Current Date

Search
Close this search box.
Search
Close this search box.

ഹവ്വയുടെ സൃഷ്ടിപ്പ്

ഖുര്‍ആന്‍ സൃഷ്ടിപ്പിനെ പറ്റി പലയിടത്തും പറയുന്നുണ്ട്. അതില്‍ ഏറ്റവും പ്രസക്തമായത് ‘സൂറത്ത് നിസാഅ്’ എന്ന അധ്യായത്തിലെ ഒന്നാമത്തെ സൂക്തമാണ്.
يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُم مِّن نَّفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَاءً ۚ وَاتَّقُوا اللَّهَ الَّذِي تَسَاءَلُونَ بِهِ وَالْأَرْحَامَ ۚ إِنَّ اللَّهَ كَانَ عَلَيْكُمْ رَقِيبًا

‘മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക.) തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു’

ഇതില്‍ ഒരേ ‘ആത്മാവ്’ അഥവാ സത്തയില്‍ നിന്ന് എന്നതിന് ഉപയോഗിച്ച പദം ‘നഫ്‌സ് ‘ എന്ന അറബി വാക്കാണ്. ആത്മാവ്, ചൈതന്യം, മനസ്സ്, ജീവിത സത്ത, തുടങ്ങിയ നിരവധി വിശാല അര്‍ത്ഥങ്ങളും മാനങ്ങളും ഖുര്‍ആനിലുടനീളം ദർശിക്കാം. ഖുര്‍ആനില്‍ ഒരേ ആത്മാവില്‍ നിന്ന് രണ്ടാളുകളേയും സൃഷ്ടിച്ചു എന്ന അര്‍ത്ഥമാണ് കൂടുതല്‍ യുക്തി സഹം. ആദമിന്റെ വാരിയെല്ലില്‍ നിന്നാണ് ഇണയായ ഹവ്വയെ സൃഷ്ടിച്ചതെന്ന് പറയുന്നുമുണ്ട് ഹദീസിൽ. ഇത് ഖുർആനിൻെറ സൃഷ്ടിപ്പുമായി ബന്ധപെട്ട കാഴ്ചപ്പാടിന് വിരുദ്ധമല്ലേ എന്ന് ഖുർആൻ വിമർശകർ ചോദിക്കാറുമുണ്ട്.

ഇതിനെ ചില മുഫസ്സിറുകൾ ഇങ്ങനെ വിശദീകരിക്കുന്നു: ഒരേ ആത്മാവില്‍ നിന്ന് രണ്ട് പേരെയും സൃഷ്ടിച്ചു എന്ന വാദമാണ്  19, 20 നൂറ്റാണ്ടുകളിലെ ഈജിപ്ഷ്യന്‍ പണ്ഡിത പ്രമുഖരായിരുന്ന മുഹമ്മദ് അബ്ദു, റഷീദ് രിളാ എന്നിവര്‍ സ്വീകരിക്കുന്നത് ഉദാഹരണം. പിന്നീട് വന്ന പിക് താള്‍, മുഹമ്മദ് അസദ് തുടങ്ങിയ ആധുനിക പണ്ഡിതരും ഇതേ വ്യാഖ്യാനം സ്വീകരിക്കുന്നു.

പ്രമുഖ സലഫി ഹദീസ് പണ്ഡിതനായ നാസറുദ്ദീന്‍ അല്‍ബാനിയെ പോലുള്ള ഒരു വിഭാഗമാവട്ടെ വാരിയെല്ലിൽ നിന്ന് ഹവ്വയെ സൃഷ്ടിച്ചു എന്ന ഹദീസുകള്‍ അക്ഷരാര്‍ത്ഥത്തില്‍ എടുക്കേണ്ടതല്ലെന്നും ആലങ്കാരികാര്‍ത്ഥത്തില്‍  മാത്രം കാണേണ്ടവയാണെന്നും അഭിപ്രായപ്പെടുന്നു.

ബൈബിളിലും വാരിയെല്ലുകൊണ്ട് ഹവ്വയെ സൃഷ്ടിച്ച കാര്യം പറയുന്നുണ്ട്.
ആദമിൻെറ പതിമൂന്നാമത്തെ വാരിയെല്ല് കൊണ്ടാണ് ഹവ്വയെ സൃഷ്ടിച്ചത് ( തൽമൂദ്). എന്നാൽ, ഖുർആൻ ആദി ജീവനിൽ നിന്ന് അല്ലങ്കിൽ സത്തയിൽ നിന്ന് ഇണയെ സൃഷ്ടിച്ചുവെന്നാണ് പറയുന്നത്. ആ സൃഷ്ടി പ്രക്രിയ വിശദീകരിച്ചിട്ടില്ല. ആദമിനെ ഏതൊരു സത്തയിൽ നിന്ന് സൃഷ്ടിച്ചോ അതേ സത്തയിൽ നിന്ന് ഇണയേയും സൃഷ്ടിച്ചു. لَقَدْ جَاءَكُمْ رَسُولٌ مِّنْ أَنفُسِكُمْ തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍നിന്നു തന്നെയുള്ള ഒരു ദൈവദൂതന്‍ വന്നിരിക്കുന്നു. (Sura 9 : Aya 128)

ഈ ആയത്തിൽ മിൻ അൻഫുസിക്കും എന്ന പ്രയോഗം ശ്രദ്ധിക്കുക. ഒരേ വർഗത്തിൽ നിന്ന്, ജനുസ്സിൽ നിന്ന് എന്നൊക്കെ ആശയം വായിച്ചെടുക്കാം. وَاللَّهُ جَعَلَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ വര്‍ഗത്തില്‍ നിന്നുതന്നെ ഇണകളെ ഉണ്ടാക്കിത്തന്നു. (Sura 16 : Aya 72)

മുകളിൽ പറഞ്ഞ രണ്ട് ആയത്തുകളിലും നഫ്സ് എന്ന പ്രയോഗം സൂചിപിക്കുന്നത് ഒരേ ജനുസ്സ്, വർഗ്ഗം എന്നൊക്കെയാണ്. അങ്ങിനെ വരുമ്പോൾ ആദമിനെ സൃഷ്ടിച്ചത് എന്തിൽ നിന്നാണൊ അതിൽ നിന്ന് ഹവ്വയേയും സൃഷ്ടിച്ചു എന്ന് മനസ്സിലാക്കാവുന്നതാണ്.

فَاسْتَجَابَ لَهُمْ رَبُّهُمْ أَنِّي لَا أُضِيعُ عَمَلَ عَامِلٍ مِّنكُم مِّن ذَكَرٍ أَوْ أُنثَىٰ ۖ بَعْضُكُم مِّن بَعْضٍ ۖ അപ്പോള്‍ അവരുടെ നാഥന്‍ അവര്‍ക്കുത്തരമേകി: “പുരുഷനായാലും സ്ത്രീയായാലും നിങ്ങളിലാരുടെയും പ്രവര്‍ത്തനത്തെ ഞാന്‍ പാഴാക്കുകയില്ല. നിങ്ങളിലൊരു വിഭാഗം മറുവിഭാഗത്തില്‍ നിന്നുണ്ടായവരാണ്. (Sura 3 : Aya 195) ആണും പെണ്ണും ഒരേ വർഗത്തിൽ നിന്നാണ് എന്ന് ഇവിടെയും പറയുന്നു. മനുഷ്യൻെറ ഉൽപത്തിപരമായ ഏകത്വമാണ് ഇവിടെയും പരാമർശിച്ചിരിക്കുന്നത്.

തഫ്ഹീമുൽ ഖുർആനിൽ മൗദൂദി സാഹിബ് നിസാഅിലെ ഒന്നാമത്തെ വചനം വിശദീകരിച്ചപ്പോൾ ഇങ്ങനെ  കുറിച്ചു.
“…..അല്ലാഹുവിന്റെ ഗ്രന്ഥം (ഖുര്‍ആന്‍) ഇക്കാര്യത്തില്‍ മൗനം ദീക്ഷിച്ചിരിക്കയാണ്. ഈ ധാരണക്കുപോദ്ബലകമായി ഉന്നയിക്കപ്പെടാറുള്ള ഹദീസിനാകട്ടെ, സാധാരണ ധരിക്കപ്പെടുന്ന അര്‍ഥമല്ല ഉള്ളത്. അതിനാല്‍, അല്ലാഹു അവ്യക്തമാക്കിവെച്ച കാര്യം അവ്യക്തമായിത്തന്നെ വിടുകയാണുത്തമം. അതിന്റെ വിശദരൂപം നിര്‍ണയിക്കാന്‍ സമയം കളയേണ്ടതില്ല.

അമാനി മൗലവി ആ ചർച്ചയിൽ പറയുന്നത്: ” വാരിയെല്ലില്‍നിന്നാണെന്നു ഉറപ്പിച്ചു പറയത്തക്ക തെളിവില്ലെങ്കിലും ആ അഭിപ്രായം തെറ്റാണെന്നു വിധി കല്‍പിക്കുവാനും തെളിവുകളൊന്നുമില്ല.”

Related Articles