നല്ല പ്രതീക്ഷയോടെയാണ് ഗള്‍ഫില്‍ നിന്നും തിരുച്ചു വന്ന മൊയ്തുക്ക നാട്ടില്‍ തുണിക്കട തുടങ്ങിയത്. കുറെ പണം ചെലവഴിച്ചാണ് അദ്ദേഹം കടയുടെ ഉദ്ഘാടനം കഴിച്ചതും. കുറച്ചു ദിവസങ്ങള്‍ കൊണ്ട് തന്നെ ഈ കച്ചവടം പച്ചപിടിക്കില്ല എന്ന ബോധം മൊയ്തുക്കയെ പിടികൂടി. പതുക്കെ അദ്ദേഹം കടയില്‍ നിന്നും മാറി പകരം മരുമകന്‍ സാദിഖിനെ കട ഏല്‍പ്പിച്ചു. അന്ന് മുതല്‍ പിന്നെ ആളുകള്‍ എണ്ണിയത് കടക്കു അവസാനമായി പൂട്ട് വീഴുന്ന ദിവസമായിരുന്നു.
ഇപ്പോഴുള്ള ജോലിക്കാരെ വെച്ച് കൊണ്ട് ഈ കച്ചവടം മുന്നോട്ടു കൊണ്ട് പോകാന്‍ കഴിയില്ല എന്ന് മനസ്സിലാക്കാന്‍ രാഹുലിന് അധിക സമയം വേണ്ടി വന്നില്ല. അത് കൊണ്ട് അദ്ദേഹം കടയില്‍ വരുന്നത് നിര്‍ത്തി. ഒരു സമഗ്രമായ അഴിച്ചു പണിയിലൂടെ മാത്രമേ കോണ്‍ഗ്രസ്സിന് മുന്നേറാന്‍ കഴിയൂ. കുഴിയിലേക്ക് കാലെടുത്തുവെക്കാന്‍ വെമ്പല്‍ കൊള്ളുന്ന പടുക്കിഴവന്മാരുടെ കൂട്ടമായി കോണ്‍ഗ്രസ്സ് മാറിയിട്ടുണ്ട്.
ദേശീയ രാഷ്ട്രീയത്തില്‍ പ്രതിപക്ഷ കക്ഷികളുടെ പ്രസക്തി അവസാനിച്ചിരിക്കുകയാണ്. അത് വീണ്ടെടുക്കാന്‍ കാര്യമായി ചെയ്യാന്‍ കഴിയുക കോണ്‍ഗ്രസ്സിനാണ്. പക്ഷെ കോണ്‍ഗ്രസ്സ് ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും നേരിടുന്ന പ്രശ്‌നം അതീവ ഗുരുതരമാണ്. അതിനു പുറം ചികിത്സ മതിയാകില്ല. ദേശീയ അധ്യക്ഷന്‍ രാജി നല്‍കിയിട്ടും ഇതുവരെ മറ്റൊരു പരിഹാരം കണ്ടെത്താന്‍ പാര്‍ട്ടിക്ക് കഴിഞിട്ടില്ല. അതിനിയും നീണ്ടു പോകാനാണ് സാധ്യത. രാഹുലിന്റെ രാജിയും കര്‍ണാടക പ്രതിസന്ധിയും തമ്മില്‍ എന്താണ് ബന്ധം എന്ന ചോദ്യം പ്രസക്തമാണ്. രാഹുലിന്റെ പെട്ടെന്നുള്ള രാജി പാര്‍ട്ടി അണികളിലും നേതാക്കളിലും നിരാശ പരത്തി എന്നത് ഉറപ്പാണ്. വാസ്തവത്തില്‍ അദ്ദേഹം ചെയ്യേണ്ടിയിരുന്നത് അവിടെ ഉറച്ചു നിന്ന് പാര്‍ട്ടിയെ ശുദ്ധീകരിക്കുക എന്നതായിരുന്നു. അധികാരം തലയ്ക്കു പിടിച്ചവരുടെ മുന്നില്‍ കീഴടങ്ങുന്നത് നല്‍കുന്ന സൂചന ഒരിക്കലും നല്ലതിനാവില്ല.
മോദിയുടെ അഞ്ചു വര്‍ഷത്തിന്റെ ബാക്കി പത്രം ജനാധിപത്യ ഇന്ത്യക്കു പ്രതീക്ഷ നല്‍കിയിരുന്നു. പക്ഷെ അത് വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് കഴിഞ്ഞില്ല. മാത്രവുമല്ല അവര്‍ക്കിടയില്‍ തന്നെ കലഹം സൃഷ്ടിക്കുന്നതില്‍ സംഘ പരിവാര്‍ വിജയിക്കുകയും ചെയ്തു. കോണ്‍ഗ്രസ്സ് മാത്രമല്ല ഏതെണ്ടെല്ലാ പ്രതിപക്ഷ പാര്‍ട്ടികളും തകര്‍ന്നിരുന്നു. ചില പ്രാദേശിക കക്ഷികള്‍ മാത്രമാണ് കൂടുതല്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്. പക്ഷെ കോണ്‍ഗ്രസ്സില്‍ രൂപപ്പെട്ട പ്രതിസന്ധി മറ്റൊരു പാര്‍ട്ടിയിലും നാം കണ്ടില്ല. നിലവിലുള്ള പ്രതിസന്ധി പെട്ടെന്ന് പരിഹരിച്ചില്ലെങ്കില്‍ കൂടുതല്‍ സങ്കീര്‍ണമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോകും. കര്‍ണാടക മാത്രമല്ല മറ്റു കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളും ആ വഴിക്കു പോകാനാണ് സാധ്യത. രാഷ്ട്രീയം രാഷ്ട്രത്തിനു എന്ന മുദ്രാവാക്യത്തിന് പകരം രാഷ്ട്രീയം സ്വന്തം ലാഭത്തിനു എന്നതിലേക്ക് മാറിയ കാലത്ത് കര്‍ണാടക കൂടുതല്‍ സ്ഥലങ്ങളില്‍ ആവര്‍ത്തിക്കാനാണ് സാധ്യത.
പ്രതീക്ഷ നല്‍കുന്ന ഒന്നും ദേശീയ തലത്തില്‍ നമുക്ക് ദൃശ്യമാകുന്നില്ല. അതിനിടയില്‍ കോണ്‍ഗ്രസ്സ് തലപ്പത്തേക്കു പറഞ്ഞു കേള്‍ക്കുന്ന പേരുകള്‍ കൂടുതല്‍ നിരാശ നല്‍കുന്നു. പെന്‍ഷന്‍ പറ്റിയ വൃദ്ധന്മാരുടെ പേരുകളല്ലാതെ മറ്റൊന്നും നാം കണ്ടില്ല. കേരളത്തില്‍ നിന്നുള്ള ഒരു നേതാവിന്റെ കൂടി പേര് പറഞ്ഞു കേള്‍ക്കുന്നു. പാര്‍ട്ടിയെ നയിക്കാന്‍ കഴിയുന്ന കഴിവും കാര്യപ്രാപ്തിയുമുള്ള യുവ നേതൃത്വം പാര്‍ട്ടിയിലുണ്ട്. പക്ഷെ അവരെ വൃദ്ധ നേതൃത്വം വിഴുങ്ങിയിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും പ്രായമായ പാര്‍ട്ടികളില്‍ ഒന്നാണ് കോണ്‍ഗ്രസ്സ്. പാര്‍ട്ടിക്ക് വയസ്സാകുക എന്നത് സാധ്യമാണ്. അതിന്റെ കൂടെ നേതൃത്വത്തിനും വയസ്സായാല്‍ മുന്നോട്ടു പോകാന്‍ കഴിയില്ല എന്ന വിവരം ആര്‍ക്കാണ് പറഞ്ഞു കൊടുക്കാന്‍ കഴിയുക.
നിരാശ തകര്‍ച്ചയുടെ തുടക്കമാണ്. രാഹുല്‍ അതിനു തുടക്കം കുറിച്ചിരിക്കുന്നു. തോല്‍വിയുടെ കാരണം കണ്ടെത്തി ചികില്‍സിക്കാന്‍ ശ്രമിക്കാതെ രോഗത്തോട് പൂര്‍ണമായി കീഴടങ്ങുന്ന രീതിയാണ് അദ്ദേഹം സ്വീകരിച്ചത്. അത് തെറ്റായിരുന്നു എന്ന് മനസ്സിലാക്കാന്‍ ഇനിയും കാലം വേണ്ടി വരും. അപ്പോഴേക്കും ചികിത്സിച്ചു മാറ്റാന്‍ കഴിയാത്ത രീതിയിലേക്ക് അസുഖം മാറിയിരിക്കും.