Current Date

Search
Close this search box.
Search
Close this search box.

ഇളവുകൾ ആരാധനാലയങ്ങൾക്കും വേണം

കൊറോണ കാലത്ത് നാം അകലം പാലിച്ചത് ഒരു രോഗ പ്രതിരോധ പ്രവർത്തനം എന്ന നിലയിലാണ്. കൊറോണ ഒരു പകർച്ചവ്യാധി എന്നതിനാൽ നമുക്ക് സാധ്യമായ ഏറ്റവും വലിയ പ്രതിരോധം പരസ്പരം അകലം പാലിക്കുക എന്നത് മാത്രമായിരുന്നു. അത് കൊണ്ട് തന്നെ ജനം ഒത്തു കൂടാൻ സാധ്യതയുള്ള എല്ലാം നാം അടച്ചു പൂട്ടി. ആരാധനാലയങ്ങളും അങ്ങാടികളും മാളുകളും സിനിമ ശാലകളും സ്കൂളുകളും പൊതു ഗതാഗതവും അങ്ങിനെ അടഞ്ഞു കിടന്നു. കല്യാണങ്ങളും മരണങ്ങളും മറ്റു ആഘോഷങ്ങളും വിരലിലെണ്ണാവുന്ന ആളുകളിൽ മാത്രം ഒതുങ്ങി. പൊതു ജനം സർക്കാർ മുന്നോട്ട് വെച്ച എല്ലാത്തിനോടും സഹകരിച്ചു. എന്നിട്ടും നമ്മുടെ നാട്ടിൽ കൊറോണയുടെ വ്യാപനം തുടർന്ന് പോന്നു.

ഒരിക്കൽ മുപ്പതു ശതമാനത്തിനു അടുത്ത് ടെസ്റ്റ്‌ പോസിറ്റീവിറ്റി റേറ്റ് (TPR) ഉണ്ടായിരുന്ന കേരളം ശക്തമായ ഇടപെടലിലൂടെ ഇപ്പോൾ അത് പത്തിനടുത്തു എത്തിച്ചിരിക്കുന്നു. ഇന്ത്യയിൽ ഒരു സമയത്ത് നാല് ലക്ഷം വരെ കൊറോണ രോഗികൾ ഒരു ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടു. അവിടെ നിന്നും ഇപ്പോൾ ഒരു ലക്ഷത്തിലേക്ക് രോഗികളുടെ പ്രതിദിന എണ്ണം കുറഞ്ഞിരിക്കുന്നു. കഴിഞ്ഞ മേയ് എട്ടു മുതൽ കേരളത്തിൽ lockdown നിലവിലുണ്ട്. ഒരിക്കൽ പല ജില്ലകളിലും Triple Lockdown വരെ കാര്യങ്ങൾ എത്തിയിരുന്നു. ഓരോ പരിധിയും നീട്ടി കൊണ്ട് പോയി അവസാനം ജൂൺ പതിനാറിന് ശേഷം ലോക്ക്ഡൌണിൽ ഇളവു വരുത്താൻ സർക്കാർ തീരുമാനിച്ചു. ലോക്ക് ഡൌൺ കാരണം ശ്വാസം മുട്ടിയ ജനത്തിന് അതൊരു ആശ്വാസമായി അനുഭവപ്പെട്ടു. മനുഷ്യരുടെ ദൈന്യംദിന ജീവിതം പോലും ഒരു ചോദ്യ ചിഹ്നമായി നമുക്ക് അനുഭവപ്പെട്ടു. നാട്ടിലെ പാർട്ടികളും സന്നദ്ധ സംഘടനകളും മത സംഘടനകളും സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു പോകാൻ ജനത്തെ സഹായിച്ചു. കൊറോണ കാലത്ത് ജനത്തിന് സഹായകമായി സർക്കാർ ഭാഗത്ത്‌ നിന്നും പല നീക്കങ്ങളും നാം അനുഭവിച്ചു.

നാം കാത്തിരുന്നത് പോലെ സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചു. പലതിനും ഇളവുകൾ അനുവദിച്ചു. കൂട്ടത്തിൽ മദ്യ ഷാപ്പുകൾക്കും ബാറുകൾക്കും കൂടി ഇളവുകൾ അനുവദിച്ചു. അതെ സമയം കേരളത്തിൽ കൊറോണ നിയമം വളരെ കൃത്യമായി നടപ്പാക്കുന്ന ഒരിടം ആരാധനാലയങ്ങളാണ്. അതിൽ തന്നെ മുസ്ലിം പള്ളികൾ ആ കാര്യത്തിൽ കാണിക്കുന്ന ജാഗ്രത എടുത്തു പറയണം. സർക്കാർ ആവശ്യപ്പെടുന്ന നിബന്ധനകൾ ഇത്ര കൃത്യമായി പാലിക്കപ്പെടുന്ന മറ്റൊരു സ്ഥലവും നമുക്ക് കാണാൻ കഴിയില്ല. നിബന്ധനകളോടെ ആരാധാനാലയങ്ങൾ തുറന്നു വിശ്വാസികൾക്ക് പ്രാർത്ഥന നടത്താൻ അനുവദിക്കണമെന്ന് മുമ്പ് തന്നെ മുസ്ലിം സംഘടനകൾ ഒന്നിച്ചു സർക്കാരിന് നിവേദനം നൽകിയിരുന്നു. പുതിയ ഇളവുകളിൽ പള്ളികളും ഉൾപ്പെടുത്തും എന്ന് ന്യായമായും കരുതിയിരുന്നു. ആളുകൾ ലക്കും ലഗാനുമില്ലാതെ ഒത്തു കൂടാൻ ഇടയുള്ള മദ്യ ഷാപ്പുകളും ബാറുകളും തുറക്കുന്നതിൽ ഒരു സങ്കോചവും പ്രകടിപ്പിക്കാത്ത മുഖ്യമന്ത്രി എല്ലാ മാനദന്ധങ്ങളും കൃത്യമായി പാലിക്കുന്ന പള്ളികളെ എന്ത് കൊണ്ട് ഒഴിവാക്കി എന്നത് തീർത്തും ദുരൂഹമാണ്.

നേരത്തെ പറഞ്ഞത് പോലെ അടച്ചിടലിന്റെ ശാസ്ത്രം രോഗ പ്രതിരോധമാണ്. അപ്പോൾ ഇളവു കാലത്തും ആ പ്രതിരോധ പ്രവർത്തനങ്ങൾ കൃത്യമായി നടപ്പിൽ വരുത്തുന്നവരെ പരിഗണിക്കുക എന്നതാണു ന്യായം. എന്ത് കൊണ്ട് കേരളത്തിൽ അതി ഗുരുതരമായ രോഗവ്യാപനം ഉണ്ടായി എന്ന ചോദ്യത്തിനുള്ള ഉത്തരം നമ്മുടെ രാഷ്ടീയ പാർട്ടികൾ എന്നതാണ്. നമുടെ കണ്മുമ്പിൽ രണ്ടു തിരഞ്ഞെടുപ്പുകൾ കടന്നു പോയി. ശേഷം നമ്മുടെ നാട്ടിൽ പല ആഘോഷങ്ങളും കടന്നു പോയി. കൊറോണ കാലത്തെ മറന്നു കൊണ്ടാണ് ജനം അത് ആഘോഷിച്ചത്. അതിന്റെ പരിണിതഫലമാണ് നാം അനുഭവിക്കുന്നത്. പള്ളികളിൽ നിന്നും ഇത്ര ഗുരുതരമായ ഒരു രോഗ വ്യാപനവും എവിടെ നിന്നും നാം കേട്ടില്ല.

പകർച്ചവ്യാധി അതിന്റെ പരിധി വിട്ടപ്പോൾ ഒരു സങ്കോചവുമില്ലാതെ വിശ്വാസികൾ അതിനെ പിന്തുണച്ചു. വിശ്വാസികളുടെ ജീവിതം പള്ളികളുമായി ചേർന്ന് നിൽക്കുന്നതാണ്. ആളുകൾ കൂടുതൽ ഒത്തു ചേരുന്നത് വെള്ളിയാഴ്ച പ്രാർത്ഥനകളിലാണ്. അതും പരിധി വെച്ച് അനുവദിക്കണം എന്ന് തന്നെയാണ് വിശ്വാസികൾ ആവശ്യപ്പെടുന്നത്.

സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുന്ന മദ്യവും അതിന്റെ ഉറവിടങ്ങളും മറയില്ലാതെ തുറന്നു കിടക്കുമ്പോൾ വിശ്വാസികൾക്ക് ആശ്വാസം നൽകുന്ന ആരാധനാലയങ്ങൾ വീണ്ടും പൂട്ടി വെക്കുക എന്നത് അനീതിയാണ്. മദ്യം റവന്യൂ എന്നതാണ് സർക്കാർ മുന്നോട്ട് വെക്കുന്ന ഒരു ന്യായം. അതെ പള്ളികളെ കൊണ്ട് സർക്കാരിന് എന്ത് നേട്ടം എന്ന ചോദ്യവും പ്രസക്തമായി അവർക്ക് തോന്നുന്നുണ്ടാകും. നാട്ടിലെ സാമൂഹിക അവസ്ഥകൾ പരിഗണിച്ചു കൊണ്ട് വിശ്വാസവും ആചാരവും നിലനിർത്തുക എന്നത് ഭരണ ഘടന നൽകുന്ന അവകാശമാണ്. അതിൽ വെള്ളം ചേർക്കാൻ സർക്കാർ കാണിക്കുന്ന തിടുക്കം വിശ്വാസികളെ വേദനിപ്പിക്കും എന്നുറപ്പാണ്.

Related Articles