Current Date

Search
Close this search box.
Search
Close this search box.

കോണ്‍ഗ്രസ് പ്രകടന പത്രികയിലെ പ്രതീക്ഷകള്‍

എന്തിലും കുറ്റം കണ്ടെത്തുക എന്നത് ചിലരുടെ ജന്മ സ്വഭാവമാണ്. വയറു നിറയെ സദ്യ കഴിച്ചതിനു ശേഷം പഴം വലുപ്പം കൂടിപ്പോയി എന്ന് പറയുന്നവരെ കുറിച്ച് നാം കേട്ടിട്ടുണ്ട്. കോണ്‍ഗ്രസ്സ് പ്രകടന പത്രികയെ കുറിച്ച് ബി ജെ പി നേതാക്കള്‍ പറയുന്നത് കേട്ടാല്‍ അതാണ് ഓര്‍മ്മ വരിക. പ്രകടന പത്രിക നടപ്പാക്കാനുള്ളതാണ് എന്ന് നാമാരും തെറ്റിദ്ധരിക്കാറില്ല. അങ്ങിനെ നടപ്പാക്കിയിരുന്നെങ്കില്‍ നമ്മുടെ നാട് ഇന്നത്തെ പോലെ ആകില്ലായിരുന്നു. ഒരുപാട് മോഹന വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഇപ്പോഴത്തെ മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. ഇന്ത്യയെ കൂടുതല്‍ ദുരന്തത്തിലാക്കി എന്നല്ലാതെ മറ്റൊന്നും നാം കണ്ടില്ല.

നിലവിലുള്ള സാഹചര്യം നോക്കി കോണ്‍ഗ്രസ്സ് മുന്നോട്ടു വെച്ച പ്രകടന പത്രിക പ്രതീക്ഷ നല്‍കുന്നു. ഇന്ത്യയെ കുറിച്ച് കൃത്യമായ ഒരു പഠനം നടന്നിട്ടുണ്ട് എന്നത് ശരിയാണ്. പ്രകടന പത്രികയുടെ ഊന്നലുകള്‍ അതാണ് മനസ്സിലാക്കി തരുന്നത്. പ്രധാനമായും പ്രകടന പത്രിക താഴെ പറയുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.

എല്ലാവര്‍ക്കും അടിസ്ഥാന വരുമാനം ഉറപ്പുവരുത്തുന്ന ‘ന്യായ്’ പദ്ധതി
20 ലക്ഷത്തോളം ജോലികള്‍
കര്‍ഷകരുടെ ഉന്നമനം
ആരോഗ്യം
ജി എസ് ടി
വിദ്യാഭ്യാസം
സംവരണം
എല്ലാവര്‍ക്കും ഭവനം
വിദ്വേഷ രാഷ്ട്രീയം
ആധാര്‍
തിരഞ്ഞെടുപ്പ് പരിഷ്‌കരണം
അഴിമതി നിരോധനം
ഗ്രാമ വികസനം
സ്ത്രീകളുടെ ഉന്നമനം
ഉത്പാദന വളര്‍ച്ച
ദേശ സുരക്ഷ
വിദേശനയം
അഫ്‌സ്പ നിയമത്തിന്റെ ദുരുപയോഗം തടയല്‍
124 എ വകുപ്പിന്റെ ഭേദഗതി

തുടങ്ങിയവയാണ് എടുത്തു പറയുന്ന കാര്യങ്ങള്‍. സദ്യയുടെ കാര്യം പറഞ്ഞത് പോലെ സംഘ പരിവാര്‍ ആകെ കൂടി കണ്ടത് അവസാനത്തെ പോയിന്റുകള്‍ മാത്രമാണ്. വാസ്തവത്തില്‍ 124 എ വകുപ്പ് ബ്രിട്ടീഷ് ഭരണ കാലത്ത് ഉണ്ടാക്കിയതാണ്. ഗാന്ധിജി,നെഹ്‌റു തുടങ്ങിയ നേതാക്കളെ സര്‍ക്കാര്‍ പലപ്പോഴും അറസ്റ്റ് ചെയ്തത് ഈ നിയമം വെച്ച് കൊണ്ടാണ്. എന്താണ് ഈ വകുപ്പ് എന്നത് കൃത്യമായി തന്നെ ഭരണഘടന പറയുന്നു. ‘എഴുതുകയോ പറയുകയാ ചെയ്യുന്നതായ വാക്കുകളാലോ, ചിഹ്നങ്ങളാലോ, കാണപ്പെടാവുന്ന പ്രാതിനിധ്യം വഴിക്കോ അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും വഴിക്കോ രാജ്യത്തിനെതിരെ വെറുപ്പോ വിദ്വേഷമോ വളര്‍ത്തുന്നത് രാജ്യദ്രോഹമാവും. നിയമം മൂലം സ്ഥാപിതമായ ഗവര്‍ണ്‍മെന്റിനോടുള്ള ‘മമതക്കുറവും’ ഈ വകുപ്പിന്റെ പരിധിയില്‍ ഉള്‍പ്പെടും. രാജ്യദ്രോഹത്തിനുള്ള പരമാവധി ശിക്ഷ ജീവപര്യന്തം തടവും പിഴയും, പിഴ അടച്ചില്ലെങ്കില്‍ 3 വര്‍ഷം കൂടി തടവുമാണ്’ പല രീതിയിലും ദുര്‍വ്യാഖ്യാനം ചെയ്യപ്പെടാന്‍ കഴിയുന്നു എന്നതാണ് ഈ വകുപ്പിന്റെ പ്രത്യേകത. രാജ്യത്തു നടന്ന പല അറസ്റ്റുകളിലും വില്ലന്‍ ഈ നിയമം തന്നെ.

ഭരണകൂടത്തോടുള്ള ‘മമതക്കുറവ്’ എന്നതില്‍ എല്ലാ തരത്തിലുള്ള ശത്രുതയും ഉള്‍പ്പെടും. രാജ്യദ്രോഹക്കുറ്റം കൃത്യമായി നിര്‍വചിക്കപ്പെടാനാകാത്ത ഒന്നായതുകൊണ്ട്, ഭരണകൂടത്തിന്റെ നയങ്ങളെ വിമര്‍ശിക്കുന്നവരെ വരെ ഈ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാം. ഈ ആശയക്കുഴപ്പം നമ്മുടെ നീതിന്യായ വ്യവസ്ഥയിലെ ഒരു കീറാമുട്ടിയായി ഇപ്പോഴും നിലനില്‍ക്കുന്നു.

ആദ്യത്തെ പ്രധാനമന്ത്രി തന്നെ ആദ്യത്തെ മന്ത്രിസഭാ യോഗത്തില്‍ ഈ നിയമം എടുത്തു കളയണമെന്ന് പറഞ്ഞിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ തീരുമാനത്തിന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല എന്നാണ് പറയപ്പെടുന്നത്. ‘പൗരന്റെ സ്വാതന്ത്ര്യം അടിച്ചമര്‍ത്താനായി രൂപീകരിച്ച വകുപ്പ്’ എന്നാണ് ഗാന്ധിജി ഈ വകുപ്പിനെക്കുറിച്ച് പറഞ്ഞത്. മൊത്തത്തില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച കാലം മുതലേ ഈ നിയമം ഒരു വില്ലനാണ്. രാജവാസികളുടെ അവകാശത്തെ എപ്പോള്‍ വേണമെങ്കിലും സര്‍ക്കാരിന് തടയിടാം എന്നതാണ് ഈ വകുപ്പിന്റെ ദോശ വശം.

എതിര്‍ക്കുന്നവരെ അകത്താക്കുന്ന രീതി തുടരുന്ന ഫാസിസ്റ്റ് സര്‍ക്കാരുകള്‍ക്ക് ഈ നിയമം എന്നും ഒരു ആശ്വാസമാണ്. അത് കൊണ്ട് തന്നെ ഈ നിയമം കാലോചിതമായി പരിഷ്‌കരിക്കണം എന്നത് പലരും ഉന്നയിച്ച കാര്യമാണ്. ന്യായമായ ഒരു കാര്യത്തെ മാത്രം മോശമായി അവതരിപ്പിച്ച് മൊത്തം പ്രകടന പത്രിക മോശമാണ് എന്ന പ്രതീതി വളര്‍ത്താനാണ് സംഘ് പരിവാര്‍ ശ്രമിക്കുന്നത്. നിലവിലുള്ള ഒരു നിയമം പെട്ടെന്ന് മാറ്റാന്‍ കഴിയും എന്നാരും കരുതുന്നില്ല. അതെ സമയം തലതിരിഞ്ഞ മാനുഷിക വശം നഷ്ടമായ നിയമങ്ങളുടെ പേരില്‍ രാജ്യത്തു ഒരുപാട് പേര് കഷ്ടത അനുഭവിക്കുന്നു എന്ന് പറയാതിരിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസ്സ് പ്രകടന പത്രിക ഒരു പ്രതീക്ഷയാണ്. വര്‍ത്തമാന ഇന്ത്യയുടെ മനസ്സറിഞ്ഞ പ്രകടന പത്രിക എന്ന് വേണം പറയാന്‍.

Related Articles