Your Voice

ദിവ്യപ്രണയവും സമരവീര്യവും, അലി ശരീഅത്തി ഹജ്ജ് പറയുന്നു

“നിലാവ് പെയ്യുന്ന നിശ്ശബ്ദത മുറ്റിയ ഈ ഈന്തപ്പനതോപ്പിൽ നിങ്ങൾ സ്വന്തം നയനങ്ങളും ഹൃദയവും ഉപേക്ഷിക്കൂ.. നിങ്ങൾ ഇനി പ്രേമവിവശയായ ചിത്രശലഭം പോലെ തത്തിക്കളിക്കണം! മഹിതമായ മശ് അറിൻറെ ഈ നിശ്ശബ്ലതയിൽ നിങ്ങൾക്ക് അല്ലാഹുവിനെ ദർശിക്കാൻ കഴിയും!

ചേതോഹരമാണ് മുസ്ദലിഫയുടെ രാത്രി! അല്ലാഹുവിൻറെ മന്ദസ്മിതം പോലെ കുളിർത്ത, സുതാര്യമായ, കരുണയുറ്റ നിലാവ് !!

ആകാശത്തേക്ക് നോക്കൂ.. ഈ നീല സമുദ്രത്തിൽ താര രത്നങ്ങളുണ്ട്!പറുദീസയുടെ കാവൽ മാലാഖമാർ!
ഹേ!.. മനുഷ്യാ, ഈ വഴിയിൽ അല്ലാഹു നിങ്ങളെ കാത്തു നിൽപ്പുണ്ട്!

നിങ്ങൾ അല്ലാഹുവുമായി സംസാരിക്കൂ.. അതിരുകൾ മറികടക്കൂ.. ആകാശത്തിന്നപ്പുറം നക്ഷത്രങ്ങളുടെ കിളിവാതിൽ കടന്ന് സൃഷ്ടിയുടെ മച്ചിലേക്ക് പറക്കൂ..! നിങ്ങൾ മുഹമ്മദ് (സ) യുടെ യഥാർത്ഥ അനുയായി ആണെങ്കിൽ അദ്ദേഹം ചെയ്തത് പോലെ ചെയ്യൂ…

നിങ്ങളുടെ ഹൃദയം ദിവ്യാനുരാഗം കൊണ്ട് പ്രദീപ്തമാവട്ടെ! ഒരു റോസാപ്പൂ മണത്തു നോക്കും പോലെ നിങ്ങൾക്ക് അല്ലാഹുവിൻറെ ഗന്ധമറിയാം! നിങ്ങളുടെ കണ്ണിലും കാതിലും അസ്ഥിക്കുള്ളിലും അവൻറെ സാന്നിധ്യമറിയാം… എന്താണ് പറഞ്ഞത്? ശരീരത്തിൽ തടവിയതു പോലെ, സ്നേഹം പോലെ നിങ്ങൾക്ക് അല്ലാഹുവിനെ അറിയാനാകും എന്നുതന്നെ!!

അറഫ അറിവ് ആണെങ്കിൽ മശ്അർ തിരിച്ചറിവാണ്. ഈ അറിവ് ലഭിക്കാൻ വെളിച്ചം വേണ്ട. അത് തന്നെയാണ് വെളിച്ചം! എല്ലാവരും തനിച്ചാണിവിടെ. മറയില്ല, നിറമില്ല, മുഖം മൂടിയില്ല… നിങ്ങൾ നിർമ്മലനാണ്/ നിർമ്മലയാണ്.

നിങ്ങളുടെ സുഹൃത്ത് അല്ലാഹുവുമായി നിങ്ങൾക്കിനി സ്വകാര്യ സംഭാഷണം നടത്താം! കട്ടപിടിച്ച നിശ്ശബ്ദതയാണെങ്ങും. മെല്ലെ വിതുമ്പുന്നവരുടെ കണ്ണീർത്തുള്ളികൾ നിലം പതിക്കുന്ന ശബ്ദം വരെ കേൾക്കാം. ദിവ്യാനുരാഗത്തിൻറെ ഹൃദയമിടിപ്പല്ലാതെ ഇവിടത്തെ മൗനം ഭഞ്ജിക്കാൻ മറ്റൊന്നും ധൈര്യപ്പെടില്ല! സ്വന്തം തോളിൽ ഒരു പക്ഷി വന്നിരിക്കുന്നതു പോലെ..

Also read: ദേഹേച്ഛകളുടെമേല്‍ കത്തിവെക്കുന്നതിന്റെ ഓര്‍മകളാണ് ബലിപെരുന്നാള്‍!

അല്ലാഹുവിങ്കലേക്കുള്ള നിങ്ങളുടെ മടക്ക ത്തിൻ്റെ പ്രതീകമാണ് ഹജ്ജ്.അല്ലാഹു ഏകനും പരിമിതികളില്ലാത്തവനും അതുല്യനുമാണ്. അവനിലേക്കുള്ള മടക്കം പരിപൂർണതയിലേക്കും നന്മയിലേക്കും സൗന്ദര്യത്തിലേക്കും ശക്തിയിലേക്കും ജ്ഞാനത്തിലേക്കും മൂല്യത്തിലേക്കും യാഥാർത്ഥ്യത്തിലേക്കും ഉള്ള മടക്കമാണ്. അനശ്വരതയിലേക്കുള്ള നിങ്ങളുടെ പാതയിൽ നിങ്ങൾ അല്ലാഹുവിനെ സമീപിക്കുക. അവൻ മാർഗദർശനം നൽകും!

ചാരമാകാൻ വേണ്ടി തീനാളത്തിനു ചുറ്റും പറക്കുന്ന പൂമ്പാറ്റയാണ് ത്വവാഫ് ! തീറ്റ കണ്ടുപിടിക്കാനായി ആകാശത്തിൽ റാകിപ്പറക്കുന്ന പരുന്താണ് സഅയ് !

ഇനി മിനയാണ്. മിന സന്യാസിമഠംഅല്ല, അടർക്കളമാണ്.മശ്അറിലെ ഭക്തന്മാർ മിനായിൽ സിംഹങ്ങളായി മാറും!

മനുഷ്യ ചരിത്രത്തിലെ മഹാവിപ്ലവകാരിയാണ് ഇബ്രാഹിം നബി(അ) ബഹുദൈവത്വത്തിൻറെ കെടു ജലത്തിൽ നിന്ന് പുറത്തേക്കൊഴുകിയ ഏകദൈവത്വത്തിൻ്റെ തെളിനീർ!പൗരോഹിത്യത്തിനും ഏകാധിപത്യത്തിനും
എതിരെ മാത്രമല്ല, അജ്ഞതക്കും മർദ്ദനത്തിനും എതിരെ കൂടി അദ്ദേഹം പടവെട്ടി. നിന്ദ്യതക്കെതിരെ സമരം ചെയ്തു.പ്രതീക്ഷകളുടെയും പ്രത്യാശകളുടെയും പ്രഭവസ്ഥാനമായിരുന്നു ഇബ്രാഹിം !

ഇബ്രാഹിമിനെപ്പോലെ പെരുമാറുന്നവർക്ക് അല്ലാഹു സ്വേച്ഛാധിപത്യത്തിൻ്റെ അഗ്നി കൊണ്ട് പനിനീർ മെത്തയൊരുക്കുന്നു!”

(ഉദ്ധരണം: ശഹീദ് അലി ശരീഅത്തിയുടെ ലോകപ്രശസ്തമായ ഹജ്ജ് എന്ന ഗ്രന്ഥത്തിൽ നിന്ന്.വിവർത്തനം: കലീം, പ്രസാധനം ഐ.പി.എച്ച്)

Facebook Comments
Related Articles

Check Also

Close
Close
Close