Current Date

Search
Close this search box.
Search
Close this search box.

ഫാ​. സ്റ്റാൻ സ്വാമി ഉയർത്തുന്ന ചോദ്യങ്ങൾ

“ പീഡിപ്പിക്കപ്പെടുന്ന ഇസ്രായേൽ സന്തതികളെ മോചിപ്പിക്കണം” എന്ന മൂസാ പ്രവാചകന്റെ പ്രഖ്യാപനമാണ് ഫറോവയെ കൂടുതൽ പ്രകോപിപ്പിച്ചത്. മറ്റൊരു രീതിയിലാണ്‌ ആ ആവശ്യത്തെ ഫറോവ വ്യാഖ്യാനിച്ചത്.” ‘ഇവൻ തീർച്ചയായും പഠിച്ച ആഭിചാരകൻതന്നെ. ആഭിചാര ശക്തികൊണ്ട് നിങ്ങളെ ജന്മദേശത്തുനിന്നു പുറംതള്ളാനാണ് ഇവൻ ശ്രമിക്കുന്നത്. പറയൂ, നിങ്ങൾക്കെന്തു നിർദേശിക്കാനുണ്ട്?” . ജന വിരുദ്ധ സർക്കാരുകൾ എന്നും ആവർത്തിക്കുന്ന രീതി ഇതാണ്. സത്യം പറയുന്നവരെ തങ്ങളുടെ ശത്രു എന്നതിനേക്കാൾ രാജ്യത്തിന്റെ ശത്രു എന്ന് മുദ്ര കുത്താനുള്ള ശ്രമം പണ്ട് മുതലേ നാം കാണുന്നു.

ഇന്ത്യ പണ്ട് മുതലേ ജാതീയ വ്യവസ്ഥ നില നിന്നിരുന്ന രാജ്യമാണ്. സവർണ്ണ അവർണ്ണ വ്യത്യാസം ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗമാണ്. ജാതി വിവേചനം ഔദ്യോഗികമായി അവസാനിച്ചു എന്ന് വരികലും അതിന്നും നമ്മുടെ മുന്നിലെ സത്യമാണ്. അത് കൊണ്ട് തന്നെ പിന്നോക്കക്കാരും ദളിതരും ആദിവാസികളും ഇന്നും ജാതിയുടെയും മതത്തിന്റെയും പേരിൽ നമ്മുടെ നാട്ടിൽ പീഡനം ഏറ്റു വാങ്ങുന്നു. ഫാ. സ്റ്റാൻ സ്വാമിയുടെ മരണത്തോടെ അത്തരം ചർച്ചകൾ ഒരിക്കൽ കൂടി മുഖ്യധാരാ ചർച്ചകളിൽ ഇടം പിടിക്കുന്നു.

മനുഷ്യരായി ജനിച്ചത്‌ കൊണ്ട് മാത്രം മനുഷ്യരായി ജീവിക്കുന്ന ഒരു പാട് ജീവിതങ്ങൾ നമ്മുടെ നാട്ടിലുണ്ട്. അധികാരികളും മറ്റു ബന്ധപ്പെട്ടവരും അവരെ നിരന്തരമായി അവഗണിക്കുന്നു. അവരുടെ ജീവിതത്തെ “ നരക തുല്യം” എന്നാണു പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്നത്. ഉന്നത ജാതിക്കാരിൽ നിന്നും എന്നും അവർ ഭീഷണി നേരിടുന്നു. മറ്റൊരിടത്ത് അവരുടെ അർഹമായ വിഭവങ്ങൾ കവർച്ച ചെയ്യപ്പെടുന്നു. മണ്ണിന്റെ മക്കളെന്നു വിളിക്കപ്പെടാൻ യോഗ്യരായ അവർ പലപ്പോഴും തിരശ്ശീലക്ക് പിന്നിലാണ്. അവിടെയാണ് ഫാ. സ്റ്റാൻ സ്വാമിയെ പോലുള്ളവരുടെ ജീവിതത്തിനു അർഥം ലഭിക്കുന്നത്.

ഭീമ-കൊറെഗാവിൻറെ ചരിത്രം കൂടി പറയുമ്പോൾ മാത്രമേ ഫാ. സ്റ്റാൻ സ്വാമിയുടെ ജീവിതവും മരണവും പൂർത്തിയാവൂ. 1818 ജനുവരി 1ന് ആണ് കൊറെഗാവ്‍ യുദ്ധം നടന്നത്. മഹാരാഷ്ട്രയുടെ ചരിത്രത്തിൻറെ ഭാഗമാണ് ഈ യുദ്ധം. മറാത്ത രാജാവ് പെഷ്‍വ ബാജിറാവുവിൻറെ സൈന്യവും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുമാണ് ഏറ്റുമുട്ടിയത്.

ഭീമ-കൊറെഗാവ്‍ നിവാസികളായ ദളിത് വിഭാഗമായ മഹർ സമുദായത്തെ മറാത്തകൾക്കൊപ്പം പോരാടാൻ അനുവദിച്ചില്ല. ജാതിയിൽ താഴ്‍ന്നവരായ മഹറുകൾക്കൊപ്പം യുദ്ധം ചെയ്യാൻ കഴിയില്ലെന്നതായിരുന്നു വാദം. മഹർ പോരാളികൾ ഈസ്റ്റ് ഇന്ത്യ കമ്പനി സൈന്യത്തിൽ ചേർന്നു. എണ്ണത്തിൽ കുറവായിരുന്ന ബ്രിട്ടീഷ്-മഹർ സൈന്യം മറാത്ത സൈന്യത്തെ തോൽപ്പിച്ചു. ഇത് സൈനികമായ വിജയം എന്നതിനെക്കാൾ ജാതി വിവേചനത്തിന് എതിരെയുള്ള വിജയമായി മഹർ സമുദായം കണക്കാക്കുന്നു. രണ്ട് സമുദായങ്ങളും തമ്മിലുള്ള അകലം വർധിപ്പിക്കുന്നതിനും ഈ യുദ്ധം കാരണമായി.

പോരാട്ടത്തിൽ കൊല്ലപ്പെട്ട ദളിത് പട്ടാളക്കാർക്ക് വേണ്ടി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഭീമ-കൊറെഗാവിൽ ഒരു യുദ്ധ സ്‍മാരകം പണിതു. മഹർ സമുദായം ഇത് സംരക്ഷിക്കുന്നു. എല്ലാവർഷവും ജനുവരി ഒന്നാം തീയതി യുദ്ധവിജയത്തിൻറെ സ്‍മരണ പുതുക്കുന്നു. 2018 ജനുവരി ഒന്ന് പ്രസ്തുത യുദ്ധത്തിന്റെ ഇരുനൂറാം വാർഷിക ദിനമായിരുന്നു.

യുദ്ധത്തിൻറെ ഇരുനൂറാം വാർഷികം ദളിത് സംഘടനകൾ വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചു. ഏകദേശം നാല് ലക്ഷം പേരാണ് യുദ്ധ വാർഷിക പരിപാടിക്കായി ഭീമ-കൊറെഗാവ്‍ലേക്ക് എത്തിയത്. ദളിത് മഹറുകൾ അഭിമാനത്തോടെയും പെഷ്‍വ മറത്താകൾ അപമാനത്തോടെയും കാണുന്ന ഒരു യുദ്ധത്തിൻറെ ഇരുനൂറാം വാർഷികം ജാതി-രാഷ്ട്രീയത്തിൻറെ ഏറ്റുമുട്ടലായി മാറി. അന്ന് നടന്ന അക്രമത്തിന്റെ പേരിലാണ് പലരെയും NIA അറസ്റ്റ് ചെയ്തത്. 2018 ൽ നടന്ന സംഭവത്തിന്റെ പേരിൽ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുന്നത് 2020 ഒക്ടോബർ മാസത്തിൽ. അന്ന് മുതൽ അദ്ദേഹത്തെ ചോദ്യം ചെയ്യാനോ ഒരു വൃദ്ധൻ എന്ന നിലയിൽ ആവശ്യമായ മാനുഷിക പരിഗണന നൽകാനോ ഭരണ കൂടങ്ങളും നിയമ സംവിധാനങ്ങളും തയ്യാറായില്ല. കഴിഞ്ഞ മാസം അവസാനത്തിലാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സ്വാമിയുടെ മരണം സ്ഥിരീകരിച്ചു കൊണ്ട് അദ്ദേഹത്തിന്റെ വക്കീൽ ചോദിച്ച ചോദ്യം എന്നും പ്രസക്തമാണ്‌ “ അറസ്റ്റ് ചെയ്തതിനു ശേഷം ഒരു ദിവസത്തെ കസ്റ്റഡി പോലും ആവശ്യപ്പെടാത്തതിനാൽ അയാളുടെ അറസ്റ്റിന്റെ ആവശ്യകത എന്താണ്?” . കുറ്റം ചെയ്തവർ മാത്രമാണ് ചോദ്യം ചെയ്യലിൽ ഭയപ്പെടുക. ഇന്ത്യയിലെ പിന്നോക്ക ജനതയുടെ മുന്നേറ്റം പലരും ഭയക്കുന്നു. അതിനെ തടയാനുള്ള എല്ലാ മാർഗങ്ങളും അവർ അന്വേഷിക്കുന്നു. അത് കൊണ്ട് തന്നെ സ്വാമിയുടെ മരണം ഒരു ഭരണകൂട കൊലപാതകം എന്ന നിലയിൽ വ്യാഖ്യാനിക്കപ്പെടുന്നു. കുറ്റം തെളിയിക്കുന്നത് വരെ ആരും കുറ്റവാളികളല്ല എന്നാതാണ് നമ്മുടെ ഭരണ ഘടന പറയുന്നത്. ആരോപിതർ മാത്രം. പക്ഷെ കുറ്റവും ശിക്ഷയും മുൻകൂട്ടി വിധിക്കുന്ന ഒരു സംവിധാനത്തിലാണ് നാം ജീവിക്കുന്നത് എന്ന സത്യം നമ്മെ ഭയപ്പെടുത്തുന്നു.

സ്വാമി ഒറ്റപ്പെട്ട സംഭവമല്ല . കേരളത്തിൽ അബ്ദുന്നാസർ മഅദനി, സകരിയ്യ തുടങ്ങി ദേശീയ തലത്തിൽ പലരും ഇത്തരം അവസ്ഥ നേരിടുന്നു. ഹിന്ദുത്വ ഫാസിസം അതിന്റെ ആയുധങ്ങൾ പൂർണമായി പുറത്തെടുത്തു കൊണ്ടിരിക്കുന്നു എന്ന ഭയാനകമായ വെളിപ്പെടുത്തലായി സ്വാമിയുടെ അന്ത്യത്തെ നമുക്ക് കാണാം. ഫറോവ പണ്ടെങ്ങോ ജീവിച്ചു മരിച്ച ഒരു രാജാവല്ല. ആവർത്തിച്ചു കൊണ്ടിരിക്കുന്ന ഭരണകൂട ഭീകരത എന്നതാണ് ഫരോവക്ക് നൽകാൻ കഴിയുന്ന നല്ല വിശദീകരണം.

Related Articles