Current Date

Search
Close this search box.
Search
Close this search box.

കടവും പലിശയും വേർതിരിച്ച് മനസ്സിലാക്കണം

കടത്തിന്റെ പേരില്‍ ഉത്തമര്‍ണ്ണന്‍ പറ്റുന്ന എല്ലാ ആനുകൂല്യങ്ങളും നിഷദ്ധമാണെന്ന കാര്യത്തില്‍ ഇസ്‌ലാമിക പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ല. ഏതെങ്കിലും ഒരു ആനുകൂല്യം നേടിത്തരുന്ന എല്ലാതരം കടവും പലിശയാണ്. «كُلُّ قَرْضٍ جَرَّ مَنْفَعَةٍ فَهُوَ رِبًا» ഇതാണ് തത്വം.

അതേ സമയം ഉപാധി വെക്കാതെയാേ, മുൻധാരണയില്ലാതെയോ കടം വാങ്ങിയ വ്യക്തി സ്വമേധയാ ഇഷ്ടപ്പെട്ട് കടം തന്നയാള്‍ക്ക് പാരിതോഷികമായി വല്ലതും നല്‍കുന്നതിന് വിലക്കൊന്നുമില്ല. എന്നിട്ട് കൂടി സ്വഹാബിമാര്‍ അത്തരം പാരിതോഷികങ്ങൾ സ്വീകരിക്കുന്നതില്‍ നിന്ന് വിട്ട് നിന്നിരുന്നു. ഹറാമായ ഒരു പൈസ പോലും തങ്ങളോ തങ്ങളുടെ കുടുംബമോ വയറ്റിലാക്കിപ്പോകരുതെന്നും തദ്വാര സ്വര്‍ഗം വിലക്കപ്പെടരുതെന്നുമുള്ള ദൃഢനിശ്ചയമായിരുന്നു അവരെ അത്രമാത്രം സൂക്ഷ്മാലുക്കളാക്കിയത്.

ഒരുദാഹരണം കാണുക: പ്രമുഖ സ്വഹാബി ഉബയ്യ്ബ്‌നു കഅ്ബ് (റ) ഒരിക്കല്‍ ഉമറി(റ)ല്‍ നിന്ന് 10000 ദിർഹം കടം വാങ്ങി. ഉബയ്യ്ബ്‌നു കഅ്ബ് (റ) തന്റെ തോട്ടത്തില്‍ വിളഞ്ഞ ഈത്തപ്പഴം ഉമറിന് കൊടുത്തയച്ചു. മദീനയില്‍ ഏറ്റവുമാദ്യം വിളയുന്ന മുന്തിയ ഇനം ഈത്തപ്പഴമായിരുന്നു ഉബയ്യിന്റേത്. താനുമായി സൗഹൃദമുള്ളവര്‍ക്കും ആദരവ് അര്‍ഹിക്കുന്നവര്‍ക്കും അദ്ദേഹം ആദ്യത്തെ വിളവില്‍നിന്ന് ഓരോ വിഹിതം കൊടുത്തയക്കാറുണ്ടായിരുന്നു. കൂട്ടത്തില്‍ താനേറെ ബഹുമാനിക്കുന്ന ഉമറിനും ഒരോഹരി കൊടുത്തയച്ചു. എന്നാല്‍ താന്‍ ഉബയ്യിന് 10000 ദിർഹം കടം കൊടുത്തു എന്ന കാരണത്താൽ ഉമര്‍ (റ) അത് സ്വീകരിക്കാൻ കൂട്ടാക്കിയില്ല. ഇതില്‍ ക്ഷുഭിതനായ ഉബയ്യ് താന്‍ വാങ്ങിച്ച കടം അവധിയെത്തും മുമ്പ് തന്നെ, അതേപടി തിരിച്ചുകൊടുത്തയച്ചു. എന്നിട്ട് ഇങ്ങനെ പറഞ്ഞു: “ താങ്കള്‍ കഴിക്കണമെന്നാഗ്രഹിച്ച് സന്തോഷപൂര്‍വ്വം ഞാന്‍ കൊടുത്തയച്ചതായിരുന്നു ആ ഈത്തപ്പഴം, എന്നാല്‍ അത് സ്വീകരിക്കുന്നതിന് താങ്കള്‍ എനിക്ക് കടം തന്നു എന്നത് ഒരു തടസ്സമായിരിക്കുന്നു, അങ്ങനെയാണെങ്കിൽ എനിക്ക് ആ കടം വേണ്ടതില്ല”. അപ്പോള്‍ ഉമര്‍ (റ) അത് സ്വീകരിക്കുകയും, ഉദ്ദേശ്യപൂർവ്വം ചെയ്യുമ്പോൾ മാത്രമാണ് പലിശയാവുക, എന്ന് പറയുകയും ചെയ്യുകണ്ടായി. (മുസ്വന്നഫ് 14467, 8/142).

عَنِ ابْنِ سِيرِينَ قَالَ : تَسَلَّفَ أُبَيُّ بْنُ كَعْبٍ مِنْ عُمَرَ بْنِ الْخَطَّابِ مَالًا – قَالَ : أَحْسَبُهُ عَشَرَةَ آلَافٍ – ثُمَّ إِنَّ أُبَيًّا أَهْدَى لَهُ بَعْدَ ذَلِكَ مِنْ تَمْرَتِهِ، وَكَانَتْ تُبَكِّرُ ، وَكَانَ مِنْ أَطْيَبِ أَهْلِ الْمَدِينَةِ تَمْرَةً، فَرَدَّهَا عَلَيْهِ عُمَرُ فَقَالَ أُبَيٌّ : أَبْعَثُ بِمَالِكَ، فَلَا حَاجَةَ لِي فِي شَيْءٍ مَنَعَكَ طَيِّبَ تَمْرَتِي، فَقَبِلَهَا، وَقَالَ : إِنَّمَا الرِّبَا عَلَى مَنْ أَرَادَ أَنْ يُرْبِيَ وَيُنْسِئَ.- مُصَنَّفُ عَبْدِ الرَّزَّاقِ: 14648، بَابُ : الرَّجُلُ يُهْدِي لِمَنْ أَسْلَفَهُ.

ഇമാം ഇബ്‌നുല്‍ ഖയ്യിം പറഞ്ഞു: കടം കൊടുത്തതിന്റെ പേരിലായിരിക്കുമോ ഉബയ്യ് തനിക്കാ ഈത്തപ്പഴം കൊടുത്തയച്ചത് എന്ന് ധരിച്ചതിനാലാണ് ഉമര്‍(റ) അത് നിരസിച്ചത്. എന്നാല്‍ അക്കാരണത്താലല്ല അത് എന്ന് ബോധ്യമായപ്പോള്‍ അത് സ്വീകരിക്കുകയും ചെയ്തു. (ഹാശിയതു ഇബ്‌നുല്‍ ഖയ്യിം സുനനു അബീദാവൂദ് 9/296).

فَكَانَ رَدّ عُمَر لَمَّا تَوَهَّمَ أَنْ تَكُون هَدِيَّته بِسَبَبِ الْقَرْض. فَلَمَّا تَيَقَّنَ أَنَّهَا لَيْسَتْ بِسَبَبِ الْقَرْض قَبِلَهَا.- تَهْذِيْبُ سُنَنِ أَبِي دَاودَ لِلإِمامِ ابنِ القَيِّمِ .

ഇമാം ബുഖാരി ഉദ്ധരിക്കുന്നു: അബൂ ബുര്‍ദയില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ”ഞാന്‍ മദീനയില്‍ എത്തിയപ്പോള്‍ അബ്ദുല്ലാഹിബ്‌നു സലാമി(റ)നെ കണ്ടുമുട്ടുകയുണ്ടായി. അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു: പലിശ വ്യാപകമായ ഒരു നാട്ടിലാണിപ്പോള്‍ താങ്കള്‍ (ഇറാഖാണുദ്ദേശ്യം). താങ്കള്‍ക്ക് ആരെങ്കിലും വല്ല കടവും തരാനുണ്ടെന്നിരിക്കട്ടെ, എന്നിട്ടയാള്‍ താങ്കള്‍ക്കൊരു കെട്ട് വൈക്കോലോ, ഒരുകൊട്ട ബാര്‍ലിയോ, ഒരു കൊട്ട കാലിത്തീറ്റയോ കൊണ്ടുവന്നു തരുന്നുണ്ടെങ്കില്‍ താങ്കളത് സ്വീകരിക്കരുത്. കാരണം അത് പലിശയാണ്” (ബുഖാരി 3814).

عَنْ سَعِيدِ بْنِ أَبِي بُرْدَةَ، عَنْ أَبِيهِ، أَتَيْتُ الْمَدِينَةَ فَلَقِيتُ عَبْدَ اللَّهِ بْنَ سَلَامٍ رَضِيَ اللَّهُ عَنْهُ، فَقَالَ: أَلَا تَجِيءُ فَأُطْعِمَكَ سَوِيقًا وَتَمْرًا وَتَدْخُلَ فِي بَيْتٍ؟ ثُمَّ قَالَ: « إِنَّكَ بِأَرْضٍ الرِّبَا بِهَا فَاشٍ، إِذَا كَانَ لَكَ عَلَى رَجُلٍ حَقٌّ، فَأَهْدَى إِلَيْكَ حِمْلَ تِبْنٍ، أَوْ حِمْلَ شَعِيرٍ، أَوْ حِمْلَ قَتٍّ، فَلَا تَأْخُذْهُ فَإِنَّهُ رِبًا ».-رَوَاهُ الْبُخَارِيُّ: 3814.

ഉബയ്യ്, ഇബ്‌നു മസ്ഊദ്, അബ്ദുല്ലാഹിബ്‌നു സലാം(റ) തുടങ്ങി സ്വഹാബിമാരിലെ പല പ്രമുഖരും കടം വാങ്ങിയവന്‍ കടം നല്‍കിയവന് കൊടുക്കുന്ന യാതൊന്നും സ്വീകരിക്കാവതല്ല, അത് പലിശയാണ് എന്ന് പറഞ്ഞിട്ടുണ്ട്. (ഇഅ്‌ലാമുല്‍ മുവഖിഈന്‍ 3/136).

യഹ്‌യബ്‌നു അബീ ഇസ്ഹാഖില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ഞാന്‍ അനസുബ്‌നു മാലികിനോട് ചോദിച്ചു: ” ഞങ്ങളിലൊരാള്‍ കടം നല്‍കി, പിന്നെ കടം മേടിച്ചവന്‍ വല്ല സമ്മാനവും നല്‍കുകയാണെങ്കില്‍ അത് സ്വീകരിക്കാമോ? ” അദ്ദേഹം പറഞ്ഞു: ” അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു: നിങ്ങളിലാരെങ്കിലും ഒരാള്‍ക്ക് വല്ല കടവും നല്‍കുകയും തദടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് വല്ലതും സമ്മാനമായി നല്‍കുകയോ, അല്ലെങ്കില്‍ അയാളുടെ വാഹനത്തില്‍ നിങ്ങളെ കയറ്റുകയോ ചെയ്‌തെന്നിരിക്കട്ടെ. എങ്കിലത് സ്വീകരിക്കരുത്; നേരത്തെ അവര്‍ തമ്മില്‍ അങ്ങനെ ഒരു ശീലം ഉണ്ടെങ്കിലല്ലാതെ .” ഈ ഹദീസ് ഹസനാണെന്ന് ഇമാം ഇബ്‌നുതൈമിയ്യ രേഖപ്പെടുത്തിയിട്ടുണ്ട് (അല്‍ ഫതാവല്‍ കുബ്‌റാ 6/159).

عَنْ يَحْيَى بْنِ أَبِي إِسْحَاقَ الْهُنَائِيِّ، قَالَ: سَأَلْتُ أَنَسَ بْنَ مَالِكٍ: الرَّجُلُ مِنَّا يُقْرِضُ أَخَاهُ الْمَالَ فَيُهْدِي لَهُ؟ قَالَ: قَالَ رَسُولُ اللهِ صَلَّى الله عَليْهِ وسَلَّمَ: « إِذَا أَقْرَضَ أَحَدُكُمْ قَرْضًا، فَأَهْدَى لَهُ، أَوْ حَمَلَهُ عَلَى الدَّابَّةِ، فَلاَ يَرْكَبْهَا وَلاَ يَقْبَلْهُ، إِلاَّ أَنْ يَكُونَ جَرَى بَيْنَهُ وَبَيْنَهُ قَبْلَ ذَلِكَ ».- رَوَاهُ ابْنُ مَاجَةْ: 2432.

കടം കൊടുക്കുക ഇസ്‌ലാമില്‍ ഒരു പുണ്യകര്‍മമാണ്. ഉള്ളവനേ അത് കൊടുക്കേണ്ടതുള്ളൂ, ഇല്ലാത്തവനേ അത് ചോദിക്കേണ്ടതുമുള്ളൂ. ആ ഇല്ലായ്മ ചൂഷണോപാധിയാക്കാവതല്ല. അതുകൊണ്ടു തന്നെ കടം കൊടുത്തവന്‍ ആ പേരില്‍ പറ്റുന്ന ഏതൊരാനുകൂല്യവും പലിശയുടെ ഇനത്തിലാണ് ഇസ്‌ലാം പെടുത്തിയിരിക്കുന്നത് (കുല്ലു ഖര്‍ദിന്‍ ജര്‍റ നഫ്അന്‍ ഫഹുവ രിബാ). «كُلُّ قَرْضٍ جَرَّ مَنْفَعَةٍ فَهُوَ رِبًا»

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles