Your Voice

ഭക്തിയും ചികിത്സയും

“തങ്ങള്‍ക്ക് അനുവദനീയമായതെന്താണെന്ന് ജനം നിന്നോട് ചോദിക്കുന്നുവല്ലോ. പറയുക: ‘നല്ല വസ്തുക്കളെല്ലാം അനുവദിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു നല്‍കിയ അറിവു പ്രകാരം നിങ്ങള്‍ പരിശീലിപ്പിച്ച വേട്ടമൃഗങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി പിടിച്ചുതരുന്നതും ഭക്ഷിക്കാവുന്നതാണ്. എന്നാല്‍, അതിന്മേല്‍ നിങ്ങള്‍ ദൈവനാമം ഉരുവിടേണ്ടതുണ്ട്. അല്ലാഹുവിന്റെ നിയമങ്ങള്‍ ലംഘിക്കുന്നതിനെ ഭയപ്പെടുവിന്‍. അല്ലാഹു അതിവേഗം വിചാരണ ചെയ്യുന്നവനാകുന്നു.'” ഭകഷൻ ക്രമവുമായി ബന്ധപ്പെട്ട ഖുർആന്റെ നിർദ്ദേശമാണ് മുകളിൽ. പരിശീലിപ്പിച്ച വേട്ട മൃഗങ്ങൾ യജമാനന് വേണ്ടി വേട്ടയാടിയതും അനുവദനീയമാണ്. ഈ വചനത്തിന്റെ വിശദീകരണത്തിൽ ഇങ്ങിനെ വായിക്കാം ” നായ, നരി, പരുന്ത്, പ്രാപിടിയന്‍ മുതലായി മനുഷ്യന്‍ ശിക്കാറിനുപയോഗിക്കുന്ന മൃഗങ്ങളും പക്ഷികളുമാകുന്നു ഇതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. പരിശീലിപ്പിച്ച നായാട്ടു ജീവികളുടെ സവിശേഷത ഇതാണ്: സാധാരണ ഹിംസ്രമൃഗങ്ങളെപ്പോലെ അവ ഉരുവിനെ പിടിച്ചു തിന്നുകയില്ല. ഉടമസ്ഥനുവേണ്ടിയായിരിക്കും അവ ഉരുവിനെ പിടിക്കുന്നത്. ഇക്കാരണത്താല്‍ സാധാരണ മൃഗങ്ങള്‍ പിടിച്ചുകീറിയ ജീവികള്‍ ഹറാമും പരിശീലിപ്പിച്ച വേട്ടമൃഗങ്ങള്‍ പിടിച്ച ഉരു ഹലാലുമാണ്.” ഇവിടെ പറഞ്ഞ ജീവികളിൽ വേട്ട പഠിപ്പിച്ചതും പേടിപ്പിക്കാത്തതും തമ്മിൽ ജൈവപരമായ വ്യത്യാസമില്ല. വ്യത്യാസം ഒരു കൂട്ടർ വിവരമുള്ളവരാണ് എന്നത് മാത്രമാണ്.

അപ്പോൾ വിവരം മനുഷ്യരുടെ മാത്രമല്ല മറ്റു ജീവികളുടെയും അവസ്ഥ ഉയർത്തും. അല്ലെങ്കിൽ വിവരമുള്ളവർ മാത്രമേ അതിനു അർഹമായ ജോലി ചെയ്യാൻ പാടുള്ളൂ. ഒരു പണ്ഡിതന്റെ ജോലി പാമരനും ചെയ്യാൻ കഴിയില്ല. ആശാരിയുടെ ജോലി കൊല്ലനും ചെയ്യാൻ കഴിയില്ല. പക്ഷെ നമ്മുടെ നാട്ടിൽ ചികിത്സക്ക് മാത്രം ഈ വിധികൾ പലപ്പോഴത്തെ ബാധകമാകുന്നില്ല. മനുഷ്യ ശരീരത്തെ കുറിച്ച് പഠിച്ചവർക്കേ അതിനു ചികിത്സ നിശ്ചയിക്കാൻ കഴിയൂ. എന്നിട്ടും വിശ്വാസികൾ ചികിത്സക്കായി അനർഹരെ സമീപിക്കുന്നു. മറ്റൊരു കാര്യം കേരളം പോലുള്ള സാക്ഷരതയുള്ള സംസ്ഥാനങ്ങളിൽ പോലും ചികിത്സ മാഫിയ വലിയ സ്വാധീനം ചെലുത്തുന്നു. അള്ളാഹു ഒരു രോഗവും ഇറക്കിയിട്ടില്ല അതിനു പരിഹാരമില്ലാതെ എന്നാണ് ആ വിഷയത്തിലെ പ്രവാചക വചനം. ചികിത്സ ഇല്ലെന്നു പ്രവാചകൻ പറഞ്ഞ ഏക കാര്യം വാർദ്ധക്യം എന്നതായിരുന്നു. രോഗത്തിനുള്ള മരുന്നുകൾ കണ്ടെത്തുക എന്നതാണ് പഠനത്തിലൂടെ അർത്ഥമാക്കുന്നത്.

ഒരു കാലത്തു മുസ്ലിം ലോകത്തു വൈദ്യ ശാസ്ത്രം മുന്നിട്ടു നിന്നിരുന്നു. പ്രത്യേകിച്ച് അബ്ബാസി ഭരണ കൂടത്തിന്റെ ആദ്യ നാളുകളിൽ. ക്രി.വ. 980 ൽ ജനിച്ച പ്രശസ്തനായ തത്ത്വചിന്തകനും വൈദ്യനുമായിരുന്നു ഇബ്നു സീന വൈദ്യ ശാസ്ത്ര രംഗത്തു നാല്പതോളം ഗ്രന്തങ്ങൾ രചിച്ചിട്ടുണ്ട്. ശരീരശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് സഹായിച്ച ശാസ്ത്രീയമായ പരീക്ഷണങ്ങൾക്കും പരിണാമങ്ങൾക്കും തുടക്കമിട്ടത്, സാംക്രമികരോഗങ്ങളുടെ പകരുന്ന സ്വഭാവം നിർണ്ണയിച്ചത്, സാംക്രമികരോഗം ബാധിച്ചവർ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ നിർദ്ദേശിച്ചത്, ഔഷധങ്ങളുടെ പരീക്ഷണം, സ്ഥിരീകരിക്കപ്പെട്ട ഔഷധങ്ങളുടെ പരിചയപ്പെടുത്തൽ, ചികിൽസാരീതികളുടെ നിർദ്ദേശങ്ങൾ, ക്രമരഹിതമായ നിയന്ത്രിത പരീക്ഷണങ്ങൾ, ഫലപ്രാപ്തി നിർദ്ധാരണങ്ങൾ, ചികിൽസാലയ ഔഷധശാസ്ത്രം നാഡീ-മനോരോഗശാസ്ത്രം, അപകട ഘടകങ്ങളുടെ നിർദ്ധാരണം, രോഗലക്ഷണളുടെ വിവരണം, പഥ്യത്തിന്റെ പ്രാധാന്യം, കാലാവസ്ഥ, ചുറ്റുപാടുകൾ തുടങ്ങിയവ മനുഷ്യന്റെ ആരോഗ്യത്തിൽ ചെലുത്തുന്ന സ്വാധീനം വെളിപ്പെടുത്തുക തുടങ്ങിയ നിരവധി വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ കാരണമാണ്‌ വൈദ്യശാസ്ത്രത്തിന്റെ പിതാവായി ഇബ്നു സീനയെ വിശേഷിപ്പിക്കപ്പെടുന്നത്.

എട്ട്, ഒമ്പത് നൂറ്റാണ്ടുകളിൽ അബൂബക്കര്‍ റാസി, ഇബ്‌നു രിള്‌വാന്‍, ഇബ്‌നു മിസ്‌കവൈഹി തുടങ്ങി ഒട്ടനവധി ഭിഷഗ്വരന്‍മാരെ ഇസ്‌ലാം ലോക സമക്ഷം അവതരിപ്പിക്കുകയുണ്ടായി. അഉ.850 നും 932 നും ഇടയിലായി അബൂബക്കര്‍ അല്‍ റാസി വൈദ്യ ശാസ്ത്രത്തില്‍ മാത്രം 52 ഗ്രന്ഥങ്ങള്‍ രചിക്കുകയുണ്ടായി.അജ്ഞാതമായിരുന്ന പല രോഗങ്ങളും മുസ്‌ലിം ഭിഷഗ്വരന്‍മാര്‍ വിദഗ്ദമായ പരിശോധനകളിലൂടെ കണ്ടു പിടിക്കുകയും അവക്ക് അനുയോജ്യമായ ചികിത്സാമുറകള്‍ നിര്‍ദേശിക്കുകയും ചെയ്തു. രോഗം ബാധിച്ച അവയവങ്ങള്‍ക്കു പുറമെ അവര്‍ രോഗിയുടെ ശരീരം മുഴുവനും പരിശോധനാ വിധേയമാക്കുകയും ചെയ്തിരുന്നു.കൂടാതെ അവരുടെ മാതാപിതാക്കളുടെ രോഗങ്ങളും ശ്രവണ നേത്ര കഴിവുകളും പരിശോധിക്കുകയും അവ രേഖപ്പെടുത്തി ഫയലില്‍ സൂക്ഷിക്കുകയും ചെയ്തിരുന്നുവത്രെ. ചികിത്സാമുറകള്‍ എങ്ങനെയായിരിക്കണമെന്നും രോഗിയുമായി എങ്ങനെ പെരുമാറണമെന്നും എന്ന് തുടങ്ങി ഇബ്‌നു രിള്‌വാന്‍ തന്റെ ശിഷ്യഗണങ്ങള്‍ക്ക് നല്‍കിയിരുന്ന ഉപദേശങ്ങള്‍ വൈദ്യ ചികിത്സാ രംഗത്ത് ഇന്നും പ്രശസ്തമാണ്.

വ്യവസായ വിപ്ലവത്തിലൂടെ യൂറോപ്പ് മുന്നോട്ടു നടന്നപ്പോൾ അതിനൊപ്പം നടക്കാൻ മുസ്ലിം ലോകത്തിനു കഴിഞ്ഞില്ല. പിന്നെ അവർ ഉണ്ടാക്കുന്നവരും മുസ്ലിം ലോകം അത് അനുഭവിക്കുന്നവരുമായി. കാര്യമായ ഒരു സംഭാവനയും മുസ്ലിം ലോകത്തിന്റെ ഭാഗത്തു നിന്നും ശാസ്ത്ര രംഗത്തു നാം കണ്ടില്ല. പ്രത്യേകിച്ച് വൈദ്യ രംഗത്തും. പ്രവാചക ചികിത്സ എന്നത് ഒരു ഇസ്‌ലാമിക ചികിത്സ എന്ന രീതിയിലേക്ക് മനസ്സിലാക്കപ്പെട്ടു. പ്രവാചകൻ താൻ ജീവിക്കുന്ന നാട്ടിലെ ചികിത്സ രീതികൾ പിന്തുടർന്നു. പ്രവാചക കാലത്തും അറേബിയയിൽ ചികിത്സ പ്രാവീണ്യം നേടിയവർ ഉണ്ടായിരുന്നു. അവരുടെ ചികിത്സ രീതികളിൽ പ്രവാചകൻ ഇടപെട്ടതായി അറിയില്ല. പ്രവാചകൻ തന്നെ അസുഖത്തിന് മരുന്ന് കഴിച്ചിരുന്നു.

ഒരു കാലത്തു ലോകത്തു തന്നെ വൈദ്യ ശാസ്ത്ര ശാഖക്ക് വെളിച്ചവും വെള്ളവും നൽകിയവർ ആധുനിക കാലത്തു പ്രവാചക ചികിത്സ രീതി അല്ലെങ്കിൽ ഇസ്‌ലാമിക ചികിത്സാ രീതി എന്ന പേരിൽ ഹിജാമയിലും മന്ത്രത്തിലും മാത്രം ഒതുങ്ങി. ഹിജാമഃ ഇസ്‌ലാമിക ചികിത്സ രീതി എന്നതിനേക്കാൾ അതൊരു അറേബ്യാൻ രീതിയാണ്. ഇന്ന് ഭക്തിയും ചികിത്സയും കൂട്ടിക്കുഴച്ചാണ് പലരും ചികിത്സ നടത്തുന്നത്. മനുഷ്യ ശരീരത്തെ കുറിച്ച അവരുടെ അറിവുകൾ തീർത്തും പൂജ്യമാകും. പ്രവാചകന്റെ കാലത്തു തന്നെ ചികിത്സ വിഭാഗം ഉണ്ടന്നിരിക്കെ മരുന്നും അതിന്റെ ഭാഗമാണ്. കേവലം മന്ത്രം കൊണ്ട് മാത്രം അസുഖം മാറിയിരുന്നെങ്കിൽ പ്രവാചകൻ തന്നെ അത് നിര്വഹിക്കുമായിരുന്നു. ആരോഗ്യത്തെ അനുഗ്രഹമായി പ്രവാകൻ പഠിപ്പിച്ചിട്ടുണ്ട്. അത് കൊണ്ട് ആ അനുഗ്രഹത്തെ മാന്യമായി പരിചരിക്കൽ ബാധ്യതയാണ്.

ഭക്തിയും ചികിത്സയും ചേർത്താണ് പലപ്പോഴും ചികിത്സ. വലിയ അസുഖങ്ങൾ പോലും ഈ രീതിയിൽ നമ്മുടെ നാട്ടിൽ ചികില്സിക്കപ്പെടുന്നു. പാരമ്പര്യ ചികിത്സ എന്ന പേരിലാണ് കാര്യങ്ങൾ നടക്കാറ്. ഒരു ഭാഗത്തു ചികിത്സയുടെ പേരിൽ ആശുപത്രികൾ ലക്ഷങ്ങൾ തട്ടുമ്പോൾ പലരും നിസ്സഹായരായി പോകുന്നു. ആരോഗ്യത്തെ കുറിച്ച് ഇസ്ലാം നൽകിയ മുന്നറിയിപ്പുകൾ ധാരാളം. ഒരു കാലത്തു ലോകത്തിനു അത് പഠിപ്പിച്ച സമൂഹം ആരോഗ്യത്തെ കുറിച്ച് എങ്ങിനെ ചിന്തിക്കുന്നു എന്നതിന്റെ തെളിവാണ് നമ്മുടെ മുന്നിൽ പൊന്തി വരുന്ന പല തട്ടിപ്പു കേസുകളും. വ്യവാരമാണ് മനുഷ്യന്റെ അവസ്ഥ ഉയർത്തുക എന്ന ബോധം നമ്മിൽ നിന്നും മാറിപ്പോകാൻ പാടില്ല എന്ന് കൂടി ചേർത്ത് പറയണം.

Author
as
Facebook Comments
Show More
Close
Close