ജമാഅത്ത് റുക്നായി അംഗത്വമെടുത്തത്. ടി.കെഅബ്ദുല്ല സാഹിബ് ആണ് മുലാഖാത്ത് നടത്തിയതെന്നാണ് അവരുടെ ഓർമ. പ്രസ്ഥാനത്തിനകത്ത് സ്ത്രീകളിൽനിന്നും അംഗത്വമെടുത്ത രണ്ടുപേരിൽ ഒരാൾ. (മറ്റൊരാൾ ഫാത്തിമ കൊടിഞ്ഞി)യും.

പ്രസ്ഥാനവഴിയിൽ മറ്റൊാരു പെണ്ണും സഹിക്കാത്ത ത്യാഗത്തിന്റെ ഓർമകളാണവർക്ക് അടിയന്തരാവസ്ഥക്കാലം. ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ബാപ്പയെയും ഭർത്താവിനെയും കാണാഞ്ഞ് അങ്ങോട്ട് വിളിച്ചപ്പോഴാണത്രെ അവരെ അറസ്റ്റു ചെയത് അറയുന്നത്. രണ്ടാളും ജമാഅത്ത് പ്രവർത്തകരായതിനാലാണ് അറസ്റ്റുചെയ്തതെന്ന് എസ്.ഐ. ‘അങ്ങനെയെങ്കിൽ എന്നെയാണ് ആദ്യം അറസ്റ്റു ചെയ്യേണ്ടത്. ഞാനും ജമാഅത്ത് പ്രവർത്തകയാണ്’എന്ന ആർജ്ജവമുള്ള മറുപടി പറഞ്ഞ് നേരെ മകളെയും കൂട്ടി സ്‌റ്റേഷനിലേക്ക്. ഫാത്തിമ ഉമറും മകളും ജയിലിലുണ്ടെന്നറിഞ്ഞ് മാതൃഭൂമി പത്രത്തിലെ ചോയുണ്ണി എസ്.ഐ.യോട് വിളിച്ച് ചോദിച്ചത്രെ ‘നിങ്ങൾ എന്താണ് ചെയ്യുന്നത് അവരെല്ലാം സമൂഹത്തിൽ മാന്യന്മാാരായി ജീവിക്കുന്നവരല്ലേ’യെന്ന്. പൊന്നാനിയിൽനിന്ന് മഞ്ചേരി ജയിലിലേക്ക് കൊണ്ടുപോയ ഈ ആണുങ്ങൾക്ക് ജാമ്യം നിന്നതും ഫാത്തിമ ഉമർ എന്ന പെണ്ണ്. പൊന്നാനിക്കാർ അജിതപ്പെണ്ണ് എന്ന വിശേഷണവും ചാർത്തിക്കൊടുത്തിട്ടുണ്ട്. പ്രസ്ഥാനം ആദ്യമായി വോട്ട് രേഖപ്പെടുത്തിയ ഇലക്ഷനിൽ പൊന്നാനി മണ്ഡലത്തിൽ ഇന്ദിരാ ഗാന്ധിക്കെതിരെ മത്സരിച്ച ഇടതുപക്ഷ സ്ഥാനാർഥിയെയാണ് പ്രസ്ഥാനം പിന്തുണച്ചത്.

ഐ.എസ്.എസ് എന്ന സ്ഥാപനം പൊന്നാനിയിൽ തുടങ്ങിയത് അവരുടെ കാര്യശേഷിയുടെ മിടുക്കായിരുന്നു, അതിന്റെ വർക്കിംഗ് കമ്മറ്റി മെമ്പറായിരുന്നു.പ്രസ്ഥാനത്തിന്റെ എല്ലാ സമ്മേളനങ്ങളിലും പങ്കെടുത്തു്. മലപ്പുറം, നൂറടിപ്പാലം, ശാന്തപുരം, തിരൂർ അങ്ങനെ പലതും. .’എന്നാൽ ഏറ്റം സന്തോഷിച്ചത് കുറ്റിപ്പുറത്തെ ഐതിഹാസിക വനിതാ സമ്മേളനമായിരുന്നു.’ ഇസ്ലാമിക പ്രസ്ഥാനത്തിനുവേണ്ടി കരുത്തുറ്റ വിത്തിട്ട് മുളപ്പിക്കാൻ കഴിഞ്ഞല്ലോയെന്ന സന്തോഷമായിരുന്നു അത്. ഞങ്ങളന്ന് വിത്തിട്ട പ്രസ്ഥാനം പല ശാഖകളായി വളർന്ന് എല്ലാ നിലക്കും സമൂഹത്തിന് കൂട്ടാവുന്നത് കാണുമ്പോഴുള്ള സന്തോഷത്തിനപ്പുറം ഈ ദുനിയാവിൽ മറ്റൊന്നുമില്ല എന്നാണ് അന്നത്തെ പറച്ചിൽ.

പഴയ തലമുറയിലെ നേതാക്കന്മാാരോടൊപ്പം നിന്ന് പ്രവർത്തിച്ച് പ്രസ്ഥാനവഴിയിൽ വരും തലമുറക്ക് പാഥേയം ഒരുക്കാൻ ധൈര്യം കിട്ടിയത് ഞാൻ മടിച്ചു നിന്നാൽ എന്റെ പിന്നിൽ വരുന്ന മുസ് ലിം പെണ്ണിന് വഴിവെട്ടം കിട്ടില്ലായെന്ന ബോധ്യമായിരിക്കാം അനുസ്മരണ യോഗത്തിൽ ആരോ സൂചിപ്പിച്ച പോലെ ഇബ്രാഹീമിന്റെ പിന്നേ നടന്നു ഇസ് ലാമിക നാഗരികതക്കു വിത്തിട്ട ഹാജറയെ പോലെ ദീനിന്റെ പ്രഭയുമായി നീങ്ങാൻ അവരെ പ്രേരിപ്പിച്ചത്.

1990-ൽ ആണ് ഭർത്താവ് സി.വി ഉമ്മർ മരിച്ചത്. 1950-മുതൽ ദീനിനും പ്രസ്ഥാനത്തിനും വേണ്ടി വേണ്ടി ജീവിച്ച അവർ പിന്നീട് അധികവും മക്കളുടെ കൂടെ വിദേശത്തായിരുന്നു. ആറ് മക്കളാണ്. നാല് പെണ്ണും രണ്ട് ആണും. ഉപ്പ മക്കാനകത്ത് പുത്തൻ മാളിയേക്കൽ എ.പി.എം കുഞ്ഞിമുഹമ്മദ് ഹാജി. ഉമ്മ തയ്യില വളപ്പിൽ പുത്തൻ പീടികക്കൽ സൈനബ.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles