Current Date

Search
Close this search box.
Search
Close this search box.

സംസാരത്തില്‍ ജനാധിപത്യവും ഫലത്തില്‍ കയ്യൂക്കും

കാലത്ത് ഒരു മണിക്കൂര്‍ വൈകിയാണ് വണ്ടി വന്നത്. സ്റ്റേഷനില്‍ ആളുകള്‍ അക്ഷമരായി കാത്തിരിക്കുന്നു. ഇടയ്ക്കിടയ്ക്ക് വാച്ചിലേക്ക് നോക്കുന്ന ഒരാളെ ശ്രദ്ധയില്‍ പെട്ടു. വീട് ഷൊര്‍ണൂര്‍. കണ്ണൂരില്‍ ജോലി ചെയ്യുന്നു. സംസാരം പതുക്കെ തിരഞ്ഞെടുപ്പിലേക്ക് മാറി. പല ജില്ലകളിലും തിരഞ്ഞെടുപ്പ് ഡ്യൂട്ടി എന്നത് അതീവ ഗുരുതരമാണ്. വടക്കന്‍ ജില്ലകളില്‍ പലയിടത്തും പല പാര്‍ട്ടികളുടെയും ആധിപത്യമാണ്. നാട്ടില്‍ ചെന്നിറങ്ങിയാല്‍ തന്നെ കാര്യങ്ങള്‍ പെട്ടെന്ന് മനസ്സിലാവും. സ്വന്തം ജീവന്‍,കുടുംബം,ജോലി എന്നീ ഘടകങ്ങള്‍ മിണ്ടാതിരിക്കാന്‍ പലപ്പോഴും ഉദ്യോഗസ്ഥര്‍ക്ക് കാരണമാകും.

നാട്ടില്‍ ഇപ്പോള്‍ കള്ളവോട്ടിന്റെ ചര്‍ച്ചയാണ്. കള്ളവോട്ട് ഈ തിരഞ്ഞെടുപ്പില്‍ പുതുതായി ഉണ്ടായ ഒന്നല്ല. അതൊരു തുടര്‍ പ്രക്രിയയാണ്. അതിനു ഇന്ന പാര്‍ട്ടി എന്നില്ല. ആര്‍ക്കാണോ നാട്ടില്‍ ഭൂരിപക്ഷം അവര്‍ ഉദ്യോഗസ്ഥരെ മൂലയ്ക്കിരുത്തി സമര്‍ത്ഥമായി ചെയ്തു വരുന്നു. പ്രാദേശികമായി അറിയുന്നവരാണ് ഓരോ ബൂത്തിലും ഉണ്ടാകുക. എന്നിട്ടും കള്ള വോട്ട് ഉണ്ടാകുന്നു എന്ന് വന്നാല്‍ അര്‍ത്ഥം അത് തടയാന്‍ വര്‍ത്തമാന സംവിധാനങ്ങള്‍ പരാജയപ്പെടുന്നു എന്നാണ്. വടക്കു കിഴക്കന്‍ ഇന്ത്യയില്‍ അത് നടപ്പാക്കിയിരുന്നത് ബാലറ്റ് പെട്ടികള്‍ തന്നെ തട്ടിപ്പറിച്ചു കൊണ്ടായിരുന്നു. ഇപ്പോള്‍ അവിടെ നടക്കുന്നത് ആളുകളെ ബലമായി വോട്ട് ചെയ്യാന്‍ സമ്മതിക്കാതിരിക്കുക എന്നതാണ്. ജനാധിപത്യം എപ്പോഴും സുതാര്യമാണ്. പക്ഷെ നമ്മുടെ ജനാധിപത്യത്തില്‍ ക്രിമിനലുകളുടെ സാന്നിധ്യം വളരെ കൂടുതലും. ക്രിമിനലുകള്‍ക്ക് മത്സരിക്കാം എന്ന തീരുമാനം കൊണ്ട് തന്നെ ക്രിമിനലുകളുടെ വിഹാര കേന്ദ്രമായി തിരഞ്ഞെടുപ്പു രംഗം മാറുന്നു.

പലപ്പോഴും അറിയാത്തതു കൊണ്ടോ മനസ്സിലാവാത്തത് കൊണ്ടോ ആവില്ല ഇത്തരം കൃത്രിമത്വം പിടിക്കാതെ പോകുന്നത്. നേരത്തേ പറഞ്ഞത് പോലെ ജീവന്റെയും ജീവിതത്തിന്റെയും വിഷയമാണ്. അത് കൊണ്ട് തന്നെ ഉദ്യോഗസ്ഥര്‍ മൗനികളാവുന്നു. അവസാനം പിടിക്കപ്പെട്ടാല്‍ അവര്‍ ബലിയാടുകളാവുകയും ചെയ്യുന്നു. കേരളത്തിലെ സാമൂഹിക അവസ്ഥ അനുസരിച്ച് എഴുപതു ശതമാനം വലുതാണ്. ജോലി,പഠനം എന്നീ കാരണത്താല്‍ ഇരുപതു ശതമാനത്തില്‍ അധികം എന്നും സംസ്ഥാനത്തിന് പുറത്താണ്. അതെ സമയം തൊണ്ണൂറു ശതമാനത്തിനു മേല്‍ വോട്ടു ചെയ്യപ്പെടുന്ന ബൂത്തുകള്‍ നാട്ടിലുണ്ട്. അതിന്റെയെല്ലാം നിജസ്ഥിതി മനസ്സിലാക്കിയാല്‍ പലപ്പോഴും ഈ കൃത്രിമം തന്നെയാകും കാരണം. ജനാധിപത്യം എന്നത് ജനത്തിന്റെ ആധിപത്യമാണ്. ജനം വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ തങ്ങളുടെ ഭരണാധികാരികളെ തിരഞ്ഞെടുക്കുക എന്നതില്‍ നിന്നും വളഞ്ഞ വഴികളിലൂടെ തങ്ങള്‍ക്കു ഇഷ്ടമുള്ളവരെ അധികാരത്തിലെത്തിക്കുക എന്നിടത്തേക്കു കാര്യങ്ങള്‍ പോകുന്നു. അതിനു പലപ്പോഴും കൂട്ടുപിടിക്കുന്നത് ശക്തതമായ സാമൂഹിക മുദ്രാവാക്യങ്ങള്‍ മുഴക്കുന്നവരാണ് എന്നത് തീര്‍ത്തും വിരോധാഭാസമാണ്.

ഭയമില്ലാതെ ജീവിക്കാനും അഭിപ്രായം പറയുവാനുമുള്ള അവകാശം നമ്മുടെ പ്രബുദ്ധ കേരളത്തില്‍ തന്നെ അന്യം നില്‍ക്കുന്നു എന്ന് വന്നാല്‍ കേരളത്തിന് പുറത്ത് കാര്യങ്ങള്‍ എത്രമാത്രം ദയനീയമാകും എന്ന് ഊഹിച്ചാല്‍ മതിയാകും. വിദേശത്ത് എന്റെ കൂടെ താമസിച്ചിരുന്ന ഒരു വടക്കന്‍ ജില്ലക്കാരന്‍ ഒരിക്കല്‍ പറഞ്ഞത് ‘ജീവിതത്തില്‍ ഒരിക്കലും ഞാന്‍ സ്വന്തമായി വോട്ടു ചെയ്തിട്ടില്ല’ എന്നാണ്. അതെ സമയം അദ്ദേഹത്തിന്റെ വോട്ട് എല്ലാ പ്രാവശ്യവും മുടങ്ങാതെ നാട്ടില്‍ ചെയ്യുന്നുമുണ്ട്. സംരക്ഷണം നടത്തി സൂക്ഷിക്കേണ്ട ഒന്നല്ല ജനാധിപത്യം. പ്രജകള്‍ക്ക് അത് ബോധ്യമാകുക എന്നതാണ് അടിസ്ഥാന വിഷയം. കള്ളവോട്ടുകള്‍ രാജ്യത്തോട് ചെയ്യുന്ന വഞ്ചനയും കുറ്റകൃത്യവുമാണ് എന്ന ബോധമാണ് വളര്‍ത്തിയെടുക്കേണ്ടത്. സംസാരത്തില്‍ ജനാധിപത്യവും ഫലത്തില്‍ കയ്യൂക്കും എന്നത് തെറ്റായ സമീപനമാണ് നല്‍കുക. അത് കൊണ്ട് തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ അണികള്‍ക്കും നേതൃത്വത്തിനും ഇനിയും ജനാധിപത്യം പഠിപ്പിക്കണം. അതില്ലാത്ത കാലത്തോളം കാവല്‍ നില്‍ക്കുന്ന ജനാധിപത്യമായി നമ്മുടേത് മാറും.

Related Articles