Current Date

Search
Close this search box.
Search
Close this search box.

കേരളത്തിൽ ലഭിച്ച മുപ്പത്തി രണ്ടു ലക്ഷം വോട്ടിനെക്കുറിച്ചും ആലോചിക്കണം

ആർ എസ് എസിന്റെ വംശഹത്യാ രാഷ്ട്രീയത്തിനു കേരളത്തിൽ ലഭിച്ച മുപ്പത്തി രണ്ടു ലക്ഷം വോട്ടിനെക്കുറിച്ചും മലയാളികളുടെ ഐ എസ് ഭീതിയെക്കുറിച്ചും നാം ആലോചിക്കണം. കാരണം എത്രത്തോളം വലിയ മുൻഗണനാ കുഴപ്പങ്ങളിലാണ് ഈ സമൂഹം ജീവിക്കുന്നതെന്നു മനസ്സിലാക്കാൻ അതു സഹായിക്കും. ആർ എസ് എസിനെ ശക്തിപ്പെടുത്തുന്ന ഇസ്ലാമോഫോബിയയുടെ രാഷ്ട്രീയം തന്നെയാണിത്.

ചിലപ്പോൾ വസ്തുതകൾ തന്നെ പഠിക്കേണ്ടി വരും. ഇറാഖ് – സിറിയൻ മേഖലയിൽ മൊത്തം ജനസംഖ്യ അഞ്ചരക്കോടിയാണ്. അവിടെ ഒരു ലക്ഷം വരുന്ന ഐ. എസുകാർ ഏകദേശം അഞ്ചു വർഷം ഒരു കോടി ജനങ്ങളുടെ മേലെ ആയുധം ഉപയോഗിച്ച് നിയന്ത്രണം ഏറ്റെടുത്തു. ജനങ്ങൾ അവരെ ബാലറ്റിലൂടെ പിന്തുണച്ചതല്ല. ആരും അവരെ സ്വമേധയാ ഭരണകൂടമായി അംഗീകരിച്ചിട്ടില്ല.

അമേരിക്കൻ അധിനിവേശവും ബഷാർ അസദിന്റെ സെക്കുലർ സമഗ്രാധിപത്യവും താറുമാറാക്കിയ ഒരു പ്രദേശത്തിനു മേൽ ബാധിച്ച ഒടുവിലത്തെ ദുരന്തമായിരുന്നു ഇസ്ലാമിന്റെ പേരിൽ നടന്ന പ്രതിഹിംസാവാദികളുടെ ഈ വിപ്ലവ പ്രഹസനം.

ഇതെഴുതുമ്പോൾ ഐ എസ് റ്റെറിറ്റോറിയലി പൂർണമായും തുടച്ചു മാറ്റപ്പെട്ടു. അവരുടെ ഇരകളും അന്തകരും ഭൂരിഭാഗവും മുസ്ലിംകൾ തന്നെയായിരുന്നു. ഈ പ്രക്രിയയിൽ ഏകദേശം നാലു ലക്ഷത്തി നാൽപതിനായിരം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറയുന്നത് ഇനിയും ഒളിച്ചു കഴിയുന്ന ഐ.എസ് മിലിറ്റൻസിന്റെ എണ്ണം ഏറിയാൽ പതിനെട്ടായിരമാണെന്നാണ്.

അതിനാൽ മൂന്നരക്കോടി മലയാളികളിൽ, വംശഹത്യ പ്രമാണമാക്കിയ ലക്ഷണമൊത്ത ഒരു ഫാസിസ്റ്റ് പ്രസ്ഥാനത്തെ ബാലറ്റിലൂടെ പിന്തുണച്ച, തിരുവനന്തപുരം മുതൽ കാസറഗോഡ് വരെയുള്ള, മുപ്പത്തിരണ്ടു ലക്ഷം ഫാസിസ്റ്റ് /വംശഹത്യാ പിന്തുണക്കാരുടെ നടുവിലിരുന്നുകൊണ്ട്, അങ്ങകലെ റഖയിലെ കുഗ്രാമത്തെക്കുറിച്ച് ചിന്തിച്ചു വ്യാകുലപ്പെടാൻ സമയം കണ്ടെത്തുന്ന ഈ സമൂഹത്തെക്കുറിച്ചും അതിന്റെ നീതിബോധത്തെക്കുറിച്ചും എനിക്ക് സന്ദേഹങ്ങളുണ്ടെന്നു പറഞ്ഞാൽ തെറ്റാവുമോ? അവരോടു സംസാരിക്കാവുന്ന ഒരു രാഷ്ട്രീയ ഭാഷയുണ്ടോ?

ജനാധിപത്യം, മതേതരത്വം, ലിംഗ രാഷ്ട്രീയം, ദേശ രാഷ്ട്രം, ഹിംസ, ജാതി, മതം, വർഗം, അന്താരാഷ്ട്ര സംഭവങ്ങൾ തുടങ്ങിയവ മുസ്ലിംങ്ങളുടെ സാഹചര്യത്തിൽ സവിശേഷമായി മനസ്സിലാക്കുന്നതിൽ കേരളത്തിലെ ഇടതും വലതും ഒരു പോലെ പരാജയപ്പെട്ടിരിക്കുന്നു. പ്രസ്തുത മേഖലയിൽ നിലനിൽക്കുന്ന ഇസ്ലാ മോഫോബിക് തീർപ്പുകൾ ഏറ്റവുമാദ്യവും ഏറ്റവുമധികവും സഹായിച്ചിരിക്കുക ആർ എസ് എസിന്റെ വംശഹത്യാ രാഷ്ട്രീയത്തെ തന്നെയാണ്.

Related Articles