Current Date

Search
Close this search box.
Search
Close this search box.

ഡോ. ഒമർ സുലൈമാൻ ആത്മീയതയും ആക്ടിവിസവും

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ലോകത്തെ ഏറ്റവും അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതൻമാരിൽ ഒരാളാണ് ഡോ: ഒമർ സുലൈമാൻ. 1986-ൽ അമേരിക്കയിലെ ലൂസിയാന സ്റ്റേറ്റിൽ ന്യൂ ഓർലിയൻസ് നഗരത്തിലെ ഫലസ്തീനിയൻ വേരുകളുള്ള ഒരു കുടുംബത്തിലാണ് അദ്ദേഹം ജനിക്കുന്നത്. സുന്നി-ഹമ്പലിയായ അദ്ദേഹം അക്കൗണ്ടിങ്ങിലും ഇസ്ലാമിക് ലോയിലും ബിരുദവും ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തിലും പൊളിറ്റിക്കൽ ഹിസ്റ്ററിയിലും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കുകയും തുടന്ന് മലേഷ്യയിലെ ഇസ്ലാമിക് ഇൻ്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡി പഠനം പൂർത്തീകരിക്കുകയും ചെയ്തു. ‘ജിഹാദിൻ്റെ വ്യാഖ്യാന ശാസ്ത്രം; ചരിത്ര സന്ദർഭങ്ങളിലൂടെ’ (A Hermeneutical Understanding of Jihād through Its Historical Contingencies) എന്നതായിരുന്നു അദേഹത്തിന്റെ പി.എച്ച്.ഡി വിഷയം.

പി.എച്ച്.ഡി പൂർത്തീകരിച്ച ശേഷം അമേരിക്കയിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം ജെഫേർസൺ മുസ്ലിം അസോസിയേഷൻ്റെ ഇമാമായി സേവനമനുഷ്ഠിച്ചു. 2016ലാണ് അദ്ദേഹം ‘Muslim Think Tank’ എന്ന് വിശേഷിപ്പിക്കാൻ മാത്രം വിശ്രുതമായ യഖീൻ ഇൻസ്റ്റിട്ട്യൂട്ട് എന്ന പേരിലുള്ള ഒരു ഇസ്ലാമിക് പ്ലാറ്റ്ഫോം സ്ഥാപിക്കുന്നത്. സാധാരണക്കാർക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തിയും ഇസ്ലാം വിമർശനങ്ങളുടെ മുനയൊടിച്ചും വളരെ അപ്ഡേറ്റഡായ ഒരു സമ്പൂർണ്ണ ഇസ്ലാമിക സംവിധാനമായി ഒമർ സുലൈമാൻ്റെ നേതൃത്വത്തിൽ യഖീൻ അതിൻ്റെ വൈജ്ഞാനികവും ആത്മീയവുമായ ജൈത്രയാത്ര തുടർന്നു കൊണ്ടേയിരിക്കുന്നു. അതിനോടൊപ്പം തന്നെ യൂടുബിലും വിവിധ പോഡ്കാസ്റ്റ് പ്ലാറ്റ്ഫോമുകളിലും നിരവധി ഫോളോവേഴ്സുള്ള സജീവ സാന്നിധ്യമാണ് യഖീൻ. കൂടാതെ MUHSEN എന്ന non profit സംഘടന കൂടി അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ പിറവിയെടുക്കുകയുണ്ടായി. മുസ്ലിം സമുദായത്തിനകത്തെ വിഭിന്ന ശേഷിയുള്ള കുട്ടികളേയും അവരുടെ കുടുംബങ്ങളേയും പരിചരിച്ചു കൊണ്ടാണ് MUHSEN മുന്നോട്ട് പോവുന്നത്. ഡോ: ഒമർ സുലൈമാൻ Southern Methodist University യിലെ lslamic studies വിഭാഗം പ്രൊഫസ്സറായും സേവനമനുഷ്ടിക്കുന്നു.

സോഷ്യൽ മീഡിയകളിൽ സ്റ്റോറികളായും സ്റ്റാസ്സുകളായും അദ്ദേഹത്തിൻ്റെ ആത്മീയ പ്രഭാഷണങ്ങൾ നിറഞ്ഞു നിൽക്കുമ്പോഴും കേവല ആത്മീയ പ്രഭാഷകൻ എന്നതിലുമേറെയാണ് ഒമർ സുലൈമാൻ. അമേരിക്കയിലെ മുസ്ലിം വിഷയങ്ങളിലും കറുത്തവർഗക്കാർ നേരിടുന്ന വിവേചനങ്ങൾക്കെതിരെയുമുള്ള പോരാട്ടത്തിൽ ചിന്താപരമായും പൊതുമധ്യത്തിലും സ്ഥിരസാന്നിധ്യമായ ഒരു മുസ്ലിം ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവർത്തകനും കൂടിയാണ് അദ്ദേഹം. നേരിട്ട് കണ്ടിട്ടില്ലെങ്കിൽ പോലും തൻ്റെ ഉസ്താദായും ഏറെ സ്വാധീനിച്ച വ്യക്തികളിലൊരാളായുമാണ് മാൽക്കം എക്സ് (റ)യെ അദ്ദേഹം പരിചയപ്പെടുത്തുന്നത്. Malcolm X is Still Misunderstood – and Misused എന്ന അദേഹത്തിന്റെ മാൽകം എക്‌സിനെ കുറിച്ചുള്ള ലേഖനം പ്രസിദ്ധമാണ്. മുസ്ലിം – ബ്ലാക്ക് വിരുദ്ധനായ ഡോണൾഡ് ട്രംപിനേയും അദ്ദേഹത്തിൻ്റെ നിലപാടുകളേയും ഒമർ സുലൈമാൻ നിരവധി തവണ നിശിതമായി വിമർശിച്ചതായി കാണാം. ഏഴോളം മുസ്ലിം രാഷ്ട്രങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയ സന്ദർഭത്തിൽ ‘Muslim Ban’ നെതിരെ എയർപോർട്ടിൽ നടന്ന പ്രതിഷേധ പരിപാടിയിൽ അദ്ദേഹം സജീവമായി പങ്കെടുക്കുകയും തുടർന്ന് ഒമർ സുലൈമാന് പിന്നിൽ എയർപ്പോർട്ടിലെത്തിയ സമരക്കാർ നമസ്ക്കരിക്കുന്ന ഫോട്ടോ വൈറലായിരുന്നു. പോലീസ് ക്രൂരതയ്ക്ക് ഇരയായവരുടെ കുടുംബങ്ങളെ നിയമപരമായി സഹായിക്കാനും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ‘ബ്ലാക്ക് ലിവ്സ് മാറ്റർ’ പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് കറുത്ത വർഗക്കാർക്ക് നേരെയുള്ള പോലീസ് അതിക്രമങ്ങൾക്ക് എതിരെ അദ്ദേഹം നിരന്തരം ശബ്ദമുയർത്തി. 2016ൽ ആൾട്ടൺ സ്റ്റർലിംഗ്, ഫിലാണ്ടോ കാസ്റ്റിൽ തുടങ്ങിയ കറുത്തവർഗക്കാർ വധിക്കാൻ കാരണമാവുകയും കറുത്തവർഗക്കാർക്ക് നേരെയുള്ള പോലീസ് അതിക്രമങ്ങൾ വർധിക്കുകയും ചെയ്ത് സാഹചര്യത്തിൽ നടന്ന പ്രതിഷേധങ്ങളിൽ അദ്ദേഹം മുൻ നിരയിലുണ്ടായിരുന്നു. 2015 മുതൽ ലോകത്തിൻ്റെ പല ഭാഗങ്ങളിലുള്ള അഭയാർത്ഥി ക്യാമ്പുകളിൽ പല നിലക്കുള്ള സഹായ സഹകരണങ്ങളുമായി സ്ഥിരം സന്ദർശകനായി അദ്ദേഹം ഉണ്ടായിരുന്നു.

ക്രിസ്ത്യൻ മുസ്ലിം ഐക്യത്തിൻ്റെ ഭാഗമായി 2017ൽ അമേരിക്കയിൽ ഉടനീളം സംഘടിപ്പിക്കപ്പെട്ട പരിപാടികളുടെ ഭാഗമായി An Imam, a Pastor, and a Dream എന്ന പേരിൽ പാസ്റ്റർ ആൻ്റി സ്റ്റോക്കർനൊപ്പം അദ്ദേഹം പോസ്റ്റ് ചെയ്ത വിഡിയോ കാരണമായി ഐസിസ് അദ്ദേഹത്തിനെതിരെ വധഭീഷണി മുഴക്കിയിരുന്നു. അതിനോട് അദ്ദേഹത്തിൻ്റെ പ്രതികരണം ”അവർ നമ്മുടെ മതത്തെ ഹൈജാക്ക് ചെയ്തിരിക്കുന്നു, അവരുടെ പക തീർച്ചയായും അപലപിക്കപെടേണ്ടതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ” എന്നായിരുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സമകാലിക വിഷയങ്ങളിൽ നിരന്തരം ഇടപെടലുകൾ നടത്തുന്നതിനോടൊപ്പം തന്നെ ആറോളം പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് ഡോ: ഒമർ സുലൈമാൻ. 2019ൽ പ്രസിദ്ധീകരിച്ച Prayers of the Pious എന്ന പുസ്തകം പ്രവാചകൻമാരിൽ നിന്നുള്ള മുപ്പതോളം പ്രാർത്ഥനകളെ പരിചയപ്പെടുത്തുന്നു. ‘Allah Loves’ എന്ന പേരിൽ റമദാനിൽ ഒമർ സുലൈമാൻ അവതരിപ്പിച്ച 30 യൂ ട്യൂബ് സീരിസ് വിഡിയോകൾ പിന്നീട് അതേ പേരിൽ പുസ്തകമായി പ്രസിദ്ധീകരിക്കുകയുണ്ടായി. അല്ലാഹുവിൻ്റെ സ്നേഹത്തെ കുറിച്ചും അല്ലാഹുവിൻ്റെ സ്നേഹം കരസ്ഥമാക്കാൻ നമ്മളിലുണ്ടാവേണ്ട ഗുണങ്ങളേയും വിശദീകരിക്കുകയാണ് പുസ്തകം. 2020ൽ തന്നെ പ്രസിദ്ധീകരിച്ച ‘Repentance: Breaking Habits of Sin’ തൗബയുടെ പ്രാധാന്യത്തെ പറ്റി ഓർമ്മപ്പെടുത്തുകയും തിന്മകളിൽ നിന്ന് വിട്ടുനിൽക്കാനും സഹായിക്കുന്ന പുസ്തകമാണ്. 40 on Justice: The Prophetic Voice on Social Reform എന്ന പുസ്തകം ഇസ്ലാമിൻ്റെ സാമൂഹിക നീതി സങ്കൽപ്പവുമായി ബന്ധപ്പെട്ട 40 ഹദീസുകളും വിശദീകരണവുമാണ്. ‘Angels in Your Presence’, ‘Meeting Muhammad’ തുടങ്ങിയവയാണ് മറ്റ് പുസ്തകങ്ങൾ.

നിരവധി മേഖലകളിലുള്ള തൻ്റെ നിസ്തുലമായ പ്രവർത്തനങ്ങൾക്ക് ധാരാളം ദേശീയവും അന്തർദേശീയവുമായ ആവാർഡുകളും അംഗീകാരങ്ങളും കരസ്ഥമാക്കിയ ഇസ്ലാമിക പണ്ഡിതൻ കൂടിയാണ് ഒമർ സുലൈമാൻ. 2010 ൽ ന്യൂ ഓർലീയൻസ് സിറ്റി കൗൺസിൽ നൽകുന്ന ഔട്ട്സ്റ്റാൻഡിങ് സിവിക് അവാർഡ് അദ്ദേഹത്തെ തേടിയെത്തി. സി.എൻ.എൻ അദ്ദേഹത്തെ അമേരിക്കയിലെ ഏറ്റവും സ്വാധീനമുള്ള 25 മുസ്ലിംകളിൽ ഒരാളായും ജോർദാനിലെ The Royal Islamic Strategic Studies Centre അദ്ദേഹത്തെ The Muslim 500 എന്ന പേരിൽ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 500 മുസ്ലിം വ്യക്തികളിൽ ഒരാളായും തിരഞ്ഞെടുത്തു. മുഹമ്മദ് നബിയുടെ ജീവിതത്തിൽ നിന്നും മാതൃക ഉൾകൊള്ളാനായി തയാറാക്കിയ ‘Inspiration Series’ എന്ന പേരിലുള്ള മിനി ഡ്രാമ സിരിസ് ഒമർ സുലൈമാൻ അവതരിപ്പിച്ചിരുന്നു. ഈ സീരീസ് ആഗോളതലത്തിൽ വ്യാപകമായി കാണപ്പെടുകയും 2016-ൽ ദുബായിൽ നടന്ന International Contribution to Dawah അവാർഡിൽ മികച്ച സിനിമയ്ക്കുള്ള അവാർഡ് നേടുകയും ചെയ്തു. അമേരിക്കയിലെ Ozy Magazine അദ്ദേഹത്തെ ‘Rising Star’ എന്നും വിശേഷിപ്പിക്കുകയുണ്ടായി.

Related Articles