Current Date

Search
Close this search box.
Search
Close this search box.

ഡോ. നജാതുല്ലാ സ്വിദ്ദീഖി എന്ന സാമ്പത്തിക ശാസ്ത്ര വിദഗ്ധൻ

മുസ് ലിം ലോകത്തെ സാമ്പത്തിക ശാസ്ത്ര വിദഗ്ധരിൽ പ്രമുഖനായിരുന്ന ഡോ. നജാതുല്ലാ സ്വിദ്ദീഖി വിടപറഞ്ഞു. അധ്യാപകൻ, ഗ്രന്ഥകാരൻ ജമാഅതെ ഇസ്ലാമി നേതാവ് തുടങ്ങിയ നിലകളിലും പ്രശസ്തനായിരുന്ന അദ്ദേഹം. മുഹമ്മദ് നജാതുല്ലാ സ്വിദ്ദീഖി എന്നാണ് പൂർണ നാമം. 1950-1954 കാലത്ത് രാംപൂരിലെ ദർസ് ഗാഹെ ഇസ്ലാമിയിലും സറായെമീറിലെ ജാമിഅതുൽ ഇസ്ലാഹിലുമായി ശരീഅ: പഠനം പൂർത്തിയാക്കി.1960-ൽ അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും 1966-ൽ A Critical Examination of the Recent Theories of Profit എന്ന വിഷയത്തിൽ പി.എച്ച്. ഡിയും കരസ്ഥമാക്കി.

1961-ൽ അലിഗഢ് മുസ്ലിം സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1975-ൽ റീഡറായി. 1977-ൽ ഇസ്ലാമിക് സ്റ്റഡീസ് വകുപ്പിൽ പ്രൊഫസറായ അദ്ദേഹം പിന്നീട്‌ അതിൻ്റെ ചെയർമാനുമായി. 1978-ൽ സുഊദി അറേബ്യയിലെ ജിദ്ദാ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റിയിൽ സാമ്പത്തികശാസ്ത്ര വിഭാഗം പ്രൊഫസറായി ചുമതലയേറ്റു. അവിടെ ആദ്യം കോളജ് ഓഫ് എൻജിനീയറിംഗിൽ സോഷ്യോ-ടെക്നിക്കൽ സ്റ്റഡീസ് വകുപ്പിൽ പ്രവർത്തിച്ച അദ്ദേഹം പിന്നീട് പുതുതായി രൂപീകരിച്ച സെൻ്റർ ഫോർ റിസർച്ച് ഇൻ ഇസ്ലാമിക് എക്കണോമിക്സിലേക്ക് മാറുകയും 2000 വരെ അവിടെ തുടരുകയും ചെയ്തു.

2001-ൽ ലോസ്ഏഞ്ചലസ് യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ സെൻ്റർ ഫോർ നിയർ ഈസ്റ്റേൺ സ്റ്റഡീസിൽ ഫെലോ ആയിരുന്നു. 2002 നവംബർ മുതൽ 2003 ഏപ്രിൽ വരെ ജിദ്ദയിലെ ഇസ്ലാമിക് ഡെവലപ്മെൻ്റ് ബാങ്കിൻ്റെ ഇസ്ലാമിക് റിസർച്ച് ആൻറ് ട്രയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിസിറ്റിങ് സ്കോളറായും 2006 ആഗസ്ത് -സെപ്തംബർ കാലത്ത് കൊലാലംപൂരിലെ ഇൻറർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ ഡിസ്റ്റിംഗ്വിഷ്ഡ് യൂണിവേഴ്സിറ്റി പ്രൊഫസറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി, ഉമ്മുൽ ഖുറാ യൂണിവേഴ്സിറ്റി മക്ക, ഇമാം ഇബ്നു സുഊദ് യൂണിവേഴ്സിറ്റി രിയാദ്, സൊകോട്ടോ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായി നിരവധി ഡോക്ടറൽ പഠനങ്ങൾക്ക് സൂപ്പർവൈസറായി പ്രൊഫ. നജാതുല്ല മേൽനോട്ടം വഹിച്ചിട്ടുണ്ട്. 2010-ൽ അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ ബിസിനസ് അഡ്മിനിസ്ട്രേഷൻ വകുപ്പ് അദ്ദേഹത്തെ പ്രൊഫസർ എമറിറ്റസായി നിയമിച്ചു.

ജമാഅതെ ഇസ്ലാമി ഹിന്ദിൻ്റെ ആഭിമുഖ്യത്തിലുള്ള ഥാനവി ദർസ് ഗാഹിലും തുടർന്ന് അലിഗഢിലും പഠിച്ച ഏറ്റവും പ്രതിഭാധനരായ മൂന്ന് പേരിൽ ഒരാളാണ് ഡോ.നജാതുല്ലാ സ്വിദ്ദീഖി. ഡോ. അബ്ദുൽ ഹഖ്ഖ് അൻസ്വാരി, ഡോ. ഫദ്ലുർറഹ്മാൻ ഫരീദി എന്നിവരാണ് മറ്റു രണ്ട് പേർ. വിദ്യാഭ്യാസ കാലത്തുതന്നെ പ്രസ്ഥാന പ്രവർത്തനങ്ങളിൽ ഭാഗഭാക്കായ നജാതുല്ല, വിവിധ ഘട്ടങ്ങളിൽ ജമാഅതെ ഇസ്ലാമി ഹിന്ദിൻ്റെ കേന്ദ്ര മജ്ലിസ് ശൂറ ഉൾപ്പെടെയുള്ള എല്ലാ ആധികാരിക സമിതികളിലും അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പ്രസ്ഥാനത്തിൻ്റെ നയരൂപീകരണത്തിലും ഗ്രന്ഥരചനയിലും വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും അദ്ദേഹം തൻ്റെതായ പങ്കുവഹിച്ചു.

ആധുനിക കാലത്ത് ഇസ്ലാമിക സാമ്പത്തികശാസ്ത്രത്തിന് അടിത്തറ പണിയുകയും പ്രചാരംനൽകുകയും ചെയ്തവരിൽ പ്രഥമ സ്ഥാനീയനാണ് ഡോ. നജാതുല്ലാ സ്വിദ്ദീഖി. സ്കൂൾ പഠനകാലത്ത് ശാസ്ത്ര വിഷയങ്ങളിൽ തൽപരനായിരുന്ന അദ്ദേഹം എൻജിനീയറാകാനാണ് ആഗ്രഹിച്ചത്. എന്നാൽ, ധാരാളമായി വായിച്ചിരുന്ന അദ്ദേഹത്തെ മൗലാനാ ആസാദ്, അശ്റഫ് അലി ഥാനവി, സയ്യിദ് മൗദൂദി എന്നിവരുടെ രചനകൾ കാര്യമായി സ്വാധീനിച്ചു. 1940-കളിൽ സയ്യിദ് മൗദൂദി ലഖ്നോ നദ് വതുൽ ഉലമായിൽ ചെയ്ത പ്രസംഗവും അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റിക്കു വേണ്ടി തയ്യാറാക്കിയ പദ്ധതിയും അദ്ദേഹത്തെ സവിശേഷമായി സ്വാധീനിച്ചു. തുടർന്ന് ആധുനിക ജീവിതത്തോട് ഇസ്ലാം എങ്ങനെയാണ് സംവദിക്കുന്നത് എന്ന് കണ്ടുപിടിക്കാൻ താൻ നടത്തിയ സാഹസിക ശ്രമങ്ങളാണ് ഇസ്ലാമിക് എക്കണോമിക്സിൻ്റെ മേഖലയിലേക്ക് തന്നെയെത്തിച്ചത് എന്നാണ് നജാതുല്ല പറഞ്ഞത്. ആധുനിക സെക്യുലർ അധ്യാപനങ്ങളും പഴയ ഇസ്ലാമിക പാഠങ്ങളും ചേർന്ന് ലോകത്തിൻ്റെ പിഴവുകൾ ശരിയാക്കുന്ന ഒരു ആശയ പരിസരത്തെ കുറിച്ച അന്വേഷണങ്ങൾ ഇസ്ലാമിക ആശയങ്ങളെ എക്കണോമിക്സിലേക്ക് ചേർത്ത് വെക്കുന്നതിലേക്ക് എത്തുകയായിരുന്നു.

മൂന്ന് തലങ്ങളിലായാണ് അതിനെ വിഭാവന ചെയ്തത്: സാമ്പത്തിക കാര്യങ്ങളെ സമഗ്രമായ ഒരു ചട്ടക്കൂടിൽ പ്രതിഷ്ഠിക്കുന്ന ഇസ്ലാമിക ലോകവീക്ഷണം, വ്യക്തിയുടെ വ്യവഹാരങ്ങളും സാമ്പത്തിക നയവും ചേർന്ന് കൈവരിക്കേണ്ട ലക്ഷ്യങ്ങൾ, ഉചിതമായ സ്ഥാപനങ്ങളെ രൂപപ്പെടുത്തുന്ന ഒരു കൂട്ടം മാനദണ്ഡങ്ങളും മൂല്യങ്ങളും എന്നിവയാണവ. ഇത്തരമൊരു ഉദ്യമം എല്ലാ സാമൂഹ്യശാസ്ത്ര മേഖലകളിലും നടക്കുകയാണെങ്കിൽ അത് ശരിയായ ഇസ്ലാമിക സമൂഹം എന്ന സങ്കൽപത്തിലേക്കുള്ള പുരോഗതി എളുപ്പമാക്കുമെന്ന് മൗദൂദി പറഞ്ഞതായും അത് തന്നെ കീഴടക്കിയതായും നജാതുല്ല എഴുതിയിട്ടുണ്ട്. 1976-ൽ സുഊദി അറേബ്യ സംഘടിപ്പിച്ച ആദ്യ ഇൻ്റർനാഷണൽ കോൺഫ്രൻസ് ഓൺ ഇസ്ലാമിക് എകണോമിക്സിൻ്റെ വിവിധ കമ്മറ്റികളിൽ അംഗമായിരുന്ന അദ്ദേഹം തിരിച്ചുവന്നതിനു ശേഷം ഇസ്ലാമിക് എകണോമിക്സ് അലിഗഢിൽ ഒരു പഠന വിഷയമാക്കാൻ ശ്രമിച്ചു. ഇതിനായി വൈസ് ചാൻസലറായിരുന്ന പ്രൊഫ: എ എം.ഖുസ്രുവിൻ്റെ പിന്തുണയോടെ നടത്തിയ ശ്രമം പക്ഷേ, വിജയം കണ്ടില്ല.

ഇസ്ലാമിക സാമ്പത്തിക വ്യവഹാരങ്ങൾ പ്രതിപാദിക്കുന്ന ക്ലാസിക് കൃതികളിൽ ഒന്നായ അബൂയൂസുഫിൻ്റെ കിതാബുൽ ഖറാജ് അദ്ദേഹം പരിഭാഷപ്പെടുത്തി. ഇസ്ലാമിക സാമ്പത്തിക ക്രമത്തിൻ്റെ വിവിധ വശങ്ങളെ ആസ്പദിച്ച് 1969-ൽ അദ്ദേഹം പുറത്തിറക്കിയ ഇസ്ലാം കാ നളരിയേ മിൽകിയത്, ശിർകത് ഔർ മുദാറബാത് കേ ശർഈ ഉസൂൽ, ഗൈർ സൂദീ ബാങ്ക്കാരി എന്നീ മൂന്ന് ഉർദു പുസ്തകങ്ങൾ ജനശ്രദ്ധയാകർഷിച്ചു. ഇസ്ലാമിക് എക്കണോമികസിൻ്റെ വക്താവ് എന്ന നിലയിൽ അദ്ദേഹം പ്രശസ്തനാകുന്നത് ഇവിടം തൊട്ടാണ്. ഇവ പിന്നീട് ഇംഗ്ലീഷ്, അറബി, പേർഷ്യൻ ഭാഷകളിൽ പരിഭാഷപ്പെടുത്തി. 1974-ൽ ഇൻഷുറൻസിൻ്റെ ഇസ്ലാമിക മാനങ്ങളെ പറ്റി ഇൻഷുറൻസ്: ഇസ്ലാമി മഈശത് മേം എന്ന ചെറുകൃതി പുറത്തിറക്കി. 1978 മുതൽ 2000 വരെ ജിദ്ദയിൽ ജോലി ചെയ്യുന്ന സമയത്ത് അന്താരാഷ്ട്രാ വായനക്കാരെ പരിഗണിച്ച് ഇംഗ്ലീഷിലാണ് രചന നിർവഹിച്ചിരുന്നത്. Contemporary literature on Islamic economics (1978), Muslim Economic Thinking: Issues in Islamic banking (1983), Role of the state in economy, Teaching economics in Islamic economics(1996) എന്നിവയാണ് അക്കാലത്തെഴുതിയ പ്രമുഖ കൃതികൾ.

മറ്റു രചനകൾ, അവാർഡുകൾ
നല്ലൊരു വായനക്കാരനും എഴുത്തുകാരനുമായ ഡോ.നജാതുല്ല എക്കണോമിക്സിനു പുറമെ ഇസ്ലാം, ഇസ്ലാമിക പ്രസ്ഥാനം, ഖുർആൻ, ഇജ്തിഹാദ്, മുസ്ലിം വ്യക്തിനിയമം തുടങ്ങിയ നിരവധി വിഷയങ്ങളിൽ ഗ്രന്ഥരചന നടത്തിയിട്ടുണ്ട്. നശാതേ ഥാനിയ കീ രാഹ് (1974), ഖുർആൻ ഓർ സയൻസ് (1978), തഹ്രീകേ ഇസ്ലാമി അസ്റേ ഹാസിർ മേം (1999), മഖാസിദുശ്ശരീഅ, Tawhid: the concept and the process (1979), Muslim Personal Law- ed.(1972) എന്നിവ അവയിൽ ചിലതാണ്. ജിദ്ദയിൽ നിന്ന് ഇന്ത്യയിൽ മടങ്ങിയെത്തിയ ശേഷം, പ്രമുഖരും സാധാരണക്കാരുമായ ആളുകളുമായി താൻ നടത്തിയ പ്രസക്തങ്ങളായ കത്തിടപാടുകൾ’ ഉൾപ്പെടുത്തി ഇസ്ലാം, മആശിയാത് ഓർ അദബ്: ഖുതൂത്വ് കേ ആയിനേ മേം എന്ന കൃതി പ്രസിദ്ധീകരിച്ചു.

1982-ൽ ഇസ്ലാമിക് സ്റ്റഡീസിൽ, സുഊദി അറേബ്യയിലെ രിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫൈസ്വൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കിംഗ് ഫൈസ്വൽ അവാർഡ് ഡോ.നജാതുല്ലാ സ്വിദ്ദീഖി നേടി.
ദൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്റ്റീവ് സ്റ്റഡീസിൻ്റെ 2001-ലെ ഷാ വലിയുല്ലാ അവാർഡ്, അമേരിക്കൻ ഫിനാൻസ് ഹൗസ് അവാർഡ് (1993) എന്നിവയാണ് അദ്ദേഹം നേടിയ മറ്റ് പ്രധാന അവാർഡുകൾ.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles