Current Date

Search
Close this search box.
Search
Close this search box.

ഉപവാസം നമ്മെ ശാക്തീകരിക്കുന്നത് ?

ലോക രാഷ്ട്രങ്ങളെല്ലാം തങ്ങളുടെ സൈനിക വ്യൂഹത്തിന് ഓരോ ഇടവേളക്ക് ശേഷവും പ്രത്യേകം പരിശീലനം നല്‍കി അവരെ കരുത്തരാക്കുന്നത് സൈനിക വിദ്യാഭ്യാസ രംഗത്ത് നടക്കുന്ന പതിവ് നടപടി ക്രമങ്ങളുടെ ഭാഗമാണ്. മുസ്ലിംങ്ങളെ സംബന്ധിച്ചേടത്തോളം റമദാന്‍ മാസത്തിലെ വൃതാനുഷ്ടാനവും അതുപോലെയാണ്. ശാരീരികമായും ആത്മീയമായും മാനസികമായും ബൗദ്ധികമായും കരുത്തരാക്കുന്ന പരിശീലന മാസമാണ് റമദാന്‍. വിശ്വാസികളെ എല്ലാ തലത്തിലും ശാക്തീകരിക്കാനുള്ള തീവ്രമായ യജ്ഞമാണ് റമദാനില്‍ നടക്കുന്നത്. കുതിരയെ പരിശീലിപ്പിക്കുന്നതിനാണ് അറബിയില്‍ സൗമ് എന്ന വാക്ക് ഉപയോഗിക്കാറുള്ളത്. അതേ പദം തന്നെയാണ് വൃതത്തിനും ഉപയോഗിച്ചിരിക്കുന്നു എന്നത് യാദൃശ്ചികമാവാന്‍ ഇടയില്ല.

ഒരു ബലൂണിന്‍റെ അകത്ത് നിറക്കുന്ന രാസ പദാര്‍ത്ഥമാണല്ലോ അതിനെ ഉയരങ്ങളിലേക്ക് പോകാന്‍ സഹായിക്കുന്നത്. ബലൂണിന്‍റെ വര്‍ണ്ണങ്ങള്‍ക്കോ ആകൃതിക്കോ അതില്‍ യാതൊരു സ്വാധീനവുമില്ല. അത്പോലെയാണ് വ്യക്തിയെ ഉന്നതിയിലേക്ക് എത്തിക്കുന്നത് അവരുടെ അന്തരാളത്തിലുള്ള തഖ് വ ബോധമാണ്. ഖുര്‍ആന്‍ പറയുന്നു: ……..അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാണ്; തീര്‍ച്ച. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു. 49:13 തഖ്വ ബോധമില്ലായ്മയാണ് നമ്മുടെ പരാജയത്തിന് യഥാര്‍ത്ഥ കാരണം.

Also read: ഇന്ത്യ നിർമ്മിച്ചെടുത്തത് ഇസ് ലാമും മുസ് ലിംകളും കൂടി ചേർന്നാണ്

തഖ് വ ബോധം ആര്‍ജ്ജിക്കലാണ് ഇസ്ലാമിലെ എല്ലാ ആരാധനകളുടേയും ലക്ഷ്യമെങ്കില്‍, വൃതാനുഷ്ടാനത്തിന്‍റെ പരമ ലക്ഷ്യമായി പ്രത്യേകം പറഞ്ഞതും തഖ് വ ബോധമാണ്. ഖുര്‍ആന്‍ പറയുന്നു: സത്യവിശ്വാസികളെ! നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയത് പോലെ നിങ്ങള്‍ക്കും നിര്‍ബന്ധമാക്കിയിരിക്കുന്നു.നിങ്ങള്‍ ദൈവഭക്തിയുള്ളവരായേക്കാം (2:182). തഖ് വ എന്താണെന്ന് വളരെ ലളിതമായ അലി (റ) വിവരിച്ചത് ഇങ്ങനെ: അല്ലാഹുവിനെ കുറിച്ച ഭയം ഉണ്ടാവുക. ഖുര്‍ആനും സുന്നത്തും അനുസരിച്ച് ജീവിക്കുക. കുറഞ്ഞ വിഭവങ്ങള്‍ കൊണ്ട് സംതൃപ്തനാവുക. അന്ത്യയാത്രക്കായി തയ്യാറെടുക്കുക.

ശാരീരിക ശാക്തീകരണം
ശാരീരിക ശാക്തീകരണം ഇസ്ലാം പ്രത്യേകം ഊന്നല്‍ നല്‍കിയ കാര്യമാണ്. ശരീരത്തെ അവഗണിക്കുകയും ആത്മാവിനെ പോഷിപ്പിക്കുകയും ചെയ്യുന്ന ഒരു കേവല ആത്മീയ സരണിയുടെ പേരല്ല ഇസ്ലാം. ശക്തനായ വിശ്വാസിയാണ് ദുര്‍ബലനായ വിശ്വാസിയെക്കാള്‍ അല്ലാഹുവിങ്കല്‍ ഉത്തമനും സ്വീകാര്യനുമെന്ന് പ്രവാചകന്‍ അരുളുകയുണ്ടായി. നോമ്പ് നോക്കു ആരോഗ്യവാനാകൂ എന്ന നബി വചനം വൃതാനുഷ്ടാനത്തിലൂടെ കരുത്തനാവാം എന്ന് ഉണര്‍ത്തുന്നു.

വൃതാനുഷ്ടാനത്തിലൂടെ ആരോഗ്യം പുഷ്ടിപ്പെടുമെന്ന് ആധുനിക വൈദ്യ ശാസ്ത്രം സംശയമില്ലാത്ത വിധം തെളിയിച്ചിരിക്കുകയാണ്. രക്തസഞ്ചാരം, ദഹനം, ഉദര സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവക്കെല്ലാം വൃതം നല്ലൊരു ചികില്‍സാ മാര്‍ഗ്ഗമാണ്. ഇസ്ലാമിലെ ഉപവാസ രീതി നല്ലൊരു ചികില്‍സ രീതിയാണെന്ന് വിശ്വസിച്ച് സഹോദര സമുദായ അംഗങ്ങള്‍ പോലും വൃതമനുഷ്ടിക്കുന്ന പതിവ് ഇന്ന് മുമ്പെന്നത്തെക്കാള്‍ വര്‍ധിച്ചിരിക്കുകയാണ്.കൂടാതെ വൃതം നമ്മുടെ ശരീരത്തിലെ വിശാംഷങ്ങള്‍ ഇല്ലാതാക്കി പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നുതോടപ്പം പൊണ്ണത്തടി ഇല്ലാതാക്കുന്നു. ആമാശയങ്ങള്‍ ഉള്‍പ്പടെയുള്ള നമ്മുടെ അവയവങ്ങള്‍ക്ക് വിശ്രമം ലഭിക്കുന്നു.

ആത്മീയ ശാക്തീകരണം

മനസ്സിലെ പാപത്തിന്‍റെ കറ എന്നെന്നേക്കുമായി ഇല്ലാതാക്കാന്‍ റമദാനിലെ വൃതാനുഷ്ടാനവും മറ്റു കര്‍മ്മങ്ങളും സഹായിക്കുമെന്ന് നബി (സ) അരുളുകയുണ്ടായി. വിശ്വാസത്തോടും സ്വയം വിചാരണയോടും കൂടി റമദാനില്‍ വൃതമനുഷ്ടിച്ചാല്‍ അയാളുടെ പൂര്‍വ്വകാല തെറ്റുകള്‍ അല്ലാഹു പൊറുത്ത് കൊടുക്കും. രാത്രയിലെ നമസ്കാരത്തെ കുറിച്ച് നബി പറഞ്ഞത് ഇങ്ങനെ: വിശ്വാസത്തോടും സ്വയം വിചാരണയോടും കൂടി റമദാനില്‍ രാത്രി നമസ്കാരം നിര്‍വ്വഹിച്ചാല്‍ അയാളുടെ പൂര്‍വ്വകാല തെറ്റുകള്‍ അല്ലാഹു പൊറുത്ത് കൊടുക്കും.

ആത്മീയമായ ശക്തി ആര്‍ജ്ജിക്കാനുള്ള ഏറ്റവും നല്ല വഴികളാണ് റമദാനിലെ വൃതാനുഷ്ടാനവും മറ്റു ധാരാളം കര്‍മ്മളുമെന്ന കാര്യത്തില്‍ സംശയമില്ല. നിശ്കളങ്കമായ പ്രാര്‍ത്ഥനയിലൂടെയും തൗബ, ഇസ്തിഗ്ഫാര്‍ എന്നിവയിലൂടെയും നമ്മുടെ ആത്മീയ ശാക്തീകരണത്തിന് വഴിവെക്കും.

Also read: ആമിന: ഭരണമികവിന്റെ ആഫ്രിക്കൻ പെൺഗാഥ

ബൗദ്ധികമായ ശാക്തീകരണം
വിശ്വാസികളെ ബൗദ്ധികമായി ശാക്തീകരിക്കാന്‍ പര്യപ്തമാണ് റമദാനിലെ വൃതാനുഷ്ടാനം. അമിതമായ ഉപഭോഗത്വര മനുഷ്യനെ നിഷ്ക്രിയനും നിരുല്‍സാഹിയുമാക്കുമ്പോള്‍, ഉപവാസം ബുദ്ധിയെ ചടുലമാക്കുകയാണ് ചെയ്യുക. മനുഷ്യ ബുദ്ധിയെ ശാക്തീകരിക്കാനുള്ള ഏറ്റവും നല്ല ഔഷധമാണ് വായന. റമദാനില്‍ അവതീര്‍ണ്ണമായ ഖുര്‍ആന്‍റെ പ്രഥമ ആഹ്വാനം തന്നെ വായിക്കുക എന്നാണ്. ആ ആഹ്വാനം ചെവികൊണ്ട് പ്രവര്‍ത്തിച്ചതിന്‍റെ ഫലമായിരുന്നു മധ്യകാലത്തെ മുസ്ലിം ലോകത്തെ ശാസ്ത്ര പുരോഗതിയുടെ നിദാനമെന്ന് നിഷ്പക്ഷമതികളായ എല്ലാവരും അംഗീകരിക്കുന്നു.

റമദാന്‍ ഖുര്‍ആന്‍ ധാരാളമായി പരായണം ചെയ്യുകയും അതിനെ കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നത് നമ്മെ ബൗദ്ധികമായി ഉന്നതിയിലത്തൊന്‍ സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഖുര്‍ആനില്‍ നിന്നും അത് പ്രചോദിപ്പിക്കുന്ന വൈജ്ഞാനിക പ്രചോദനങ്ങളില്‍ നിന്നും നാം അകന്നതാണ് നമ്മുടെ അധ:പതനത്തിന്‍റെ യഥാര്‍ത്ഥ കാരണം. റമദാനില്‍ ഖുര്‍ആനിലേക്ക് മടങ്ങുന്നതിലൂടെ നമ്മുടെ ബൗദ്ധിക ശാക്തീകരണത്തിന് വഴിവെക്കുകയാണ് ചെയ്യുക.

മാനസികമായ ശാക്തീകരണം
മനുഷ്യന്‍റെ മാനസിക കാര്യങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രധാന്യം നല്‍കിയ മതമാണ് ഇസ്ലാം. മനസ്സുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങള്‍ ഖുര്‍ആനിലും നബി വചനങ്ങളിലും ധാരാളമായി കാണാം.നഇഛകളെ നിയന്ത്രിച്ച് മനസ്സിനെ ശരിയായ രൂപത്തില്‍ പരിശീലിപ്പിക്കാന്‍ വൃതാനുഷടാനം പോലെ മറ്റൊരു ആരാധനയും ഇല്ല. ഒരു കാര്യം തുടര്‍ച്ചയായി 21 ദിവസം ആവര്‍ത്തിച്ചാല്‍ അത് ഉപബോധമനസ്സില്‍ പതിയും നമ്മുടെ ജീവിതചര്യയുടെ ഭാഗമായിത്തീരുമെന്ന് മന:ശ്ശാസ്ത്രം പഠിപ്പിക്കുന്നു. മുപ്പത് ദിവസത്തെ റമദാനിലെ പരിശീലനത്തിലൂടെ ആര്‍ജ്ജിക്കുന്ന നല്ല കാര്യങ്ങള്‍ ജീവിതചര്യയുടെ ഭാഗമാകുന്നത് നമ്മെ മാനസികമായി കരുത്തരാക്കാന്‍ പ്രാപ്തമാക്കുന്നു. നോമ്പിലൂടെ നാം ആര്‍ജ്ജിക്കുന്ന തഖ്വ കുടികൊള്ളുന്നത് ഹൃദയത്തിലാണെന്ന് അവിടെ ചൂണ്ടികാണിച്ച് മൂന്ന് പ്രാവിശ്യം അരുളിയത് മനസ്സിന്‍റെ അപാരമായ ശക്തി വിശേഷത്തെയാണ് സൂചിപ്പിക്കുന്നത്.

Also read: ഖിയാമുന്നഹാർ അഥവാ പകൽ നമസ്കാരങ്ങൾ

ചുരുക്കത്തില്‍ ഇങ്ങനെ എല്ലാ അര്‍ത്ഥത്തിലും ശാക്തീകരിക്കാള്ള ഏറ്റവും നല്ല ആരാധനയാണ് വൃതാനുഷ്ടാനം. അതിന് ലഭിച്ച ഈ അസുലഭ സന്ദര്‍ഭം പരമാവധി ആസൂത്രണത്തോടെ ഉപയോഗപ്പെടുത്തുന്നതിലാണ് നമ്മുടെ ശാക്തീകരണം നിലകൊള്ളുന്നത്. ഉറക്കിലും ആലസ്യത്തിലും ഭക്ഷണ വിഭവങ്ങളിലും മാത്രമായി റമദാനിലെ ഈ അമൂല്യ സമയം പാഴാക്കിയാല്‍ ഇഹലോകത്ത് മാത്രമല്ല നാളെ പരലോകത്തും വിജയിക്കാന്‍ സാധിക്കുകയില്ല. മുകളില്‍ സൂചിപ്പിച്ച നമ്മുടെ ശാക്തീകരണത്തിന്‍റെ നാല് ഘടകങ്ങളേയും സമന്വയിപ്പിച്ച് കൊണ്ടുള്ള ഒരു കര്‍മ്മ പരിപാടിയുമായി നമുക്ക് ഈ റമദാനില്‍ മുന്നോട്ട് പോകാം.

Related Articles