Current Date

Search
Close this search box.
Search
Close this search box.

ക്രിമിനലുകളെ തെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്തുമോ ?

രാജസ്ഥാനില്‍ ലൗ ജിഹാദിന്റെ പേരില്‍ ബംഗാള്‍ സ്വദേശിയായ മുഹമ്മദ് അഫ്റസുല്‍ എന്ന മുസ്ലിം തൊഴിലാളിയെ ജീവനോടെ പെട്രോളൊഴിച്ച് ചുട്ടുകൊന്ന ശംഭുലാലിനെ സംഘപരിവാര്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ആഗ്രയില്‍ നിന്ന് മത്സരിപ്പിക്കാന്‍ ആലോചിക്കുന്നു എന്ന വാര്‍ത്ത അടുത്താണ് നാം കേട്ടത്. അതിനു ശേഷം യു.പിയില്‍ മുഹമ്മദ് അഹ്‌ലാഖിനെ അടിച്ചു കൊന്ന കൊലയാളിയും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നു എന്ന വാര്‍ത്തയും വന്നു കൊണ്ടിരുന്നു. ഏതൊരു ജനാധിപത്യ വാദിയുടെ മനസ്സും പിടക്കുന്ന വാര്‍ത്തകളായിരുന്നു അതൊക്കെ. അവിടെയാണ് ഇന്നത്തെ സുപ്രീം കോടതിയുടെ കണ്ടെത്തലുകള്‍ പ്രസക്തമാവുന്നത്. ക്രിമിനലുകളെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള സമയം അതിക്രമിച്ചു എന്ന കണ്ടെത്തല്‍ ജനാധിപത്യ ഇന്ത്യക്കു ഒരു അനുഗ്രഹമാണ്.

ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു എന്നത് കൊണ്ട് അവരെ മാറ്റി നിര്‍ത്തണം എന്ന് പറയാനുള്ള അവകാശം കോടതിക്കില്ല എന്ന് തിരിച്ചറിയുമ്പോള്‍ പോലും ഓരോ പാര്‍ട്ടിയിലും അത്തരം ചരിത്രമുള്ള ആളുകളെ മാറ്റി നിര്‍ത്താന്‍ വിശദമായ നിയമ നിര്‍മാണം പാര്‍ലമെന്റ് നടത്തണം എന്നതാണ് കോടതിയുടെ കണ്ടെത്തല്‍. കഴിഞ്ഞ കാലത്തെ അപേക്ഷിച്ചു ഇന്ത്യന്‍ പാര്‍ലമെന്റില്‍ ക്രിമിനലുകളുടെ എണ്ണം കൂടുതലാണ് എന്നാണ് വാര്‍ത്തകള്‍. മൊത്തം അംഗങ്ങളില്‍ 190ഓളം ക്രിമിനലുകള്‍ ഉണ്ടെന്നാണ് കണക്ക്. 2004 മുതല്‍ ഈ സംഖ്യ കുത്തനെ കൂടുന്നു എന്നതും ചൂണ്ടികാണിക്കപ്പെടുന്നു.

രാഷ്ട്രീയം, രാഷ്ട്ര സേവനവും ജന സേവനവുമാണ്. നല്ല മനുഷ്യരിലൂടെ മാത്രമേ അത് സംഭവിക്കൂ. പണവും അധികാവരും ഗുണ്ടായിസവും ജനാധിപത്യ സംസ്‌കാരത്തിന് വഴിമാറി കൊടുക്കുന്ന ദയനീയ അവസ്ഥ നാം കാണാതിരുന്നു കൂടാ. ആളുകളെ കൂട്ടക്കൊല ചെയ്തും ചെയ്യിച്ചും നേതാവായവര്‍ നമ്മുടെ ഭരണ സിരാ കേന്ദ്രങ്ങളുടെ ഒരു സ്ഥിരം കാഴ്ചയായി മാറിയിട്ട് കാലമേറെയായി. ഈ വിഷയത്തില്‍ പാര്‍ലമെന്റ് എന്ത് നിലപാട് സ്വീകരിക്കും എന്നത് പ്രസക്തമാണ്. 35 ശതമാനത്തോളം ശുദ്ധ ക്രിമിനലുകള്‍ തങ്ങള്‍ക്കെതിരെ നിയമം നിര്‍മിക്കാന്‍ മുന്നോട്ട് വരും എന്നത് ഒരു സ്വപ്നം മാത്രമാണ്.

ജനാധിപത്യം കോടതിയിലൂടെ സ്ഥാപിക്കപ്പെടുക എന്നത് ഒരു ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല. മനുഷ്യത്വത്തിന്റെ എല്ലാ കണികകളും നഷ്ടമായ ക്രൂരന്മാരെ മത്സരിപ്പിക്കാന്‍ കോപ്പ് കൂട്ടുന്ന ഈ കാലത്ത് സുപ്രീം കോടതിയുടെ ഈ കണ്ടെത്തല്‍ ഒരു വലിയ ആശ്വാസമാണ്.

Related Articles