Current Date

Search
Close this search box.
Search
Close this search box.

ഏറ്റവും വലിയ പിരമിഡിനുള്ളിൽ മറഞ്ഞിരിക്കുന്ന അറ കണ്ടെത്തിയതായി ഈജിപ്ത്

ഈജിപ്തിലെ 4,500 വർഷം പഴക്കമുള്ള ഖുഫു ( Khufu ) എന്ന പിരമിഡിനുള്ളിൽ മറഞ്ഞിരിക്കുന്ന ഒരു അറ കണ്ടെത്തിയതായി ഈജിപ്ഷ്യൻ പുരാവസ്തു അധികാരികൾ ഈയിടെ അറിയിക്കുകയുണ്ടായി. മുമ്പ് ചിയോപ്സ് ( Cheops ) പിരമിഡ് എന്നും ഗിസയിലെ ( Giza ) ഏറ്റവും വലിയ പിരമിഡ് എന്നും ഇതറിയപ്പെട്ടിരുന്നു.

സ്കാൻപിരമിഡ് പ്രോജക്ടിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തലിന് പിന്നിൽ. പ്രസ്തുത പ്രോജക്ടിലെ പുരാവസ്തു ഗവേഷകനായ സാഹി ഹവാസും ( Zahi Hawass ) ടൂറിസം മന്ത്രി അഹമ്മദ് ഈസയുമാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

2015-ൽ ആരംഭിച്ചതാണ് സ്കാൻ പിരമിഡ് പ്രോജക്ട്. പിരമിഡിന്റെ ഘടന പഠിക്കാൻ നോൺ-ഇൻവേസിവ് ഇൻഫ്രാറെഡ് തെർമോഗ്രഫി, അൾട്രാസൗണ്ട്, 3D സിമുലേഷനുകൾ, കോസ്മിക്-റേ റേഡിയോഗ്രാഫി എന്നിവ ഉപയോഗിച്ച് വിവിധതരം ഹൈടെക് ഉപകരണങ്ങളുടെ സഹായത്തോടെ നടക്കുന്ന ഒരു അന്താരാഷ്ട്ര പ്രോജക്ടാണിത്.

പിരമിഡിന്റെ പ്രധാന കവാടത്തിന് മുകളിലായി അടച്ചിട്ട ഒരു ഇടനാഴി കണ്ടെത്താൻ ഈ സാങ്കേതികവിദ്യയുടെ സഹായത്തോടെ ശാസ്ത്രജ്ഞർക്ക് സാധിച്ചതായി പറയുന്നു. പിരമിഡിന്റെ മറ്റുഭാ​ഗങ്ങളിൽനിന്ന് പ്രവേശിക്കാൻ കഴിയാത്ത ഈ ഇടനാഴിക്ക് ഒമ്പത് മീറ്റർ (29.5 അടി) നീളവും രണ്ട് മീറ്റർ (6.5 അടി) വീതിയുമുണ്ടന്നും അവർ പറയുന്നുണ്ട്.

അതിന്നു ശേഷം, ശാസ്‌ത്രജ്ഞർ കാൽ ഇഞ്ച് വ്യാസമുള്ള ഒരു ജാപ്പനീസ് എൻഡോസ്കോപ്പ് കല്ലുകൾക്കിടയിലുള്ള വിടവിലൂടെ അകത്ത് കടത്തി ഉള്ളിലെ സ്പേസിൽ നിന്ന് ചില ചിത്രങ്ങൾ പകർത്താനും ശ്രമിക്കുകയുണ്ടായി.

ഈ ഇടനാഴി എന്ത് ഉദ്ദേശ്യത്തോടെയാവും നിർമ്മിച്ചതെന്ന് പുരാവസ്തു ഗവേഷകർക്ക് ഇനിയും മനസ്സിലായിട്ടില്ല.

പിരമിഡിന്റെ പ്രധാന കവാടത്തിന് മുകളിലോ അല്ലെങ്കിൽ ഇതുവരെ കണ്ടെത്താത്ത മറ്റു അറയുടെ ചുറ്റിലോ ഉള്ള കല്ലുകളുടെ ഭാരം ക്രമപ്പടുത്തുന്നതിനാവാം ഈ ഇടനാഴി രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നാണ് ഈജിപ്തിലെ പുരാതന കൗൺസിൽ ഓഫ് ആൻറിക്വിറ്റീസ് സുപ്രീം കൗൺസിൽ മേധാവി മുസ്തഫ വസീരിയുടെ അഭിപ്രായം.

ഒളിഞ്ഞിരിക്കുന്ന ഒരുപാട് രഹസ്യങ്ങൾ ഇനിയും കണ്ടെത്താനാകുമെന്ന പ്രതീക്ഷയാണ് സ്കാൻ പിരമിഡ്സ് പ്രോജക്ടിലെ പ്രമുഖ അംഗമായ മ്യൂണിക്ക് സാങ്കേതിക സർവകലാശാലയിലെ ക്രിസ്റ്റോഫ് ഗ്രോസ് പറയുന്നത്. പുതുതായി കണ്ടെത്തിയ ഇടനാഴിയെക്കുറിച്ച് അദ്ദേഹം പറയുന്നത്, “ഈ ചേമ്പറിന്റെ അറ്റത്ത് രണ്ട് വലിയ ചുണ്ണാമ്പുകല്ലുകൾ കാണുന്നുണ്ട്, ആ കല്ലുകൾക്ക് പിന്നിലും ചേമ്പറിന് താഴെയും എന്താണുള്ളത് എന്നാണ് ഇപ്പോൾ അവശേഷിക്കുന്ന ചോദ്യം ?”

കെയ്‌റോയ്ക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന ഖുഫു പിരമിഡ് ബിസി 2509 മുതൽ 2483 വരെ ഭരണം നടത്തിയ നാലാമത്തെ രാജവംശമായ ഫറവോന്റെ പേരിലാണ് അറിയപ്പെടുന്നത് – ഗിസ പിരമിഡ് സമുച്ചയത്തിൽ നിർമ്മിക്കപ്പെട്ട മൂന്ന് നിർമാണ ഘടനകളിൽ ഒന്നാണിത്.

പുരാതന കാലത്തെ ഏഴ് ലോകാത്ഭുതങ്ങളിൽ ഇന്നും നിലനിൽക്കുന്ന ഒരേയൊരു നിർമ്മിതിയാണിത്.

146 മീറ്റർ ഉയരത്തിൽ നിർമ്മിക്കപ്പെട്ട്, ഇപ്പോൾ 139 മീറ്ററിൽ നിൽക്കുന്ന ഖുഫു പിരമിഡ്, 1889-ൽ ഈഫൽ ടവർ പൂർത്തിയാകുന്നതുവരെ ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമ്മിതിയായിരുന്നു.

പിരമിഡുകൾ കൃത്യമായി എങ്ങനെ നിർമ്മിക്കപ്പെട്ടു എന്ന ചോദ്യം നൂറ്റാണ്ടുകൾക്കിപ്പുറവും വിദഗ്ധരെ കുഴക്കുന്ന ചോദ്യം തന്നെയാണ്. ഇന്ന് ഈജിപ്തിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണിത്, ഒപ്പം വരുമാനവും.

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles