Current Date

Search
Close this search box.
Search
Close this search box.

വ്യാജപ്രചാരണങ്ങളുടെ പരീക്ഷണം സംഘപരിവാര്‍ തുടര്‍ന്നുകൊണ്ടേയിരിക്കും

ഏതാനും മാസങ്ങള്‍ക്ക് മുന്‍പായിരുന്നു വര്‍ക്കലയിലെ ഒരു മുസ്‌ലിം മാനേജ്‌മെന്റ് കോളേജില്‍ ഐ.എസ് കൊടിപാറി എന്നൊരു വാര്‍ത്തയുമായി സംഘ പരിവാര്‍ എത്തിയത്. അവിടെ വന്നത് ഭീകരനല്ല സലിം കുമാറായിരുന്നു എന്ന കാര്യം പുറത്തായപ്പോള്‍ അവര്‍ രംഗത്തും നിന്നും പതിയെ ഉള്‍വലിഞ്ഞു. ഇപ്പോള്‍ വീണ്ടും മറ്റൊരു കഥയുമായി അവര്‍ രംഗത്തു വന്നിരിക്കുകയാണ്. യു.പിയിലെ യോഗി സര്‍ക്കാരിന്റെ പിടിപ്പുകേടു കൊണ്ട് മരണം നേരില്‍ കണ്ട കുട്ടികളെ രക്ഷിച്ച ഡോ. കഫീല്‍ ഖാന്‍ പങ്കെടുത്ത കോഴിക്കോട് മെഡിക്കല്‍ കോളജിലെ പരിപാടിയിലെ രാജ്യദ്രോഹം അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് ഇപ്പോള്‍ സംഘ്പരിവാര്‍ രംഗത്തെത്തിയിരിക്കുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആ പരിപാടി നടത്തിയത് കോളേജ് വികസന സമിതിയാണ്. എന്നിട്ടും നുണയുടെ പുകമറ സൃഷ്ടിക്കാന്‍ അവര്‍ കാണിക്കുന്ന പ്രയത്‌നം അപാരം തന്നെ. കഴിഞ്ഞ തവണ കഫീല്‍ ഖാനെ നേരില്‍ കണ്ടപ്പോള്‍ തന്റെ പിറകില്‍ സര്‍ക്കാരും സംഘപരിവാറും എപ്പോഴുമുണ്ട് എന്ന കാര്യം അദ്ദേഹം പറഞ്ഞിരുന്നു. അതിനുള്ള കാരണവും അദ്ദേഹം പറഞ്ഞു. യു.പിയിലെ ശിശു മരണം ലോകം മുഴുവന്‍ വാര്‍ത്തയായിരുന്നു. ആ കണക്കു തീര്‍ക്കാന്‍ അവരിപ്പോഴും അവസരം കാത്തിരിക്കുന്നു.

കേരള കലാലയങ്ങളില്‍ സംഘ പരിവാര്‍ സംഘടനകള്‍ക്ക് കാര്യമായ ഇടം ലഭിച്ചിട്ടില്ല. മാന്യമായ രീതിയില്‍ അത് ലഭിക്കുമെന്ന് കരുതാനും വയ്യ. അതിനാല്‍ തന്നെ കേരളത്തിലെ കലാലയങ്ങളില്‍ ഇസ്‌ലാമിക തീവ്രവാദം കടന്നു കയറിയിരിക്കുന്നു എന്ന നുണ പ്രചരിപ്പിക്കലാണ് അവരുടെ ആവശ്യം. വളരെ സുതാര്യമായ രീതിയിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എല്ലാ പരിപാടികളും നടന്നത്. പരിപാടിയുടെ അടുത്ത ദിവസങ്ങളില്‍ കാര്യം കുത്തിപ്പൊക്കിയാല്‍ ആളുകള്‍ക്ക് നുണ പെട്ടെന്ന് ഓര്‍മ്മ വരും, അതെ സമയം കുറച്ചു മാസങ്ങള്‍ കഴിഞ്ഞാല്‍ ആളുകള്‍ സംഗതി മറക്കാനിടയുണ്ട്. ഈ തന്ത്രം പ്രയോഗിച്ച് നുണകള്‍ പ്രചരിപ്പിക്കുക എന്നതാണ് സംഘ് പരിവാറിന്റെ കുബുദ്ധി. പക്ഷെ സാക്ഷര കേരളം ആ നുണകള്‍ക്ക് വഴങ്ങില്ല എന്നുറപ്പാണ്. അവിടെയാണ് സംഘ്പരിവാര്‍ പരാജയപ്പെടുന്നതും.

ചരിത്രത്തെ വളച്ചൊടിക്കാന്‍ എളുപ്പമാണ്. അതാണ് അവര്‍ അയോധ്യയില്‍ ചെയ്തത്. അത് തന്നെയാണ് അവര്‍ ഇന്ത്യന്‍ ചരിത്രത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നതും. നുണയുടെ പേരില്‍ സത്യം മറച്ചു വെക്കാനുള്ള ശ്രമം എന്നെ ഇതിനെയൊക്കെ പറയാന്‍ കഴിയൂ. ശശി തരൂര്‍ എന്ന അറിയപ്പെടുന്ന ഒരാളുടെ ഭാര്യമാരുടെ കാര്യത്തില്‍ പോലും സംഘ പരിവാര്‍ നടത്തിയ കൃത്രിമം നാം കാണാതെ പോകരുത്. തെരഞ്ഞെടുപ്പ് അടുത്ത് വരികയാണ്. നുണകളുടെ വസന്ത കാലമാണ് ഇനി വരാനുള്ളത്. പൊതുജനം ജാഗ്രത കൈവിട്ടാല്‍ അതൊരു ദുരന്തമാകും. കഫീല്‍ ഖാന്‍ ബോംബ് അവര്‍ പരീക്ഷിച്ചു നോക്കുകയാണ്. അതിലൂടെ പലരെയും അവര്‍ ഭയപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. ഒരിക്കല്‍ കൂടി നാം ഉറക്കെ പറയണം. ‘ഇത് കേരളമാണ്’.

Related Articles