Current Date

Search
Close this search box.
Search
Close this search box.

ഡോ. ഇസാം അൽ ഇർയാൻ വിശ്വാസ ദാർഢ്യത്തിന്റെയും മനക്കരുത്തിന്റെയും പര്യായം

മുസ്ലിം ബ്രദർഹുഡിനെക്കുറിച്ച വായനകൾക്കും പഠനങ്ങൾക്കുമിടയിലാണ് ഡോ. ഇസാം അൽ ഇർയാനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നത്. ഈജിപ്തിലെ അറിയപ്പെടുന്ന ഫിസിഷ്യനായിരുന്നു. ഊർജസ്വലതയുള്ള വ്യക്തിത്വം. വിശ്വാസ ദാർഢ്യത്തിന്റെയും മനക്കരുത്തിന്റെയും പര്യായം. മികച്ച സംഘാടകൻ. ബ്രദർ ഹുഡിന്റെ ടോപ് ലീഡർമാരിലൊരാൾ.

കൈറോവിലെ കുപ്രസിദ്ധമായ തേൾ ജയിലിൽ (scorpio jail /سجن العقرب) വെച്ച് ഇന്നദ്ദേഹം അല്ലാഹുവിലേക്ക് യാത്രയായിരിക്കുന്നു.66 വയസ്സായിരുന്നു.ശഹീദ് മുഹമ്മദ് മുർസിയെപ്പോലെ അദ്ദേഹത്തിനും നിരന്തരം ചികിത്സ നിഷേധിക്കപ്പെട്ടു. അഡ്വക്കറ്റ് മുഖേനയും കോർട്ട് റൂമിൽ വെച്ചും പലതവണ അദ്ദേഹം തന്റെ ഗുരുതരമായ രോഗാവസ്ഥ വിവരിച്ചു. ആവശ്യമായ ചികിത്സക്ക് വിധേയനാകാൻ അനുവാദം ചോദിച്ചു. കോടതിയോ ഭരണകൂടമോ അത് ചെവി കൊണ്ടില്ല.

ഹൃദയ സംബന്ധമായ അസുഖം മൂർഛിച്ചാണ് അദ്ദേഹം നാഥനെ കണ്ടുമുട്ടിയത്.ഭരണകൂടം നിരന്തരം ചികിത്സ നിഷേധിച്ച് അദ്ദേഹത്തെ കൊല്ലുകയായിരുന്നു. കൊറോണയുടെ കാരണവും കൂടി ചേർത്ത് പറഞ്ഞ് കഴിഞ്ഞ 6 മാസമായി കുടുംബത്തിന് അദ്ദേഹത്തെ കാണാൻ അനുമതി ലഭിച്ചിരുന്നില്ല.

Also read: നേതൃപാടവത്തിന്റെ ഇസ്ലാമിക മാതൃകകൾ

ലോകത്ത് ജയിലുകളിൽ ഏറ്റവും കൂടുതൽ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്ന രാജ്യമായി ആംനസ്റ്റി ഇന്റർനാഷണൽ എണ്ണിയ രാജ്യമാണ് ഈജിപ്ത്.അറബ് വസന്തത്തെ സൈന്യം ഹൈജാക്ക് ചെയ്തതിന് ശേഷം അറുപതിനായിരത്തിലധികം രാഷ്ട്രീയ തടവുകാരെയാണ് ജയിലിലടച്ചത്. തിങ്ങിഞെരുങ്ങിക്കഴിയുന്ന അവരിൽ പലരും രോഗികളായും ചികിത്സസയുടെ അഭാവം മൂലവുമാണ് മരിക്കുന്നത്.

ബ്രദർഹുഡിന്റെ ടോപ്പ് ലീഡർമാരായ മുഹമ്മദ് ബദീ ,ഖൈറത് ശാതിർ, മുഹമ്മദ് ബൽതജി തുടങ്ങിയവരും ജയിലിലാണ്.ഡോ.യൂസുഫുൽ ഖർദാവിയെ കൊലക്ക് കൊടുക്കാൻ ഈജിപ്ത് -യു എ ഇ – സൗദി അച്ചുതണ്ട് ചേർന്ന് ഇന്റർപോൾവഴി ശ്രമിച്ചെങ്കിലും ഖത്തറിന്റെയും തുർക്കിയുടെയും അന്താരാഷ്ട്ര ഇടപെടൽ കാരണം അതിന് സാധിച്ചില്ല. അതിന്റെ പകപോക്കാൻ സീസി ഒരു തെറ്റും ചെയ്തിട്ടില്ലാത്ത ഖർദാവിയുടെ മകൾ അലാ ഖർദാവിയെ ജയിലിലിട്ട് പീഡിപ്പിക്കുന്നുണ്ട്. കൂടാതെ അനേകം ഇടതുപക്ഷ നേതാക്കൻമാരും ലിബറൽ മനുഷ്യാവകാശ പ്രവർത്തകരും ഈജിപ്തിൽ ജയിലിലാണ്. മുർസിക്കെതിരെ പടനയിച്ചവരെ തന്നെ സീസി പൂട്ടി. ഇപ്പോഴും അറസ്റ്റുകൾ നടക്കുന്നുമുണ്ട്.

അല്ലാഹു ഇസാം അൽ ഇർയാന് സ്വർഗ്ഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ. രക്തസാക്ഷികൾ ഒരിക്കലും മരിക്കുന്നില്ല. അവർ അല്ലാഹുവിന്റെയടുക്കൽ എന്നെന്നും ജീവിച്ചിരിക്കുന്നു.

Related Articles