Current Date

Search
Close this search box.
Search
Close this search box.

“ നിങ്ങൾ നല്ലത് കൊണ്ട് സംവദിക്കുക”

അങ്ങിനെ കാത്തിരുന്ന സംവാദം അവസാനിച്ചു. ആര് ജയിച്ചു ആര് തോറ്റു എന്നത് സംവാദത്തിൽ പ്രസക്തമല്ല. സംവാദം ഒരു അംഗീകൃത രീതിയാണ്‌. അതിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പ്രവാചക കാലത്ത് പ്രവാചകന്മാർ തന്നെയായിരുന്നു സമൂഹവുമായി സംവാദം നടത്തിയിരുന്നത്. എന്നിട്ടും ആ സമൂഹത്തിൽ അവിശ്വാസികൾ ധാരാളമുണ്ടായിരുന്നു. “ സംവാദം പുതുതായി കുറെ വാദങ്ങൾ അവശേഷിപ്പിക്കും” എന്നതാണ് സംവാദങ്ങളെ കുറിച്ച് പറഞ്ഞു വരുന്നത്.

കേരള സമൂഹത്തിനു സംവാദം ഒരു പുതിയ കാര്യമല്ല. പ്രത്യേകിച്ച് കേരള മുസ്ലിംകൾക്ക്. അവർ പരസ്പരം തന്നെ സംവാദ കല വികസിപ്പിച്ചു വരുന്നു. മതത്തിൽ തന്നെ വെല്ലുവിളിയും ഖണ്ഡനവും ഒരു പുതിയ കാര്യമല്ല. മത യുക്തിവാദ സംവാദങ്ങളും കേരളത്തിൽ മുമ്പും നടന്നിട്ടുണ്ട്. പലർക്കും കാര്യങ്ങൾ മനസ്സിലാക്കാൻ അത് ഉപകരിച്ചിട്ടുണ്ട്. സംവാദം മതം അംഗീകരിച്ച മാധ്യമമാണ്. “ നിങ്ങൾ നല്ലത് കൊണ്ട് സംവദിക്കുക” എന്നാണ് ആ വിഷയത്തിൽ ഖുർആൻ പറഞ്ഞുവെച്ചത്. മറ്റൊരിടത്ത് ഖുർആൻ പറഞ്ഞത് “ നിങ്ങൾ നല്ലത് കൊണ്ടല്ലാതെ സംവദിക്കരുത്” എന്നാണ്.

അലിയുടെ (റ) കാലത്ത് ഇബ്നു അബ്ബാസ് ( റ ) ഖവാരിജുകളുമായി സംവാദം നടത്തിയതായി ചരിത്രം പറയുന്നു. ഇമാം ഷാഫി അവർകൾ അന്ന് നിലനിന്നിരുന്ന പല ചിന്തകളുമായും നിരന്തര സംവാദം നടത്തിയിരുന്നു. അതിനു ഇമാം അവർകൾ എഴുത്തും നേർക്ക്‌ നേരെയുള്ള സംവാദ രീതിയും സ്വീകരിച്ചിരുന്നു.

ഖുർആൻ ശാസ്ത്രം എന്ന വിഷയത്തിലായിരുന്നു ഇന്നത്തെ സംവാദം. രണ്ടു പേരും കേരളത്തിലെ പൊതു മണ്ഡലങ്ങളിൽ പ്രശസ്തർ. അത് കൊണ്ട് തന്നെ കേരള ജനത വലിയ ആവേശത്തോടെ സംവാദത്തെ സ്വീകരിച്ചു. ആറാം നൂറ്റാണ്ടിലെ കാട്ടറബികളുടെ സംസ്കാരമാണ് യുകതിവാദികൾ ഇസ്ലാമിനും അതിന്റെ അടിസ്ഥാനമായ ഖുർആനിനും നൽകുന്നത്. ഖുർആൻ ശാസ്ത്ര വിരുദ്ധമാണ് എന്നതാണ് യുക്തിവാദികൾ ഉന്നയിക്കുന്ന ആരോപണം. അതെ സമയം ഖുർആൻ ഒരു ശാസ്ത്രീയ ഗ്രന്ഥമല്ല എങ്കിലും ശാസ്ത്രത്തിനു എതിരായി ഖുർആനിൽ ഒന്നുമില്ല എന്നതാണ് വിശ്വാസികളുടെ നിലപാട്.

മതവും ശാസ്ത്രവും രണ്ടു ധാരകളാണ്. മതത്തിന്റെ അടിസ്ഥാനങ്ങൾ മാറ്റം പാടില്ലാത്തതാണ്. അതെ സമയം ശാസ്ത്രം മാറ്റത്തിന് വിധേയവും. അപ്പോൾ മാറുന്നത് മാറ്റമില്ലാതത്തിനു അളവുകോൽ ആക്കാൻ പാടില്ല. മതത്തിന്റെ അടിസ്ഥാന വിശ്വസങ്ങൾ അംഗീകരിക്കപ്പെടുന്നത് ആധുനിക ശാസ്ത്രം എന്ത് പറയന്നു എന്ന് നോക്കിയല്ല. ശാസ്ത്രം വികസിക്കാത്ത കാലത്തും ദൈവ നിഷേധം നിലനിന്നിരുന്നു. പ്രവാചകന്മാർ മലക്കുകൾ പരലോകം എന്നിവയും ശാസ്ത്രത്തിനു തെളിയിക്കാൻ കഴിയാത്തതാണ്. അതെ സമയം ഈ പ്രപഞ്ചത്തെ നോക്കി ബുദ്ധിയുള്ള ആർക്കും ഒരു സൃഷ്ടാവിനെ കണ്ടെത്താം. ആകാശ ഭൂമികളെ കുറിച്ചും ദിന രാത്രങ്ങളുടെ കറക്കത്തെ കുറിച്ചും ചിന്തിച്ചു കാരണം കണ്ടെതുണ്ൺ വിശ്വാസി അവസാനം ഒരു സൃഷ്ടാവിൽ എത്തിച്ചേരും എന്നുറപ്പാണ്.

വിഷയം അവതരിപ്പിച്ച ജബ്ബാർ മാഷ്‌ യുക്തിവാദികൾ പറഞ്ഞുവരാരുള്ള സ്ഥിരം ആരോപണങ്ങൾ രംഗത്ത്‌ കൊണ്ട് വന്നു. പ്രപഞ്ചം മനുഷ്യ സൃഷ്ടി തുടങ്ങി മുഴുവൻ കാര്യങ്ങളും ഖുർആൻ നൽകിയ അറിവ് തെറ്റായ അടിസ്ഥാനത്തിൽ എന്ന തന്റെ സ്ഥിരം പല്ലവിയിൽ മാഷ്‌ ഉറച്ചു നിന്ന് അവതരിപ്പിച്ചു. വ്യക്തികളുടെ വാദങ്ങൾ ഇസ്ലാമിന്റെ വാദങ്ങളായി അവതരിപ്പിക്കുക എന്നതാണ് അദ്ദേഹം സ്വീകരിച്ച വഴി. ഭൂമി ഗോളാകൃതിലാണ് എന്നത് പ്രവാചകന് മുമ്പ് തന്നെ അംഗീകരിക്കപ്പെട്ട കാര്യമാണ്. മുൻ കഴിഞ്ഞ പണ്ഡിതർ ആ വിഷയത്തിൽ ഒരു തർക്കവുമില്ലാത്തവരായിരുന്നു. എന്ത് കൊണ്ട് മതത്തിനു അടുത്ത കാലത്ത് മാത്രമായി ശാസ്ത്രീയത കൂടുതൽ കൈവന്നു എന്ന ചോദ്യം പ്രസക്തമാണ്. അതിനുള്ള ഉത്തരം വളരെ ലളിതമാണ്. അടുത്ത കാലത്ത് മാത്രമാണ് ശാസ്ത്രത്തെ ഉപയോഗിച്ച് മതത്തെ ഇല്ലാതാക്കാൻ ശ്രമിച്ചു തുടങ്ങിയത്. യൂറോപ്പിൽ ഈ വഴി സ്വീകരിച്ചു ക്രിസ്തു മതത്തെ ഒരു അരുക്കാക്കാൻ ഇവർക്ക് കഴിഞ്ഞു. പക്ഷെ അത്ര പെട്ടെന്ന് ഇസ്ലാമിനെ ഇല്ലാതാക്കാൻ കഴിയില്ല എന്ന തിരിച്ചറിവാണ് ഒരുവേള ഇസ്ലാമിന്റെ പേരിൽ ഉന്നയിക്കപ്പെടുന്ന തീവ്രവാദവും ഭീകരവാദവും.

“അറബികൾക്ക് പണ്ട് മനസ്സിലാക്കാൻ കഴിയാത്ത എന്നാൽ പിന്നീട് ശാസ്ത്രം തെളിയിച്ച വല്ല ശാസ്ത്ര സത്യവും ഖുർആനിൽ ഉണ്ടോ?” എന്ന ചോദ്യം അപ്രസക്തമാണ്‌. ഖുർആൻ ഇറങ്ങുക എന്നത് കൊണ്ട് വിവക്ഷിക്കുന്നത് വർത്തമാന കാലത്ത് ഖുർആനിന്റെ അഭിസംബോധിതർക്ക് കാര്യങ്ങൾ മനസ്സിലാവുക എന്നതാണ്. അത് കൊണ്ട് തന്നെ അറബികൾക്ക് മനസ്സിലാവാത്തത് പറയുക എന്നത് ഖുർആനിനെ സംബന്ധിച്ചിടത്തോളം പാടില്ലാത്തതാണ്. കടലിലിന്റെ അടിയിൽ കൂരിരുട്ടുണ്ട് എന്ന് എല്ലാവര്ക്കും അറിയാം. പക്ഷെ അതിന്റെ ശാസ്ത്രീയത അടുത്താണ് തെളിയിക്കപ്പെട്ടത്. അതൊരു “ അവ്യക്തമായ” പ്രയോഗമല്ല. “ നിങ്ങളുടെ വിരൽത്തുമ്പുകൾ ശരിപ്പെടുത്താൻ കഴിവുള്ളവൻ” എന്ന് ഖുർആൻ പറഞ്ഞപ്പോൾ അന്ന് അറബികൾക്ക് മനസ്സിലായി കാണുക അത്ര സൂക്ഷമായ സൃഷ്ടിപ്പിനെ കുറിച്ചാകും. പക്ഷെ ഇന്ന് വിരൽ തുമ്പിന്റെ പഠനം പുതിയ മേഖലകൾ കീഴടക്കിയിരികുന്നു.

ശാസ്ത്രം മാത്രമാണ് സത്യം എന്ന നിലപാടും മതമെന്ന സത്യത്തെ ഒരു ശാസ്ത്രവും ഇന്നേവരെ ചോദ്യം ചെയ്തിട്ടില്ല എന്ന നിലപാടും തമ്മിൽ ഇനിയും സംവാദം നടക്കേണ്ടിയിരിക്കുന്നു. ഖുർആൻ ഒരു ശാസ്ത്ര ഗ്രന്ഥമല്ല എന്ന് വിശ്വാസികൾ അംഗീകരിക്കണം. ഖുർആൻ ഒരു സാന്മാർഗ്ഗിക ഗ്രന്ഥമാണ്. വിശ്വാസവും കർമ്മവും വിശ്വാസി ശരിപ്പെടുത്തുന്നത് ഖുർആൻ അടിസ്ഥാനമാക്കിയാണ്. ഇതാണ് ഖുർആനും വിശ്വാസികളും തമ്മിലുള്ള ബന്ധം

.

Related Articles