Current Date

Search
Close this search box.
Search
Close this search box.

വ്രതം : സ്ഥൂലവും സൂക്ഷ്മവും

ആശ്രമത്തിൽ ചേരാനായി ചെന്ന ചെറുപ്പക്കാരനോട് ഗുരു പറഞ്ഞത് സദസ്സിന് കൗതുകമുണർത്തി : “നീ ഇരുനാഴിക ദൂരത്തിലുള്ള കാട്ടിലേക്ക് പോവുക, അവിടത്തെ മൂന്നുമാസത്തെ വനവാസത്തിന്‌ ശേഷമാണ് നിന്റെ ഈ ആശ്രമത്തിലെ ശിഷ്യത്വം” ഒന്നും മിണ്ടാതെ ,വിജ്ഞാന ദാഹിയായ ആ ചെറുപ്പക്കാരൻ അവിടെ നിന്നിറങ്ങി അപ്പോൾ തന്നെ വെച്ചു പിടിച്ചു , സന്ധ്യയോടെ കാടെത്തി.

മൂന്നുമാസത്തെ വനവാസത്തിന് ശേഷം വളരെ പ്രതീക്ഷയോടെ ആശ്രമത്തിൽ തിരിച്ചെത്തിയ ചെറുപ്പക്കാരനോട് ഗുരു ഒരൊറ്റക്കാര്യമേ ചോദിച്ചുള്ളൂ : “എന്താണ് നീ അവിടെ കണ്ടത് “? അയാൾ വാചാലനായി : “പക്ഷികളെ കണ്ടു , മൃഗങ്ങളെ കണ്ടു , മലയും പൂക്കളും കണ്ടു ”

കേട്ട ഗുരു യാതൊരു ഭാവ വ്യത്യാസവുമില്ലാതെ പറഞ്ഞു: “താൻ തിരിച്ചു പോവുക, നീ  ഇവിടെ വിവരിച്ചതൊന്നും കാണാൻ മൂന്നുമാസം വേണ്ട, അടുത്ത മൂന്നു മാസം കൂടി അതേ കാട്ടിലേക്ക് തന്നെ പോവുക, എന്നാലെ എന്റെ ശിഷ്യത്വം നിനക്ക് സാധ്യമാവൂ ”

മനസ്സില്ലാ മനസ്സോടെ മഹാനവർകളുടെ ശിഷ്യത്വം മോഹിച്ച് നിരാശനായി അയാൾ വേച്ചുവേച്ചു അതേ കാട് ലക്ഷ്യമാക്കി നടന്നു. പാതിരാവേറെ കഴിഞ്ഞാണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്. ഗുരു നിർദ്ദേശിച്ച ശക്തമായ മൂന്നു മാസത്തെ പരിവ്രാജകത്വത്തിന് ശേഷം വീണ്ടും പ്രതീക്ഷയോടെ ഗുരുമുഖത്തെത്തി, ഗുരു അതേ ചോദ്യം ആവർത്തിച്ചു : എന്താണ് നീ അവിടെ കണ്ടത്.
ശിഷ്യൻ ബഹുമാനപുരസ്സരം ഉത്തരം നല്കി:

Also read: വ്യക്തിത്വരൂപീകരണത്തിൽ ആദരവിനുള്ള സ്ഥാനം

“കളകളാരവം മുഴക്കി ഒഴുകുന്ന നിർമലമായ കൊച്ചരുവിയുടെ തീരത്താണ് ഞാൻ താമസിച്ചത്, കാറ്റിന്റെ മർമ്മരം ആസ്വദിച്ചാണ് ഞാനുറങ്ങിയിരുന്നത്. അനന്തതയിൽ നക്ഷത്രങ്ങൾ പുഞ്ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നത്. ഹിംസ്രജന്തുക്കൾ പോലും മുരളുന്നത് സംഗീതാത്മകമായാണെന്ന് ബോധ്യപ്പെട്ടു. സൂര്യൻ ഉദിക്കുന്ന സൗന്ദര്യം ഞാനറിഞ്ഞു. പൂവുകൾ വിരിയുന്ന ശബ്ദം ഞാൻ കേട്ടു , ഇലകൾ വീഴുന്നതും മഞ്ഞുകണങ്ങൾ വീഴാത്ത ദളങ്ങളിൽ പതിക്കുന്നതും എന്റെ ശ്രദ്ധയിൽ പെട്ടു ” ഗുരുവിന് സന്തോഷമായി, അദ്ദേഹം പറഞ്ഞു: താങ്കൾ ഇപ്പോഴാണ് എന്റെ ആശ്രമത്തിൽ ചേരാനുള്ള യോഗ്യത നേടിയത്.

ഈ കഥയിലെ ആദ്യ മൂന്നുമാസങ്ങളിലെ വനവാസം ഒന്നും അയാൾക്ക് നല്കിയില്ലായെന്നും അതി സൂക്ഷ്മ സന്യാസം കൊണ്ടേ വനവാസം കൊണ്ട് കാര്യമുള്ളൂവെന്നുമാണ് ഗുരു തന്റെ ശിഷ്യനോട് പറയാതെ പറഞ്ഞത്.

കഴിഞ്ഞ് പോയ റമദാനുകൾ ആ ശിഷ്യന്റെ ആദ്യഘട്ട വനവാസം പോലെയാണെന്ന് നമുക്ക് തോന്നുന്നുവെങ്കിൽ ഈ റമദാൻ നമ്മുടെ ജീവിതത്തിലെ അവസാന റമദാനാണെന്ന് സങ്കൽപ്പിച്ച് കർമ്മങ്ങൾ ചെയ്തു നോക്കൂ. അതി സൂക്ഷ്മമായ രണ്ടാം ഘട്ട വനവാസം നമുക്കും അനുഭവിക്കാം. മിതഭാഷണം , മിതഭക്ഷണം, മിതനിദ്ര എന്നിവയിലൂടെ മാത്രമേ വ്രതശുദ്ധിയുടെ പൂർണതയിൽ നമുക്കെത്താൻ കഴിയുമെന്ന് തിരിച്ചറിയുക. ഉമർ (റ) പറഞ്ഞ പോലെ ഇന്നലേയേക്കാൾ നല്ല ഒരിന്നും ഇന്നിനേക്കാൾ നല്ല നാളേയും സൃഷ്ടിച്ചെടുക്കാൻ നമുക്കാവണം, അതിനുള്ള ഉതവി നാഥനോട് തേടണം

اللهم اجعل يومنا خيراً من أمسنا، واجعل غدنا خيراً من يومنا،
താഴെ പറയുന്ന അസർ നമ്മുടെ ശ്രദ്ധയിലുണ്ടാവണം
(من استوى يوماه فهو مغبون، ومن كان آخِر يوميه شرًّا فهو ملعون)
കഴിഞ്ഞ നോമ്പ് പോലെ യാന്ത്രികമായ നോമ്പാണെങ്കിൽ നഷ്ടക്കച്ചവടമാണെന്നും ലോക്ക് ഡൗണിന് മുമ്പുള്ളതിനേക്കാൾ ആത്മീയ ദാരിദ്ര്യമുള്ള ജീവിതമാണ് ഈ റമദാനിലെങ്കിൽ നാം അഭിശപ്തരാണെന്നും നാം തിരിച്ചറിയുക.
ഈ നോമ്പിലെ ഓരോ സെക്കന്റുകളേയും അതി സൂക്ഷ്മമായി (Micro – level ശ്രദ്ധ ) ചിലവഴിക്കാൻ നാഥൻ തുണക്കട്ടെ .
آمين ثم آمين

Related Articles