Current Date

Search
Close this search box.
Search
Close this search box.

ഇസ്ലാമും കമ്യൂണിസവും തമ്മിൽ സംവാദം നടക്കട്ടെ

ഇരുപതാം നൂറ്റാണ്ടു പലവിധ ചരിത്ര സംഭവങ്ങൾക്കും സാക്ഷിയായ നൂറ്റാണ്ടാണ്‌. മൂന്നാം ലോക രാജ്യങ്ങൾ കോളനിവൽക്കരണത്തിൽ നിന്നും മൊചിതമായി എന്നതിന് പുറമേ രണ്ടു ലോക യുദ്ധങ്ങളും നടന്നത് ഇരുപതാം നൂറ്റാണ്ടിലാണ്. അതിലപ്പുറം ഒരു സമയത്ത് ലോകത്തിലെ മൂന്നിലൊന്നു അധികാരമുണ്ടായിരുന്ന കമ്യുണിസം ഭരണ രംഗത്ത്‌ വന്നതും അസ്തമിച്ചതും ഈ നൂറ്റാണ്ടിൽ തന്നെ. പുതിയ നൂറ്റാണ്ടിൽ നിന്നും തീർത്തും ഭിന്നമായിരുന്നു കമ്യുണിസ്റ്റ് ആശയങ്ങളോട് ഇരുപതാം നൂറ്റാണ്ടു പുലർത്തിയ സമീപനം. മുതലാളിത്തം ഒരു കാലത്ത് കമ്യുണിസ്റ്റ് ആശയങ്ങളുമായി യുദ്ധം ചെയ്തിട്ടുണ്ട്. കമ്യുണിസവും മുതലാളിത്തവും ഒരു കാലത്ത് ലോകത്തെ പങ്കിട്ടെടുത്തു. ചേരിചേരാനയത്തിലായിരുന്നു ഇന്ത്യയെ പോലുള്ളവർ. ചേരിയില്ല എന്ന് പറഞ്ഞാലും മേൽ പറഞ്ഞ രണ്ടു ചേരികളിൽ അവരും സാന്നിധ്യം അറിയിച്ചിരുന്നു. അമേരിക്കൻ നേത്രത്വത്തിൽ മുതലാളിത്തവും യു എസ് എസ് ആറിന്റെ നേതൃത്വത്തിൽ കമ്യുണിസവും ലോകത്തെ പങ്കിട്ടെടുത്ത കാലം. അവിടെയാണ് ഇതിനു രണ്ടിനും പകരമായി ഇസ്ലാമിനെ ഒരു ജീവിത പദ്ധതിയായി സയ്യിദ് മൌദൂദി അവതരിപ്പിച്ചത്.

മത പണ്ഡിതൻ എന്നതിന് അക്കാലത്ത് പരിമിതമായ അർഥം മാത്രമേ കല്പ്പിചിരുന്നുള്ളൂ. അന്ന് മതം ചർച്ച ചെയ്തത് മനുഷ്യരുടെ ഭൂമിയുടെ മുകളിലുള്ള ജീവിതത്തെ കുറിച്ചായിരുന്നില്ല. അവർ ചർച്ച ചെയ്തതും സംവാദം നടത്തിയതും മരണത്തിനു ശേഷമുള്ള അവസ്ഥയെ കുറിച്ചായിരുന്നു. അതായതു പ്രായോഗിക ജീവിതത്തിൽ മതത്തിനു കാര്യമായ ഒരു റോളും നൽകാൻ പണ്ഡിതർ തയ്യാറായില്ല. അങ്ങിനെയായിരുന്നില്ല ഖുർആൻ പഠിപ്പിച്ചത്. അത് ജീവിക്കുന്ന മനുഷ്യരോട് സംവദിച്ചു. ജീവിതത്തിന്റെ ഒരു ഭാഗത്ത് മാത്രമായല്ല ഖുർആൻ ജീവിതത്തെ കണ്ടത്.

അവിടെ നിന്നാണു അന്നുവരെ ഇന്ത്യക്ക് പരിചിതമല്ലാത്ത രീതിയിൽ സയ്യിദ് മൌദൂദി സംസാരിച്ചു തുടങ്ങിയത്. മുതലാളിത്തവും കമ്യുണിസവും മനുഷ്യ ജീവിതത്തെ എങ്ങിനെ സാരമായി ബാധിക്കുന്നു എന്നദ്ദേഹം വിലയിരുത്തി. സൃഷ്ടാവായ ദൈവത്തെ നിരാകരിച്ചു കൊണ്ടാണ് രണ്ടും മുന്നോട്ട് പോകുന്നത്. ആധുനിക മനുഷ്യൻ ജീവിത രീതികളായി അംഗീകരിച്ച ഈ രണ്ടു പ്രത്യയശാസ്ത്രങ്ങളുടെയും കുറവുകൾ അദ്ദേഹം തുറന്നു കാട്ടി. രണ്ടാം ലോക യുദ്ധത്തിനു ശേഷം കിഴക്കൻ യൂറോപ്പ് പൂർണമായി കമ്യുണിസത്തെ സ്വീകരിച്ചു. അമേരിക്കൻ സാമ്രാജത്വം യുദ്ധവിജയത്തിന്റെ മറവിൽ അവരുടെ പിടുത്തവും ലോകത്ത് സജീവമാക്കി. അങ്ങിനെ ഈ രണ്ടു ആദർശങ്ങൾ ജ്വലിച്ചു നിന്ന കാലത്ത് സയ്യിദ് മൌദൂദി ഇങ്ങിനെ എഴുതി “ കമ്മ്യൂണിസം മോസ്കോയിൽ പോലും ഗതികിട്ടാതെ അലയുന്ന ഒരു കാലം വരും”. കാര്യങ്ങളെ ശരിയായി നോക്കിക്കാണുന്നവർക്ക് അങ്ങിനെ മാത്രമേ പറയാൻ കഴിയൂ. മുതലാളിത്തത്തെ കുറിച്ചും മൌദൂദി അങ്ങിനെ തന്നെ പറഞ്ഞു. എല്ലാ ദൈവ ധിക്കാര നിലപാടുകൾക്കും ഭൂമിയിൽ കുറഞ്ഞ കാലത്തെ അവധിയുണ്ട്‌. സയ്യിദ് മൌദൂദി അന്ന് പറഞ്ഞത് നാല് പതിറ്റാണ്ട് കഴിയുന്നതിനു മുമ്പ് അന്നത്തെ റഷ്യൻ പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് ശരിവെച്ചു. അങ്ങിനെ പെരിസ്‌ട്രോയിക്ക, ഗ്ലാസ്സ്‌നോസ്റ്റ് എന്നീ പുതിയ നിലപാടുകളിലൂടെ കമ്യുണിസ്റ്റ് ചിന്തകൾക്ക് അദ്ദേഹം അവസാനം കുറിച്ചു. പുനസംഘടന, തുറന്ന സമീപനം എന്നാണു ഈ റഷ്യൻ വാക്കുകളുടെ മലയാള അർഥം. 1960 -80 കാലത്ത് മുരടിച്ചു പോയ റഷ്യൻ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താൻ ശക്തമായ തീരുമാനങ്ങൾ വേണ്ടിവരും എന്നതാണ് ഇതിന്റെ മൊത്തം ഉദ്ദേശമായി മനസ്സിലാക്കപ്പെട്ടത്‌.

ഇസ്ലാമിന്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്ത കൂട്ടത്തിലാണ് മതപരിത്യാഗികൾ കടന്നു വരുന്നത്. ഒരാൾക്ക് മതം സ്വീകരിക്കാനും വേണ്ടെന്നു വെക്കാനുമുള്ള സ്വാതന്ത്ര്യം ഇസ്ലാം നൽകുന്നു. പ്രവാചക കാലത്ത് തന്നെ പലരും മതത്തിൽ നിന്നും തിരിച്ചു പോയ സംഭവങ്ങൾ നാം വായിക്കുന്നു. ഇസ്ലാം ഒരു രാഷ്ട്രമായത്തിനു ശേഷമാണു ഖിബില മാറ്റം നടക്കുന്നത്. അതിൽ പ്രതിഷേധിച്ചു ചിലർ ഇസ്ലാം വിട്ടെന്ന് പറയപ്പെടുന്നു. ഒരാൾ ഇസ്ലാമിൽ നിന്നും പുറത്തു പോയി എന്നത് കൊണ്ട് അയാൾ കൊല്ലപ്പെടണം എന്ന നിലപാട് ഇസ്ലാമിനില്ല. അങ്ങിനെ മതത്തിൽ നിന്നും പുറത്തു പോയ ആർക്കെതിരെയും പ്രവാചകൻ ഈ രീതിയിൽ നടപടി സ്വീകരിച്ചതായി നാം വായിച്ചിട്ടില്ല. ഇസ്ലാം വ്യക്തികളുടെ തിരഞ്ഞെടുപ്പിന്റെ സ്വാതന്ത്രൃമാണ്. മറ്റൊരു വാചകത്തിൽ പറഞ്ഞാൽ കേവല മതം മാറ്റക്കാരന് ഒരു ഇസ്‌ലാമിക രാഷ്ട്രം വധശിക്ഷനൽകണമെന്ന് ഇസ്‌ലാം പറയുന്നില്ല, മതം മാറ്റത്തോടൊപ്പം സമൂഹത്തിനും രാഷ്ട്രത്തിനും ദ്രോഹം ചെയ്യുക എന്നതു കൂടി സംഭവിക്കുന്നുവെങ്കിൽ മാത്രമേ ഒരു ഇസ്‌ലാമിക രാഷ്ട്രത്തിൽ വധശിക്ഷക്ക് അയാൾ അർഹനായി തീരുന്നുള്ളൂ. രാജ്യദ്രോഹപരമായ കാര്യങ്ങൾക്കോ യുദ്ധ-കലാപ കുറ്റങ്ങൾക്കോ വധശിക്ഷ നൽകുക എന്നുള്ളത് സാമൂഹിക സുരക്ഷയുടെ കൂടി ഭാഗമാണ്. ഈ ശിക്ഷാനടപടി തന്നെ നടപ്പിലാക്കേണ്ടത് ഭരണകൂടം അല്ലെങ്കിൽ രാഷ്ട്രത്തിലെ നിയമവ്യവസ്ഥയിലൂടെ ആയിരിക്കണം, വ്യക്തികൾക്ക് നിയമം കയ്യാളാൻ അവകാശമില്ല എന്ന് ഇസ്‌ലാമിക പ്രമാണങ്ങളും മുസ്‌ലിം കർമ്മശാസ്ത്ര പണ്ഡിതരും ഖണ്ഡിതമായി പറയുന്നു.

വ്യവസ്ഥിതിക്കു എതിര് നിൽക്കുന്നവരെ അംഗീകരിക്കുക എന്നതിന്റെ പേരാണ് ജനാധിപത്യം. അതിനെതിരു നിൽക്കുന്നവരെ നാം ഫാസിസ്റ്റ് എന്ന് വിളിക്കുന്നു. ചരിത്രത്തിൽ ആ നാമം ആർക്കാണ് കൂടുതൽ ചേരുന്നത് എന്നതിന് ചരിത്രം സാക്ഷിയാണ്. സോവിയറ്റ് ചരിത്രത്തിൽ 1924-53 കാലം നാം വായിക്കാതെ പോകരുത്. പരിത്യാഗികൾ എന്ന ലേബലിൽ കൊല്ലപ്പെട്ടവരുടെ സംഖ്യ പതിനഞ്ചു ലക്ഷം വരുമെന്ന് പറയപ്പെടുന്നു. അന്ന് സോവിയറ്റ് യൂണിയൻ അമേരിക്കയോട് മത്സരിക്കാൻ കഴിയുന്നത്ര ശക്തരായി മാറിയ കാലം കൂടിയാണ്. പക്ഷെ സ്വാതന്ത്ര ചിന്തയുടെ കടക്കൽ കത്തി വെച്ച് കൊണ്ടാണ് സ്റാലിൻ ആ നേട്ടം കൈവരിച്ചത്. ചൈനയും ക്യൂബയും ഇപ്പോൾ വടക്കൻ കൊറിയയും ആ വഴിയിൽ തന്നെ സഞ്ചരിക്കുന്നു. സഖാവ് കുഞ്ഞിക്കണ്ണൻ ഇങ്ങിനെ ഒരു ഗ്രന്ഥം എഴുതാൻ കാരണം കാണും. സയ്യിദ് മൌദൂദിയെ തന്റെ അഭിപ്രായം പറഞ്ഞത് ഖുർആൻ ഹദീസ് ചരിത്രം കർമ്മശാസ്ത്രം എന്നീ പ്രമാണങ്ങളിൽ നിന്ന് കൊണ്ടാണ്. സഖാവ് കുഞ്ഞിക്കണ്ണനു അതിനെ വിമർശിക്കാൻ അവകാശമുണ്ട്‌. അതിനു മുമ്പ് പ്രമാണവും സയ്യിദ് മൌദൂദിയും തമ്മിൽ എവിടെ വേർതിരിയുന്നു എന്നത് പറയണം. സയ്യിദ് മൌദൂദിയെ കൂടാതെ പിന്നെയും പണ്ഡിതർ ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഇസ്ലാമും ജാഹിലിയ്യത്തും തമ്മിൽ എന്നും സംവാദം നടന്നിട്ടുണ്ട്. കേരളവും അതിനു സാക്ഷിയാണ്. സഖാവ് കുഞ്ഞിക്കണ്ണന്റെ പുതിയ സംരംഭം ഒരു പുതിയ സംവാദ സംസ്കാരത്തിന്റെ തുടക്കമാവട്ടെ എന്ന് പ്രത്യാശിക്കുന്നു.

Related Articles