Current Date

Search
Close this search box.
Search
Close this search box.

വിട പറഞ്ഞത് ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ അമരക്കാരന്‍

ഡി ഫോര്‍ മീഡിയ മുന്‍ ഡയറക്ടറും ഇന്‍ഫോ മാധ്യമം മുന്‍ എഡിറ്ററുമായിരുന്ന മലപ്പുറം ഇരുമ്പുഴി വാളക്കുണ്ടില്‍ വി.കെ അബ്ദു സാഹിബ് ബുധനാഴ്ച പുലര്‍ച്ചെയാണ് അല്ലാഹുവിലേക്ക് യാത്രയായത്. ഇസ്‌ലാം ഓണ്‍ലൈവിന്റെ ആരംഭകാലം മുതല്‍ ദീര്‍ഘകാലം പിന്നണിയിലുണ്ടായിരുന്നു. തഫ്ഹീമുല്‍ ഖുര്‍ആന്റെ ഡിജിറ്റല്‍ പതിപ്പുകളുടെ അമരക്കാരനായിരുന്നു. അടുത്തകാലം വരെ ഇസ്ലാം ഓണ്‍ലൈവില്‍ ടെക് പംക്തി കൈകാര്യം ചെയ്തിരുന്നു.

ഡിജിറ്റല്‍ ജീവിതത്തിന് പുറമെ കൂട്ടായി വീട്ടില്‍ മത്സ്യ കൃഷിയും പച്ചക്കറി കൃഷികളിലും ഇദ്ദേഹം കഴിവ് തെളിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളും വിവരണങ്ങളും അദ്ദേഹം ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഒപ്പം സഞ്ചരിക്കാന്‍ ഉത്സാഹം കാണിച്ച അബ്ദുസാഹിബ് ഏറ്റവും നൂതനമായ ഗാഡ്ജറ്റുകളും ഇലക്ട്രോണിക് ഡിവൈസുകളെയും ജീവിതയാത്രയില്‍ ഒപ്പം കൂട്ടി. ഐ.ടി രംഗത്തെ പുതുമകള്‍ക്കൊപ്പമല്ല ഒരുപടി മുന്നില്‍ സഞ്ചരിക്കാന്‍ ജീവിതസായാഹ്നത്തിലും അദ്ദേഹത്തിനായി. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും പുതുതായി ലോഞ്ച് ചെയ്യുന്ന വ്യത്യസ്ത രീതിയില്‍ ഉപകാരപ്പെടുന്ന ആപ്പുകള്‍ വായനക്കാര്‍ക്ക് കൃത്യമായി പരിചയപ്പെടുത്തുന്ന പംക്തിയാണ് ഒടുവിലായി അദ്ദേഹം ഇസ്ലാം ഓണ്‍ലൈവില്‍ കൈകാര്യം ചെയ്തിരുന്നത്.

അല്‍ ജാമിഅ ഐ.ടി വിങ് ഡയറക്ടര്‍, മലപ്പുറം വിദ്യാനഗര്‍ പബ്ലിക് സ്‌കൂള്‍ ഭരണ സമിതി സെക്രട്ടറി എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ചവച്ചത്. കുറച്ചുകാലമായി ഹൃദയസംബന്ധിയായ അസുഖത്തിന് ചികിത്സയിലായിരുന്നു. ദീര്‍ഘകാലം ജിദ്ദയില്‍ പ്രവാസിയായിരുന്നു. പ്രവാസം അവസാനിപ്പിച്ചതിന് ശേഷമാണ് ഡി ഫോര്‍ മീഡിയയുടെ അമരത്തെത്തുന്നത്.

പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ, നാഥന്‍ അവന്റെ സ്വര്‍ഗ്ഗപ്പൂങ്കാവനത്തില്‍ ഒരുമിച്ചു കൂട്ടട്ടെ, ബര്‍സഖീ ജീവിതം സന്തോഷകരമാക്കട്ടെ (ആമീന്‍)

 

-എഡിറ്റര്‍, ഇസ്‌ലാം ഓണ്‍ലൈവ്

 

Also read: ഡി ഫോര്‍ മീഡിയ മുന്‍ ഡയറക്ടര്‍ വി.കെ അബ്ദു നിര്യാതനായി

വിവര സാങ്കേതിക വിദ്യയുടെ തുടക്കക്കാലത്ത് അതിന്റെ വന്‍ പ്രചാരകനായിരുന്നു അബ്ദു സാഹിബ് . മലയാളത്തില്‍ ആദ്യ കാല ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അധിഷ്ഠിത മാധ്യമ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. വിവര സാങ്കേതിക വിദ്യയുടെ പ്രചാരം ഉദ്ദേശിച്ച് മാധ്യമം തുടങ്ങിയ ഇന്‍ഫോ മാധ്യമത്തിന്റെ എഡിറ്ററായിരുന്നു.2001 ല്‍ ഐ.ടി എനേബിള്‍സ് സര്‍വീസസ്സ് എന്ന വിഷയത്തെക്കുറിച്ച് മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം ജില്ലാ പഞ്ചായത്തും കേരള ധനകാര്യ കോര്‍പ്പറേഷനുമായി സഹകരിച്ച് ഒരു സെമിനാര്‍ നടത്തുകയുണ്ടായി. ഈ രംഗത്ത് വിദഗ്ദ്ധനായിരുന്ന ആര്‍.പി.ലാലാജിയായിരുന്നു സെമിനാറിന് നേതൃത്വം നല്‍കിയത്.

വി.കെ.അബ്ദു സാഹിബാണ് പരിപാടി രൂപകല്‍പന ചെയ്യാന്‍ സഹായിച്ചത്.നിരവധി ചെറുപ്പക്കാര്‍ പരിപാടിയില്‍ സംബന്ധിച്ചു. പങ്കെടുത്തവര്‍ക്ക് പ്രോജക്ടുകള്‍ ചെയ്യാന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതിനും പ്രോഗ്രാം മോണിറ്റര്‍ ചെയ്യുന്നതിനും ജില്ലാതലത്തില്‍ അന്നത്തെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍ രണ്ടത്താണി അദ്ധ്യക്ഷനായി ഒരു മോണിറ്ററിങ് കമ്മിറ്റിക്ക് രൂപം നല്‍കി.അതില്‍ ഒരു പ്രമുഖ അംഗമായിരുന്നു വി.കെ.അബ്ദു സാഹിബ്. ഇപ്പോള്‍ കൈറ്റ് സി.ഇ.ഒ ആയ കെ.അന്‍വര്‍ സാദത്ത്, ഇ.എം.എസ് മെമ്മോറിയല്‍ സഹകരണ ആശുപത്രി ജനറല്‍ മാനേജരായ നാസ്സര്‍, ഹംസ അഞ്ചു മുക്കില്‍ തുടങ്ങിയവരായിരുന്നു മറ്റു പ്രമുഖാംഗങ്ങള്‍. ഈ സമിതിയാണ് ജില്ലയില്‍ സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ സാക്ഷരത എന്ന ആശയത്തിന് രൂപം നല്‍കിയത്.

ജില്ലയിലെ എല്ലാ വീടുകളിലും കമ്പ്യൂട്ടര്‍ ഓപ്പറേറ്റ് ചെയ്യാന്‍ കഴിയുന്ന ഒരാളുണ്ടാവുക എന്നതായിരുന്നു ലക്ഷ്യം.ഇതിന്നായി ജില്ലയില്‍ വ്യാപകമായി കമ്പ്യൂട്ടര്‍ സെന്ററുകള്‍ തുടങ്ങാന്‍ ധാരണയായി. ഈ ആശയം അന്ന് ഐ.ടി. മിഷന്‍ ഡയരക്ടറായിരുന്ന എം.ശിവശങ്കര്‍ സാറുമായി ചര്‍ച്ച ചെയ്തു. അദ്ദേഹമാണ് പ്രസ്തുത ആശയത്തെ അക്ഷയ പ്രോജക്ടാക്കി മാറ്റിയത്.ശിവശങ്കര്‍ സര്‍ മലപ്പുറത്ത് ജില്ലാ കലക്ടറായി നിയമിതനായതോടെ ഈ പ്രോജക്ടിന് രൂപവും ഭാവവും കൈവന്നു. പൈലറ്റ് പ്രോജക്ട് മലപ്പുറം ജില്ലയില്‍ തുടങ്ങി. രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമാണ് പദ്ധതിയുടെ പ്രഖ്യാപനം തിരുവനന്തപുരത്ത് വെച്ച് നടത്തിയത്.ഈ ആശയത്തിന് പ്രാഥമിക ഘട്ടത്തില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിയ വ്യക്തി എന്ന നിലയില്‍ അബ്ദു സാഹിബിനെ എപ്പോഴും ഓര്‍ക്കും.

അബ്ദു സാഹിബിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.അദ്ദേഹത്തിന്റെ നന്മക ള്‍ ദൈവം സ്വീകരിക്കുകയും പൂര്‍ണ്ണ പ്രതിഫലം നല്‍കുകയും ചെയ്യട്ടെ. പാപങ്ങള്‍ പൊറുത്തു നല്‍കട്ടെ. സ്വര്‍ഗ്ഗത്തില്‍ ഉന്നത സ്ഥാനം നല്‍കി അദ്ദേഹത്തെ ആദരിക്കേണമേ നാഥാ. (ആമീന്‍)

– എം അബ്ദുല്‍ മജീദ് (മുന്‍ സി.ഇ.ഒ, മീഡിയ വണ്‍)

മലയാളികള്‍ക്ക് വേണ്ടിയും വിശിഷ്യ ഇസ്ലാമിനും ഇസ്ലാമിക പ്രസ്ഥാനത്തിനും വേണ്ടി ആധുനിക ഡിജിറ്റല്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ സംഭാവനകളര്‍പ്പിച്ച ഡിജിറ്റല്‍ കാരണവരായിരുന്നു ജനാബ്. വി.കെ അബ്ദു സാഹിബ്. തഫ്ഹീമുല്‍ ഖുര്‍ആന്റെ ഡിജിറ്റല്‍ പതിപ്പ് മാത്രം മതി അദ്ദേഹത്തിന് മുതല്‍ കൂട്ടായിട്ട്. ഡിജിറ്റല്‍ സംവിധാനം നിലനില്‍ക്കുന്ന കാലത്തോളം ആ സല്‍വൃക്ഷത്തിന്റെ മധുര ഫലങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചു കൊണ്ടിരിക്കും.

വിനയത്തിന്റെ തൂക്കം കാരണം തല കുനിച്ചു നടന്നിരുന്ന ആ മഹാന്മാവിനെ നാളെ പരലോകത്ത് അല്ലാഹു തല ഉയര്‍ത്തി ആദരിക്കുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി അനുഗ്രഹിഹിക്കുമാറാകട്ടെ.

-ഇല്‍യാസ് മൗലവി (ലെക്ചറര്‍, അല്‍ജാമിഅ അല്‍ ഇസ്ലാമിയ, ശാന്തപുരം)

 

വിവരസാങ്കേതിക രംഗത്തെ കാരണവര്‍, വിനയാന്വിത വ്യക്തിത്വം

ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലായിരുന്നു. ‘അല്‍ഹംദുലില്ലാഹ്, ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ല, പ്രാര്‍ത്ഥനയോടെ ഒപ്പം നിന്ന എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും അല്ലാഹു മഹത്തായ പ്രതിഫലം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ. എല്ലാവിധ മാരക രോഗങ്ങളില്‍നിന്നും നമ്മെ എല്ലാവരെയും അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടെ’ എന്ന് പറഞ്ഞു എഫ്ബിയില്‍ അദ്ദേഹം പോസ്റ്റിട്ടത് മൂന്ന് ദിവസം മുമ്പ് മാത്രമാണ്. പക്ഷേ നാഥന്റെ വിളി പെട്ടെന്നായിരുന്നു.

ഡിജിറ്റല്‍ ലോകത്തെ മലയാളി കാരണവരായിരുന്നു വി കെ അബ്ദു സാഹിബ്. ലോകം രണ്ടായിരാമാണ്ടിലേക്ക് പ്രവേശിക്കുകുകയും വിവര സാങ്കേതിക വിദ്യ സജീവമാവുകയും ചെയ്യുന്നതിന് മുമ്പേ അവയുടെ ആഴങ്ങളിലേക്ക് അദ്ദേഹം ഇറങ്ങിച്ചെന്നു. മുത്തുകളും പവിഴങ്ങളും ഒരുപാട് വാരിയെടുത്ത് സമൂഹത്തിന് ദാനം ചെയ്തു. വരാനിരിക്കുന്ന ഐ ടി യുഗത്തെയും, അതിന്റെ അനന്തസാധ്യതകളെയും, അതിനെ എങ്ങനെ നന്മയുടെ മാര്‍ഗത്തില്‍ ഉപയോഗപ്പെടുത്താം എന്നതിനെയും സംബന്ധിച്ച് അദ്ദേഹം തലമുറകളെ ഉദ്‌ബോധിപ്പിച്ചു. ഈ രംഗത്ത് മലയാളികളെ വിശിഷ്യാ ജമാഅത്തെ ഇസ്‌ലാമിയുടെ വിവിധ പദ്ധതികളെയും അനുബന്ധ സ്ഥാപനങ്ങളെയും മുന്നില്‍നിന്ന് നയിച്ചു.

സാധാരണക്കാരായ മലയാളികള്‍ ഇന്റര്‍നെറ്റുമായും കമ്പ്യൂട്ടര്‍, മൊബൈല്‍ എന്നിവയുമായും ബന്ധപ്പെട്ട് ആദ്യം വായിച്ച് പരിചയിച്ച നാമം വി.കെ അബ്ദു സാഹിബിന്റെതായിരിക്കും. ചന്ദ്രിക വാരാന്തപ്പതിപ്പിലും വാരാദ്യ മാധ്യമത്തിലും വര്‍ഷങ്ങള്‍ക്കു മുമ്പ് വി.കെ.അബ്ദു എന്ന് സ്ഥിരമെന്നോണം കാണുമായിരുന്നു. ദീര്‍ഘകാലമായി ഇന്‍ഫോ മാധ്യമത്തിന്റെ എഡിറ്ററായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ ഡിജിറ്റല്‍ ലോകത്തേക്കുള്ള വലിയ വാതിലായിരുന്നു വികെ അബ്ദു എന്ന് പറഞ്ഞാല്‍ അത് തെറ്റാകില്ല. ശാന്തപുരം അല്‍ ജാമിഅയില്‍ ഐടി ഡിപ്പാര്‍ട്ട്‌മെന്റില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ വിശ്വപ്രസിദ്ധമായ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ തഫ്ഹീമുല്‍ ഖുര്‍ആന്റെ ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃപരമായ പങ്കുവഹിച്ചത് അബ്ദു സാഹിബായിരുന്നു. പരലോകത്ത് അതദ്ദേഹത്തിന് ഒരു ഈടുവെപ്പായിരിക്കും എന്ന് പ്രതീക്ഷിക്കാം.

ഇപ്പോള്‍ ഓണ്‍ലൈന്‍ ലോകത്തെ ശ്രദ്ധേയ സാന്നിധ്യമായ ഡിഫോര്‍ മീഡിയയുടെയും ഇസ്‌ലാം ഓണ്‍ലൈവിന്റെയും വളര്‍ച്ചയില്‍ അദ്ദേഹത്തിന്റെ പങ്ക് അനിഷേധ്യമാണ്. ഗള്‍ഫ് മധ്യമത്തിനാകട്ടെ ഒരിക്കലും മറക്കാനാവാത്ത നാമമാണ് വികെ അബ്ദു. ഇസ്‌ലാമിക ഗ്രന്ഥങ്ങളും വിജ്ഞാനീയങ്ങളും ഡിജിറ്റല്‍ ലോകത്ത് സാര്‍വത്രികമാകുന്നതിന് മുമ്പേ അതുപയോഗിച്ച് വിഷയാധിഷ്ഠിതമായി ക്രോഡീകരിച്ച ഹദീസുകള്‍ വികെ അബ്ദു തനിക്ക് നല്‍കിയതിനെക്കുറിച്ച് ഓ അബ്ദുറഹിമാന്‍ സാഹിബ് ‘മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശം’ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ എടുത്തുപറയുന്നുണ്ട്.

ജമാഅത്തെ ഇസ്‌ലാമിയുടെ ആദ്യകാല നേതാക്കളില്‍ ഒരാളും പണ്ഡിതനുമായ ഇസ്സുദ്ദീന്‍ മൗലവിയുടെ അടുത്ത ബന്ധുവാണ് അബ്ദു സാഹിബ്. നടത്തത്തിലും പെരുമാറ്റത്തിലും സംസാരത്തിലുമെല്ലാം അങ്ങേയറ്റം വിനയാന്വിതനായിരുന്ന അദ്ദേഹത്തെ പുഞ്ചിരിതൂകുന്ന മുഖഭാവത്തോടെയേ സുഹൃത്തുക്കളൊക്കെയും കണ്ടിട്ടുണ്ടാവൂ. അബ്ദു സാഹിബിനെപ്പോലെത്തന്നെ അദ്ദേഹത്തിന്റെ സഹോദരങ്ങളും ഉയര്‍ന്ന മതഭൗതിക വിദ്യാഭ്യാസമുള്ളവരാണ്. വിവിധ മേഖലകളില്‍ പ്രശസ്തര്‍. സോഷ്യല്‍ മീഡിയയില്‍ എഴുതുന്ന കാര്യങ്ങള്‍ അത്യന്താധുനിക സംവിധാനങ്ങളിലേക്ക് മാറ്റേണ്ടതിന്റെയും സൂക്ഷിച്ചുവെക്കേണ്ടതിന്റെയും ആവശ്യകത എപ്പോഴും ഊന്നിപ്പറയുമായിരുന്നു അബ്ദുക്ക.

അല്ലാഹു തആല അദ്ദേഹത്തിന് ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഉന്നത ഇടം നല്‍കി അനുഗ്രഹിക്കട്ടെ, സന്തപ്ത കുടുംബത്തിന് ക്ഷമയും സ്ഥൈര്യവും പ്രദാനം ചെയ്യട്ടെ, ആമീന്‍.

അബ്ദുല്‍ അസീസ് പൊന്മുണ്ടം

 

ഏറ്റവും പുതിയ കമ്പ്യൂട്ടർ, ലാപ്ടോപ് ഐ പാഡ് സിസ്റ്റങ്ങൾക്ക് മുമ്പിലിരിക്കുന്ന അബ്ദു സാഹിബ്

ജീവിതം കരുപിടിപ്പിക്കാൻ 1995 ൽ ജിദ്ദയിലേക്ക് പോവുമ്പോൾ പരിചയപ്പെടണമെന്ന് കരുതിയ ഒരാൾ വി കെ അബ്ദു സാഹിബാണ്, ‘മാധ്യമ’ത്തിൽ അന്ന് ജിദ്ദ ന്യൂസുകൾ വന്നു കൊണ്ടിരുന്നത് അദ്ദേഹത്തിന്റെ പേരിലാണ്, ഹജ്ജ് ന്യൂസിനോടൊപ്പവും ആ പേരുണ്ടായിരുന്നു. അബ്ദു സാഹിബിന്റെ മകൻ സലാം കോളേജിൽ എന്റെ ജൂനിയറായിരുന്നു.

മൂന്ന് നാല് സാഹിബുമാർ ജിദ്ദ വാണ സുവർണ കാലം, വികെ ജലീൽ , ജമാൽ മലപ്പുറം , വികെ അബ്ദു. കെ കെ അബ്ദുല്ല… അറിവിന്റെ ലോകത്തും പ്രായോഗിക രംഗത്തും ഇരുത്തം വന്നവർ. ജിദ്ദയുടെ കല,സാമൂഹിക സാംസ്‌കാരിക സംഘടന രംഗത്ത് നിറവുള്ള സാന്നിധ്യം. പ്രവാസ ഓർമകളുടെ പരിസരത്ത് നിന്ന് അറ്റുപോവുന്ന കണ്ണികളിൽ ഇപ്പോൾ അബ്ദു സാഹിബും.

ജിദ്ദയിലെ പ്രശസ്തമായ സാബിഖ് കമ്പനിയിലായിരുന്നു ജോലി, സാബ്ര ദായിക രീതിയിൽ നിന്ന് തെന്നി മാറി പുതുമ നിറഞ്ഞ വിത്യസ്ത മേഖലയിലൂടെയാണ് അന്നും ഇന്നും അബ്ദു സാഹിബിന്റെ ജീവിത യാത്ര. തിരക്ക് പിടിച്ച മദീന റോഡിന്റെ ഓരം ചാരി നിന്ന മലബാർ വില്ലയിൽ ഏറ്റവും പുതിയ കമ്പ്യൂട്ടർ, ലാപ്ടോപ് ഐ പാഡ് സിസ്റ്റങ്ങൾക്ക് മുമ്പിലിരിക്കുന്ന അബ്ദു സാഹിബിന്റെ ചിത്രങ്ങൾ.

താടിയൊക്കെയുള്ള എല്ലിച്ച ബാഖവി ബിരുദം നേടിയ ഒരു മത പണ്ഡിതൻ ആധുനിക സാങ്കേതിക വിദ്യയുടെ, പ്രത്യകിച്ചു ഇൻഫർമേഷൻ ടെക്നോളജിയുടെ ഏറ്റവും പുതിയ പ്രവണതകളെ കുറിച്ച് ആധികാരികമായി എഴുതുകയും പറയുകയും ചെയ്യുന്നത് യുവത്വത്തിന്റെ ആത്മ വിശ്വാസം നിറഞ്ഞ നാളുകളിൽ തന്നെ എന്നിൽ അത്ഭുതം നിറച്ചു.

ക്ലാസുകളിൽ ദൈവം ആദമിന് പഠിപ്പിച്ച നാമങ്ങൾ , കിതാബുൻ മർകൂമും എല്ലാം സൂക്ഷിച്ച ലൗഹിൻ മഹഫൂളുമൊക്കെ പുതിയ തലത്തിൽ നിന്ന് കൊണ്ട് സംസാരിച്ചു. ഇൻഫോ മാധ്യമം എഡിറ്റർ, തഫ്‌ഹീമുൽ ഖുർആൻ ഡിജിറ്റലൈസെഷൻ, ഇസ്ലാം ഓൺലൈവിൽ പുതിയ അപ്ലിക്കേഷനുകളെ പരിചപ്പെടുത്തൽ ഏറ്റവും അവസാനം അക്വപോണിക്സ് കൃഷി രീതിയും പരീക്ഷിച്ചു കൊണ്ടിരുന്നു. സാർഥകമായിതീരുന്ന ജീവിതങ്ങളെ ഓരോന്നായി കാരുണ്യത്തിന്റെ ചിറകിലേക്ക് മാറ്റി പാർപ്പിക്കുകയാണ് നാഥൻ. പരേതാത്മാവിന്, കുടുബത്തിന് സമാധാനം നൽകി അനുഗ്രഹിക്കട്ടെ…ആമീൻ

മഹ്ബൂബ് പത്തപ്പിരിയം

 

വി.കെ.അബ്‍ദു : കേരളത്തിലെ ഐടി വിനിമയ രംഗത്ത് മുമ്പേ പറന്ന പ്രതിഭ

കേരളത്തിന്റെ ഐടി കുതിപ്പ് രണ്ടരപ്പതിറ്റാണ്ടിലേക്കെത്തുമ്പോൾ ഈ മേഖലയിൽ മുന്നേ നടന്നവരിൽ ആദ്യം ഓർക്കേണ്ട പേരുകളിലൊന്നാണ് ഇന്ന് അന്തരിച്ച എഴുപത്തഞ്ചുകാരനായ വി.കെഅബ്‍ദു സാഹിബ്. ഔപചാരികമായ യാതൊരു കമ്പ്യൂട്ടർ പഠനവും നേടാതെ തന്നെ തൊണ്ണൂറുകളിൽ തന്റെ പ്രവാസി ജീവിതകാലത്ത് കമ്പ്യൂട്ടറുകളെക്കുറിച്ച് എഴുതുമ്പോഴാണ് അബ്‍ദു സാഹിബിനെ അറിയുന്നത്. പിന്നീട് ഇൻഫോ മാധ്യമം എന്ന ഒരു വിഭാഗം തന്നെ ‘മാധ്യമം’ദിനപ്പത്രത്തിൽ ഉൾപ്പെടുത്തുകയും ആഴ്ചയിലൊരിക്കൽ ഒരു പേജ് പൂർണമായും അതിനായി നീക്കിവെച്ചു. പത്രത്തിന്റെ ജീവനക്കാരൻ അല്ലാതിരുന്നിട്ടും ആ പേജിലേക്കുള്ള ലേഖനങ്ങളുടെ എഡിറ്റിംഗ് മാത്രമല്ല,, ലേഔ‍ട്ട് ഉൾപ്പെടെ അബ്‍ദു സാഹിബായിരുന്നു എന്നാണ് ഓർമ. രണ്ടായിരത്തിന്റെ ആദ്യ പകുതിയിൽ സജീവമായ ഒരു കമ്പ്യൂട്ടർ ക്ലബ്ബും അതിന്റെ ഭാഗമായി നിരവധി ശില്പശാലകളും സംഘടിപ്പിച്ചിരുന്നു. ഇൻഫോകൈരളി എന്ന ഐടി മാസികയിലുംനിരന്തരം അബ്‍ദു സാഹിബ്എഴുതിയിരുന്നു. പിന്നീട് പുസ്തകമാക്കിയ എന്റെ നാനോടെക്‌നോളജി, സൈബർ കുറ്റകൃത്യങ്ങളും സൈബർ നിയമവും തുടങ്ങിയ ലേഖനങ്ങൾ അന്ന് മിക്ക ലക്കങ്ങളിലും ഉണ്ടായിരുന്നു . വി.കെ.ആദർശ്, ടി വി.സിജുഎന്നിങ്ങനെ നിരവധി ഐടി എഴുത്തുകാർ ഇക്കാലയളവിൽ സജീവമായിരുന്നു.

കേരളത്തിൽ വിവര സാങ്കേതിക വിദ്യക്കനുകൂലമായ ശക്തമായ അടിത്തറ സൃഷ്ടിക്കുന്നത് ഐടി മിഷൻ, ഐടി@സ്കൂൾ, അക്ഷയഎന്നിങ്ങനെയുള്ള നാംനടത്തിയ ഇ-ഗവേണൻസ് പ്രവർത്തനങ്ങളാണ്. ഐടിയെക്കുറിച്ചുള്ള അറിവ്, ബോധവൽക്കരണം, സാധ്യതകൾ, തൊഴിലവസരങ്ങൾ എന്നിങ്ങനെ ഇത്തരത്തിലുള്ള സാങ്കേതിക പരിസരം സൃഷ്ടിക്കപ്പെടുന്നതിൽ അബ്‍ദുസാഹിബിനെപ്പോലുള്ളവരുടെ എഴുത്തും പ്രവൃത്തിയും വഹിച്ച പങ്ക് വളരെയേറെയാണ്; ഒരുപക്ഷേ ഇന്ത്യയിലെ ആദ്യ ടെക്നോപാർക്ക് കേരളത്തിലായിരുന്നു എന്ന് പറയുന്നതിലും കൂടുതൽ.

വ്യക്തിപരമായി എനിക്ക് ഏറ്റവും അടുപ്പമുള്ള അബ്ദുസാഹിബുമായി ‘അക്ഷയ’ കാലഘട്ടത്തിൽ ഞാൻ മലപ്പുറത്തുണ്ടായിരുന്നപ്പോൾ പലതവണ ഇരുമ്പുഴിയിലെ അദ്ദേഹത്തിന്റെ വീട്ടിൽവെച്ച് കണ്ടിരുന്നു . പത്ത് പതിനഞ്ച് വർഷങ്ങൾ മുമ്പ് ആൻജിയോപ്ലാസ്റ്റി കഴിഞ്ഞിട്ടും ആ അറുപതുകാരനോട് അന്നൊക്കെ പുതിയ വിഷയങ്ങളും പദ്ധതികളുമൊക്കെ സംസാരിക്കുമ്പോൾ ഞങ്ങളേക്കാൾ ചെറുപ്പം ആ മനസിനുണ്ടെന്ന് തോന്നിയിരുന്നു .

അക്കാലങ്ങളിൽ ഐ.ടി.യുടെ സാമൂഹ്യ സാധ്യതകൾ വിവരിക്കുന്ന പല പ്രസംഗങ്ങളിലും ഇക്ബാൽ സാർ പറയാറുണ്ടായിരുന്നു, “മലപ്പുറത്തെ ഒരു മൗലവിയെപ്പോലെ തോന്നിക്കുന്ന കമ്പ്യൂട്ടറും എഞ്ചിനീയറിംഗും ഒന്നും പഠിക്കാത്ത വി.കെ.അബു എന്ന മനുഷ്യനാണ് ഈ മേഖലയിലെപല പുതിയ കാര്യങ്ങളും മലയാളിയ്ക്ക്പരിചയപ്പെടുത്തുന്നത്”എന്ന്. കേരളത്തിലെ ഐടി വളർച്ചയെ കൈപിടിച്ചുയർത്തിയ പ്രതിഭകളെക്കുറിച്ച് വിക്ടേഴ്സിൽ ഒരുപ്രോഗ്രാം 2011ൽ ഉദ്ദേശിച്ചിരുന്നു. അന്ന് മുതൽ എന്റെ മനസിലുള്ള പേരുകളിലൊന്ന് വി.കെ.അബ്ദു സാഹിബിന്റേതായിരുന്നു.
ആദരാഞ്ജലികൾ…..

കെ.അൻവർസാദത്ത് ( സി.ഇ.ഒ.,കൈറ്റ് )

Related Articles