Current Date

Search
Close this search box.
Search
Close this search box.

റമദാനിൽ കോവിഡിന്റെ റോൾ

കോവിഡ് മനുഷ്യജീവിതത്തിൽ മികച്ച ഒരു അധ്യാപകന്റെ റോളാണ് നിർവഹിക്കുന്നത്. ആരെയും അത് അഹങ്കരിക്കാൻ അനുവദിക്കുകയില്ല. സമ്പന്നനും ദരിദ്രനും രാഷ്ട്രതലവനും തൂപ്പുകാരനുമെല്ലാം എന്റെ മുന്നിൽ തുല്യരാണ് എന്നാണ് കോവിഡ് പഠിപ്പിക്കുന്നത്.

റമദാനിൽ അത് പുതിയ വേഷമിട്ട് വന്നു. അത് പറയുന്നത്, അഹങ്കരിക്കരുത്, നിങ്ങളുടെ കരുത്തർ പോലും ദുർബലരാണ് എന്നാണ്. ചികിത്സ കിട്ടാതെ മരിക്കുന്നവരിൽ ദരിദ്രർ മാത്രമല്ല ഉള്ളത്. ഉന്നതന്മാരുണ്ട്. മുൻ ഇന്ത്യൻ സ്ഥാനപതി അശോക് അറോഹി ഡൽഹിയിലെ ഒരു ആശുപത്രിക്ക് മുൻപിൽ ചികിത്സ കിട്ടാതെ അഞ്ചുമണിക്കൂർ കിടന്ന ശേഷം മരണത്തിന് കീഴടങ്ങി. ഇത് ആശുപത്രി അധികൃതരുടെ അവഗണനകൊണ്ടല്ല. രോഗികളുടെ എണ്ണപ്പെരുപ്പം മൂലമാണ്.

കോവിഡ് പഠിപ്പിക്കുന്നത് വിന.യത്തിന്റെ പാഠമാണ്. പരിശുദ്ധ റമദാനിൽ വിശ്വാസികളുടെ മനസ്സ് പതിവിലധികം അലിയും. കോവിഡ് രോഗികൾക്ക് വേണ്ടി ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും പ്രാർത്ഥന ഉയരുന്നു. പ്രാർത്ഥനക്ക് അർത്ഥം ലഭിക്കുക അവരിലേക്ക് സഹായ ഹസ്തം നീളുമ്പോഴാണ്. സർക്കാർ അവർക്കാവുന്നതെല്ലാം ചെയ്യുന്നു.

എല്ലാതുറകളിലും എല്ലാരും തുല്യരാകാത്ത് അവസ്ഥയാണല്ലോ ലോകത്തുള്ളത്. കോവിഡ് എല്ലാവരെയും തുല്യരാക്കി. അടുത്തുണ്ടായ രണ്ട് പ്രളയവും അത്തരത്തിലുള്ളതായിരുന്നു. ഇവയെല്ലാം ഖുർആനിനൽ ചില താക്കീതുകൾ ഓർമിപ്പിക്കുന്നു. അത് പരീക്ഷണമോ ശിക്ഷയോ ആകാം. ഇപ്പോഴുള്ളത് ശിക്ഷയാണെന്ന് ഉറപ്പിച്ചുപറയാൻ വയ്യ. പരീക്ഷണമാണെന്ന് നിസ്സംശയം പറയാം. ഒരു പരീക്ഷണം വരുന്നത് നിങ്ങൾ സൂക്ഷിച്ചുകൊള്ളുക. അത് ബാധിക്കുക നിങ്ങളിലെ ആക്രമികൾക്ക് പ്രത്യേകമായിട്ടാവുകയില്ല. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് നിങ്ങൾ മനസ്സിലാക്കുകയും ചെയ്യുക (8:25)

പരീക്ഷയായാലും ശിക്ഷയായാലും ലക്ഷ്യം പാഠം പഠിക്കലാണ്. സമ്പത്ത്‌കൊണ്ടോ അധികാരം കൊണ്ടോ സന്താനങ്ങൾ കൊണ്ടോ അഹങ്കരിക്കാൻ മനുഷ്യർക്ക് അർഹതയില്ല. പട്ടിണി അറിയാത്തവർ ഇന്ന അതിന്റെ രുചി അറിയുന്നു. സാമൂഹ്യ ദുരാചാരങ്ങൾ, മദ്യപാനം, കൊല, സ്ത്രീപീഡനം, ദലിത് പീഡനം എന്നിവ പുതിയ ക്രൗര്യം കൈവരിച്ചിരിക്കുന്നു. അപ്പോൾ ദൈവത്തിൽ നിന്നും ചില ടെസ്റ്റ് ഡോസുകൾ വരാനിടയുണ്ട്. അതിന്റെ ഉദ്ദേശം തിന്മകളിൽ വിഹരിക്കുന്നവർ അതിൽ നിന്നും മടങ്ങുകയും വിനയാനിതരാവുകയും ചെയ്യുക എന്നതാണ്. വിപത്തുകൾ ദൈവത്തിൽ നിന്നുള്ളതാണ് എന്ന് പ്രഖ്യാപിക്കുകയാണ് ശരിയായ വിശ്വാസികളുടെ ബാധ്യത. മനുഷ്യരിലെ എത്ര ശക്തനും അതീവ ദുർബലരാണ് എന്ന് ബോധ്യപ്പെടുത്താൻ കോവിഡിന് കഴിഞ്ഞു. മാസ്‌ക് ധരിക്കില്ലെന്ന് തറപ്പിച്ചുപറഞ്ഞ ഒരു രാഷ്ട്രത്തലവന് കോവിഡിന്റെ മുമ്പിൽ തലകുനിക്കേണ്ടി വന്നത് നാം കണ്ടു. ആയുധശേഖരം കൊണ്ട് അഭിമാനിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്ന അത്തരക്കാർക്ക് അതുകൊണ്ടൊന്നും കൊറോണയെ കൊല്ലാൻ കഴിയില്ലല്ലോ. മന്ത്രി മന്ദിരങ്ങളിൽ മാത്രമല്ല, മന്ത്രിമാരുടെ കുപ്പായക്കുടുക്കിന്റെ വക്കിൽ പോലുമിരുന്ന് അവരെ കൊല്ലാൻ കോവിഡിന് കഴിയുന്നു. നഗ്നനേത്രങ്ങൾ കൊണ്ട് നമുക്ക് കാണാൻ കഴിയുന്ന ശത്രുവല്ല കോവിഡ്.

ഇങ്ങനെ നിസ്സഹായരായി ജനങ്ങൾ മേലോട്ടുനോക്കുമ്പോൾ വിശ്വാസികൾക്ക് ഈ പരീക്ഷയിൽ നല്ല മാർക്ക് നേടാൻ കഴിയും. കുടുംബത്തിന്റെ ഏക ആശ്രയമായ ആൾ കോവിഡ് ബാധിതനാകുമ്പോൾ ആ കുടുംബത്തിന് ഭക്ഷണം നൽകിയാൽ അതിന് ചുരുങ്ങിയത് പത്തിരട്ടി പ്രതിഫലം അല്ലാഹു നൽകും. താഴ്മയോടും ശുദ്ധമനസ്സോടും കൂടിയായിരിക്കണമത്. ആ രീതി ഖുർആൻ പരിചയപ്പെടുത്തുന്നു- അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി മാത്രമാണ് ഞങ്ങൾ നിങ്ങൾക്ക് ആഹാരം നൽകുന്നത്. നിങളുടെ പക്കൽ നിന്നും യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. (വി. ഖു 76:9) ഇങ്ങനെ ദുരിതങ്ങളുടെ അവസരങ്ങളിൽ നട്ക്കുന്ന പരീക്ഷകളിൽ നമുക്ക് വിജയിക്കാം.

Related Articles