Your Voice

അനുഭവം സാക്ഷി…

കണ്ണുനീര്‍ മാത്രമല്ല കരളു പോലും പുറത്തേക്ക് തള്ളുന്ന അനുഭവങ്ങള്‍ക്ക് സാക്ഷിയാവാത്തവര്‍ കുറവായിരിക്കും. വിശേഷിപ്പിക്കാനോ വര്‍ഗീകരിക്കാനോ സൃഷ്ടിച്ച ആഘാതത്തിന്റെ തോത് നിക്ഷയിക്കാന്‍ പോലുമോ പറ്റാത്തത്ര കെട്ടിക്കുടുങ്ങിയും കെട്ടുപിണഞ്ഞും കിടക്കുന്നു അനുഭവങ്ങള്‍. ഒരേ സമയം കടലിന്റെ ആഴവും ഇരമ്പലുമായി കറുത്തിരുണ്ടു കട്ടപിടിച്ചതാണ് അനന്ത മജ്ഞാത അനുഭവ പ്രപഞ്ചം എന്ന് തന്നെ പറയാം.

അനുഭവത്തിന്റെ ആഘാതത്തില്‍ അന്ധാളിച്ചു പോവാത്തവരായി ആരാണുള്ളത്. കോടാനു കോടി പേനകളും അത്രയും മഷി കുപ്പികളും ആയിരകണക്കിന് വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന പദ്ധതികളായി പ്രവര്‍ത്തിച്ചു തീര്‍ത്താലും അനുഭവത്തിന്റെ വിശ്വവിജ്ഞാന കോശം എഴുതിതീരാതെ തന്നെ കിടക്കും. അനുഭവ പ്രപഞ്ചത്തില്‍ ഇനിയെത്ര തീ നാളങ്ങള്‍ ഉയരാനിരിക്കുന്നു.

കത്തി തീരാത്ത അനുഭവ പ്രപഞ്ചത്തെ ഊതി കെടുത്താന്‍ സമയം ലഭിക്കുന്നതിന് മുമ്പ് എത്രയെത്ര മനുഷ്യര്‍ കാലയവനികക്ക് പിന്നില്‍ ഒളിച്ചു കഴിഞ്ഞു. അനുഭവത്തിന്റെ പ്രകാശ ഗോപുരങ്ങള്‍ മാത്രം പുറത്തു വിട്ടുകൊണ്ടിരുന്നഅനുഭവത്തിന്റെ ഒരായിരം വേദന കലര്‍ന്ന സ്പുലിംഗങ്ങള്‍ പറയാതെ ബാക്കി വെച്ചു നമ്മെ വിട്ടു പിരിഞ്ഞ മലയാളത്തിന്റെ പ്രിയ കവയത്രി മാധവികുട്ടി പങ്കു വെച്ച ഒരു നെടുവീര്‍പ് ഇതാ.

വളരെ ചെറിയ കുട്ടിയായിരുന്ന കാലത്തു മാധവി കുട്ടിക്ക് അവരുടെ അമ്മൂമ്മയെ വലിയ ഇഷ്ടമായിരുന്നു. അക്കാലത്തു കൂടുതലൂം അമ്മൂമയെ മാത്രം ചുറ്റി കറങ്ങി. കൗമാര പ്രായത്തിലെത്തിയപ്പോള്‍ അഭിരുചികളും കൂട്ടുകെട്ടുകളും മാറി. അപ്പോഴാണ് ചിന്തിച്ചത്? അമ്മൂമ്മയോടുള്ള തന്റെ ഇഷ്ടത്തിന് എന്തായിരുന്നു കാരണം? അവരുടെ കൈവശ മുണ്ടായിരുന്ന കളിക്കോപ്പ് പെട്ടിയോടുള്ള ഇഷ്ടമായിരുന്നു അതിന്റെ പ്രചോദനം.

കൗമാര പ്രായത്തില്‍ എത്തിയപ്പോഴാണ് അബന്ധം ബോധ്യപ്പെട്ടത്. ഏതാനും കളിക്കോപ്പുകളില്‍ എന്തിരിക്കുന്നു? അതിന്റെ പേരില്‍ ഒരാളെ ഇത്രയധികം സ്‌നേഹിക്കുകയോ? കഷ്ടം തന്നെ. കൗമാരത്തില്‍ മരം ചുറ്റി പ്രേമത്തെ ആരാധിച്ചു കൊണ്ടിരുന്നു. മധ്യവയസ്സിലെത്തിയപ്പോള്‍ പക്ഷെ അമളി പറ്റിയതായി തോന്നി ലജ്ജിച്ചു. ഈ മരം ചുറ്റി പ്രേമത്തില്‍ എന്തിരിക്കുന്നു? മാധവിക്കുട്ടിയുടെ അനുഭവ ഭണ്ഡാരത്തിലെ ഒരേടാണ് വിവരിച്ചത്.

ഇത് ഒരാളുടെ ഒരേട് മാത്രം. മരണാസന്നനായ സുകുമാര്‍ അഴീക്കോടിനെ കൂട്ടികൊണ്ടുപോയി ശുശ്രൂഷിക്കാന്‍ തയ്യാറായി അദ്ദേഹത്തിന്റെ പഴയ കാമുകി വിലാസിനി ടീച്ചര്‍ വന്നിരുന്നത് നമ്മളെല്ലാം കാണുകയും വായിക്കുകയും ചെയ്തതാണ്. കേരളത്തിന്റെ മൊത്തം അനുഭവമായി അത് മാറി. സര്‍വരെയും ഒരു പോലെ ചിന്തിപ്പിക്കുകയും ദുഖിപ്പിക്കുകയും ചെയ്ത ഒരു തിക്താനുഭവമായി അത് ഇന്നും നിലകൊള്ളുന്നു.

നാലപ്പാട്ട് നാരായണ മേനോന്‍ ഇരുപത്തി മൂന്നാമത്തെ വയസ്സില്‍ മാധവിയമ്മയെ വിവാഹം കഴിച്ചു. അവരുടെ മരണം ഉളവാക്കിയ ദുഃഖം അടക്കാനാവാതെ കണ്ണുനീര്‍ത്തുള്ളി എന്ന വിലാപകാവ്യം രചിചു. ജീവിതം സമ്മാനിച്ച തിക്താനുഭവം സഹിക്കവയ്യാതെ നാരായണ മേനോന്‍ പാടി.

അനന്ത മജ്ഞാത മവര്‍ണനീയ
മീലോക ഗോളം തിരിയുന്ന മാര്‍ഗം
അതിലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മര്‍ത്യന്‍ കഥയെന്തു കണ്ടു

ഒരു കാലത്തു ഉറങ്ങാന്‍ ഇടമില്ലാതിരുന്ന സ്റ്റീവ് ജോബ്‌സ് ശത കോടികള്‍ സമ്പാദിച്ചു. അവസാനം കാന്‍സര്‍ ബാധിച്ചു അകാല മൃത്യു വരിച്ചു. ഇത്രയും എഴുതിയത് വ്യക്തികളുടെ അനുഭവങ്ങളാണ്. കാലങ്ങളായി ജനിച്ചു മരിച്ചു പോയ കോടാനു കോടി മനുഷ്യരില്‍ രണ്ടോ മൂന്നോ പേരുടെ മാത്രം കഥ.

അനുഭവം സാക്ഷി മാത്രമല്ല. വര്‍ഗീകരിക്കാനോ വിശേഷിപ്പിക്കാന്‍ പോലുമോ പറ്റാത്ത അത്രയും അതിഭീകരവും രക്തം ചീറ്റുന്നതുമാണ്. രാഷ്ട്രങ്ങള്‍ക്കുമുണ്ട് അനുഭവങ്ങള്‍. ലോകത്തു പല രാജ്യങ്ങളും സമ്പന്നതയില്‍ ആറാടുമ്പോള്‍ നമ്മുടേത് അടക്കം പല രാജ്യങ്ങളും പട്ടിണി തിന്നുകയാണ്. ഭക്ഷണവും ജീവിത സുരക്ഷിതത്വവും പ്രതീക്ഷിച്ചുള്ള നമ്മുടെ നാട്ടുകാരുടെ കാത്തിരിപ്പ് നൂറ്റാണ്ടുകളായി തുടരുകയാണ്. പട്ടിണിക്കും കഷ്ടപ്പാടുകള്‍ക്കും സാക്ഷിയായുള്ള ഈ നില്‍പ്പ് വല്ലാത്ത ഒരനുഭവം തന്നെ.

സര്‍വ സംഹാര ശേഷിയുള്ള ആയുധങ്ങളും കൂട്ടക്കൊലകളും അറുതി വരുത്തിയ ജനസമൂഹങ്ങള്‍ മറക്കാനാവാത്ത അനുഭവങ്ങളാണ്. വേദനകളെ ഉള്ളിലൊതുക്കിപിടിക്കുന്നതും അതിനാവാതെ പൊട്ടിത്തെറിക്കുന്നതും അനുഭവം തന്നെ. ഇനി മതി നമുക്ക് നിര്‍ത്താം. എല്ലാം മറക്കാം. വേദനകളെ കവിതകളാക്കി നമ്മെ പാടി ഉറക്കാന്‍ മാത്രം സര്‍ഗ്ഗ സിദ്ധിയുള്ള കവികള്‍ പിറക്കുന്നത് കാത്തിരിക്കാം. അതും ഒരനുഭവം തന്നെ.

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker