Current Date

Search
Close this search box.
Search
Close this search box.

ഏറ്റുമുട്ടല്‍ കൊല; വഴി തെറ്റിപ്പോകുന്ന പൊതുബോധം

എല്ലാ നിയമങ്ങളും കയ്യിലെടുത്താണ് വില്ലന്‍ മുന്നേറുന്നത്. അപ്പോഴാണ് നായകന്‍ രംഗത്ത്‌ വരുന്നതും. നായികയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന വില്ലനെ നായകന്‍ നേരിടുന്നു. ജനം തിയ്യേറ്ററില്‍ എഴുനേറ്റു നിന്ന് കയ്യടിക്കുന്നു. അല്ലെങ്കില്‍ നായകള്‍ പോലീസിന്റെ മുഖത്ത് നോക്കി ഗര്‍ജ്ജിക്കുന്നു. അല്ലെങ്കില്‍ കോടതിയിലും ജഡ്ജിയുടെ മുഖത്ത് നോക്കി അട്ടഹസിക്കുന്നു ( അങ്ങിനെ ചെയ്യാന്‍ കഴിയുമോ എന്നത് മറ്റൊരു വിഷയം ). അപ്പോഴും ജനം കയ്യടിക്കും. എന്ത് കൊണ്ടാണ് ഈ കയ്യടി എന്ന് നാം ചിന്തിച്ചിട്ടുണ്ടോ?. ഒന്ന് തിന്മകളെ അധികം ജനത്തിനും വെറുപ്പാണ്. അതാണ്‌ ഒന്നാമത്തെ കയ്യടിയുടെ മനശാസ്ത്രം. അതെ സമയം നിയമവും പോലീസും നീതിയുടെ കൂടെയല്ല എന്നൊരു പൊതു ബോധം ജനത്തിന് വന്നിരിക്കുന്നു. അതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ് എന്നത് മറ്റൊരു ചര്‍ച്ചയുടെ വിഷയമാണ്. കുറ്റവാളികള്‍ മതിയായ രീതിയില്‍ നമ്മുടെ നാട്ടില്‍ ശിക്ഷിക്കപ്പെടുന്നില്ല എന്നത് ഒരു നേര്‍ സത്യമാണ്. അത് കൊണ്ട് തന്നെ കുറ്റവാളികളെ എങ്ങിനെ ശിക്ഷിച്ചാലും പൊതുജനം ആഹ്ലാദിക്കും. അത് ജനത്തിന്റെ കുറ്റമല്ല നമ്മുടെ വ്യവസ്ഥയുടെ കുറ്റമാണ്. നമ്മുടെ നാട്ടില്‍ ബൃഹത്തായ ഒരു ഭരണ ഘടനയുണ്ട്. ലോകത്തിലെ ഏറ്റവും മികച്ചത്. എന്നിട്ടും നമ്മുടെ നാട്ടില്‍ കുറ്റവാളികള്‍ കൂടി വരുന്നു. ജനിച്ച സമയം മുതല്‍ നമ്മുടെ പെണ്മക്കള്‍ അസ്വസ്ഥരാണ്. അതില്‍ വിദ്യാഭ്യാസം ഒരു വിഷയമല്ല. ദല്‍ഹിയിലെ നിര്‍ഭയയും ഹൈദരാബാദിലെ ഡോക്ടറും സാധാരാണ സ്ത്രീകളല്ല. സ്ത്രീയുടെ പൂര്‍ണത അക്രമികള്‍ക്ക് ആവശ്യമില്ല . ഒരു അടയാളം പോലും അവര്‍ക്ക് ധാരാളം. നിയമത്തിന്റെ കൈകളില്‍ തങ്ങള്‍ സുരക്ഷിതരാണ് എന്ന ബോധം കുറ്റവാളികളെ വല്ലാതെ പിടികൂടിയിരിക്കുന്നു. അത് കൊണ്ടാണ് ജനം അവരെ വിചാരണ കൂടാതെ വെടി വെച്ച് കൊന്നിട്ടും ആഹ്ലാദിക്കുന്നത്.

എല്ലാവരും നല്ലവരാകുക എന്നത് അസംഭവ്യമാണ്. സമൂഹത്തില്‍ എല്ലാ കാലത്തും കുറ്റവാളികള്‍ ജീവിച്ചിട്ടുണ്ട്. അവരുടെ തിന്മയില്‍ നിന്നും പൊതു ജനത്തെ രക്ഷിക്കുക എന്നതാണ് ശിക്ഷ കൊണ്ട് അര്‍ത്ഥമാക്കുന്നത്. അത് കൊണ്ടാണ് പ്രതിക്രിയയെ കുറിച്ച് ഖുര്‍ആന്‍ “ അതില്‍ ജീവിതമുണ്ട്” എന്ന് പറഞ്ഞത്. കുറ്റവാളിയുടെ ശിക്ഷ നടപ്പാക്കുന്നതിനെ മറ്റൊരിടത്ത് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്‌ “ദീന്‍” എന്നാണ്. വധ ശിക്ഷ വേണോ എന്ന കാര്യത്തില്‍ നമ്മുടെ നാട്ടില്‍ ചര്‍ച്ചകള്‍ സജീവമാണ്. പാടില്ല എന്ന് പറയുന്നവരും ധാരാളം. എന്ത്  കൊണ്ടാണ് ഒരാളെ കൊല്ലേണ്ടി വരുന്നത് എന്ന ചോദ്യത്തിനാണ് നാം ഉത്തരം നല്‍കേണ്ടത്. തെറ്റ് സംഭവിക്കുക എന്നത് മനുഷ്യ സഹജമാണ്. അതിലപ്പുറം മനുഷ്യ മനസ്സാക്ഷിയെ കൊലയാളികള്‍ ഞെട്ടിച്ചു കളയുന്നു. അവിടെയാണു പലപ്പോഴും പ്രതിക്രിയ ആവശ്യമായി വരുന്നത്. ഒരു മനുഷ്യ ജീവനെ ഇല്ലാതാക്കി എന്നത് തന്നെ കൊലയാളിയുടെ ഈ ലോകത്ത് ജീവിക്കാനുള്ള അവകാശം നഷ്ടപ്പെടുത്തുന്നു.

നമ്മുടെ നാട്ടില്‍ ഒരു വര്ഷം ഏകദേശം മുപ്പത്തി അയ്യായിരം സ്ത്രീ പീഡനങ്ങള്‍ നടക്കുന്നു എന്നാണു കണക്ക്. അതില്‍ എത്ര പേര്‍ ശരിയായി ശിക്ഷിക്കപ്പെടുന്നു എന്ന് ചോദിച്ചാല്‍ ഉത്തരം സംതൃപ്തമല്ല. കൊലപാതകങ്ങള്‍ തുടങ്ങി മറ്റു കുറ്റകൃത്യങ്ങള്‍ വേറെയും. നീണ്ടു പോകുന്ന വിചാരണയും അവസാനം ജീവപര്യന്തം എന്ന പേരില്‍ നല്‍കപ്പെടുന്ന തടവും അതിനിടയില്‍ ലഭിക്കുന്ന പരോളും കൂടി ചേര്‍ത്ത് വായിച്ചാല്‍ കുറ്റവാളികള്‍ക്ക് കുറ്റ സമ്മതം തോന്നേണ്ട കാര്യം ഉണ്ടാകുന്നില്ല. അവിടെയാണ് നന്മ ആഗ്രഹിക്കുന്ന പൊതു ജനം നിരാശരാകുന്നത്. സൗമ്യയുടെ രോദനം ഇപ്പോഴും നമ്മുടെ കാതുകളില്‍ നിന്നും പോയിട്ടില്ല. പക്ഷെ ഗോവിന്ദചാമി കൂടുതല്‍ തടിച്ചു കൊഴുക്കുന്നു. വാളയാര്‍ പെണ്‍കുട്ടികള്‍ നമ്മുടെ സദാചാരത്തെ ചോദ്യം ചെയ്ത മറ്റൊരു ദുരന്തമാണ്. നീതിയും നിയമവും കൈവിട്ടു എന്ന് തോന്നുമ്പോള്‍ ജനം മറ്റൊരു രീതിയില്‍ ചിന്തിച്ചാല്‍ അത് അവരുടെ മാത്രം തെറ്റാവില്ല. വിചാരണ അനിവാര്യതയാണ് . പോലീസിന്റെ ഈ രീതി നിയമത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല. അത് തുടര്‍ന്ന് പോയാല്‍ അരാജകത്വമാകും ബാക്കി ഫലം. ആരെയും കുറ്റം ചുമത്തി ഏറ്റുമുട്ടലിന്റെ പേരില്‍ കൊന്നു കളയാന്‍ പോലീസിനു അവസരം നല്‍കും. പൊതു ബോധത്തിന്റെ മെറിറ്റില്‍ പോലീസ് നിയമം കയ്യിലെടുത്താല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അനിര്‍വചനീയമായി തീരുക എന്നത് സ്വാഭാവികം മാത്രം.

Related Articles