Current Date

Search
Close this search box.
Search
Close this search box.

ഇനി അഴി മതിയാവില്ല

പൊതുസമ്പത്തിന്റെയോ പൊതുജനാധികാരത്തിന്റെയോ ചൂഷ​ണമോ ദുരുപയോഗമോ ആണ് അഴിമതി. അഴിമതിക്കടിമപ്പെടുമ്പോൾ ഒരു സമൂഹത്തിന് ധാർമികതയും നൈതികതയും നഷ്ടപ്പെടുന്നു. ഭയമോ നിയമവ്യവസ്തയോട് ബഹുമാനമോ ഇല്ലാത്ത സമൂഹമായി അവർ സ്വാഭാവികമായി പരിണമിക്കുന്നു. കൈക്കൂലി,സ്വജനപക്ഷപാതം,പൊതുസ്വത്തപഹരിക്കൽ,സ്വന്തം കാര്യലാഭത്തിനായി നിയമവ്യനസ്ഥയേയോ ഭരണക്രമത്തേയോ സ്വാധീനിക്കൽ,എന്നിങ്ങനെ വിവിധ രീതിയിലുളള അഴിമതികൾ ഉണ്ട്. ചക്കരക്കുടത്തിൽ കൈയ്യിട്ടവരെല്ലാം നക്കാറുണ്ട് എന്ന് മലയാളത്തിൽ ചൊല്ലുതന്നെയുണ്ട്. പക്ഷേ മലയാളക്കരയിൽ മാത്രം കാണുന്ന ഒരു പ്രതിഭാസമല്ല ഈ അഴിമതി. ലോകവ്യാപകമായ ചൂതുകളിയായി ഇന്നത് വളർന്നിരിക്കുന്നു. ലോകബാങ്കിന്റെ കണക്കുകൾ പ്രകാരം പ്രതിവർഷം 1.6 ട്രില്യൺ ഡോളർ ലോകത്താകമാനം അഴിമതിയിലുടെ നഷ്ടപ്പെടുന്നു.വർഗ്ഗീയതയും ഭീകരവാദവും പോലെ അഴിമതി ഏറ്റവുമധികം ബാധിക്കുന്നതും ഏതു സമുഹത്തിലെയും ദരിദ്രവിഭാഗത്തെയാണ്.സമൂഹത്തിൽ സ്വാധീനശക്തിയുളളവർ അഴിമതിയിലൂടെ നേട്ടം കൊയ്യുമ്പോൾ അവശവിഭാഗം അവസരങ്ങളും അവകാശങ്ങളും നഷ്ടപ്പെട്ട് കൂടുതൽ അശക്തരാകുകയും അരികുവൽകരിക്കപ്പെടുകയും ചെയ്യും.

അഴിമതിക്കെതിരെ ഒരു വോട്ട് എന്നാണ് പ്രമുഖ മുന്നണികൾ ഇപ്പോൾ ഈ തെരെഞ്ഞെടുപ്പിൽ ഉയർത്തിയിരിക്കുന്ന
മുദ്രാവാക്യം . അപ്പോൾ അവർ സമ്മതിച്ചു ഇങ്ങ് പഞ്ചായത്ത് തലം മുതൽ അഴിമതിയുണ്ടെന്ന് , ആശ്വാസമായി . അവർ ഇത്രയും പറഞ്ഞ സ്ഥിതിക്ക് തെരഞ്ഞെടുപ്പിന് മുൻപ് പറ്റുമെങ്കിൽ ആരോപിതർക്ക് തെളിവ് സഹിതം നോട്ടീസ് കൊടുക്കണമെന്നാണ് ഈയുള്ളവന് സർക്കാരിനോടു വിനീതമായി പറയാനുള്ളത് . ശരിക്കും “അഴി”മതിയാവില്ല. ഇന്ത്യൻ ഭരണഘടന പറയുന്ന പരമാവധി ശിക്ഷ തന്നെ കൊടുക്കണം
അമ്മക്ക് താലി പണിതാൽ അതിൽ അഴിമതി കാണിക്കുന്ന മ്ലേച്ഛന്മാരാണ് മറ്റവർ എന്നാണ് എല്ലാ മുന്നണികളും പരസ്പരം ആരോപിക്കാറ്. ചിലർ പൊതുമരാമത്തും പാലങ്ങളും ഉദാഹരണങ്ങൾ പറയുമ്പോൾ ചിലർ പള്ളിക്കൂടങ്ങളും കിഫ്ബിയുമെല്ലാം പറഞ്ഞ് പ്രതിരോധിക്കുന്നു.കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള അഴിമതി ആരോപണങ്ങളാണ് ഇന്നിവിടെ നടന്നു കൊണ്ടിരിക്കുന്നത്. നാട്ടുകാരെ വെട്ടിച്ചു തിന്നു, ചെള്ളുകളെ പോലെ ചീർത്തു എന്നെല്ലാം അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞ് പാവപ്പെട്ടവന്റെ മുഖത്തു നോക്കി കൊഞ്ഞണം കുത്തിയ ഇവർക്ക് , അധികാരത്തിനു വേണ്ടി അഴിമതി വിരുദ്ധ മുദ്രാവാക്യങ്ങളും നന്നായി വഴങ്ങുമെന്ന് പ്രാദേശിക തെരെഞ്ഞെടുപ്പ് പ്രചാരണങ്ങൾ തെളിയിച്ചിട്ടുള്ളതാണ് .ഇലക്ഷൻ വരുമ്പോൾ അലക്കി തേച്ച വടിപോലത്തെ കുപ്പായമിട്ട് മഞ്ഞച്ചിരിയുമായി ഇറങ്ങിക്കോളും ഈ ധവള അമ്പാസിഡർമാർ എന്ന് നാം ഈയിടെ പോലും കണ്ട് ബോധ്യപ്പെട്ടതാണ്.

Also read: ട്രംപിന് പഠിക്കുന്ന ഇമ്മാനുവൽ മക്രോൺ

ഡോക്ടർ മുസ്തഫ അമീൻ (1914-97)
അറബ് ലോകത്ത് വളരെയധികം പ്രശസ്തി നേടിയ ഈജിപ്ഷ്യൻ കോളമിസ്റ്റും പത്രപ്രവർത്തകനുമായിരുന്നു. ലിബറൽ വീക്ഷണകോണിലൂടെ അറിയപ്പെടുന്ന അമീനും സഹോദരൻ അലിയും ആധുനിക അറബ് പത്രപ്രവർത്തനത്തിന്റെ പിതാക്കന്മാരായാണ് അറിയപ്പെടുന്നത്. അഖ്ബാറുൽ യൗം എന്ന പ്രസിദ്ധ പത്രത്തിലെ തന്റെ (ഫിക്റ) എന്ന സ്ഥിരം കോളത്തിൽ ഒരു പ്രമുഖ പൊതുമേഖലാ കമ്പനിയിൽ ജോലി ചെയ്യുന്ന ആത്മാർത്ഥതയുള്ള ഒരു യുവ എഞ്ചിനീയറിന്റെ കഥ പറയുന്നുണ്ട്.

ഒരിക്കൽ തനിക്ക് വന്ന കൈക്കൂലി ഓഫറിനെ കുറിച്ച് തന്റെ ഭാര്യയോട് : “എന്റെ ഖൽബേ ! അഴിമതിക്കാരനായ ഒരു കരാറുകാരൻ എനിക്ക് നൂറു പൗണ്ട് കൈക്കൂലി വാഗ്ദാനം ചെയ്തു. ഞാൻ അയാളെ റിപ്പോർട്ട് ചെയ്തു, പോലീസ് വന്ന് അയാളെ അറസ്റ്റ് ചെയ്തു ”
ഇതു കേട്ട് ഭാര്യ അയാളെ ആലിംഗനം ചെയ്തുകൊണ്ട് പറഞ്ഞു:

“എന്റെ പൊന്നേ ! നിങ്ങൾ ആത്മാർത്ഥതയുള്ളയാളാണ് .. പരിഷ്കർത്താവ് .. ഒരു പാട് നന്ദി ..”

ഒരു മാസത്തിനുശേഷം അദ്ദേഹം അവളുടെ അടുക്കൽ വന്നു പറഞ്ഞു: “എന്താണ് ഈ ആളുകൾ ഇങ്ങിനെ! ഇന്ന്, മറ്റൊരു കരാറുകാരൻ എനിക്ക് മുന്നൂറ് പൗണ്ട് വാഗ്ദാനം ചെയ്തു, ഞാൻ അയാളെ കുറിച്ച് റിപ്പോർട്ട് ചെയ്തു, പോലീസ് വന്ന് അയാളെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി ”
ഇത്തവണയും അവൾ അയാളെ കെട്ടിപ്പിടിച്ച് ചുംബിച്ചു കൊണ്ട് പറഞ്ഞു:

“നിങ്ങൾ എത്ര അത്ഭുത മനുഷ്യനാണ്! നിങ്ങളുടെ ഭാര്യയായതിൽ അഭിമാനമുണ്ട് ”

മാസങ്ങൾക്കുശേഷം, വിശ്വസ്തനായ അതേ എഞ്ചിനീയർ വീണ്ടും വന്ന വിവരം അവളുടെ അടുത്ത് വന്നു പറഞ്ഞു: “എന്റെ കരളേ ! ഇന്ന് വലിയൊരു കമ്പനി എനിക്ക് ഒരു ലക്ഷം പൗണ്ട് കൈക്കൂലി വാഗ്ദാനം ചെയ്തു, ഞാൻ അത് നിരസിച്ച് റിപ്പോർട്ട് ചെയ്തു. അവർ കരാറ് വേണ്ടെന്ന് വെച്ചു ”

അത് കേട്ടപ്പോൾ മുതൽ തുടങ്ങിയ ശകാരം അവൾ നിർത്താൻ പിന്നീട് ആ എഞ്ചിനീയർക്ക് പല പ്രലോഭനങ്ങളും നടത്തേണ്ടിവന്നു എന്നാണ് കഥ.

ഡോ. മുസ്തഫ അമീന്റെ വിശാലമായ ഭാവനയിൽ നിന്നായിരിക്കാം ഈ കഥയുണ്ടായത് … പക്ഷെ അത് ഇന്നത്തെ ലോകത്തെ യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നു!

ചെറിയ തുകകളിലെ തരികിടകളാണ് അഴിമതിയെന്നും പോലീസിന് റിപ്പോർട്ട് ചെയ്യേണ്ടതുമാണെന്ന പൊതുബോധത്തെയാണ് ആ കഥ പ്രത്യക്ഷീകരിക്കുന്നത്. അഥവാ വലിയ തുകയാണെങ്കിൽ കണ്ണു ചിമ്മേണ്ടതാണ് എന്നാണ് ഒരു ഭാര്യപോലും ധരിച്ച് വശായിട്ടുള്ളതെന്ന് സാരം.

Also read: ഗോള്‍വാള്‍ക്കറുടെ പേരിടലിന് പിന്നില്‍ ?

തനിക്ക് അർഹതയില്ലാത്തത് നേടിയെടുക്കാൻ വേണ്ടി ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ ഒക്കെ മൂല്യമുള്ള വല്ലതും നൽകുന്ന കൈക്കൂലിയാണ് എന്നും അഴിമതിയുടെ തുടക്കം. എക്കാലത്തും ഇസ്ലാം ശക്തമായി വിലക്കിയ കാര്യമാണ് ഇത്തരം രിശ്വ / ഫസാദ് . കൈക്കൂലി കൊടുക്കുന്നവനേയും വാങ്ങുന്നവനേയും അല്ലാഹു ശപിച്ചിരിക്കുന്നുവെന്ന് നബി (സ) നമ്മെ ഉണർത്തിയിട്ടുണ്ട് . കൈക്കൂലി വാങ്ങുന്നവനും കൊടുക്കുന്നവനും നരകത്തിലാണെന്നും നമ്മെ പഠിപ്പിച്ചിട്ടുണ്ട്.അർഹതയില്ലാത്ത ഒരു കാര്യം നേടാൻ വേണ്ടി രഹസ്യമായി നൽകുന്ന എന്തും ഏതായാലും ഹറാമാണ്. ഒരാളോ ഒരു സ്ഥാപനമോ കൈക്കൂലി തങ്ങളുടെ അവകാശമാണെന്ന് വിശ്വസിച്ചാൽ അത് അവരെ കുഫ്റിലേക്ക് വരേ നയിക്കാം എന്നാണ് മുഗ്നി പോലെയുള്ള ഗ്രന്ഥങ്ങളിൽ കാണുന്നത്. അതു പോലെ അർഹതയില്ലാത്തത് നേടിയെടുക്കുമ്പോൾ അർഹതപ്പെട്ടവന്റെ അവകാശം കൈക്കൂലി കൊടുത്ത് കൈക്കലാക്കുകയെന്ന വലിയ തെറ്റു കൂടി നാമറിയാതെ സംഭവിക്കുന്നു. അഴിമതിക്കാരെ സൃഷ്ടിക്കുന്നത് കൈക്കൂലി നല്കാൻ തയ്യാറുള്ളവരുടെ ഈ അതിലാഘവ മനസ്സാണ്.

അന്യന്റെ അന്നം യാതൊരു വിധേനയും സ്വന്തമാക്കരുതെന്ന് പരിശുദ്ധ ഖുർആൻ പല തവണ മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. അത്തരക്കാരെ അല്ലാഹു നരകത്തിൽ പ്രവേശിപ്പിക്കും, അല്ലാഹുവിന് അത് എളുപ്പമുള്ള കാര്യമാണ് എന്നും അല്ലാഹു പലയിടങ്ങളിലായി നമ്മെ പഠിപ്പിക്കുന്നു. മറ്റൊരാളുടെ അവകാശം ആരെങ്കിലും തട്ടിയെടുത്താൽ അവൻ ചെയ്ത സൽകർമ്മങ്ങൾ നാളെ ആഖിറത്തിൽ അതിന് പകരമായി നകേണ്ടിവരും, അല്ലെങ്കിൽ അവരുടെ തിന്മകൾ ഏറ്റെടുക്കേണ്ടി വരും എന്ന് പ്രവാചകൻ അരുൾ ചെയ്തിട്ടുണ്ട് . ആരെങ്കിലും മറ്റൊരാൾക്ക് അർഹതപ്പെട്ട ധനം എടുത്തുപയോഗിച്ചാൽ അവനെ അല്ലാഹു നശിപ്പിക്കുമെന്നും മറ്റൊരാൾക്ക് അർഹതപ്പെട്ടത് ആരെങ്കിലും തട്ടിയെടുത്താൽ നാളെ പരലോകത്ത് അല്ലാഹുവിനെ അവൻ കോപാകുലനായാണ് കണ്ടുമുട്ടുകയെന്നും ഹദീസുകളിൽ വന്ന മുന്നറിയിപ്പുകളും നാം മറക്കാവതല്ല. മറ്റുള്ളവരുടെ അവകാശം എടുത്ത് അർഹതയില്ലാത്തവർക്ക് ആരെങ്കിലും നൽകുകയാണെങ്കിൽ യഥാർത്ഥത്തിൽ നരകത്തിൽ നിന്നുള്ള ഒരു കഷ്ണമാണ് അയാൾ എടുത്ത് നൽകുന്നത് എന്നും ജനങ്ങളിൽ ചിലർ അല്ലാഹുവിന്റെ ധനം അർഹതയില്ലാതെ ഉപയോഗിക്കുന്നവരുണ്ട്, അവർ അന്ത്യനാളിൽ നരകമായിരിക്കും അർഹിക്കുക എന്നുമെല്ലാമുള്ള താക്കീതുകളും പ്രമാണങ്ങളും ഈ വിഷയത്തിൽ നിരവധിയാണ്.

ചുരുക്കത്തിൽ നമ്മുടെ നാട്ടിൽ സാർവ്വത്രികമായി എല്ലാവരുടേയും മൗനാനുവാദത്തോടെ നടക്കുന്ന കാര്യമാണെങ്കിലും ദുനിയാവിലും ആഖിറത്തിലും വലിയ ദുന്തമായിരിക്കും കൈക്കൂലിയിലൂടെ നാം തന്നെ സൃഷ്ടിക്കുന്ന അഴിമതിപങ്കില
ഏർപ്പാടിൽ പങ്കാളികളാകുന്നവരെ കാത്തിരിക്കുന്നത് എന്നാണ് ഉപരിസൂചിത അധ്യാപനങ്ങൾ നമ്മെ സഗൗരവം ബോധ്യപ്പെടുത്തുന്നത് .

( ഡിസം: 9 അഴിമതി മുക്ത ബോധവത്കരണ ദിനം )

Related Articles