Current Date

Search
Close this search box.
Search
Close this search box.

റേഡിയോകളാവാതിരിക്കാം

ജ്ഞാനത്തിന്റെ ആദ്യ ഘട്ടം നിശബ്ദതയും രണ്ടാമത്തേത് ശ്രവണവും മൂന്നാമത്തേത് മന:പ്പാഠവും നാലാമത്തേത് പ്രവർത്തനവും അഞ്ചാമത്തേത് പ്രസരണവുമാണ് എന്ന് പഠിപ്പിച്ചത് പ്രസിദ്ധ അറബ് ദാർശനിക കവി അസ്മഇ(121-216AH/740-831CE) യാണ്.

പണ്ഡിതനോ, പഠിതാവോ, കേൾവിക്കാരനോ, വിജ്ഞാനത്തെ സ്നേഹിക്കുന്നവനോ ആകുക, അഞ്ചാമനാകരുത്, നിങ്ങൾ നശിക്കുമെന്ന ഒരു മഹദ് വചനം പ്രസിദ്ധമാണ്. വേദം കേൾക്കുന്ന മാത്രയിൽ നിശബ്ദരായി ശ്രദ്ധിച്ചു കേൾക്കൽ നിർബന്ധമാണെന്നും (7:204) ശ്രദ്ധിച്ചു കേൾക്കുകയും അതിലെ നല്ലത് പിൻപറ്റുകയും ചെയ്യണമെന്നും ( 39:18)പഠിപ്പിക്കുന്നത് വിശുദ്ധഖുർആനാണ്.

ഇന്നത്തെ ലോകത്ത് ഉയർന്ന സാങ്കേതികവിദ്യയും അതിനേക്കാളുയർന്ന വേഗതയും കൂടിച്ചേർന്ന്, വിജയം നേടുന്നതിന് കൈവരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കഴിവുകളിലൊന്നായി ആശയവിനിമയം മാറിയിരിക്കുന്നു. ഈ വസ്തുത നമുക്കറിയാമെങ്കിലും, മറ്റുള്ളവരെ ശ്രദ്ധിക്കാൻ നാം വേണ്ടത്ര സമയം ചെലവഴിക്കുന്നില്ല. റബ്ബ് നമുക്ക് രണ്ട് ചെവികളും ഒരു നാവും സൃഷ്ടിച്ചതിന്റെ രഹസ്യം തന്നെ പറയുന്നതിന്റെ ഇരട്ടി കേൾക്കാനുണ്ട് എന്നതിന്റെ തെളിവാണ്. നല്ല കേൾവിക്കാരനായിരുന്ന ഒരു പണ്ഡിതന്റെ വിയോഗമാണ് ഇതു സംബന്ധിച്ച ചില ചിന്തകൾ മനസ്സിൽ ചലനം സൃഷ്ടിച്ചത്. ( അതു വേറാരുമല്ല നമ്മുടെ സ്വന്തം മർഹൂം ടി.കെ ആയിരുന്നു.)

ശ്രവണം എന്നത് സദ്‌ഗുണമൂല്യങ്ങളിലും സ്വഭാവ ശീലങ്ങളിലും പരിഷ്‌കൃതമായ പെരുമാറ്റങ്ങളിലും പെട്ട പ്രധാന സംഗതിയാണ് . ശരിയായ ആശയവിനിമയത്തിന്റെയും മറ്റുള്ളവർ പറയുന്നതിനെ പരിഗണിക്കുന്നതിന്റെയും ഘടകങ്ങളിലൊന്നാണ് മാന്യമായ കേൾവി. രണ്ട്പേർക്കിടയിലുള്ള ആശയവിനിമയത്തിന്റെ പാലത്തെ സുശക്തമാക്കുന്നത് ഈ ശ്രവണമാണ്.

നമുക്ക് ചുറ്റുമുള്ളവരോടൊപ്പം നാം കേവലം റേഡിയോകളാവാതെ അഭിസംബോധിതർക്ക് പറയാനുള്ളത് കൂടി
ശ്രദ്ധിച്ചു നോക്കൂ. നിങ്ങളുടെ അളന്നു തിട്ടപ്പെടുത്തി തേച്ചെടുത്ത വാക്കുകളേക്കാളും അവരുടെ ഹൃദയങ്ങളിലേക്ക് കയറിച്ചെല്ലാനുള്ള കഴിവുണ്ടാവും ആ നിശബ്ദതക്ക് .

“നിങ്ങൾ നല്ല സംസാരം പഠിക്കുന്നതുപോലെ നന്നായി കേൾക്കാനും പഠിക്കുക, ശ്രോതാവിന്റെ സംസാരം അവസാനിക്കുന്നതുവരെ കേൾക്കുകയും അവന്റെ ഉത്തരത്തിൽ ശ്രദ്ധ ചെലുത്തുകയും വേണം, മുഖം മുഴുവനായി അയാളെ തന്നെ നോക്കുക, അവൻ എന്താണ് പറയുന്നതെന്ന് സൂക്ഷ്മമായി അറിയുക ” എന്നത് കലീല വദിംനയുടെ രചയിതാവ് അബ്ദുല്ലാഹ് ബിൻ മുഖഫ്ഫഅ് (106-142 AH/724-759 CE) പഠിപ്പിച്ച സംഭാഷണ മര്യാദയാണ്.

നമ്മൾ പറയുന്നതിനേക്കാൾ കൂടുതൽ കേൾക്കാൻ, നന്നായി കേൾക്കാനുള്ള കഴിവുള്ള ഒരു വ്യക്തിയുടെ കൈവശം വളരെ നല്ല സാമൂഹിക ബന്ധങ്ങളുമുണ്ടാവും. ഇന്നത്തെ മനുഷ്യന് ഇല്ലാത്ത സംസ്കാരങ്ങളിലൊന്നാണ് ശ്രവണ
മര്യാദ. പ്രഭാഷകർ അവരുടെ ഘോരഘോര പ്രഭാഷണത്തിന് ശേഷം പെട്ടെന്നിറങ്ങി പോവുന്നതു പോലും അതിന്റെ ഭാഗമാണെന്നാണ് കുറിപ്പുകാരന്റെ നിരീക്ഷണം.കേൾക്കുന്ന സംസ്കാരം ക്ഷമയുടെ സംസ്കാരം പോലെ നേടിയെടുക്കേണ്ട ഗുണമാണ്.

ക്ഷമയുടെയും, സഹിഷ്ണുതയുടെയും ബഹുമാനത്തിന്റെയും സംസ്‌കാരത്തോടൊപ്പം കേൾക്കുന്ന സംസ്‌കാരവും കൂടിഉണ്ടായിരുന്നെങ്കിൽ എന്ന് നാം കരുതിപ്പോവുന്ന നേതാക്കളും പ്രവർത്തകരുമുണ്ട്. സദസ്സിലൊരാൾ മൈക്കിൽ ചോദ്യം ചോദിക്കുമ്പോഴേക്കും അസ്വസ്ഥത അനുഭവപ്പെടുകയും അത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്യുന്ന പ്രഭാഷകരേയും മഹാമാരിക്കാലത്തിന് തൊട്ടു മുൻപ് വരെ നാമെത്രെയോ കണ്ടിരിക്കുന്നു !!

ശ്രവിക്കുന്ന സംസ്കാരം നമ്മുടെ സാമൂഹിക ജീവിതത്തിൽ മറന്നുപോയ ഒരു സംസ്കാരമായി മാറിയിരിക്കുന്നു. പലരും സംസാരിക്കുമ്പോൾ നമ്മൾ നിശബ്ദരാവുന്നുണ്ട് എന്നത് ശരി തന്നെ. പക്ഷേ നമ്മിൽ കുറച്ചുപേർ മാത്രമേ
ശ്രദ്ധിച്ച് കേൾക്കുന്നുള്ളൂ. സ്നേഹത്തോടെ സംസാരിക്കുന്നതിന്റെയും സഹാനുഭൂതിയുടെയും വികാരത്തിന്റെയും സ്വഭാവം നല്ലത് തന്നെയാണ് ; പക്ഷേ അതിനേക്കാൾ എത്രയോ മടങ്ങ് നിർബന്ധമായ ഒന്നാണ് ശ്രദ്ധിക്കുന്നതിനും മനസ്സിലാക്കുന്നതിനുമുള്ള സന്മനസ്സ് .

ശ്രവിക്കൽ അഭിപ്രായങ്ങൾ സമന്വയിപ്പിക്കാനും വിയോജിപ്പിന്റെ മേഖലകളും അതിന്റെ കാരണങ്ങളും തിരിച്ചറിയുന്നതിനുമുള്ള വെളിച്ചം നൽകുന്നു. കേൾവി അടഞ്ഞ ഹൃദയങ്ങൾ തുറക്കുന്നതിലേക്ക് നയിക്കുന്നു. പ്രഭാഷകർ മറ്റു പ്രഭാഷകരുടെ പ്രസംഗം പൂർത്തിയാകുന്നതുവരെ കാത്തിരിക്കുന്ന സംസ്കാരം ബോധപൂർവ്വം നാം വളർത്തിയെടുക്കണം.

സത്യസന്ധമായും സുതാര്യമായും കേൾക്കുന്നു എന്ന ആത്മാർഥമായ അവന്റെ തോന്നലാണ് പരാതിക്കാരന്റെ ഹൃദയത്തിലേക്കുള്ള പ്രവേശനം. അനുഭവങ്ങൾ, അറിവ്, വികസനം, വെല്ലുവിളികൾ നിരീക്ഷിക്കൽ, പരിഹാരങ്ങളും നിർദ്ദേശങ്ങളും വികസിപ്പിക്കുന്നതിനുള്ള ഒരു ഉപാധി കൂടിയാണ് ശ്രവണ സംസ്കാരം. ഇരുകക്ഷികളും തമ്മിലുള്ള ദൃഢമായ ബന്ധം കെട്ടിപ്പടുക്കുന്നതിന് ഇത്തരം ചെവികൊടുക്കലുകൾ ഉപകാരപ്പെടും.

അതിനാലാവണം ” സംസാരം വെള്ളിയാണെങ്കിൽ നിശബ്ദത സ്വർണ്ണമാണെന്ന് ” പൊതുവെ പറയപ്പെടുന്നത്.
നിങ്ങളോട് സംസാരിച്ച മറ്റൊരാൾ പറയുന്നത് ശ്രദ്ധാപൂർവ്വം കേൾക്കുന്നത് അവനെ നിങ്ങളിലേക്ക് അടുപ്പിക്കുവാനും നിങ്ങളെ ബഹുമാനത്തോടെ കേൾക്കാനുമുള്ള ധാർമിക ബാധ്യതയിലേക്ക് അവനെ എത്തിക്കുകയും ചെയ്യുന്നു.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles