Current Date

Search
Close this search box.
Search
Close this search box.

ഫിഖ്ഹിന്റെ ആ സമുദ്രം തിരയൊടുങ്ങി

ലോക പ്രശസ്ത മുസ്ലിം വനിതാ കർമ്മവിശാരദകളിൽ നമുക്കറിയാവുന്ന അക്കാദമീഷ്യയായിരുന്നു ജനുവരി 24, 2021 ന് കൈറോവടുത്ത് മുഖ്തമിൽ നിര്യാതയായ അബ്‌ല കഹ്‌ലാവി. ഇമാം ഇബ്നു തൈമീയയുടെ സമകാലീനയായ ഉമ്മു സൈനബ് ഫാത്വിമ ബഗ്ദാദിയക്ക് (മരണം 9/12/714 AH) ശേഷം ഫിഖ്ഹ് , ഫത് വ എന്നീ ശ്രദ്ധേയമായ മേഖലകളിൽ തിളങ്ങി നിന്ന ഒരു അസ്ഹരീ പണ്ഡിതയായിരുന്നു ഡോ.അബ്‌ല കഹ്‌ലാവി എന്ന് ചുരുക്കിപ്പറയാം.

ഒരാഴ്ചക്കുള്ളിൽ ഈജിപ്റ്റിൽ കൊറോണ വൈറസിന്റെ ഇരയായി മരണപ്പെട്ടവരിൽ പ്രമുഖയാണവർ. മരണമടയുമ്പോൾ 72 വയസ്സായിരുന്നു പ്രായം. ഈജിപ്ഷ്യൻ ജനപ്രിയ പ്രസംഗകകളിൽ ഒരാളായി കഹ്‌ലാവി കണക്കാക്കപ്പെടുന്നു. 15 ഡിസംബർ 1948 നാണ് പ്രസിദ്ധ അസ്ഹരീ പണ്ഡിതനും കവിയുമായ മുഹമ്മദ് അൽ കഹ്‌ലാവിയുടെ മകളായി കൈറോവിലാണ് അബ്‌ല കഹ്‌ലാവി ജനിച്ചത്. അസ്ഹറിലെ വിമൻസ് വിംഗിലെ ഇസ്ലാമിക കർമ്മശാസ്ത്ര വിഭാഗത്തിലെ സീനിയർ ഏറെക്കാലം പ്രൊഫസറായിരുന്നു. 1974 ൽ താരതമ്യ ഫിഖ്‌ഹിൽ പി.ജി.യും ’78 ൽ പി.എച്ച് ഡി യും പൂർത്തിയാക്കി മാതൃ സ്ഥാപനമായ അസ്ഹർ വനിതാ വിഭാഗം കോളേജിലെ ഫിഖ്ഹ് ഡിപ്പാർട്ടമെന്റിലെ സീനിയർ ഫാക്കൽറ്റിയായിട്ടായിരുന്നു ഡോ.അബ് ല യുടെ റിട്ടയർമെന്റ്. തുടർന്ന് കൈറോവിൽ തന്നെ പ്രസിദ്ധ വനിതാ കോളേജായ അൽ ബാഖിയാതുസ്സ്വാലിഹാതിലെ പ്രിൻസിപ്പളും ഡയറക്ടറും പല ചാരിറ്റി സംരംഭങ്ങളുടേയും പ്രബോധന സംഘങ്ങളുടേയും സാരഥിയായി സേവനമനുഷ്ഠിക്കുന്നതിനിടയിലാണ് മരണം സംഭവിക്കുന്നത്.

ഇടക്കാലത്ത് റിയാദിലെ കോളേജ് ഫോർ എഡ്യൂക്കേഷൻ ഓഫ് ഗേൾസിലും മക്ക കോളേജ് ഓഫ് എഡ്യൂക്കേഷനിൽ ശരീഅത്ത് വകുപ്പ് അധ്യക്ഷയായും സേവനം ചെയ്തിട്ടുണ്ട്. മഗ്‌രിബ് നമസ്കാരത്തിന് ശേഷം ദിവസേനയുള്ള ഫിഖ്ഹ് ക്ലാസുകളുമായി ശൈഖ 1987 മുതൽ 1989 കാലഘട്ടത്തിൽ മക്കത്ത് ഹറമിൽ തന്നെയുണ്ടാവാറുണ്ടായിരുന്നു. ഈ കാലഘട്ടത്തിൽ ലോകമെമ്പാടുമുള്ള മുസ്ലീം സ്ത്രീകളെ അഭിസംബോധന ചെയ്ത് പ്രഭാഷണം നടത്തുക പതിവായിരുന്നു. കെയ്‌റോയിലേക്ക് മടങ്ങിയതിനുശേഷവും ദിവസേന ബസാതീനിലെ അൽ-കഹ്‌ലാവി മസ്ജിദിൽ സ്ത്രീകൾക്കായുള്ള ക്ലാസുകളിൽ, ഇസ്‌ലാമിന്റെ സാംസ്കാരിക വശങ്ങൾ ഉയർത്തിക്കാട്ടുന്നതിലും മത/ കർമ്മശാസ്ത്ര ഗ്രന്ഥങ്ങൾ വിശദീകരിക്കുന്നതിലും നിയമശാസ്ത്രപരമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. 2020 ഒക്ടോബർ ആറിന് ജില്ലാ ആസ്ഥാനത്തുള്ള ശൈഖ് മഹ്മൂദ് ഖലീൽ ഹുസ്വരി പള്ളിയിൽ വനിതാ കലാകാരികൾക്ക് മതപാഠങ്ങൾ നല്കാൻ പൗര പ്രമുഖ യാസ്മിൻ അൽ ഖയ്യാം ആവശ്യപ്പെട്ടതനുസരിച്ച് ക്ലാസ്സെടുത്ത് വരികയായിരുന്നു.

ഈ കലാകാരികളിൽ ഈജിപ്റ്റിലെ പ്രസിദ്ധരായ നൂറ, അഫാഫ് ശുഐബ് , ശംസ് ബാറൂദിയുമടക്കമുള്ള ഫിലിം – ഡ്രാമാ രംഗത്തെ പലരുമുണ്ടായിരുന്നു. ഇവരുടെ മത/ പ്രബോധന രംഗത്തെ മുന്നേറ്റത്തിന് പ്രസ്തുത ക്ലാസുകൾ വഴികാണിച്ചു എന്നർഥം. ഇടക്കാലത്ത് അസ്ഹർ കേന്ദ്ര പള്ളിയിൽ നാട്ടുകാരായ സ്ത്രീകൾക്ക് മതപാഠങ്ങൾ പഠിപ്പിക്കാൻ നിയോഗിക്കപ്പെട്ട അവർ അൽ-മുഖ്‌ത്വം ബൈതുൽ ഹംദ് പള്ളിയിലും ആഴ്ചതോറും ദർസ് നടത്തിയിരുന്നു. ഹിജ്റ 1428 റമദാനിൽ നടന്ന ഹുബ്ബുറസൂൽ പ്രഭാഷണ പരമ്പര അൽ റിസാല ചാനലിൽ പ്രക്ഷേപണം ചെയ്തിരുന്നു.

അനാഥരായ കുട്ടികൾ, കാൻസർ രോഗികൾ, അൽഷിമേഴ്‌സ് രോഗികൾ, വൃദ്ധകൾ എന്നിവരെ പരിചരിക്കുന്നതിനായി ഗുഡ് വിമൻ സൊസൈറ്റി
(അൽ ബാഖിയാതു സ്സ്വാലിഹാത് ) എന്ന പേരിൽ ഡോ. കഹ്‌ലാവി മുഖ്തമിൽ ഒരു ചാരിറ്റബിൾ അസോസിയേഷൻ സ്ഥാപിച്ചു ഈ കൊറോണാ കാലത്ത് പോലും നല്ല നിലയിൽ നടത്തിവരുകയായിരുന്നു.

1996-ൽ പ്രസിദ്ധീകരിച്ച സ്ത്രീകളുടെ ശുദ്ധി / അശുദ്ധി കർമ്മശാസ്ത്ര താരതമ്യ പഠനം,
1998 ൽ പുറത്തിറങ്ങിയ “കൃത്രിമ മിൽക്ക് ബാങ്കുകൾ ”
2000-ൽ പ്രസിദ്ധീകരിച്ച “ഖുൽഅ് : താരതമ്യ നിയമശാസ്ത്ര പഠനം ”.
2005 ൽ പുറത്തിറക്കിയ “ഹജ്ജ്, ഉംറ എന്നിവയിലെ സ്ത്രീ പ്രശ്‌നങ്ങൾ”.
2005 ൽ പ്രസിദ്ധീകരിച്ച “വിശുദ്ധ ഖുർആനിന്റെയും സുന്നത്തിൻറെയും വെളിച്ചത്തിൽ പുത്രത്വവും പിതൃത്വവും”.
എന്നിവയടക്കം ഒരു ഡസൻ ഗ്രന്ഥങ്ങൾ കഹ് ലാവിയുടേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

 

അവലംബം :
അനുസ്മരണ കുറിപ്പുകൾ
ഖാലിദ് അൽ ജുൻദി (അൽ അഹ്റാം )
സഈദ് ഹിജാസി (അൽ വത്വൻ)
വിക്കിപ്പീഡിയ

Related Articles